ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടർമാരിൽ നിന്ന് പ്രകൃതി ചികിത്സയ്ക്കെതിരെ പക്ഷപാതിത്വമോ?

ഈ പ്രധാനപ്പെട്ട ചോദ്യത്തിനുള്ള ലളിതമായ ഉത്തരം, പല ഡോക്ടർമാർക്കും പോഷകാഹാരത്തിൻറെയും മറ്റു പ്രകൃതിചികിത്സകളുടെയും ഉപയോഗത്തിലും മൂല്യത്തിലും വിദ്യാഭ്യാസമില്ല എന്നതാണ്. വാസ്തവത്തിൽ, ഭൂരിഭാഗം അല്ലോപ്പതി ഡോക്ടർമാരും അവരുടെ വിദ്യാഭ്യാസ കാലത്തുതന്നെ ബദൽ വൈദ്യശാസ്ത്രം ഒരു വിലയും ഇല്ലാത്തതും പഴഞ്ചൻ ഏർപ്പാടുമാണെന്ന് തെറ്റായി മനസ്സിലാക്കി വെക്കുന്നു എന്നുള്ളതും തികച്ചും വേദനാജനകമായ ഒരു കാര്യമാണ്. അതുകൊണ്ട്‌ തന്നെ പല ഡോക്ടർമാരും അറിവില്ലായ്മ കൊണ്ടോ അല്ലെങ്കിൽ അവഗണനകൊണ്ടോ ഗുണകരമായ പല പ്രകൃതി ചികിത്സാ മാധ്യമങ്ങളേയും തങ്ങളുടെ രോഗികൾക്കു പറഞ്ഞു കൊടുക്കാൻ മെനക്കെടാറില്ല. പോഷകാഹാരവും വ്യായാമവും പോലുള്ള ചികിത്സാ രീതികളിൽ നിരവധി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ വർത്തമാനകാലഘട്ടത്തിലാണ് ഇതെന്നു പറയുമ്പോഴാണ് കൂടുതൽ അതിശയകരമാകുന്നത്‌. പ്രകൃതി ചികിത്സകൾ സാധുവാണോ എന്ന് അവർക്കറിയില്ലെന്ന് സമ്മതിക്കുന്നതിനു പകരം മിക്ക ഡോക്ടർമാരും ഇത്തരം പ്രകൃതി ചികിത്സകൾ രോഗശമനത്തിനു സഹായകരമല്ല എന്ന് തറപ്പിച്ചു പറയുകയാണു ചെയ്യാറുള്ളത്‌.

പണ്ട്‌ വടക്കേ അമേരിക്കൻ പ്രദേശങ്ങളിൽ പതിനെട്ടാം നൂറ്റാണ്ടിലെ ചില മണ്ടൻ വിശ്വാസങ്ങൾ ഉണ്ടായിരുന്നു. തക്കാളി “വിഷപ്പഴം” ആണെന്നായിരുന്നു അവിടത്തുകാർ വിശ്വസിച്ചു പോന്നിരുന്നത്‌. ആ കാലയളവിൽ തന്നെ തക്കാളി യൂറോപ്പിലെ ഒരു മുഖ്യഭക്ഷണമായിരുന്നു. ഈ വിശ്വാസം 1820-ൽ ഇന്ത്യാനയിലെ സെലെമിൽ ഒരു കോടതി പടിയിൽ വച്ച് റോബെർട്ട്‌ ഗിബ്ബൊൻ ജോൺസൺ ഒരു തക്കാളി തിന്നുന്നത്‌ വരെ നീണ്ടു നിന്നു. അങ്ങനെ തക്കാളി വിഷം ആണെന്നുള്ള പല അമേരിക്കക്കാരുടേയും വിശ്വസം ഇല്ലാതായി. ഇതിനെ ആണു ഇന്നും ലോകം ‘തക്കാളി എഫെക്റ്റ്‌’ എന്ന പേരിൽ കളിയാക്കി വിളിക്കുന്നത്‌.

വൈദ്യശാസ്ത്രത്തിൽ പല ഡോക്ടർമാർക്കും മുകളിൽ പറഞ്ഞ “തക്കാളി എഫെക്ടി”നു സമാനമായ മനോഭാവം ബദൽ ചികിത്സകളെ സംബന്ധിച്ചു നിലനിൽക്കുന്നുണ്ട്‌. ഉദാഹരണത്തിനു ഭക്ഷണക്രമം ആരോഗ്യത്തിന്റെ ഒരു അടിത്തറയാണ് എന്ന് എല്ലാവർക്കും അറിയുന്ന ഒരു വസ്തുതയാണ്. എന്നിരുന്നാലും രോഗികൾ തങ്ങളുടെ ഡോക്ടർമാരോട്‌ രോഗ ശമനത്തിനു പോഷകങ്ങളെ കുറിച്ചോ അല്ലെങ്കിൽ പോഷക ചികിത്സയെ കുറിച്ചോ ചോദിച്ചു കഴിഞ്ഞാൽ മറുപടി കൊടുക്കാതിരിക്കലോ അല്ലെങ്കിൽ വളരെ ചുരുക്കി വിവരിച്ചു കൊടുക്കുകയോ ആണു പതിവ്‌. പോഷക ചികിത്സയിൽ ലക്ഷക്കണക്കിനു പഠനങ്ങൾ നടക്കുകയും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന വർത്തമാന കാലത്താണിതെന്നോർക്കണം.

മാത്രമല്ല പല ഡോക്ടർമാരും തങ്ങളുടെ രോഗികളെ പ്രകൃതിദത്ത ചികിത്‌സകൾ ചെയ്യാതിരിക്കൻ പ്രേരിപ്പിക്കുന്നതും പേടിപ്പിച്ച് പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതും വിരളമൊന്നുമല്ല. പ്രകൃതി ചികിത്സ ഗുണം ചെയ്തില്ലെങ്കിലും ദ്രോഹവും ഇല്ല എന്നു കൂടെ ചേർത്തു വായിക്കണം. പല കേസുകളിലും വെളിവാകുന്ന അപ്രിയ സത്യങ്ങൾ ഡോക്ടർക്കു പോഷക ചികിത്സയെ കുറിച്ചോ അല്ലെങ്കിൽ പ്രകൃതി ചികിത്സയെ കുറിച്ചോ ഒന്നും തന്നെ അറിവില്ല എന്നതു മാത്രമാണ്. ഗർഭകാലത്തെ ഫോളിക്‌ ആസിഡിൻ്റെ കുറവ് ജനിക്കാൻ പോകുന്ന കുഞ്ഞിൻ്റെ  നട്ടെല്ലിൽ വൈകല്ല്യങ്ങൾ (spina bifida) ഉണ്ടാക്കും എന്നത്‌ വൈദ്യശാസ്ത്രം സ്വീകരിക്കാൻ നാൽപത്‌ വർഷങ്ങൾ വേണ്ടിവന്നിരുന്നു എന്നുള്ളതും മറയില്ലാത്ത സത്യം തന്നെയാണ്.

പണ്ടുകാലത്ത്‌ പ്രമേഹ (diabetes) രോഗികൾ മരുന്നു കഴിക്കുകയും കൂടാതെ മധുരം കഴിക്കാതിരിക്കലും മാത്രമായിരുന്നു ചെയ്തു പോന്നിരുന്നത്. കാരണം അവരുടെ അറിവ്‌ അങ്ങനെ ആയിരുന്നു. നമ്മൾ സാധാരണ ഉപയോഗിക്കുന്ന ടേബിൾ ഷുഗർ ആണു പ്രമേഹം ഉണ്ടാക്കുന്നത് എന്ന്. എന്നാൽ ഇന്ന് ഇതിനു ഒരുപാട്‌ മാറ്റങ്ങൾ വന്നതും രോഗികൾക്കു ഭക്ഷണചര്യയും വ്യായാമക്രിയകളും ഡോക്ടർമാർ നിർദേശിക്കുന്നതും വളരെ പ്രശംസ അർഹിക്കുന്ന ഒന്നു തന്നെയാണ്. ഇവിടെ നമ്മൾ പ്രമേഹത്തെക്കുറിച്ചു മാത്രമാണു പറഞ്ഞതെങ്കിലും പല രോഗങ്ങളിലും ഭക്ഷണവും അതുപോലെ വ്യായാമവും ക്രമീകരിക്കലും പ്രാധാന്യമേറിയ ചികിത്സ തന്നെയാണ്.

ഇത്തരം സാഹചര്യങ്ങളിലാണ്  ഒരു നാച്ചുറോപ്പതി ഡോക്ടറുടെ ആവശ്യം. ഇവിടെ തന്നെയാണ് ഏതൊരു രോഗത്തിലും അതിന്റേതായ ഭക്ഷണ നിയന്ത്രണവും പോഷക ചികിത്സയും അതുപോലെ വ്യായാമവും മറ്റു പ്രകൃതി ചികിത്സാ സമ്പ്രദായങ്ങളും സമന്വയിപ്പിച്ച് രോഗത്തിന്റെ അടിസ്ഥാന കാരണത്തെ ചികിത്സിക്കുകയും രോഗ പ്രതിരോധത്തിനു കൂടുതൽ പ്രാമുഖ്യം കൊടുക്കുകയും അതിലുപരി ശാരീരികവും മാനസികവും പിന്നെ ആത്മീയവുമായ ആരോഗ്യത്തെ വാർത്തെടുക്കുകയും ചെയ്യുന്ന പ്രകൃതി ചികിത്സയുടെയും പ്രാധാന്യം.

ഇപ്പോൾ മെഡിക്കൽ കമ്മ്യൂണിറ്റിയിൽ പ്രകൃതിചികിത്സകൾ കൂടുതൽ അംഗീകരിക്കപ്പെടുന്നുണ്ട്‌ എന്നതൊരു നല്ല വാർത്തയാണെങ്കിൽ പോലും നമ്മുടെ രാഷ്ട്രീയ സംഘടനകളും മെഡിക്കൽ കൗൺസിലുകളും ഇൻസ്റ്റിറ്റ്‌യൂഷണലി  ക്വാളിഫൈഡ്‌ ആയ നാച്ചുറോപതി ഡോക്ടർമാരെ ഉചിതമായി ഉപയോഗിക്കാത്തത് ഖേദകരം തന്നെയാണ്. മാത്രവുമല്ല, ക്വാളിഫൈഡ്‌ അല്ലാത്ത നാച്ചുറോപ്പതി ചികിത്സകർക്കെതിരെയും അശാസ്ത്രീയമായ ചികിത്സകൾ നാച്ചുറോപ്പതിയുടെ ലേബൽ ഒട്ടിച്ചു വിൽക്കുന്നവർക്കെതിരേയും നിയമ നടപടിക്രമങ്ങൾ ഉണ്ടാകാത്തതും ഒട്ടും  പ്രശംസനീയമല്ല.

…..

ഡോ. മുസ്തഫ ടി.പി.കെ. BNYS,PGDDN (Manipal), FDCNS (UK)
(MOH approved Naturopathic GP, UAE)
ചീഫ് കൺസൽട്ടൻറ്,
അൽ ആയാദി അൽ തഹബിയ യോഗ & വെൽ ബീയിങ് സെന്റർ,
അൽ മുവൈലെ, ഷാർജാ, യു.എ.ഇ.

musthutpk@gmail.com
+971 554241500

1,439 Comments