അമ്മയുടെ ആരോഗ്യം കുഞ്ഞിനും

കുഞ്ഞിന്റെ സമ്പൂർണ്ണ ആരോഗ്യം ഏതൊരു അമ്മയും ആഗ്രഹിക്കുന്നതാണ്. ശാരീരികവും മാനസികവുമായുള്ള വൈകല്യങ്ങൾ കുഞ്ഞിന് വരാതിരിക്കാൻ കുഞ്ഞ്  ജനിക്കുമ്പോൾ തന്നെ പ്രത്യേക കരുതൽ വേണം. നവജാത ശിശുവിന് മുലയൂട്ടൽ മുതൽ കുഞ്ഞ് വളരുന്നതിന് അനുസരിച്ച് നമ്മൾ അവനായി തയ്യാറാക്കുന്ന ഭക്ഷണം അടക്കമുള്ള കാര്യങ്ങളിൽ ക്രമീകൃതമായുള്ള ചിട്ടകൾ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
അതിനായി ആയുർവേദ – സിദ്ധ വിധിപ്രകാരമുള്ള ചില കാര്യങ്ങളും ഒരുപിടി നുറുങ്ങ് അറിവുകളും എല്ലാ അമ്മമാർക്കുമായി ഇവിടെ പ്രതിപാദിക്കാം.

മുലപ്പാലിന്‍റെ ഗുണം കുഞ്ഞിന്

നവജാത ശിശുവിനുള്ള ഏറ്റവും നല്ല ആഹാരം മുലപ്പാലാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള നിരന്തരമായ സ്നേഹമാണ് മുലപ്പാലുണ്ടാകാന്‍ ഹേതുവായിത്തീരുന്നത്. കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള 6 മാസക്കാലം മുലപ്പാൽ മാത്രമേ നൽകുവാൻ പാടുള്ളു. കുഞ്ഞിന് വേണ്ട എല്ലാ വിധ പോഷകങ്ങളും, പ്രതിരോധ ശേഷിയും, വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ ഘടകങ്ങളും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള Adiponectin എന്ന പ്രോട്ടീന്‍ കുഞ്ഞിന് അമിതവണ്ണം, രക്തസമ്മര്‍ദ്ദം, പ്രമേഹം മുതലായ ജീവിതശൈലീ രോഗങ്ങളെ കുറയ്ക്കുന്നതിനും പ്രതിരോധികുന്നതിനും സഹായിക്കുന്നവയാണ്. കുഞ്ഞ് രോഗാവസ്ഥയിലാണെങ്കിലും നിരന്തരമായി മുലയൂട്ടണം, ഇത് കുഞ്ഞിന് അസുഖം മൂലമുണ്ടാകുന്ന അസ്വസ്ഥതയേയും, അതിന്‍റെ തീവ്രതയും കുറക്കാന്‍ സഹായിക്കുന്നു. അസുഖത്തെ ചെറുക്കുവാനുള്ള ആന്റീബയോട്ടിക്കുകൾ മുലപ്പാലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

നിരന്തരമായി പോഷകമുള്ള മുലപ്പാൽ കിട്ടുന്ന കുഞ്ഞിന് സിഡ്‌സ് SIDS (Sudden infant death Syndrome) അഥവാ Cot Death വരുവാനുള്ള സാഹചര്യം കുറയ്ക്കുമെന്ന് ശാസ്ത്രീയമായുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മുലയൂട്ടുന്നതിന്‍റെ ഗുണം അമ്മയ്ക്കും

കുഞ്ഞിനും അമ്മയ്ക്കും മുലയൂട്ടല്‍ ഒരുപോലെ ഗുണം ചെയ്യുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള മാനസിക ദൃഢബന്ധത്തിന് മുലയൂട്ടലാണ് അടിസ്ഥാനം.
പ്രസവാനന്തരമുണ്ടാകാവുന്ന മാനസിക പിരിമുറുക്കം മാറാന്‍ (Post Partum Depression) മുലയൂട്ടല്‍ സഹായിക്കുന്നു.
മുലയൂട്ടുന്നത് വഴി, ഓക്സിടോസിന്‍ ഹോര്‍മോണിന്‍റെ പ്രവര്‍ത്തനം മൂലം ഗര്‍ഭപാത്രം ചുരുങ്ങുകയും, രക്തസ്രാവം നിലക്കുകയും ചെയ്യുന്നു. സ്തനാര്‍ബുദം, അണ്ഡാശ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കുറയാനും മുലയൂട്ടല്‍ സഹായിക്കുന്നു. പ്രസവശേഷമുണ്ടാകുന്ന അമിത ശരീരഭാരം കുറക്കുന്നതിനും മുലയൂട്ടല്‍ സഹായിക്കുന്നു. പ്രമേഹമുള്ള അമ്മമാരില്‍ മുലയൂട്ടല്‍ ഇന്‍സുലിന്‍റെ ആവശ്യകത കുറയ്ക്കുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മുലപ്പാൽ കുറയാതെ സൂക്ഷിക്കണം

മുലപ്പാൽ മുടക്കംകൂടാതെ നല്കുന്നതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്നതാണ് അമ്മക്ക് മുലപ്പാൽ കുറയാതെ സൂക്ഷിക്കേണ്ടതും. പോഷക കുറവും മാനസിക സമ്മർദ്ദം, അമിതമായ കോപം, ദു:ഖം, ഭയം, രൂക്ഷമായ അന്നപാനങ്ങളുടെ ഉപയോഗം, കഠിനമായ വ്യായാമം, ആയാസപ്പെടുക, ലഹരി വസ്തുക്കളുടെ ഉപയോഗം, കഠിന രോഗങ്ങൾ എന്നിവയുമെല്ലാം മുലപ്പാല്‍ കുറയുവാന്‍ കാരണമാകുന്നു. ആയതിനാൽ മുലയൂട്ടുന്ന അമ്മ എല്ലാ തരത്തിലും സന്തോഷവതി ആയിരിക്കേണ്ടത് കുഞ്ഞിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

മധുരരസമുള്ള ആഹാരസാധനങ്ങള്‍, ഇലക്കറികള്‍, വെളുത്തുള്ളി, സവാള, ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, നിലകടല, കാരറ്റ് , പാൽ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം മുലപ്പാൽ വർധിപ്പിക്കുന്നതിനുള്ള പോഷണങ്ങൾ ചേർന്ന വസ്തുക്കളാണ്. ഇവയെല്ലാം ഭക്ഷണത്തിൽ ധാരാളമായി ഉൾപെടുത്തുക. അമരപയറ് നെയ്യ് ചേര്‍ത്ത് സൂപ്പ് രൂപത്തിൽ കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഔഷധങ്ങളില്‍ രാമച്ചവേര്, ഞവരവേര്, ദര്‍ഭവേര്, ശതാവരി കിഴങ്ങ്, ഇരട്ടിമധുരം, ഞവരയരി, തേങ്ങാപാൽ മുതലായവയെല്ലാം ധാരാളമായി കഴിക്കാം.

പ്രാഥമിക മുലയൂട്ടലിനു ശേഷം

ജനിച്ച് ആറുമാസം മുലപ്പാല്‍ മാത്രമേ നല്‍കാവൂ. അതുകഴിഞ്ഞ് സാവധാനം മറ്റ് ആഹാരങ്ങളായ നവധാന്യങ്ങളും, പയര്‍ വര്‍ഗ്ഗങ്ങളും അടങ്ങിയ പോഷക സമൃദ്ധമായ കുറുക്കുകള്‍ നല്‍കി തുടങ്ങാം. ഒരു വയസ്സു കഴിഞ്ഞാല്‍ മുട്ട, മത്സ്യം, വീട്ടിലുണ്ടാക്കുന്ന ആഹാരങ്ങള്‍, എരിവും പുളിയും കുറഞ്ഞതും എളുപ്പത്തില്‍ ദഹിക്കാന്‍ കഴിയുന്നതുമായ ആഹാരങ്ങള്‍ തുടങ്ങിയവ  നല്‍കി ശീലിപ്പിക്കണം.

കുഞ്ഞിന്‍റെ ഇഷ്ടത്തിനനുസരിച്ച് പാചക രീതികള്‍ തിരഞ്ഞെടുക്കുക. ധാരാളം വെള്ളം നല്‍കാനും ശ്രദ്ധിക്കണം. ഈ പ്രായത്തില്‍ ധാരാളം കളികളിലും സംസാരത്തിലും ഏര്‍പ്പെടുന്നതിനാല്‍ വിശപ്പും ദാഹവും കൂടുതല്‍ ഉണ്ടായിരിക്കും. അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൃത്യസമയത്തു നല്‍കുവാന്‍ അമ്മമാര്‍ മടിക്കരുത്. ആ സമയത്ത് കാര്‍ബോഹൈഡ്രേറ്റും, പ്രോട്ടീനും, കൊഴുപ്പും ആവശ്യത്തിന് നല്‍കേണ്ടത് കുഞ്ഞിന്‍റേ ശരിയായ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അത്യാവശ്യമാണ്.

കുട്ടികള്‍ക്ക് നൽകാവുന്ന ചില പോഷക ഭക്ഷണങ്ങൾ

🔸റൈസ് ഫുഡ് മിക്സ് :
അരി, ചെറുപയര്‍, റോസ്റ്റ് ചെയ്ത നിലക്കടല, പഞ്ചസാര എന്നിവ ഒരു നിശ്ചിത സമ അളവിൽ എടുക്കുക
തയ്യാറാക്കുന്ന വിധം: അരിയും ചെറുപയറും വെവ്വേറേ റോസ്റ്റ് ചെയ്ത് എടുക്കുക. ഇവ വെവ്വേറേ നന്നായി പൊടിച്ചെടുത്ത് പഞ്ചസാര ചേര്‍ത്ത് നനവില്ലാത്ത പാത്രത്തില്‍ ശേഖരിച്ച് ഉപയോഗിക്കുക.

🔸ഹെല്‍ത്തി ലഡു:
ചെറുപയര്‍ വറുത്തത് – 250 ഗ്രാം
പഞ്ചസാര – 200 ഗ്രാം
നെയ്യ് – 125 ഗ്രാം
വെളുത്ത എള്ള് – 50 ഗ്രാം
തയ്യാറാക്കുന്ന വിധം: തീ കുറച്ചിട്ട് വെളുത്ത എള്ള് ബ്രൗണ്‍ നിറമാകുന്നതുവരെ നെയ്യില്‍ റോസ്റ്റ് ചെയ്യുക. ചെറുപയര്‍ വറുത്ത് പൊടിച്ച് ചേര്‍ക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഒരേ വലിപ്പത്തില്‍ ഉരുട്ടിയെടുത്താല്‍ ലഡുവായി.

🔸കിച്ചടി:
അരി – 2 ടേബിള്‍ സ്പൂണ്‍
ചെറുപയര്‍ പരിപ്പ് – 1 ടേബിള്‍ സ്പൂണ്‍
കാരറ്റ് – 1
കപ്പലണ്ടി – 5 എണ്ണം
എണ്ണ – 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം: അരിയും പയറും വെവ്വേറേ വേവിച്ച് ചുരണ്ടി ആവിയില്‍ വേവിച്ച കാരറ്റും ചേര്‍ത്ത് കലര്‍ത്തുക. എണ്ണയില്‍ വറുത്ത കപ്പലണ്ടിയിലിട്ട് ഈ മിശ്രിതം ഉപ്പും ചേര്‍ത്ത് കുട്ടിക്ക് നല്‍കാം.

മുലപ്പാൽ വർദ്ധനവിനുള്ള ആയുർവേദ സിദ്ധ മരുന്നുകൾ

പ്രസവനന്തരം അമ്മയുടെ ആരോഗ്യത്തിനും മുലപ്പാൽ വർദ്ധനവിനും രസായന രീതിയിൽ തയ്യാറാക്കി നൽകുന്ന മരുന്നുകൾ ഗുണംചെയ്യും, ആയുർവേദ – സിദ്ധ വിധിപ്രകാരം തയ്യാറാക്കുന്ന ശതാവരി ഗുളം, ശതാവരി കിഴങ്ങു പാൽകഷായം, തെങ്ങിൻ പൂക്കുല രസായനം, കദളി രസായനം, കദളീകൽപ്പ രസായനം, വെൺപൂഷണി ലേഹ്യം, ഒരിതൾ താമരൈ ചൂർണം, ശതാവരി ചൂർണം , അമുക്കുര കിഴങ്ങ് ചൂർണം , സൗഭാഗ്യ ചുണ്ടി ചൂർണം എന്നിവയുടെ പാൽകഷായം, സ്തന്യജന രസായനം, സ്തന്യശോധന കഷായം, വിദാര്യാദി കഷായം, പത്മകാദി കഷായം എന്നിവയെല്ലാം സേവിക്കുന്നതും ക്ഷീരപ്രവൃത്തിയെ ത്വരിതപ്പെടുത്തുന്നു. ഔഷധം ഉപയോഗിക്കുമ്പോൾ ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ തേടേണ്ടതാണ്.

——

ഡോ. ആരഭി മോഹൻ BSMS, MSc, CND
ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ),
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്‌പിറ്റൽ,
ശാസ്തമംഗലം, തിരുവനന്തപുരം.
Email: mohanarabhi24@gmail.com
Ph: 8111882283

Be the first to comment

Leave a Reply

Your email address will not be published.


*