ആയുർവ്വേദത്തിലെ സ്ത്രീ രോഗ വിഭാഗം – ഒരാമുഖം

പരമ്പരാഗത വൈദ്യശാഖയായ ആയുർവേദം കാലങ്ങളായി നിലനിൽക്കുന്ന സാമൂഹ്യ പരിപ്രേക്ഷ്യത്തിൻ്റെ എല്ലാ ഗുണങ്ങളും ദോഷങ്ങളുമുൾക്കൊണ്ട്‌ രൂപപ്പെടുത്തപ്പെട്ട ആരോഗ്യശാസ്ത്രമാണ്‌. അതുകൊണ്ടുതന്നെ ഭാരതത്തിൽ നിലനിന്നിരുന്ന സാമൂഹിക – സാമ്പത്തിക മൂല്യങ്ങളും മൂല്യച്യുതികളും ഈ ശാസ്ത്രവിവരണത്തിൽ കൂടുകയോ കൂട്ടിച്ചേർക്കപ്പെടുകയോ ചെയ്തിട്ടുണ്ട്‌ എന്ന് ഊഹിക്കാം. ആരോഗ്യശാസ്ത്രമെന്ന നിലയിൽ വിവരിക്കുമ്പോൾ തന്നെ പുരുഷകേന്ദ്രീകൃതമായ വിവരണരീതിയാണു ആയുർവേദത്തിൽ അവലംബിച്ചിട്ടുള്ളത്‌. രാജാവിൻ്റെ ഉപയോഗത്തിനായി തയ്യാറാക്കപ്പെട്ടത്‌ എന്ന പരാമർശവും കാണാം. അത്തരത്തിൽ മേലാള സമൂഹത്തിന്‌ വേണ്ടി പുരുഷകേന്ദ്രീകൃതമായ വിവരണങ്ങൾക്കിടയിലൂടെ ആരോഗ്യം, രോഗങ്ങൾ, അവയുടെ കാരണങ്ങൾ, പ്രതിരോധം, ഔഷധം, ചികിത്സ, ആഹാരം, വിഹാരം എന്നിവയൊക്കെ വളരെ ശാസ്ത്രീയമായി സന്നിവേശിക്കപ്പെട്ടിരിക്കുന്നു. സ്ത്രീരോഗങ്ങളെ പറ്റിയുള്ള ഒരു പ്രത്യേക വിഭാഗം ആയുർവേദത്തിൻ്റെ എട്ട്‌ അംഗങ്ങളിൽ വിവരിച്ചുകാണുന്നില്ല. കൗമാരഭൃത്യം എന്ന് വിവരിക്കപ്പെടുന്ന, ശിശുപരിപാലനത്തിൻ്റെയും ശിശുരോഗങ്ങളുടെയും വിവരണത്തിലാണ്‌ അമ്മയാവുക എന്ന ധർമ്മം ഏറ്റെടുക്കേണ്ട സ്ത്രീയുടെ ആരോഗ്യത്തെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും വിവരിക്കുന്നത്‌. ഋതുമതിയാവുമ്പോൾ തുടങ്ങിയുള്ള ശാരീരിക വളർച്ചക്ക്‌ വേണ്ട ശ്രദ്ധയും പരിചരണവും ഗർഭധാരണവും ഗർഭകാല പരിചരണവും പ്രസവ – പ്രസവാനന്തര പരിചരണവും എല്ലാം തന്നെ സ്ത്രീയുടെ അമ്മയാവുക എന്ന ധർമ്മത്തെ മുൻനിർത്തിയാണ്‌ വിവരിക്കുന്നത്‌. അതുകൊണ്ടു തന്നെ മുലയൂട്ടലിനു വേണ്ടിയുള്ള ശാരീരികമായ കരുതൽ തുടങ്ങി മുലപ്പാലിൻ്റെ ഘടനാപരമായ വ്യതിയാനം കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന രോഗങ്ങൾ വരെ വിവരിക്കുന്നുണ്ട്‌. ഈ അവസരത്തിൽ കുഞ്ഞിന്റെ രോഗത്തിന്‌ ചികിത്സിക്കുന്നതോടൊപ്പം അമ്മയുടെ മുലപ്പാൽ ഗുണസമ്പുഷ്ടമാക്കാൻ വേണ്ടി അമ്മക്കും ചികിത്സ നിർദ്ദേശിക്കുന്നുണ്ട്‌. അമ്മയാവുക എന്ന സ്ത്രീധർമ്മം മുൻനിർത്തിയുള്ള ഇത്തരം പരിചരണത്തിനപ്പുറം സ്ത്രീകളുടെ ശാരീരിക രോഗങ്ങളെപ്പറ്റിയുള്ള ഭാഗമാണിവിടെ പരാമർശിക്കാനുദ്ദേശിക്കുന്നത്‌.

സ്ത്രീകൾക്ക്‌ ഗർഭാശയ സംബന്ധമായുണ്ടാകുന്ന രോഗങ്ങളെ രണ്ടു വിഭാഗങ്ങളായി ഉൾപ്പെടുത്തിയാണ്‌ ആയുർവേദ ശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ളത്‌. ആർത്തവ ദോഷങ്ങൾ (Menstrual disorders) എന്നും യോനി രോഗങ്ങൾ (Gynaecological diseases) എന്നും വിവരിക്കുന്നതാണ്‌ ഈ രണ്ടു വിഭാഗങ്ങൾ. ആർത്തവ ക്രമക്കേടുകൾ ചികിത്സിക്കാതിരുന്നാൽ യോനിരോഗങ്ങളായി മാറാം എന്ന മുന്നറിയിപ്പ്‌ ആർത്തവ രോഗ ചികിത്സയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. വന്ധ്യതക്ക്‌ കാരണമാകുന്ന വാമിനി (Implantation defect), ജാതഘ്നി (Recurrent abortion) തുടങ്ങിയ രോഗങ്ങളും ഒപ്പം തന്നെ ആർത്തവ വേദനക്ക്‌ കാരണമാവുന്ന വാതികി, ഉദാവർത്തം തുടങ്ങിയ രോഗങ്ങളും വിവരിക്കുന്നുണ്ട്‌. വളരെ പ്രാചീനകാലത്ത്‌ പോലും സ്ത്രീകളുടെ രോഗങ്ങളെപ്പറ്റിയുള്ള കൃത്യമായ നിരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടന്നിരുന്നു എന്ന് ഈ വിവരണങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്‌. ചികിത്സ പരാമർശിക്കുമ്പോൾ ശാരീരികമായി ഉള്ളിൽ കഴിക്കുന്ന ഔഷധങ്ങളോടൊപ്പം തന്നെ സ്ഥാനികമായ ഔഷധ പ്രയോഗങ്ങളെ പറ്റിയും നിർദ്ദേശമുണ്ട്‌. സ്ഥാനിക ചികിത്സയിൽ യോനി ഭാഗത്ത്‌ കഷായങ്ങൾ കൊണ്ടുള്ള ധാര, മരുന്നരച്ച്‌ പുരട്ടൽ, തൈലങ്ങൾ ഉള്ളിൽ നിറക്കൽ തുടങ്ങിയ രീതികൾ ഫലപ്രദമായി ചെയ്തുവരുന്നു.

വന്ധ്യതാ ചികിത്‌സയിലുപയോഗിക്കുന്ന ഉത്തരവസ്തി എന്നത്‌ ഗർഭാശയ മുഖത്തിലുള്ള കവാടത്തിലൂടെ ഗർഭാശയത്തിനുള്ളിലേക്ക്‌ മരുന്ന് പ്രയോഗിക്കുന്ന രീതിയാണ്‌. ഇതിനായി ഉത്തരവസ്തിയന്ത്രം എന്ന ഒരു ഉപകരണത്തെപ്പറ്റിയുള്ള പരാമർശമുണ്ട്‌. സ്ക്രൂ കണ്ടുപിടിക്കാത്ത കാലത്ത്‌ വിവരിക്കപ്പെട്ട ഉത്തരവസ്തിയന്ത്രത്തിന്റെ പുതിയ രൂപമാണ്‌ ഇന്ന് ഉപയോഗിക്കുന്ന Coscos Speculum. ഇത്തരം പരാമർശങ്ങൾ പഴയകാല ചരിത്രത്തെ പുതിയ കാലത്തിലേക്ക്‌ കൂട്ടിക്കെട്ടി അഭിരമിക്കുവാനാണ്‌ ഉദ്യമിക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത്‌. അന്ന് ഇത്തരം ഔഷധ പ്രയോഗങ്ങൾക്കായി പക്ഷിമൃഗാദികളുടെ മൂത്രസഞ്ചിയും മറ്റുമാണ്‌ സിറിഞ്ചിനു പകരമായി ഉപയോഗിച്ചിരുന്നതായി വിവരിക്കുന്നത്‌. ഇന്ന് അണുവിമുക്തമാക്കിയ സിറിഞ്ചുകളും കാനുലയുമുപയോഗിച്ചാണ്‌ ഇത്തരം ഔഷധ പ്രയോഗങ്ങൾ ചെയ്യുന്നത്‌.

ആന്തരിക ഔഷധ പ്രയോഗങ്ങൾ ശരീരബലത്തിനനുസരിച്ചും അപ്രകാരം രോഗബലത്തിനനുസരിച്ചും വൈദ്യനു തീരുമാനിക്കാനാവും. വളരെ കൂടുതലായുള്ള രോഗാവസ്ഥയിൽ ശരീരബലമുള്ളവർക്ക്‌ ശോധന ചികിത്സകളാണു ചെയ്യുക. പഞ്ചകർമ്മങ്ങളാണ്‌ ഇവിടെ ഉപയോഗിക്കുക. അതിൽ തന്നെ വസ്തി ചികിത്സയാണ്‌ ഗർഭാശയ രോഗങ്ങൾക്ക്‌ ഫലപ്രദം. ശരീരബലം കുറവുള്ള രോഗികളിൽ ഉള്ളിൽ കഷായം, ഗുളിക, അരിഷ്ടം, നെയ്യ്‌ മുതലായ വിവിധ രീതിയിൽ നിർമ്മിച്ച ഔഷധങ്ങളായി നൽകുന്നു.

ഇത്തരത്തിൽ സ്ത്രീരോഗ ചികിത്സാ പദ്ധതി വളരെ വിപുലമായ രീതിയിൽ ഇന്ന് ക്രമപ്പെടുത്തി ഒരു വിഭാഗമെന്ന നിലയിൽ കൂടുതൽ ഗവേഷണങ്ങളോടെ മികവുറ്റതാക്കുന്നതിനു വേണ്ടി എല്ലാ ആയുർവേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ഡിപ്പാർട്ട്മെൻറ് ആയി പ്രവർത്തിക്കുന്നുണ്ട്‌. ഗർഭകാല പരിചരണം, പ്രസവം, പ്രസവ പരിചരണം എന്നിവയടങ്ങുന്ന പ്രസൂതിതന്ത്രവും ആർത്തവാരംഭം മുതൽ ആർത്തവ വിരാമം വരെ സ്ത്രീകൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പരിഹാര ചികിത്സയും നിർദ്ദേശിക്കുന്ന സ്ത്രീരോഗചികിത്സയും ചേർന്ന് പ്രസൂതി തന്ത്ര രോഗ വിഭാഗമാണ്‌ ഇത്‌ കൈകാര്യം ചെയ്യുന്നത്‌.
ആർത്തവ ക്രമക്കേടുകളിൽ കൃത്യസമയത്ത്‌ ആർത്തവം കാണാതിരിക്കുക, അമിതമായ രക്തസ്രാവം, ആർത്തവ വേദന, ആർത്തവക്കുറവ്‌, ആർത്തവസംബന്ധമായുണ്ടാകുന്ന അണുബാധകൾ തുടങ്ങിയവ വിവരിച്ചിട്ടുണ്ട്‌. ആർത്തവം ക്രമപ്പെടുത്തുന്നതിനുള്ള ഔഷധങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്‌.

യോനിരോഗങ്ങളിൽ ഗർഭാശയത്തിൻ്റെ പ്രവർത്തന വ്യതിയാനമുണ്ടാക്കുന്നതും ശാരീരികഘടനാപരമായ വൈകല്യമുണ്ടാക്കുന്നതുമായ രോഗങ്ങളായ 20 തരത്തിലുള്ള ഗർഭാശയ രോഗങ്ങൾ ആയുർവേദത്തിൽ വിവരിച്ചിട്ടുണ്ട്‌. ചികിത്സിച്ച്‌ മാറ്റാൻ കഴിയാത്ത intersex വിഭാഗത്തിലുള്ള ഷണ്ഡ, ശരീരത്തിൻ്റെ വളർച്ചാ വൈകല്യത്തിലുൾപ്പെടുത്താവുന്ന സൂചീമുഖി എന്നീ രോഗങ്ങളും ഇതിലുൾപ്പെടും. ഗർഭാശയത്തിനു നീർക്കെട്ടുണ്ടാകുന്ന അണുബാധകളാകുന്ന പൈത്തികി, പരിപ്ലുത തുടങ്ങിയ അവസ്ഥകളും യോനിപ്രദേശത്തിലാശ്രയിച്ചുണ്ടാകുന്ന ശ്ലൈഷികി, ഉപപ്ലുത എന്നീ പൂപ്പൽ രോഗങ്ങളും, ഗർഭാശയത്തിൻ്റെ സ്ഥാനച്യുതിയുണ്ടാക്കുന്ന അന്തർമുഖി (Retroverted uterus), മഹായോനി (Prolapsed uterus) എന്നീ രോഗങ്ങളും വിവരിച്ചിട്ടുണ്ട്‌. ശരിയല്ലാത്ത ലൈംഗിക ബന്ധം കൊണ്ടുണ്ടാകുന്ന രോഗങ്ങളിൽ അമിത ലൈംഗിക വേഴ്ച കാരണമുണ്ടാകുന്ന ക്ഷതം കൊണ്ടുണ്ടാകുന്ന അതിചരണ, പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങൾക്ക്‌ ലൈംഗിക വേഴ്ച മൂലമുണ്ടാകുന്ന പ്രാക്ചരണ തുടങ്ങിയ രോഗങ്ങളെപ്പറ്റിയും പരാമർശിക്കുന്നുണ്ട്‌.
ഇപ്രകാരം സ്ത്രീയുടെ ആരോഗ്യസംബന്ധിയായ കാര്യങ്ങളിൽ സമഗ്രവും ശാസ്ത്രീയവുമായ വിവരങ്ങളാണ്‌ ആയുർവേദത്തിലുള്ളത്‌. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളും അറിവുകളും കൂട്ടിച്ചേർത്ത്‌ സ്ത്രീരോഗ വിഭാഗത്തെ കാലാനുസൃതവും കാര്യക്ഷമവുമാക്കാനുള്ള ശ്രമങ്ങളാണ്‌ ഇന്ത്യയിലെ ആയുർവേദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്‌.

ഡോ. ഡി. ഷീല എം.ഡി (ആയു),
(റിട്ട. പ്രിൻസിപ്പാൾ, ആയുർവേദ കോളേജ്‌, ഒല്ലൂർ)
സ്ത്രീരോഗവിഭാഗം മേധാവി,
വിഷ്ണു ആയുർവേദ കോളേജ്‌, ഷൊർണൂർ
E mail: aleeshdr@gmail.com
PH: 9495 926 137

3 Comments

  1. When I originally commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get several emails with the same comment. Is there any way you can remove people from that service? Thanks a lot!

Leave a Reply

Your email address will not be published.


*