അജ്ഞാത ജീവി

രാവിലെ പല്ലുതേപ്പ് കഴിഞ്ഞ് പത്രമെടുക്കാന്‍ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് ആ വാര്‍ത്ത കൃഷ്ണന്‍കുട്ടി അറിയുന്നത്. ലോനപ്പേട്ടന്റെ പശുവിനെ ഏതോ അജ്ഞാത ജീവി ആക്രമിച്ചിരിക്കുന്നു. കേശവന്‍ നായരുടെ വീട്ടില്‍ തെങ്ങുകയറാന്‍ പോവുകയായിരുന്ന പ്രഭാകരനാണ് നാടിനെ നടുക്കിയ ഈ വാര്‍ത്ത ക്യഷ്ണന്‍കുട്ടിയോട് പറയുന്നത് .
കൃഷ്ണന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് വൈകാരികമായും പ്രത്യയശാസ്ത്രപരമായും അടുപ്പമുള്ള ഒരു ജീവിയാണ് പശു. സ്വന്തമായി ഒരു പശുവിനെ വാങ്ങാനുള്ള കെല്പില്ലെങ്കിലും മറ്റേത് ജന്തുക്കളേക്കാലും ബഹുമാനമര്‍ഹിക്കുന്ന ഒന്നാണ് പശു എന്നയാള്‍ വായിച്ചു മനസിലാക്കിയിട്ടുമുണ്ട് . ഓക്‌സിജന്‍ പുറത്തു വിടാന്‍ കഴിവുള്ള ഏക ജന്തു പശുവാണെന്ന വിവരം രണ്ട് ദിവസം മുമ്പ് കേശവന്‍ നായര്‍ അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ നിന്നും അയാള്‍ ധരിച്ചു വെച്ചിട്ടുമുണ്ടായിരുന്നു . ഇത്രയും വിശേഷപ്പെട്ട ഒരു മൃഗത്തിനാണ് ഇങ്ങനെ ഒരപകടം സംഭവിച്ചിരിക്കുന്നത് . അവിടം വരെ പോയി വിവരം ഒന്നറിയാതെ അയാള്‍ക്ക് സ്വസ്ഥതയില്ലെന്നായി .
വിവരം കേട്ട് അടുത്ത വീട്ടിലെ അമ്മിണിയമ്മ തന്റെ ആടിനും വല്ലതും സംഭവിച്ചോ എന്ന് ഉത്കണ്ഠപ്പെട്ട് അതിനെ നോക്കാനായി പോയപ്പോഴാണ് തനിക്കും ഒരു വളര്‍ത്തുമൃഗമുണ്ടല്ലോ എന്ന കാര്യം അയാള്‍ ആലോചിച്ചത് . പ്രത്യേകിച്ച് പേരൊന്നും ഇട്ടിട്ടില്ലാത്ത നാടന്‍ ഇനത്തില്‍ പെട്ട ഒരു നായയായിരുന്നു അത് . പണ്ട് നായ്ക്കുഞ്ഞായിരിക്കുമ്പോള്‍ വഴിയില്‍ എങ്ങോ വെച്ച് കൃഷ്ണ്‍കുട്ടിയുടെ കൂടെ കൂടിയതാണ്, പിന്നീട് ആ വീട്ടില്‍ സ്ഥിരതാമസമാക്കി . രാത്രിയുടെ ആദ്യ യാമങ്ങളില്‍ നാട്ടിന്‍ മുഴുവന്‍ അലഞ്ഞു തിരിഞ്ഞ് നടന്ന്, നേരം പുലരാറാകുമ്പോഴേക്കും വീട്ടിലേക്ക്  തിരിച്ചെത്തും . രാവിലെ കൃഷ്ണന്‍ കുട്ടി കൊടുക്കുന്ന പഴങ്കഞ്ഞിയും, ഉച്ചയ്ക്ക് കൊടുക്കുന്ന ചോറും സന്തോഷത്തോടെ ഭക്ഷിച്ച് അവിടെ സ്വൈര്യമായി ക ഴിഞ്ഞുകൂടും .
ഇടക്കാലത്ത് ആശയപരമായ കാരണങ്ങളാല്‍ കൃഷ്ണന്‍ കുട്ടി പരിപൂര്‍ണ്ണ സസ്യാഹാരിയായി മാറിയിരുന്നു ,നായയ്ക്കും അത് തന്നെ അയാള്‍ നല്‍കി . പക്ഷേ , യാതൊരു പരാതിയും കൂടാതെ നായ അതും സന്തോഷത്തോടെ കഴിച്ചു . അന്നും പതിവ് പോലെ  പഴങ്കഞ്ഞിയുമായി കൃഷ്ണന്‍കുട്ടിയെത്തി , നായ പതിവ് സ്ഥാനത്തുണ്ടെങ്കിലും പെരുമാറ്റത്തില്‍ എന്തൊക്കെയോ അസ്വാഭാവികതകള്‍ അയാളുടെ കണ്ണില്‍പ്പെട്ടു . കുറച്ചു അസ്വസ്ഥനായി കാണപ്പെട്ടു നായ , എങ്കിലും പരിക്കുകളൊന്നും ശരീരത്തില്‍ കാണാത്തതിനാല്‍ അത് ഗൗനിക്കാതെ ലോനപ്പേട്ടന്റെ വീട്ടിലേക്ക് തിടുക്കപ്പെട്ട് യാത്രയായി കൃഷ്ണന്‍ കുട്ടി.
ലോനപ്പേട്ടന്റെ വീട്ടില്‍ കുറച്ചു ആളുകള്‍ കൂടിയിട്ടുണ്ട് . തെങ്ങുകയറ്റം നാളത്തേക്ക് മാറ്റിവെക്കാം എന്ന് തീരുമാനിച്ച് കേശവന്‍ നായരും സംഭവസ്ഥലത്തുണ്ട് . ഇത്രയും വലിയ സംഭവം നടന്നിടത്ത് തന്റെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണെന്ന് മറ്റാരേക്കാളും കേശവന്‍ നായര്‍ക്ക് നന്നായറിയാമായിരുന്നു. പണി ഇല്ലാത്തതിനാല്‍ പ്രഭാകരനും നായരുടെ ഒപ്പം എത്തി . വന്നപാടെ ഈ വിവരം ഫേസ് ബുക്ക് ലൈവിലൂടെ നാട്ടുകാരെ അറിയിക്കാന്‍ ശ്രമിക്കുകയാണ് കേശവന്‍ നായര്‍ ചെയ്തത്. പക്ഷേ , എന്ത് ചെയ്തിട്ടും അത് ശരിയാവുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരു വീഡിയോ എടുത്ത് താന്‍ അംഗമായ എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും അയച്ച് അയാള്‍  സംതൃപ്തി കണ്ടെത്തി .
ഈ പരാക്രമങ്ങള്‍ എല്ലാം കഴിഞ്ഞപ്പോള്‍ , തൊഴുത്തില്‍ നിന്നും അല്പം മാറി നില്‍ക്കുകയായിരുന്ന കൃഷ്ണന്‍കുട്ടി അവിടേക്ക് ചെന്ന് പശുവിനെ ആകമാനം നിരീക്ഷിച്ചു . പശുവിന്റെ വയറിന്റെ ഭാഗത്ത് എന്തോ കടിച്ചിട്ടുണ്ട് . ശരീരമാസകലം നഖം കൊണ്ട് മാന്തിയ പാടുകളുമുണ്ട് . ആകെ തളര്‍ന്ന് എഴുന്നേല്‍ക്കാന്‍ പോലും ആകാത്ത അവസ്ഥയിലായിരുന്നു ആ മൃഗം. നാട്ടുവൈദ്യനായ നാരായണന്‍ വൈദ്യര്‍ ഏതോ പച്ചമരുന്ന് മുറിവുകളില്‍ പുരട്ടുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് പോലീസ് അപ്പോഴേക്കും സ്ഥലത്തെത്തിയിരുന്നു . സ്ഥിതിഗതികള്‍ കണ്ടിട്ട് ആക്രമിച്ചത് ഒരു വന്യമൃഗമാകാനാണ് സാധ്യത എന്നും ഫോറസ്റ്റ്കാരെ വിവരമറിയിക്കണമെന്നും പോലീസ് അറിയിച്ചു . വന്യമൃഗമെങ്കില്‍ അത് പുലിതന്നെയായിരിക്കും എന്ന് കേശവന്‍ നായര്‍ ഉറപ്പിച്ചു പറഞ്ഞു . കിഴക്കുള്ള കാട്ടില്‍ നിന്നും ഇരപിടിക്കാനായി ഇത്രയും ദൂരം പുലി വരേണ്ട കാര്യമെന്തെന്ന സംശയം പലരും പ്രകടിപ്പിച്ചു . പുലി പുഴയിലൂടെ ഒഴുകി വന്നതാകാമെന്ന ഒരു സാധ്യത കേശവന്‍ നായര്‍ മുന്നോട്ട് വച്ചെങ്കിലും പലര്‍ക്കും അത് സ്വീകാര്യമായില്ല . ഈ പ്രഹേളികയ്ക്ക് ആര് ഉത്തരം കണ്ടെത്തുമെന്നത് ഒരു പ്രശ്‌നമായി മാറിയ ഘട്ടത്തിലാണ് ആ അഭിപ്രായം വന്നത്
നമുക്ക് ബാലചന്ദ്രന്‍ സാറിനോട് ചോദിക്കാം കൂട്ടത്തിലെ ചെറുപ്പക്കാരനും വിപ്ലവകാരിയുമായ വിജീഷാണ് ഇത് മുന്നോട്ട് വച്ചത്. നാട്ടിലെ അറിയപ്പെടുന്ന ബുദ്ധിജീവിയും പൊതു പ്രവര്‍ത്തകനുമൊക്കെയാണ് ബാലചന്ദ്രന്‍ സാര്‍ . കോളേജ് പ്രൊഫസറായിരുന്ന അദ്ദേഹം വിരമിച്ച ശേഷം യുക്തിവാദി സമ്മേളനങ്ങളില്‍ പ്രഭാഷകനായി പോകുകയാണ് . ഈ അഭിപ്രായം എല്ലാവര്‍ക്കും അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രശ്‌ന പരിഹാരമാണല്ലോ പ്രധാനം എന്നതിനാല്‍ ആരും എതിര്‍പ്പൊന്നും പറഞ്ഞില്ല . വിജീഷ് വിളിച്ച് അല്പസമയം കഴിഞ്ഞപ്പോഴേക്കും പ്രൊഫസര്‍ സ്ഥലത്തെത്തി . പശുവിനെ അടിമുടി നിരീക്ഷിച്ച ശേഷം നാരായണന്‍ വൈദ്യരുടെ ചികിത്സ ആദ്യം നിര്‍ത്തണമെന്നാവശ്യപ്പെട്ടു .
ഇത്തരം അശാസ്ത്രീയ ചികിത്സകള്‍ നിര്‍ത്തി ഒരു വെറ്ററിനറി ഡോക്ടറെ വിളിക്കൂ  അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരു ശാസ്ത്രീയ വിശകലനത്തിന് ശേഷമേ ഏത് മൃഗമാണ് കടിച്ചതെന്ന നിഗമനത്തിലെത്താന്‍ കഴിയൂ എന്നും അതിന് മൃഗഡോക്ടറുടെ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു .അപ്പോഴാണ് അത് സംഭവിച്ചത്, “കൃഷ്ണന്‍ കുട്ടിയുടെ നായയാണ് സാറേ പശുവിനെ കടിച്ചത്, അതിന് പേയുണ്ടെന്ന് തോന്നുന്നു”. പെട്ടെന്ന് വന്ന ഈ വെളിപ്പെടുത്തല്‍ അവിടെ കൂടി നിന്നവരെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കി . നാട്ടിലെ പഴയകാല കള്ളനായ അയ്യപ്പനാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് .
അയ്യപ്പന്‍ ഇപ്പോള്‍ നല്ല നിലയിലാണ്, മക്കളൊക്കെ വിദേശത്ത്  പോയി നന്നായി സമ്പാദിക്കുന്നുമുണ്ട് . പക്ഷേ , ചില രാത്രികളില്‍, ഗതകാലസ്മരണകള്‍ അയാളില്‍ നൊസ്റ്റാള്‍ജിയ ഉണ്ടാക്കും . അപ്പോള്‍ത്തന്നെ അയാള്‍ പുറത്തിറങ്ങി ഏതെങ്കിലും വീടിന്റെ പിന്നാമ്പുറത്തേക്ക് ചെന്ന് ചെറിയ കിണ്ണമോ മൊന്തയോ അടിച്ചുമാറ്റി ആത്മസംതൃപ്തി നേടും. ഇന്നലെയും അയാള്‍ ഇതുപോലെ കക്കാനിറങ്ങിയിരുന്നെന്നും അപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ നായ ലോനപ്പേട്ടന്റെ വീട്ടിനു പരിസരത്ത് കറങ്ങുന്നുണ്ടായിരുന്നെന്നും അയ്യപ്പന്‍ പറഞ്ഞു . ലോനപ്പേട്ടന്റെ വീട്ടിലേക്ക് മോഷ്ടിക്കാന്‍ കയറിയ തന്നെ നായ വിരട്ടിയോടിച്ചതിന്റെ കെറുവ് തീര്‍ക്കുകയായിരുന്നു അയാള്‍.
ഒരു കള്ളന്റെ വെളിപ്പെടുത്തല്‍ അംഗീകരിക്കാന്‍ കൂടി നിന്നവരില്‍ പലരും തയ്യാറായില്ല. പക്ഷേ , മോഷ്ടിക്കാന്‍ കയറിയ കാര്യം വരെ തുറന്ന് പറഞ്ഞയാള്‍ക്ക് ഇങ്ങനെ ഒരു നുണ പറയേണ്ട കാര്യമെന്തെന്ന യുക്തിപൂര്‍വ്വമായ ചോദ്യം പ്രൊഫസര്‍ ഉയര്‍ത്തിയതോടെ , അവിടെ വരെ പോയി ഒന്നന്വേഷിക്കുകയാണ് നല്ലതെന്ന ബോധ്യത്തിലേക്ക് നാട്ടുകാര്‍ എത്തി. അവിടെ കൂടി നിന്നവരെല്ലാം കൂട്ടമായി കൃഷ്ണന്‍ കുട്ടിയുടെ വീട്ടിലേക്കെത്തി . അതിനിടെ സ്ഥലത്തെത്തിയിരുന്ന മൃഗഡോക്ടറും അവരുടെ കൂടെ കൂടി .
വീട്ടിലെത്തുമ്പോള്‍ നായ, അതിന്റെ സ്ഥിരം സ്ഥാനത്ത് കിടക്കുകയാണ് . വായില്‍ വെളുത്ത നിറത്തില്‍ ഒരു ദ്രാവകം കാണുന്നുണ്ട് . സ്വാഭാവികമായും ഇത് പേവിഷബാധയാണെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടായി . എന്നാല്‍, അത് താന്‍ രാവിലെ കൊടുത്ത പഴങ്കഞ്ഞിയുടെ അവശിഷ്ടം വായിലിരിക്കുന്നതാണെന്ന് കൃഷ്ണന്‍ കുട്ടി തീര്‍ത്തു പറഞ്ഞു . പ്രൊഫസര്‍ക്ക് അതത്ര ബോധ്യമായില്ല . കാരണം , പരിണാമ പരമായി നായ്ക്കള്‍ മാംസഭുക്കുകളാണ് , അവ പഴങ്കഞ്ഞി കുടിക്കുമെന്ന് പറയുന്നത് ശാസ്ത്രീയമായി ശരിയല്ല എന്നദ്ദേഹം വിശദീകരിച്ചു . മാത്രമല്ല , വിശദമായി പരിശോധിക്കാന്‍ നായുടെ അടുത്തേക്ക് ചെന്ന പ്രൊഫസറെ ഒന്ന് കുരച്ച് ചാടി അത് പേടിപ്പിക്കുക  ചെയ്തതോടെ ഇത് പേപ്പട്ടി എന്ന ബോധ്യത്തിലേക്ക് പ്രൊഫസര്‍ എത്തി .
ഇതിനിടെ നായയെ പരിശോധിച്ച മൃഗഡോക്ടര്‍ കാര്യമായി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണുന്നില്ലെന്ന് പറഞ്ഞെങ്കിലും പ്രൊഫസര്‍ക്ക് അത് സ്വീകാര്യമായില്ല . മാത്രമല്ല , സംവരണത്തിലൂടെ സീറ്റ് നേടി ഡോക്ടറായ അദ്ദേഹത്തിന്റെ വിജ്ഞാനം എത്രത്തോളമുണ്ടാകുമെന്ന കാര്യത്തില്‍ സംശയം ഉണ്ടെന്നും പ്രൊഫസര്‍ പറഞ്ഞു . കാര്യങ്ങള്‍ ഇത്ര ഗുരുതരമായതോടെ ഇനിയെന്ത് എന്ന കാര്യം ചര്‍ച്ച ചെയ്യാനായി പ്രൊഫസറുടെ നേതൃത്വത്തില്‍ ഒരു അടിയന്തിര യോഗം കൂടി. എന്നാല്‍, സ്ത്രീ ജനങ്ങള്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന് പ്രൊഫസര്‍ ആദ്യമേ പറഞ്ഞു. കാരണം, പരിണാമ പരമായി സ്ത്രീകളുടെയും പുരുഷന്മാരുടേയും തലച്ചോറുകള്‍ തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ട്. നമുക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നാല്‍ അതുള്‍ക്കൊള്ളാന്‍ സ്ത്രീ മസ്തിഷ്‌ക്കങ്ങള്‍ക്കാകണമെന്നില്ല പ്രൊഫസര്‍ വിശദീകരിച്ചു .
കേട്ടവര്‍ക്കാര്‍ക്കും ഒന്നും മനസിലായില്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ക്ക്  സ്ത്രീകളെ കൂട്ടാതിരിക്കുന്നതാണ് നാട്ടുനടപ്പ് എന്നതിനാല്‍ ആരും വലിയ എതിര്‍പ്പ് ഒന്നും കാണിച്ചില്ല . നമ്മുടെ നാടിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന വലിയ ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനാണ് നാം ഇവിടെ കൂടിയിരിക്കുന്നത് പ്രൊഫസര്‍ സംസാരിച്ചു തുടങ്ങി . എന്നാല്‍ , അതിന് മുമ്പ് താന്‍ പറയുന്നത് കൂടി കേള്‍ക്കണമെന്ന് കൃഷ്ണന്‍കുട്ടി ഒരല്പം ഉച്ചത്തില്‍ തന്നെ പറഞ്ഞു . വികാരധീനനായി നില്‍ക്കുന്ന അയാളെ അനുനയിപ്പിക്കേണ്ടതുണ്ടെന്ന് പ്രൊഫസര്‍ക്ക് തോന്നി . “നോക്കൂ കൃഷ്ണന്‍കുട്ടി, തനിക്ക് ഈ നായയെ വഴിയില്‍ നിന്ന് കിട്ടിയതാണ് . അതെവിടെ നിന്ന് വന്നുവെന്നോ ,എങ്ങനെ വന്നുവെന്നോ അറിയില്ല . അതിനാവശ്യമായ കുത്തിവെയ്പ്പുകളോ , ചികിത്സകളോ താന്‍ നടത്തിയിട്ടില്ല . ഇത്തരം ഒരു നായയ്ക്ക് പേവിഷബാധ എല്‍ക്കാനുള്ള
സാധ്യത കൂടുതലാണ് . ലക്ഷണങ്ങള്‍ കണ്ടിട്ട് അത് തന്നെയാണ് തോന്നുന്നതും. ഇത് ഒരു നായുടെ വിഷയമല്ല , ഇന്നൊരു പശുവിനെ കടിച്ചു ,നാളെ ഈ നായ മറ്റൊരു മൃഗത്തിനേയോ മനുഷ്യനേയോ കടിക്കാം. അങ്ങനെ , ഈ നാട് മുഴുവന്‍ ഈ മാരക രോഗം ബാധിക്കാം . ഈ സമൂഹത്തെ വലിയ വിപത്തില്‍ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്” – പ്രൊഫസര്‍ പറഞ്ഞു നിര്‍ത്തി കൃഷ്ണന്‍ കുട്ടിയെത്തന്നെ നോക്കി നിന്നു . അയാള്‍ക്കാകട്ടെ പിന്നീട് മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല .
ഇതിനിടെ പേവിഷബാധ എന്നൊരു അസുഖമില്ലെന്നും , ഇതെല്ലാം ഒരു ആഗോള ഗൂഢാലോചനയാണെന്നും ആരോപിച്ചു കൊണ്ട് നാരായണന്‍ വൈദ്യര്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി . ഇത്രയുമായപ്പോഴേക്കും നായയെ കൊല്ലുക എന്നത് മാത്രമാണ് പ്രതിവിധി എന്ന ഒരു ധാരണയിലേക്ക് യോഗം എത്തിയിരുന്നു . പലരും അതിനിടെ കുറുവടി , വെട്ടുകത്തി എന്നീ മാരകായുധങ്ങള്‍ എടുത്ത് നായയെ കൊല്ലാന്‍ സന്നദ്ധരായി നിലകൊണ്ടു . പക്ഷേ , പ്രൊഫസര്‍ അതിനെ നിരുത്സാഹപ്പെടുത്തി . ഇത്തരത്തിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അശാസ്ത്രീയമായ രീതിയാണെന്നും , നായയെ കൊല്ലുന്നതിന് ശാസ്ത്രീയ രീതികള്‍ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . അതിനായി മൃഗഡോക്ടറുടെ അഭിപ്രായം അദ്ദേഹം ആരാഞ്ഞു . എന്നാല്‍ , ഈ മൃഗത്തിനെ കൊല്ലുന്ന പരിപാടിയോട് യോജിക്കാനാവില്ലെന്ന് ഡോക്ടര്‍ നിലപാടെടുത്തതോടെ പ്രൊഫസര്‍ ധര്‍മസങ്കടത്തിലായി. ഡോക്ടറുടെ  സാക്ഷ്യപത്രമില്ലാതെ നായയെ കൊല്ലുന്നത് നിയമ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. കുറച്ചകലെ താമസിക്കുന്ന കുറച്ചു കൂടി വിവരമുള്ള ഒരു ഡോക്ടറെ സ്ഥലത്തെത്തിക്കാന്‍ യോഗം തീരുമാനിച്ചു . അയാള്‍ പിറ്റേന്ന് മാത്രമേ എത്തൂ എന്നതിനാല്‍ അതു വരെ നായയെ പുറത്തു വിടാതെ സൂക്ഷിക്കാന്‍ കൃഷ്ണന്‍ കുട്ടിയെ ചുമതലപ്പെടുത്തിക്കൊണ്ട് യോഗം പിരിഞ്ഞു .
അപ്പോഴേക്കും നിര്‍വികാരമായ ഒരവസ്ഥയിലേക്ക് കൃഷ്ണന്‍കുട്ടി എത്തിയിരുന്നു . കുറച്ചു മണിക്കൂറുകള്‍ കൊണ്ട് എന്തൊക്കെയാണ് സംഭവിച്ചത് ? സമൂഹത്തിന് മുന്നില്‍ താനൊരു കുറ്റവാളിയായി മാറിയതായി അയാള്‍ക്ക് തോന്നി . തനിക്ക് ശരിയെന്ന് ഉറപ്പുള്ള കാര്യമായിട്ട് പോലും ആരെയും ഒന്നും ബോധ്യപ്പെടുത്താന്‍ കഴിയാത്തതില്‍ തെല്ലത്ഭുതവും അയാള്‍ക്ക് തോന്നി . നായയെ ആദ്യമായി ഒരു ചങ്ങല കൊണ്ട് പൂട്ടി , അത് എങ്ങോട്ടും പോകുന്നില്ലെന്നുറപ്പു വരുത്തി, അയാള്‍ അടുക്കളയിലേക്ക് പോയി ചോറും കറിയും വെച്ചു . പതിവിന് വിപരീതമായി അന്ന് അയാള്‍ താന്‍ കഴിക്കുന്നതിനൊപ്പം നായയ്ക്കും ചോറ് വിളമ്പി . അയാളും അതിനടുത്തിരുന്ന് ഭക്ഷണം കഴിച്ചു . കഴിച്ചു തീരും മുമ്പ് ഒരു ഞെരക്കത്തോടെ നായ ചെരിഞ്ഞു കിടക്കുന്നത് അയാള്‍ കണ്ടു. അതിന്റെ വായില്‍ നിന്നും നുരയും പതയും വരുന്നുണ്ടായിരുന്നു . അയാള്‍ക്ക് ചെറുതായി തല കറങ്ങുന്നുണ്ടായിരുന്നു , കണ്ണില്‍ ഇരുട്ടു നിറയുന്നു , പക്ഷേ , സമൂഹത്തിനായി താനൊരു നല്ല കാര്യം ചെയ്തു എന്ന ചാരിതാര്‍ത്ഥ്യം അയാളുടെ മനസിലുണ്ടായിരുന്നു .ആ അഭിമാനത്തോടെ , അയാളവിടെ കണ്ണുകളടച്ചു കിടന്നു .
———–
ഡോ . ജിഷ്ണു വി.പി.
മെഡിക്കല്‍ ഓഫീസര്‍,
ഗവ. ഹോമിയോ ഡിസ്‌പെന്‍സറി,
കുഴൂര്‍, തൃശൂര്‍

Be the first to comment

Leave a Reply

Your email address will not be published.


*