ആയുരാരോഗ്യം ദിനചര്യാ ക്രമീകരണത്തിലൂടെ

‘നമ്മുടെ ആരോഗ്യത്തിന്റെ നിലനില്‍പ്പ് നമ്മുടെ കൈകളിലാണ്”
ഈ ബോദ്ധ്യമുണ്ടാകുമ്പോള്‍ നാം നമ്മെത്തന്നെ ക്രമീകരിക്കുന്നു. രോഗം വന്ന് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലതല്ലേ അത്‌ വരാതെ നിലനിര്‍ത്തുന്നതും ആരോഗ്യവാന്‍മാരും ആരോഗ്യവതികളുമായിരിക്കുന്നതും?
ഒരു ചികിത്സകന്റെ യഥാര്‍ത്ഥ കര്‍ത്തവ്യം എന്നത് തൻ്റെ രോഗിയുടെ രോഗം ചികിത്സ ചെയ്യുമ്പോള്‍ മാത്രമല്ല മറിച്ച് അവനെ ശാരീരികവും മാനസികവുമായി പുനരധിവസിപ്പിക്കുമ്പോഴും കൂടിയാണ്. ഈ പുനരധിവാസം അവന്റെ ദിനചര്യകളുടെ ക്രമീകരണത്തിലൂടെ സാദ്ധ്യമാകുന്നു. ഇവിടെ ഞാന്‍ ഒരു ദിനചര്യാക്രമീകരണവും അതിന്റെ നേട്ടങ്ങളുമാണ് പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നത്.  പലതരത്തിലുള്ള നല്ല ദിനചര്യകള്‍ അവലംബിക്കുന്നവര്‍ക്കുള്ളതല്ല ഇത്. തൻ്റെ ജീവിതമൂല്യങ്ങളെ മനസ്സിലാക്കാതെ യാതൊരുവിധ ദിനചര്യകളും അവലംബിക്കാതെ തന്നെത്താന്‍ പഴിച്ച് ജീവിതം നരകതുല്യമാണെന്നു വിശ്വസിക്കുന്നവര്‍ക്ക് ഒരു  പുനര്‍ചിന്ത വരുത്തുവാന്‍ വേണ്ടിയുള്ള ഒരു ഉദ്യമവുമല്ല.  മറിച്ച് എനിക്ക് നല്ലതെന്നു തോന്നിയ ശകലങ്ങളാണ് ഞാനിവിടെ പ്രതിപാദിക്കുന്നത്.
ഞാനൊരിക്കല്‍ യൂട്യുബിൽ കണ്ട ഒരു വീഡിയോയാണ്‌ ലേഖനത്തിനാസ്പദം.
ഒന്നാലോചിച്ച് നോക്കൂ…
രാവിലെ 6 മണി: അലാറം അടിക്കുന്നു. നമ്മള്‍ എന്താണ്‌ചെയ്യുന്നത്?
ആ, ഇനിയും അല്പം കൂടി ഉറങ്ങാം എന്നു കരുതി വീണ്ടും കിടക്കുന്നു.
6.10 ന് വീണ്ടും അലാറം സ്നൂസ്‌ ചെയ്യുന്നു. നമ്മള്‍ വീണ്ടും അത് ഡിസ്മിസ്സ്‌ ചെയ്ത് കുറച്ചുകൂടി കഴിഞ്ഞ് എഴുന്നേല്‍ക്കാം എന്നു കരുതുന്നു.
സമയംപോവുകയാണ്, നമ്മള്‍ ഉറങ്ങുകയും.
സമയം 7.20 ആരോ വിളിച്ചുണര്‍ത്തിയത്‌ പോലെ ഞെട്ടിയുണരുന്നു. സമയം നോക്കുന്നു.
“അയ്യോ, ഉറങ്ങിപ്പോയി ദൈവമേ… ഇന്നും ആ കാലമാടന്റെ ദുര്‍മുഖം കാണണമല്ലോ” എന്നു ഒരു കൂട്ടര്‍, മറ്റുചിലരോ “ഇന്നത്തെ എക്‌സര്‍സെസും നടക്കില്ല”, “ഓ,  അമ്മ ഇന്നും ചീത്ത വിളിക്കും”… ഇങ്ങനെ രാവിലെ തന്നെ നൂറായിരം പ്രശ്‌നങ്ങള്‍.
ഇനി ഒന്നാലോചിച്ച് നോക്കൂ…
ഇത് നമ്മള്‍ തന്നെ വരുത്തിവച്ചതല്ലേ?
ഇവിടെ നമുക്കൊന്നു മറിച്ച് ചിന്തിച്ചു നോക്കാം.
സമയം  5.45 – അലാറം അടിക്കുന്നു. സമയം കളയാതെ മെല്ലെ എഴുന്നേറ്റു അലാറം ഓഫ് ചെയ്യുന്നു. മെല്ലെ ലൈറ്റിട്ട് നേരെ വച്ചിരിക്കുന്ന നമ്മള്‍ ഇഷ്ടപെടുന്ന ഒരു നല്ല ചിത്രത്തില്‍ നോക്കി ഈശ്വരനെ മനസ്സില്‍ സ്മരിച്ച് എഴുന്നേല്‍ക്കുന്നു. കല്യാണം കഴിച്ചവരാണെങ്കില്‍ ഭാര്യ/ ഭര്‍ത്യ സമേതം അല്ലെങ്കില്‍ ഒറ്റക്ക് ആദ്യമായി അലങ്കോലപ്പെട്ടു കിടക്കുന്ന കിടക്ക നേരെയാക്കി, എല്ലാം വ്യത്തിയായി വിരിപ്പ്‌ വിരിച്ച് കിടക്കയെ ഏറ്റവും ഭംഗിയുള്ളതാക്കുന്നു. ഇങ്ങനെയുള്ള ഒരു തുടക്കമല്ലേ നല്ലത്?  ഇതിലൂടെ നാം അറിയാതെതന്നെ ഉന്മേഷവാന്‍മാരാകുന്നു.
അതിരാവിലെ നമ്മള്‍ എഴുന്നേറ്റയുടന്‍ കിടക്ക വ്യത്തിയാക്കി, അതിനെ ഭംഗിയാക്കിവയ്ക്കുന്നതിലൂടെ നമ്മള്‍ രാത്രിയില്‍ ക്ഷീണിതരായി തിരിച്ചെത്തുമ്പോള്‍ നാം നമ്മുടെ ജോലി തന്നെയാണ് ഇല്ലാതെയാക്കുന്നത്.  ഇവിടെ ഭാര്യാഭര്‍ത്താക്കന്‍മാരുടെ ഇടയിലുള്ള സ്‌നേഹവും കരുതലും ദ്യഢപ്പെടുന്നു.
അതിനു ശേഷം അല്പനേരം അന്നത്തെ ജോലികളെക്കുറിച്ചും മറ്റും ആലോചിക്കുക. എന്നിട്ട്‌ മെല്ലെ രാവിലെയുള്ള പ്രാഥമികകാര്യങ്ങള്‍ ചെയ്യുക, എന്നിട്ട് കുട്ടികളെ വിളിച്ചുണർത്തുവാനുണ്ടെങ്കില്‍ മാതാപിതാക്കള്‍തന്നെ അവരുടെ കിടക്ക വിരിച്ച്‌ വ്യത്തിയാക്കുക.  ഇതിലൂടെ നിങ്ങള്‍  നിങ്ങളുടെ കുട്ടികളില്‍ ഒരു നല്ല ശീലം വളര്‍ത്തിയെടുക്കുകയാണ്.  മുതിരുമ്പോള്‍ അവര്‍ തനിയെ അത് ശീലമാക്കും.
ഇന്നത്തെ ജോലിക്രമങ്ങളും മറ്റും പലതരത്തിലും വ്യതിചലിച്ചിട്ടുണ്ട്. നമ്മള്‍ നമ്മുടെ ഉറക്കം പാശ്ചാത്യരാജ്യത്തിലുള്ളവരുടെ സുഖജീവിതത്തിനായി ഉഴിഞ്ഞു വച്ചിരിക്കുകയാണല്ലോ. എന്നാലും എപ്പോള്‍ എഴുന്നേല്ക്കുന്നോ അപ്പോള്‍ ഈ രീതിയില്‍ കിടക്ക ഒരുക്കുകയാണെങ്കില്‍ അത് നമ്മുടെ തുടക്കത്തെ ഭംഗിയുള്ളതാക്കും. സുന്ദരമായൊരു തുടക്കം ഒരു സുന്ദരദിനത്തെ പ്രദാനം ചെയ്യും.
വ്യായാമത്തിന്റെപ്രസക്തി:
ഒരു ദിവസം ഏറ്റവുംകുറഞ്ഞത് പതിനഞ്ച്  മിനിട്ടെങ്കിലും വ്യായാമം ചെയ്തിരിക്കണം. ഇന്ന് 15 മിനിട്ട്‌ ചെയ്താല്‍ നാളെ മണിക്കൂറുകള്‍ ഒഴിവാക്കുവാന്‍ കഴിയും. രാവിലെ വ്യായാമം ചെയ്യുന്നതിലൂടെ ശരീരഭാഗങ്ങള്‍ എല്ലാംതന്നെ ഉന്മേഷം കൊള്ളുന്നു.  ശരീരത്തിലെ അടിഞ്ഞുകൂടിയ വിഷധാതുകള്‍ വിയര്‍പ്പിലൂടെ പുറംതള്ളപ്പെടുന്നു.
ഇതിനു ശേഷം അല്പം വിശ്രമം, ആ സമയത്ത് ഒരു ഗ്രീന്‍ ടീയോ, വെജിറ്റബിള്‍ ജ്യൂസോ എന്തെങ്കിലും. കൂടെ പത്രവായനയും, ഇന്ന് നാം വിസ്മരിച്ചു പോകുന്ന ഒരു നല്ല ശീലമാണ് പത്രവായന.
ഇതിനു ശേഷം അടുക്കളജോലികളില്‍ ഏര്‍പ്പെടാം. വാഹനങ്ങള്‍ കഴുകുക, വ്യത്തിയാക്കുക മുതലായവ ചെയ്യാം. ഞാനിവിടെ എല്ലാവര്‍ക്കും ജോലിയുള്ള ക്രമത്തിലാണ് പ്രതിപാദിക്കുന്നത്.  സ്ത്രീ – പുരുഷസമത്വം എന്നത് പറഞ്ഞു നടക്കേണ്ട ഒന്നല്ല, മറിച്ച് അത് തനിയെ ഭവിക്കേണ്ട ഒന്നാണ്.  അതിനാല്‍ ഞാന്‍ കാണുന്നത്  എല്ലാവര്‍ക്കും അവരുടേതായ ഒരു ജോലിക്രമമുണ്ടന്നാണ്.
ഭക്ഷണം ഉണ്ടാക്കിയതിനു ശേഷം നേരെ കുളിക്കുവാന്‍ പോവുക. കുളി കഴിഞ്ഞ്‌ വ്യത്തിയായി വന്നതിനു ശേഷം കഴിയുന്നതും എല്ലാവരുമായി ഇരുന്നു ഭക്ഷണംകഴിക്കുക.  എന്നിട്ട് തങ്ങളുടെ അന്നത്തെ ജോലികളില്‍ ഏര്‍പ്പെടുക. ഇതിലുടെ ഒരു ഉന്മേഷകരമായ തുടക്കം കിട്ടുന്നു. വീട്ടില്‍ നിന്നും കഴിയുന്നതും മുന്‍കൂട്ടി ഇറങ്ങുക. എല്ലാ നേരവും ക്യത്യമായി ഭക്ഷണം കഴിക്കുക. ഒരു കാരണവശാലും ഭക്ഷണക്രമം ഉപേക്ഷിക്കാതിരിക്കുക. കുട്ടികള്‍ക്ക് ആവശ്യാനുസരണമുള്ള ഭക്ഷണം കൊടുത്തു വിടുക.
വൈകുന്നേരം കഴിവതും നേരത്തെ വീട്ടിലെത്തുക. കുട്ടികളോടും ഭര്‍ത്താവിനോടും/ഭാര്യയോടും കൂടി അല്പനേരമെങ്കിലും ഒന്നിച്ച് ചിലവഴിക്കാന്‍ കഴിയണം.  മാതാപിതാക്കള്‍ നിങ്ങളുടെ വീട്ടിലില്ലെങ്കില്‍ ഒരു ദിവസം ഒരിക്കലെങ്കിലും ഫോണ്‍ വിളിച്ച് സംസാരിക്കാന്‍ മറക്കരുത്.  നമുക്ക് അതൊരു പത്ത് മിനിട്ടായിരിക്കാം പക്ഷേ അവര്‍ക്കത് ഒരു വലിയ കാര്യവും കരുതലുമാണ്. പലപ്പോഴും അവരുടെ ചില അഭിപ്രായങ്ങള്‍ പ്രായോഗികമല്ലന്നു തോന്നിയാലുംഅതിനെ എതിര്‍ക്കരുത്.  അതവരില്‍ വലിയ വേദനകളുണ്ടാക്കും.
നമ്മള്‍ വളരെ ബിസിയായി ജോലി ചെയ്യുമ്പോള്‍ നമ്മുടെ മക്കളുടേയോ, ഭാര്യയുടെയോ മാതാപിതാക്കളുടെയോ ഫോണ്‍ വന്നാല്‍ ഒരിക്കലും എടുക്കാതിരിക്കരുത്. അതൊന്നെടുത്ത്, എന്താണെന്നു ചോദിക്കുവാനുള്ള ഒരു ക്ഷമ കാണിക്കണം.  പ്രസക്തമല്ലാത്ത കാര്യമാണെങ്കില്‍ പിന്നെ വിളിക്കാം എന്നു പറഞ്ഞു ഫോണ്‍ കട്ട്‌ചെയ്യുക. പിന്നെ സമയം കിട്ടുമ്പോള്‍ വിളിക്കാന്‍ മറക്കരുത്. അപ്പോള്‍ അവര്‍ മനസ്സിലാക്കി  പ്രവര്‍ത്തിക്കും. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളുടെ പാളിച്ചകളാണു ഭാവിയില്‍ വലുതായി ഭവിക്കുന്നത്.
രാത്രി ഭക്ഷണം:
ഏഴു മണിക്കും എട്ടുമണിക്കുമിടയില്‍ കഴിക്കുന്നതാണ് അഭികാമ്യം.  രാത്രി ഒരു പാട് ഹെവിയായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.  രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ്.
ആഹാരംകഴിച്ച് ഒരു രണ്ടു മണിക്കുറെങ്കിലും കഴിഞ്ഞ് ഉറങ്ങാന്‍ പോകുന്നതാണ് നല്ലത്.
ഉറക്കം മിനിമം ഏഴു മുതല്‍ എട്ടു മണിക്കുറെങ്കിലും അനിവാര്യമാണ്. ഇത് കുട്ടികളിലെ വളര്‍ച്ചയെ ത്വരിതപെടുത്തുന്നു. രാത്രി പതിനൊന്നു മണിക്കു മുന്‍പ് ഉറങ്ങാന്‍ പോകുന്നതാണ് നല്ലത്. കുട്ടികളെ പത്തരക്ക് ഉറക്കി മാതാപിതാക്കള്‍ പതിനൊന്നുമണിക്കെങ്കിലും ഉറങ്ങാന്‍ പോകുന്നതാണ് നല്ലത്.
രാത്രിജോലികള്‍:
ഏറ്റവും അവസാനമായി ടോയിലറ്റില്‍ പോയതിനു ശേഷം ബാത്ത്റൂമും ടോയിലെറ്റും വ്യത്തിയാക്കുക. അടുത്ത ദിവസം രാവിലെ പ്രഭാത ക്രിയകള്‍ക്ക് വരുമ്പോള്‍ അത് സന്തോഷം പ്രദാനം ചെയ്യും.  അതിലൂടെ സന്തോഷപ്രദമായ ഒരു തുടക്കത്തിനു കാരണഹേതു ആകും.
ഇനി എല്ലാം കഴിഞ്ഞ് ഉറങ്ങാനായി കട്ടിലിനരുകില്‍ എത്തുമ്പോള്‍ നിങ്ങളെ വരവേല്ക്കുന്നത്‌ രാവിലെ വ്യത്തിയായി ഒരുക്കിയ കട്ടിലും മെത്തയുമാണ്. ഇത്‌ സന്തോഷകരമായ സെക്ഷ്വല്‍ കുടുംബ ജീവിതത്തില്‍ ഒരു പാട് കാര്യങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്.
അങ്ങനെ രാത്രിയിലേക്കായി രാവിലെ ജോലി ചെയ്യുന്നതിലൂടെ നല്ലൊരു നാളെയെ സ്വപ്നം കണ്ടുറങ്ങാം.
യഥാര്‍ത്ഥ അര്‍ബുദം – ഉള്ളിലൊതുക്കുന്ന സങ്കടങ്ങള്‍
ജീവിതമെന്നത്‌ സന്തോഷസങ്കടങ്ങള്‍ നിറഞ്ഞ ഒരു ദുര്‍ഘടമായ പാതയാണ്.  ജീവിതത്തില്‍ നമ്മള്‍ ഒരാളുടെ മുന്‍പിലെങ്കിലും ഒരു തുറന്ന പുസ്തകമായിരിക്കണം. ഇതിനു ഏറ്റവും അനുയോജ്യം ജീവിത പങ്കാളി തന്നെയാണ്. ഒന്നും ഇവരോട് ഒളിച്ചുവയ്ക്കരുത്. ഞാന്‍ എന്റെ  വിഷമം കൂടി അവർക്കെന്തിനു കൊടുക്കണം എന്ന ചിന്തയാണ് ജീവിതത്തിലെ ഏറ്റവും വലിയ ശത്രു.  കേള്‍ക്കുന്നയാള്‍ ഒരിക്കലും ഒരാള്‍ തങ്ങളുടെ സങ്കടങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ തിരിച്ച് കുറ്റപ്പെടുത്തരുത്. ശരിയാണെങ്കിലും തെറ്റാണെങ്കിലും ക്ഷമയോടുകൂടി കേള്‍ക്കുക.  അതിനു ശേഷം സമയം നോക്കി പറഞ്ഞു മനസിലാക്കേണ്ടത് പറഞ്ഞു മനസി ലാക്കുക.
ഉള്ളില്‍ ഒളിപ്പിച്ചുവയ്ക്കുന്ന സങ്കടങ്ങള്‍ ഒരു അര്‍ബുദം പോലെയാണ്. അത് നാം അറിയാതെ വലുതായി നമ്മുടെ മാനസികവും ശരീരികവുമായ സന്തുലിതാവസ്ഥയെ തന്നെ ഇല്ലാതാക്കുന്നു. അതിന്റെ പരിണിത ഫലമായി ആദ്യം ശ്രദ്ധക്കുറവ്, അലക്ഷ്യാവസ്ഥ., ദേഷ്യം മുതലായവയ്ക്ക്‌ വഴിമാറുന്നു.  ഇത് നമ്മളെ നമ്മളല്ലാതാക്കുന്നു. സ്വസ്ഥജീവിതം അസന്തുലിതാവസ്ഥയിലെത്തുന്നു.
സങ്കടങ്ങളും സന്തോഷങ്ങളും ഒളിപ്പിച്ചുവയ്ക്കുവാനുള്ളതല്ല. അത് പങ്കു വയ്ക്കുവാനും പ്രകടിപ്പിക്കാനുമുള്ളതാണ്.
സംഘര്‍ഷവിമുക്തമായ കുടുംബ സാമൂഹ്യജീവിതം നയിക്കുക എന്നത് ആരോഗ്യപരിപാലനത്തിനെന്ന പോലെ രോഗം വരാതിരിക്കാനും അത്യന്താപേക്ഷിതമാണ്. ഈ പ്രതിപാദിച്ച കാര്യങ്ങള്‍ അത്രത്തോളംഏളുപ്പമല്ലെങ്കിലുംകുറയെയൊക്കെ ശ്രദ്ധിക്കാന്‍ സാധിക്കുന്നു.  തര്‍ക്കങ്ങളും പിണക്കങ്ങളുംവഴക്കുകളുംമറ്റുംകുട്ടികളുടെമുന്നില്‍വച്ചാകാതിരിക്കുക.  ഇതെല്ലാം നമ്മളെ കൊണ്ടുകഴിയന്ന കാര്യങ്ങളാണ്.
ഉച്ചയുറക്കം – ഇടനേരം:
ഉച്ചക്ക് ഒരു പത്ത് മിനിട്ട് കസേരയിലോ മറ്റോ ചാരിയിരുന്നു ഒന്നുറങ്ങുന്നത് നല്ലതാണ്.  അതിനുശേഷം എഴുന്നേറ്റു മുഖം കഴുകി തന്റെ ജോലിയില്‍ തുടരുക. ചിലപ്പോള്‍ഇടയില്‍ വിശപ്പ് അനുഭവപെടുകയാണെങ്കില്‍ ഒരു ഫ്രഷ്ജ്യുസോ, വെജിറ്റബിള്‍ സലാഡോ കഴിക്കാവുന്നതാണ്.  എപ്പോഴും ഇടനേരങ്ങളിലെ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
എപ്പോഴും ശുദ്ധിയായ വെള്ളം കരുതിയിരിക്കുക. ദാഹിക്കുമ്പോളല്ലാതെ തന്നെ ഇടയില്‍ വെള്ളം കുടിക്കുന്നത് അഭികാമ്യമാണ്.
ആഴ്ചയിലെ അവധിദിനങ്ങള്‍:

അവധി ദിവസം രാവിലെ പ്രഭാതഭക്ഷണ ശേഷംകുടുംബത്തിലെ എല്ലാവരുമായി ചേര്‍ന്നു തുണിയലക്കല്‍, ക്ലീനിംഗ് മുതലായവ ചെയ്യുക.

ഗാര്‍ഡനിംഗും കൃഷിയും:

പറ്റുകയാണെങ്കില്‍ വീട്ടില്‍ ചെറിയ രീതിയിൽ പച്ചക്കറിക്യഷിയോ ഗാര്‍ഡനിംഗോ ചെയ്യാന്‍ സാധിച്ചാല്‍ അത്‌ വളരെ ഉന്മേഷദായകമായ ഒരു പ്രവര്‍ത്തിയാണ്. അതിനു നമ്മുടെ ഒരു പാട് അധികസമയമൊന്നുംഎടുക്കുന്നില്ല.

യാത്ര – ഔട്ടിംഗ്
ഒരു വര്‍ഷത്തിലൊരിക്കലെങ്കിലും കുടുംബമായി ടൂര്‍ പോകുന്നത് നമ്മുടെ വിരസമായ ജീവിതത്തിനു പുത്തനുണര്‍വും പ്രതീക്ഷയും നല്കുന്നു. ഇതിനായി സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ ഉന്നമനത്തിനു ഇത് ഒരുപാട്‌ സ്വാധീനം ചെലുത്തുന്നതായി പഠനങ്ങള്‍ തന്നെ തെളിയിച്ചിട്ടുണ്ട്.
അതുപോലെതന്നെ മാസത്തിലൊരിക്കലെങ്കിലും കുടുംബ സമേതം പുറത്തു പോകുന്നതും ഒരു സിനിമയോ മറ്റോ കാണുന്നതും, വെളിയില്‍ നിന്നു ഒരു നേരം ആഹാരം കഴിക്കുന്നതും വിരസജീവിതത്തിനു ഒരു അടിവര ഇടുന്നതാണ്. ഇതിലൂടെ കുടുംബബന്ധങ്ങള്‍ ദ്യഢമാക്കപെടുന്നു.
നല്ല ഒരു ദിനചര്യ ലഭിക്കുന്നതിലൂടെ നല്ല ഒരു ജീവിതം ജീവിക്കാന്‍ കഴിയുന്നു. അതിലൂടെ ഉന്മേഷവാന്മാരായിരിക്കുവാന്‍ സാധിക്കുന്നു. ഇത് ഒരു പാട് രോഗങ്ങളില്‍ നിന്നു അകന്നു നില്‍ക്കുവാനുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.
ഇടയില്‍ വരുന്ന അസുഖങ്ങൾക്ക് ഹോമിയോപ്പതി പോലുള്ള പാര്‍ശ്വഫലങ്ങളിലാത്ത ചികിത്സ ലഭ്യമാക്കുന്നതിലൂടെ ഹാനികരമല്ലാത്ത രീതിയില്‍ അസുഖം ഭേദമാക്കപ്പെടുന്നു.
അങ്ങനെ നല്ലൊരു ജീവിതചര്യ അവലംബിക്കുന്നതിലൂടെ നമുക്ക് നല്ല ഒരു നാളെയെ വാര്‍ത്തെടുക്കാം.
—–
ഡോ. പ്രിയങ്ക വിജയന്‍,
‘സ്‌നേഹപ്രിയ’
കുളക്കാട്ടുചാലി,
ചേലേമ്പ്ര, മലപ്പുറം
ഫോണ്‍: 7025735124
ഇ മെയിൽ: priyakavijay@gmail.com

2 Comments

  1. I will immediately grab your rss as I can not find your e-mail subscription link or e-newsletter service. Do you’ve any? Please let me know so that I could subscribe. Thanks.

Leave a Reply

Your email address will not be published.


*