ആയുർവ്വേദ ചികിത്സ സർക്കാർ സ്ഥാപനങ്ങളിൽ

ഇന്ത്യൻ സിസ്റ്റംസ്‌ ഓഫ്‌ മെഡിസിൻ അല്ലെങ്കിൽ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ മിക്കവാറും പഞ്ചായത്തുകളിൽ ആയുർവ്വേദ സർക്കാർ ആശുപത്രികളോ ഡിസ്പെൻസറികളോ നിലവിലുണ്ട്‌. ചുരുക്കം ചില പഞ്ചായത്തുകളിൽ സർക്കാർ സ്ഥാപനങ്ങൾ ഇല്ലാത്തിടത്ത്‌ നാഷണൽ ഹെൽത്ത്‌ മിഷന്റെ കീഴിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.

ഡിസ്പെൻസറികളിൽ രോഗചികിത്സക്കും ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും ഉൾപ്പെടെയുള്ള ബോധവൽക്കരണ പരിപാടികൾക്കും പ്രാധാന്യം നൽകുമ്പോൾ ഇവ കൂടാതെ കിടത്തി ചികിത്സ കൂടി ലഭിക്കുന്ന സ്ഥാപനങ്ങളായി ആശുപത്രികൾ പ്രവർത്തിക്കുന്നു. പത്തു മുതൽ നൂറു വരെ കിടക്കകളുള്ള ആശുപത്രികൾ ഉണ്ട്‌. ഹോസ്പിറ്റൽ മാനേജ്‌ മെന്റ്‌ കമ്മിറ്റിയും സർക്കാരും നിശ്ചയിച്ചിട്ടുള്ള ഫീസുകൾ മാറ്റിനിർത്തിയാൽ രോഗികൾക്ക്‌ ലഭിക്കുന്ന മരുന്നുകളും സേവനങ്ങളും പൂർണ്ണമായും സൗജന്യമാണ്‌. നിബന്ധനകൾക്ക്‌ വിധേയമായി പല വിധ സർട്ടിഫിക്കറ്റുകളും ഈ സ്ഥാപനങ്ങൾ വഴി നൽകിവരുന്നുണ്ട്‌.

ജില്ലകളിലെ സ്ഥാപനങ്ങളുടെ നിയന്ത്രണവും വികസനവും ആയുഷ്‌ വകുപ്പിനു കീഴിൽ ഗ്രാമ പഞ്ചായത്ത്‌ / ജില്ലാ പഞ്ചായത്ത്‌ / ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എം.എൽ.എ / എം.പി / നാഷണൽ ആയുഷ്‌ മിഷൻ എന്നീ ഫണ്ടുകൾ ഉപയോഗിച്ചും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുന്ന വിധമാണ്‌ നിലവിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്‌.

അസുഖം ഉള്ളവരെ ചികിത്സിക്കുന്നതു പോലെ തന്നെ പ്രാധാന്യം കൊടുത്താണ്‌ ആരോഗ്യ സംരക്ഷണത്തിനുള്ള മാർഗ്ഗങ്ങളും ആയുർവ്വേദം വിവരിക്കുന്നത്‌. ഒരസുഖം വന്നാൽ അതിന്റെ കാരണങ്ങളെ ഒഴിവാക്കുവാൻ പഥ്യമായ ഭക്ഷണവും ശീലങ്ങളും ഉപയോഗിക്കണമെന്നും അപഥ്യമായ ഭക്ഷണവും ശീലങ്ങളും ഒഴിവാക്കണമെന്നും വിധിക്കുന്നു. അതോടൊപ്പം മരുന്നും കഴിക്കണം. പാർശ്ശ്വ ഫലങ്ങൾ ഇല്ലാത്ത മരുന്നുകളല്ല ആയുർവ്വേദത്തിലുള്ളത്‌. എന്നാൽ മറ്റു ചികിത്‌സാശാസ്ത്രങ്ങളേക്കാൾ പാർശ്ശ്വഫലങ്ങൾ കുറവാണെന്നു മാത്രം. അതും ശരിയായ മരുന്നുപയോഗിച്ച്‌, ശരിയായ രോഗാവസ്ഥയിൽ, ശരിയായ രോഗിയിൽ, ശരിയായ അളവിൽ, ശരിയായ സമയത്ത്‌, ശരിയായ ചികിത്‌സാ മാർഗേണ ഉപയോഗിക്കുമ്പോൾ മാത്രമേ ഫലം ലഭിക്കുകയും പാർശ്ശ്വ ഫലങ്ങൾ കുറയുകയും ചെയ്യൂ. ശരിയായി പഠിച്ച ഒരു ആയുർവ്വേദ ഡോക്ടർക്ക്‌ മാത്രമേ ആയുർവ്വേദ മരുന്നുകൾ നിർദ്ദേശിക്കാൻ സാധിക്കൂ. പൊട്ടക്കണ്ണൻ മാവിലെറിയുന്നതുപോലെ ആർക്കും നിർദ്ദേശിക്കാവുന്ന ഒന്നല്ല ചികിത്സ. ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുവാനാണ്‌ സർക്കാർ തന്നെ പഞ്ചായത്തുകൾ തോറും ആയുർവ്വേദ ഡോക്ടർമാരെ നിയോഗിച്ചിരിക്കുന്നത്‌.

ഡിസ്പെൻസറികൾ:
പ്രാഥമിക ആയുർവ്വേദ ചികിത്സാ കേന്ദ്രങ്ങളാണ്‌ ഡിസ്പെൻസറികൾ. ഇവിടെ പഞ്ചായത്ത്‌ വകയായും വകുപ്പു വഴിയും വാങ്ങി നൽകിയ മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കുന്നതിനനുസരിച്ച്‌ രോഗികൾക്ക്‌ വീട്ടിൽ കൊണ്ടുപോയി ഉപയോഗിക്കാനാകും വിധമാണ്‌ ഡിസ്പെൻസറികളുടെ പ്രവർത്തനം നടത്തുന്നത്‌. കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികളെ ഏറ്റവുമടുത്ത ആയുർവ്വേദ ആശുപത്രിയിലേക്ക്‌ റെഫർ ചെയ്യും.
പകർച്ച വ്യാധികൾക്കും ജീവിത ശൈലീ രോഗങ്ങൾക്കുമുള്ള ചികിത്സകളും രോഗമില്ലാതെ ആരോഗ്യത്തോടെ ഇരിക്കുവാൻ ആവശ്യമായ മരുന്നുകളും ഈ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കും. ചില രോഗങ്ങൾക്ക്‌ അത്യാഹിത വിഭാഗത്തിൽ നിന്നുള്ള ചികിത്സകളോ ശസ്ത്രക്രിയകളോ സ്റ്റിറോയ്ഡ്‌ ചികിത്സകളോ വേണ്ടിവന്നേക്കും. അതിനു പകരമുള്ള ചികിത്സകൾ ഡിസ്പെൻസറികളിൽ ലഭ്യമല്ല. എന്നാൽ മറ്റു ആരോഗ്യകാരണങ്ങളാൽ സർജറി ചെയ്യാൻ സാധിക്കാത്തവർക്കോ ദീർഘകാലം ചികിത്സ വേണ്ടിവരുന്ന രോഗങ്ങളിൽ ആയുർവ്വേദ ചികിത്സകൾ കൂടി ചെയ്യാൻ താൽപര്യമുള്ളവർക്കോ പാർശ്വഫലങ്ങൾ കാരണം മറ്റു ചികിത്സകൾ തുടരാൻ സാധിക്കാത്തവർക്കോ സമാധാനത്തോടെ ചികിത്സിച്ചു ഭേദമാക്കാൻ സാവകാശമുള്ള രോഗങ്ങളുള്ളവർക്കോ ഈ സ്ഥാപനങ്ങളിലെ ചികിത്സകൾ പ്രയോജനപ്പെടും.

പ്രമേഹം, രക്ത സമ്മർദ്ദം, അമിത കൊളസ്ട്രോൾ, കരൾ രോഗങ്ങൾ, പൊണ്ണത്തടി, തൈറോയ്ഡ്‌ രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ, പകർച്ചപ്പനികൾ, അവയെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ, ശ്വാസതടസം, ചുമ, തുടർച്ചയായ തുമ്മൽ, അലർജ്ജി രോഗങ്ങൾ, തൊലിപ്പുറത്തും സന്ധികൾക്കുമുണ്ടാകുന്ന രോഗങ്ങൾ, തേയ്മാനം, മറ്റു വാത രോഗങ്ങൾ, അസ്ഥി സംബന്ധമായ രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, കിടത്തി ചികിത്സാനന്തരമുള്ള തുടർ ചികിത്സകൾ എന്നിവക്ക്‌ ഈ സ്ഥാപനങ്ങളിൽ നിന്ന് ചികിത്‌സ ലഭിക്കും.

കാലാവസ്ഥാ ജന്യ രോഗങ്ങളകറ്റുവാൻ കാപ്പി / ചായ / ഗ്രീൻ ടീ എന്നിവക്ക്‌ പകരമുള്ള ഔഷധക്കാപ്പി തയ്യാറാക്കാനും കൊതുകു നിവാരണത്തിനും വെള്ളം ശുദ്ധീകരിച്ച്‌ കുടിക്കുവാനുമുള്ള മരുന്നുകളും ലഭിക്കും.

ശ്രദ്ധിക്കുവാൻ:
സ്ഥാപനത്തിന്റെ പ്രവർത്തന സമയം എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചക്ക്‌ 2 വരെയാണ്‌. ഡോക്ടർ ഡ്യൂട്ടിയിലുള്ള ദിവസങ്ങളിൽ മാത്രം ചികിത്സയും മരുന്നുകളും ലഭ്യമാകുന്ന വിധമാണ്‌ ഇപ്പോൾ പ്രവർത്തനങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. അല്ലാത്ത ദിവസങ്ങളിൽ കഷായം മാത്രമാണു നൽകുന്നത്‌.

പൊതുവായ രോഗാവസ്ഥകളിൽ ഉപയോഗിക്കാവുന്ന മരുന്നുകളാണ്‌ ഇവിടെ നിന്ന് ലഭിക്കുന്നത്‌. അതായത്‌ എല്ലാ രോഗാവസ്ഥക്കുമുള്ള മരുന്നുകൾ ലഭിക്കണമെന്നില്ല. എന്നാൽ നൽകുന്ന മരുന്നുകളെല്ലാം പൂർണ്ണമായും സൗജന്യമാണ്‌.

ആയുർവ്വേദ ചികിത്സ ആരംഭിച്ചുവെന്ന കാരണത്താൽ അതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന മറ്റു മരുന്നുകൾ ഡോക്ടറുടെ ഉപദേശം തേടാതെ നിർത്തി വെക്കരുത്‌. മറ്റു മരുന്നുകൾ ഉപയോഗിക്കുന്നവർക്കും പരസ്പരം വിരുദ്ധമാകാതെ ആയുർവ്വേദ മരുന്നുകളും കൂടി പല രോഗാവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്‌.
ആയുർവ്വേദത്തിനു പൊതുവെ പഥ്യം കൂടുതലാണെന്നു പറയുന്നവരുണ്ട്‌. ചില മരുന്നുകൾക്ക്‌ പഥ്യം ഉണ്ടെന്നത്‌ സത്യം തന്നെ. എന്നാൽ രോഗാവസ്ഥക്കനുസരിച്ചുള്ള പഥ്യം രോഗത്തെ കുറക്കുമെന്നും മരുന്നിന്റെ ഉപഭോഗം അങ്ങനെ കുറക്കാൻ സാധിക്കുമെന്നും മനസിലാക്കണം.

ആശുപത്രികൾ:
ഡിസ്പെൻസറികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ പറഞ്ഞ കാര്യങ്ങൾ കൂടാതെ കിടത്തി ചികിത്സ കൂടി ഇവിടെനിന്ന് ലഭിക്കും. പല ആശുപത്രികളിലും 60 വയസിനു മേലെ ഉള്ളവർക്ക്‌ ചികിത്സ, പക്ഷാഘാതത്തിനും അമിതവണ്ണത്തിനും പ്രമേഹത്തിനും കുട്ടികളുടെ രോഗത്തിനും ചികിത്സ തുടങ്ങി വിവിധ പ്രൊജക്റ്റുകളിലൂടെ കൂടുതൽ വിപുലമായ സേവനങ്ങൾ നൽകി വരുന്നു.

പത്തു കിടക്കകളുള്ള ആശുപത്രികളിൽ ഒരു ഡോക്ടർ മാത്രമേയുള്ളൂ എന്നതിനാൽ ഡിസ്പെൻസറികളുടേതു തന്നെയാണു പ്രവർത്ത്ന സമയം. എന്നാൽ ഡോക്ടർമ്മാർ കൂടുതലുള്ള മറ്റു ആശുപത്രികൾ കാഷ്വാലിറ്റി, നൈറ്റ്‌ ഡ്യൂട്ടി തുടങ്ങിയവ ഉൾപ്പെടെ പ്രവർത്തനനിരതമാണ്‌. ഔട്ട്‌ പേഷ്യന്റ്‌ വിഭാഗം പ്രവർത്തിക്കുന്നത്‌ രാവിലെ 9 മുതൽ ഉച്ചക്ക്‌ 2 വരെയാണ്‌. സ്ഥാപനത്തിൽ മറ്റു ഡോക്ടർ മാരുടെയും സേവനം ലഭ്യമായിരിക്കുമെന്നതിനാൽ ഈ സമയത്ത്‌ തുടർചികിത്‌സയും മരുന്നും ലഭിക്കുന്നതിനു മറ്റു തടസങ്ങളില്ല.
സ്പെഷ്യലിസ്റ്റ്‌ ഡോക്ടർമ്മാർ, നഴ്സ്‌, ലാബ്‌ അസിസ്റ്റന്റ്‌, തെറാപ്പിസ്റ്റുകൾ അടക്കമുള്ള വിദഗ്ദ്ധരുടെ സേവനം ആശുപത്രികളിൽ നിന്ന് ലഭിക്കും. പല രോഗങ്ങൾക്കും കിടത്തി ചികിത്സ ഉൾപ്പെടെ നലുമ്പോഴാണ്‌ ആയുർവ്വേദ ചികിത്സയുടെ ശരിയായ പ്രയോജനം ലഭിക്കുന്നത്‌.

ഇത്തരം സ്ഥാപനങ്ങളിൽ നിന്നും നിരവധി രോഗാവസ്ഥകൾക്ക്‌ ഫലപ്രദമായി ഉപയോഗിക്കാവുന്ന മരുന്നുകൾ സൗജന്യമായി സർക്കാർ നൽകുമ്പോഴും പല വ്യാജന്മാരുടെയും, വീടുകളിൽ കൊണ്ടുനടന്ന് മരുന്നു വിൽപന നടത്തുന്നവരുടെയും, പരസ്യങ്ങളുടെയും, മരുന്നിനെ ചെയിൻ മാർക്കറ്റ്‌ ചെയ്യുന്നവരുടെയും വാചാലതയിൽ പെട്ട്‌ മരുന്നെന്ന പേരിൽ പലതും വാങ്ങിക്കഴിക്കുന്നവർ വഞ്ചിതരും മണ്ടന്മാരുമായി മാറ്റപ്പെട്ട്‌ പറ്റിക്കപ്പെടുകയാണെന്ന് പൊതുസമൂഹം മനസിലാക്കണം. അതിനാൽ സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ മനസിലാക്കി ശരിയായി ഉപയോഗപ്പെടുത്തുക.

—–
ഡോ.ഷർമ്മദ്‌ ഖാൻ,
സീനിയർ മെഡിക്കൽ ഓഫീസർ,
ഭാരതീയ ചികിത്സാ വകുപ്പ്‌.

5 Comments

  1. A person essentially help to make seriously articles I would state. This is the first time I frequented your website page and thus far? I amazed with the research you made to create this particular publish amazing. Magnificent job!

Leave a Reply

Your email address will not be published.


*