ആരോഗ്യ രംഗത്തെ നാട്ടറിവുകള്‍

വൈദ്യശാസ്ത്രത്തിന്റെ ചരിത്രമാരംഭിക്കുന്നത് ആദി മനുഷ്യന്റെ കൂട്ടുജീവിതത്തില്‍ അവന്‍ കണ്ടെത്തിയ സ്വയം ചികിത്സാമുറകളില്‍ നിന്നും ഔഷധങ്ങളില്‍ നിന്നുമാണ്. നിരവധി നിരവധി പരീക്ഷണ പരാജയങ്ങളില്‍ നിന്ന് വിജയത്തിലെത്തുമ്പോള്‍ അവര്‍ നേടിയ ഓരോ അറിവുകളില്‍ നിന്നുമാണ് സിദ്ധാന്തങ്ങളിലേയ്ക്കും അതിലൂന്നിയ ചികിത്സാവിധികളിലേയ്ക്കും വഴി തെളിഞ്ഞത്. കാലക്രമത്തില്‍ ഇത്തരം അറിവുകള്‍ പരിഷ്‌കൃത ജനപഥങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഉപകരിയ്ക്കുന്ന നാട്ടറിവുകളായി. ഓരോ പ്രദേശത്തിന്റേയും സ്വാഭാവിക പരിസ്ഥിതിയുടേയും മറ്റ് ഘടകങ്ങളുടേയും പ്രത്യേകതകള്‍ക്കും വ്യത്യാസങ്ങള്‍ക്കും അനുഗുണമായി രൂപപ്പെട്ടതാണ് ഇത്തരം നാട്ടറിവുകള്‍. കാലാകാലങ്ങളിലുണ്ടായ സാമൂഹ്യ മാറ്റങ്ങളുടെ പ്രതിഫലനങ്ങളും ഇത്തരം അറിവുകളില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുര്‍വേദശാസ്ത്രം ഈ നാട്ടറിവുകളാല്‍ ഏറെ സമ്പുഷ്ടമാക്കപ്പെട്ടിട്ടുണ്ട് ആയുര്‍വേദശാസ്ത്രത്തില്‍ വിവരിക്കപ്പെട്ടിരിയ്ക്കുന്ന പല ആരോഗ്യരക്ഷാ സംവിധാനങ്ങളും നാട്ടറിവുകളില്‍ നിന്നാണ് രൂപം കൊണ്ടിട്ടുള്ളത്. ഒരു ശാസ്ത്രമെന്ന ചട്ടക്കൂടിനകത്തായപ്പോള്‍ തമ്മില്‍ വേര്‍തിരിയ്ക്കാനാവാത്തവിധം ഇഴയടുപ്പം ഉണ്ടായി എന്ന് മാത്രം. അതുകൊണ്ട് തന്നെ ഇന്ന് ഏറെ പുതുമയോടെ ചര്‍ച്ച ചെയ്യപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്യുന്ന ആരോഗ്യരംഗത്തെ നാട്ടറിവുകള്‍ ആയുര്‍വേദത്തില്‍നിന്ന് അന്യമാണെന്ന ധാരണയും ഉണ്ടായിട്ടുണ്ട്.

പല കുടുംബക്കാരുടേയും ജാതിക്കാരുടേയും സ്വകാര്യ സ്വത്തായും ആചാരവുമായുമൊക്കെ തെറ്റായി ധരിപ്പിയ്ക്കുന്ന രീതി ഇത്തരം നാട്ടറിവുകളെ ആധുനിക കാലത്ത് സാമാന്യജനങ്ങള്‍ക്ക് അന്യമാക്കിയിട്ടുണ്ട്. നാടൊട്ടുക്കും നടക്കുന്ന ഒറ്റമൂലി പ്രചരണമാകട്ടെ നാട്ടറിവുകളെ കമേഴ്സ്യലൈസ് ചെയ്യുന്ന ഒരു സംഘടിതശ്രമത്തിന്റെ ഭാഗമായി ഒരു ബദല്‍ ചികിത്സാരീതി എന്ന മട്ടില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സാധാരണ ജനങ്ങളുടെ ദൈനംദിനാനുഭവങ്ങളുടെ മൂശയില്‍ നിന്നുരുത്തിരിഞ്ഞ ആരോഗ്യശീലങ്ങളും രോഗപ്രതിരോധസംവിധാനങ്ങളും ചികിത്സാരീതികളും പുനഃപരിശോധിയ്ക്കാനും പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.

ആരോഗ്യരംഗത്തെ നാട്ടറിവുകളെ പൊതുവില്‍ മൂന്നായി തിരിയ്ക്കാം:

I) ആരോഗ്യശീലങ്ങള്‍
ll) ആഹാരം
lll) ഔഷധങ്ങള്‍

I) ആരോഗ്യശീലങ്ങള്‍:

ദുഃശ്ശീലങ്ങളും ശീലവ്യതിയാനങ്ങളുമാണ് ആധുനിക മനുഷ്യന്റെ ശത്രു എന്ന അപവാദമുഖത്തിന് പ്രധാന്യമേറി വരുന്ന കാലമാണല്ലോ? മുന്‍ തലമുറയുടെ ശീലങ്ങളെ ഇന്നലെച്ചെയ്‌തോരബദ്ധങ്ങളാക്കി കണ്ട് ഇന്നത്തെ ആചാരമാക്കിയ മൂഢരെപ്പറ്റി ഏറെ വാചാലമായപ്പോള്‍ അന്യം നിന്നു പോയത് നൂറ്റാണ്ടുകളുടെ അനുഭവസമ്പത്തിന്റെ മൊഴിമുത്തുകളായിരുന്നു എന്ന വേദനിപ്പിയ്ക്കുന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ നാട്ടില്‍ നടപ്പുണ്ടായിരുന്ന ചില ആരോഗ്യകാര്യങ്ങള്‍ പരിശോധിയ്ക്കാം.

 • ഗര്‍ഭിണിയായ സ്ത്രീ മലര്‍ന്ന് കിടക്കുക, ഉയരത്തില്‍ കയറി നില്‍ക്കുക, കിണര്‍ തുടങ്ങിയ ആഴമുള്ള ഗര്‍ത്തങ്ങളിലേയ്ക്ക് നോക്കുക എന്നിവ ചെയ്യാറില്ലായിരുന്നു. ഗര്‍ഭരക്ഷയ്ക്ക് വേണ്ടി നിത്യവും എണ്ണയിട്ടുകുളിയ്ക്കുക എന്ന ശീലം സുഖപ്രസവത്തിനും സഹായിയ്ക്കുമായിരുന്നു. പ്രസവത്തിനടുത്ത സമയം വരെ തീവ്രമല്ലാത്ത ജോലികള്‍ ചെയ്തിരുന്നത് മൂലം ഗര്‍ഭതടസ്സം താരതമ്യേന കുറവായിരുന്നു ഒരു കാലത്ത്.
 • കുട്ടികളെ ഒറ്റയ്ക്ക് കിടത്താതിരിയ്ക്കുക, ഞെട്ടിയ്ക്കാതിരിയ്ക്കുക, നിഴല്‍ കാണിക്കാതിരിക്കുക, തുടങ്ങി ഒട്ടേറെ പാടില്ലായ്മകള്‍ വിധിച്ചിരുന്നു. അതോടൊപ്പം തന്നെ എണ്ണതേച്ച് വെയിലത്ത് കിടത്തുക, ആവശ്യത്തിനും ദഹനശക്തിയ്ക്കുമനുസരിച്ച് മാത്രം ക്രമത്തില്‍ ഭക്ഷണരീതി ശീലിപ്പിയ്ക്കുക എന്നീ നാടന്‍ മുറകള്‍ താരതമ്യേന രോഗരഹിതമായൊരു ശിശുസമൂഹത്തെ ഉണ്ടാക്കിയിരുന്നു. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ കൊച്ചുകുട്ടികളെ കുളിപ്പിച്ചതിന് ശേഷം തലതോര്‍ത്താതിരിയ്ക്കുന്ന സമ്പ്രദായമുണ്ട്. ഇപ്രകാരം ശീലിച്ച കുട്ടികള്‍ക്ക് മൂക്കൊലിപ്പ്, ചെവിപഴുപ്പ് എന്നിവ വരാതിരിയ്ക്കും എന്നാണ് പറയുന്നത്.
 • പ്രാതല്‍ അരവയര്‍, മുത്താഴം മുക്കാല്‍വയര്‍,അത്താഴം കാല്‍വയര്‍ എന്ന ചൊല്ലില്‍ അടങ്ങിയിരിയ്ക്കുന്നത് ആഹാരക്രമത്തില്‍ പാലിക്കപ്പെടേണ്ട നിയന്ത്രണത്തിന്റെ സൂചനകളാണ്. അത്താഴം കഴിഞ്ഞാല്‍ പത്തടി നടക്കണം, മുത്താഴം കഴിഞ്ഞാല്‍ മുള്ളിലും കിടക്കാം എന്നീ ശീലങ്ങളും ആഹാരദഹനത്തെ സഹായിക്കുന്നവയാണ്.
 • വഴി നടന്നു വന്ന ഉടനെ കാല്‍ കഴുകുക, വിയര്‍ത്ത ശരീരത്തോടുകൂടി കുളിയ്ക്കുക, നഗ്നനായി കുളത്തില്‍ മുങ്ങുക എന്നിവ ഒരിക്കലും ശീലിക്കാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു. ഓരോ ഋതുവ്യത്യാസത്തിനുമനുസരിച്ച് വ്യായാമം, തേച്ച്കുളി എന്നിവയ്ക്ക് ചിട്ടകളുണ്ടായിരുന്നു. രാത്രി മരത്തിന് കീഴെ കിടന്നുറങ്ങരുത് എന്നുള്ള നിര്‍ദ്ദേശത്തിന്റെ ശാസ്ത്രീയാടിത്തറ ഇക്കാലത്ത് ആരേയും പറഞ്ഞറിയിക്കേണ്ടതില്ല.

ll) ആഹാരം:

കേരളീയന്റെ ആഹാരത്തനിമ ലോകപ്രസിദ്ധി നേടിയപ്പോള്‍ കേരളീയന്‍ നൂഡില്‍സിലേയ്ക്കും, പെപ്‌സിയിലേയ്ക്കുമൊക്കെ മനസ്സ് തിരിച്ച് വെച്ചത് ഒരു വൈരുദ്ധ്യമെന്നതിനുമപ്പുറത്ത് അവന്റെ ആരോഗ്യത്തെ തകിടം മറിച്ചു എന്നത് ഒരു വസ്തുതയാണ്. പ്രാദേശികമായ ആഹാരവിഭവങ്ങള്‍, വിവിധ കാലാവസ്ഥകളില്‍ തദനുസൃതമായ ആഹാരവിശേഷങ്ങള്‍-ആഹാരവൈവിധ്യത്തിലൂടെ ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യാവസ്ഥ നിലനിര്‍ത്താനും പരിപാലിയ്ക്കാനുമുതകുന്ന ഈ ആഹാരശൈലി നമുക്ക് സ്വായത്തമായിരുന്നു എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

ചെറിയ ചെറിയ രോഗങ്ങളില്‍ ചില പ്രത്യേക ആഹാരങ്ങള്‍ ഉള്‍ക്കൊള്ളിയ്ക്കുന്ന സമ്പ്രദായം ആഹാരം ഔഷധമാക്കുന്ന ശാസ്ത്രീയ സമീപനമാണ്. ഉങ്ങിന്റെ തളിരിലകള്‍ തോരന്‍  വെച്ച് കഴിയ്ക്കുന്നത് കൊണ്ട് അര്‍ശോരോഗം (മൂലക്കുരു) ശമിയ്ക്കുകയും ഉണ്ടാവാതിരിയ്ക്കുകയും ചെയ്യും. ഓലനും, അവിയലും, സമ്പാറും, കഞ്ഞിയും, പുഴുക്കും, കപ്പയും, മീനും – ഈ കേരളീയ വിഭവങ്ങള്‍ നല്‍കുന്ന ആഹാരസമ്പൂര്‍ണ്ണതയും പോഷകങ്ങളും മറ്റേത് മരുന്നുകളില്‍ നിന്നും കിട്ടുന്നതിലും  വളരെ  വളരെ കൂടുതലാണ്.

ആഹാരം നന്നായി കഴിയ്ക്കുന്നത് പോലെ തന്നെ നിശ്ചിതമായ രീതിയില്‍ ആഹാരം ഒഴിവാക്കി ഉപവാസം അനുഷ്ഠിയ്ക്കുന്നത് വഴി ആന്തരാവയവങ്ങള്‍ക്ക് വിശ്രമവും അതുവഴി ആരോഗ്യവും കൈവരുത്തുന്നതും നമ്മുടെ നാട്ടുശീലമായിരുന്നു. ഏകാദശിയ്ക്കും തിരുവാതിര മുതലായ വിശേഷദിവസങ്ങളിലും ഉപവാസം അനുഷ്ഠിയ്ക്കുന്നത് ഏതാണ്ട് നിര്‍ബന്ധമായിരുന്നു. മാത്രമല്ല ഉപവാസാനാന്തരം ചില  പ്രത്യേകതരം ആഹാരങ്ങള്‍ മാത്രമെ ഉപയോഗിച്ചിരുന്നുള്ളു. പുത്തരിച്ചോറുണ്ണുക, കഞ്ഞിയും പുഴുക്കും കഴിയ്ക്കുക മുതലായ സാമൂഹ്യാചാരങ്ങള്‍ – അത്തരം രീതി കാലാവസ്ഥാമാറ്റങ്ങള്‍ക്കനുസരിച്ച് വ്യതിയാനം വരുന്ന ശാരീരികക്രിയകള്‍ക്ക് വ്യക്തിയെ സജ്ജമാക്കുക എന്നതാണ് സൂചിപ്പിയ്ക്കുന്നത്.

കൂടുതലും ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം നാട്ടുശീലങ്ങള്‍ ആചരിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാലക്രമത്തില്‍ പ്രത്യേക മതങ്ങളുടേയും സമുദായങ്ങളുടേയും മാത്രമായി ഈ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ പരിമിതപ്പെട്ടു. ഈ സമുദായങ്ങളില്‍ തന്നെ ഇത്തരം സംവിധാനങ്ങള്‍ക്ക് ഒരു നിര്‍ബന്ധിത സ്വഭാവം കൈവന്നത് മൂലം ഉല്പതിഷ്ണുക്കളായ പുതിയ തലമുറക്കാര്‍ ഇവയെ നിഷേധിയ്ക്കുകയും ചെയ്തു. അതിന്റെ ഫലം, ഇവ കൂടുതല്‍ കൂടുതല്‍ അനുഷ്ഠാനപരമായ ആചാരങ്ങളായി മാത്രം നിലനിന്നു എന്നുള്ളതാണ്.

lll) ഔഷധം: 

ആരോഗ്യരംഗത്തെ നമ്മുടെ നാട്ടറിവുകളില്‍ ഔഷധങ്ങള്‍ക്ക് വളരെ പ്രധാനമായ പങ്കുണ്ട്. കേരളത്തിന്റെ ഹരിത സമൃദ്ധിയില്‍ തഴച്ചു വളര്‍ന്നിരുന്ന വിവിധ സസ്യലതാദികളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള ഉപയോഗം സാര്‍വ്വത്രികമായി നിലനിന്നിരുന്നു. ഇന്നും ഇത്തരം ഔഷധപ്രയോഗങ്ങളില്‍ പരിജ്ഞാനമുള്ള ഒട്ടനവധി പേരുണ്ട്. ആഹാരത്തോട് ചേര്‍ത്തും തനിച്ചും ഔഷധസസ്യങ്ങള്‍ ഉപയോഗിയ്ക്കാറുണ്ട്. ഇവിടേയും ഋതുവ്യത്യസ്ഥതകള്‍ക്കനുസരിച്ചും  വ്യക്തികളുടെ പ്രായം, അഗ്നി ബലം എന്നിവയനുസരിച്ചും ഔഷധങ്ങള്‍ നല്‍കുക എന്ന അടിസ്ഥാന ശാസ്ത്ര സിദ്ധാന്തം പാലിച്ചിരുന്നു. പ്രാദേശികമായി ചില ഔഷധസസ്യങ്ങളുടെ പേരില്‍ വ്യത്യാസം കണ്ടേയ്ക്കാമെങ്കിലും കേരളത്തില്‍ പൊതുവെ ഉപയോഗിയ്ക്കുന്ന ഔഷധ സസ്യങ്ങളും രോഗാവസ്ഥകളും ഏതാണ്ടൊരേപോലെയാണ്.

കുറച്ച് ഉദാഹാരണങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടാം.

 • കുട്ടികള്‍ക്ക് പനിവന്നാല്‍ പര്‍പ്പടകപ്പുല്ല് കൊണ്ടുള്ള കഷായം കൂടെ കൂടെ കൊടുക്കുക, അരുതയുടെ ഇല ചതച്ച് ചാറെടുത്തു 4 തുള്ളി ഉള്ളില്‍ കൊടുക്കുക. പനികൂര്‍ക്ക (ഞവര)യിലയും ഇപ്രകാരംഉപയോഗിയ്ക്കാം.
 • കുട്ടികളുടെ ചെവി വേദനയ്ക്ക് എരുക്കിന്റെ പഴുത്തയില നെയ്യ് പുരട്ടി വാട്ടി പിഴിഞ്ഞ് നീരെടുത്ത് ചെവിയില്‍ ഒഴിയ്ക്കുക.
 • കുട്ടികളുടെ മെലിച്ചിലിന് നേന്ത്രവാഴയ്ക്ക ഉണക്കി പൊടിച്ച് കുറുക്കി നെയ്യും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക. കൂടാതെ കറുകനീരില്‍ വെണ്ണ ചേര്‍ത്ത് കുഴമ്പാക്കി തേയ്ക്കുകയും ചെയ്യാം.
 • മുലപ്പാലുണ്ടാവാന്‍ കരിമ്പ് തിന്നുക, മുത്തങ്ങ വെണ്ണപൊലെയരച്ച് മുലയില്‍ ലേപനം ചെയ്യുക.
 • കുട്ടികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിയ്ക്കും  വയറിളക്കത്തിനും കൂവളത്തിന്‍ വേര് കഷായം വെച്ചതില്‍ മലര്‍പൊടിയും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക.
 • കുട്ടികള്‍ക്കുണ്ടാകുന്ന വിരശല്യത്തിന് തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞ ചാറില്‍ അല്‍പം പാല്‍ക്കായം ചേര്‍ത്ത് കൊടുക്കുക.
 • കുട്ടികള്‍ക്കുണ്ടാകുന്ന ത്വക്ക് രോഗങ്ങളില്‍ അശോകത്തിന്റെ പൂവ് ഉണക്കിപൊടിച്ച് കല്‍ക്കമായി കാച്ചിയ വെളിച്ചെണ്ണ, നാല്പാമരമിട്ട് കാച്ചിയ വെളിച്ചെണ്ണ എന്നിവ ഫലപ്രദമാണ്.

നമ്മുടെ ചുറ്റുപാടും സുലഭമായ ചില വൃക്ഷങ്ങളും സസ്യങ്ങളും നമ്മുടെ ആരോഗ്യസംരക്ഷണത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന്കൂടി നോക്കാം.

1) തെങ്ങ് –

 • നമ്മുടെ കല്‍പവൃക്ഷം കായകല്‍പത്തിനും പ്രയോജനപ്പെടും.
 • തെങ്ങിന്റെ വേര് 20 ഗ്രാം ചതച്ച് നാഴിവെള്ളത്തില്‍ പതിനഞ്ച് മിനിട്ട് തിളപ്പിച്ച് കുടിച്ചാല്‍ വയറു വേദനയ്ക്ക് കുറവുണ്ടാകും.
 • തെങ്ങിന്റെ അടിഭാഗത്തുള്ള തോലെടുത്ത് ഉണക്കി പൊടിച്ച് വെന്ത വെളിച്ചെണ്ണയില്‍ കാച്ചി ഉപയോഗിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിയ്ക്കും.
 • പച്ച ഈര്‍ക്കില്‍, ഉലുവ, ചുക്ക്, മലര്‍, കൂവളവേര്, പ്ലാവില ഇവ ചേര്‍ത്ത് തയ്യാറാക്കിയ കഷായം കോളറയ്ക്ക് ഫലപ്രദമാണ്.

2) കറിവേപ്പ്–

 • ദഹനക്കേട്, അരുചി എന്നിവയ്ക്ക് കറിവേപ്പില അരച്ച് മോരില്‍ കലക്കി സേവിയ്ക്കുക.
 • കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് വെച്ച കഷായം കൃമിവികാരങ്ങള്‍ക്ക് ഉത്തമമാണ്.
 • കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ അകാലനരയില്‍ ഫലപ്രദമായി കാണുന്നുണ്ട്.
 • വേപ്പിലക്കട്ടി കഴിയ്ക്കുന്നത് രുചിയുണ്ടാകാനും ദഹനം എളുപ്പമാക്കാനും സഹായിയ്ക്കും.

3) ചുവന്നുള്ളി–

 • അല്‍പം ഉപ്പും ചേര്‍ത്ത് ചുവന്നുള്ളി കഴിച്ചാല്‍ വയറു വേദനയ്ക്ക് ശമനമുണ്ടാകും.
 • ഇഞ്ചി നീരും ചുവന്നുള്ളി നീരും തേനും ചേര്‍ത്ത് കഴിയ്ക്കുന്നത് പനിയ്ക്കും ചുമയ്ക്കും ശ്വാസം മുട്ടലിനും നല്ലതാണ്.

4) വെളുത്തുള്ളി–

 • വിനാഗിരിയില്‍ വേവിച്ചെടുത്ത വെളുത്തുള്ളി, തേനും ചേര്‍ത്തരച്ച് ഉലുവ കഷായത്തില്‍ പതിവായി സേവിയ്ക്കുന്നത് പഴകിയ ആസ്തമയില്‍ ഫലപ്രദമാണ്.
 • വെളുത്തുള്ളിയിട്ട് കാച്ചിയ പാല്‍ രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് നല്ലതാണ്.
 • വെളുത്തുള്ളി ചതച്ച് അടിവയറില്‍ വെച്ച് കെട്ടിയാല്‍ മൂത്ര തടസ്സം മാറികിട്ടും.

5) വാളംപുളി-

 • ഉളുക്ക്, വീക്കം എന്നിവയില്‍ പുളിയില അരച്ച് ലേപനം ചെയ്യുന്നത് പെട്ടെന്ന് ഫലം തരുന്നതാണ്.
 • പുളിയുടെ പൂക്കളരച്ച് കണ്ണിന് ചുറ്റും പുരട്ടുന്നത് ചെങ്കണ്ണിന് ഫലപ്രദമായൊരു പ്രതിവിധിയാണ്.
 • പുളി ഉപ്പും ചേര്‍ത്തരച്ച് ഉള്‍നാക്കിന്റെ രണ്ടുഭാഗത്തും തടവുന്നത് ടോണ്‍സിലൈറ്റിസിന്റെ ആരംഭത്തില്‍ നല്ലതാണ്.

6) വാഴ–

 • ഏത്തക്ക പൊടിച്ച് പാലില്‍ കാച്ചി കഴിയ്ക്കുകയാണെങ്കില്‍ വയറ്റിലെ അസുഖങ്ങള്‍ക്ക് കുറവുണ്ടാകും.
 • വാഴപ്പിണ്ടിയുടെ നീരില്‍ മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് കഴിയ്ക്കുന്നതും വാഴക്കൂമ്പ് ആഹാരമായി ഉപയോഗിയ്ക്കുന്നതും പ്രമേഹരോഗികള്‍ക്ക് വിശേഷമാണ്.
 • വാഴമാണം ഇടിച്ച് പിഴിഞ്ഞ് തീപ്പൊള്ളലില്‍ ധാര കോരാറുണ്ട്.

7) തുളസി–

 • വീട്ടുമുറ്റത്തെ തുളസിത്തറ കേരളഗൃഹങ്ങളുടെ മുഖകാന്തിയായിരുന്നു. പ്രഥമശുശ്രൂഷയിലും പ്രഥമസ്ഥാനം തുളസിച്ചെടിയ്ക്കുണ്ട്.
 • ജലദോഷം, ചുമ, പനി, ചര്‍ദ്ദി, കൃമി, അഗ്നിമാന്ദ്യം എന്നിവയിലൊക്കെ തുളസിയില ഉപയോഗിക്കാം.

8) മുരിങ്ങ–

 • മുരിങ്ങയില ഉപ്പുകൂട്ടി അരച്ച് പുരട്ടുന്നത് നീരുവറ്റുവാന്‍ സഹായിയ്ക്കുന്നു.
 • മുരിങ്ങത്തൊലി കാടിയില്‍ അരച്ച് ചൂടാക്കി പൂശുന്നത് കടച്ചിലും വേദനയും വീക്കവും മാറ്റുന്നതാണ്.
 • കാഴ്ചക്കുറവിന് മുരിങ്ങയില ദിവസവും ധാരാളം ഉപയോഗിയ്ക്കണം.

9)കൈപ്പയ്ക്ക–

 • ഇലയുടെ നീര്  കാല്‍വെള്ളയില്‍ തിരുമ്മുന്നത് ഉള്ളംകാല്‍ പുകച്ചിലിനെ ഇല്ലാതാക്കും.
 • ഇലയുടെ നീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ ചിക്കന്‍ പോക്‌സ് വരാതിരിയ്ക്കുന്നതിന് സഹായിയ്ക്കും.

10) ആര്യവേപ്പ്–

 • ഉണങ്ങിയ വേപ്പിലകള്‍ അലമാരിയിലും പെട്ടിയിലുമിടുന്നത് കീടങ്ങളെ അകറ്റി നിര്‍ത്തും. മറ്റ് പല രോഗങ്ങളിലും വേപ്പില, തൊലി എന്നിവ ഫലപ്രദമാണ്.

11) മുത്തങ്ങ:-

 • ചതച്ച് പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ അതിസാരം ശമിയ്ക്കും.
 • മുത്തങ്ങ ചതച്ചിട്ട എണ്ണ മുറുക്കി  തേച്ചാല്‍ മുടികൊഴിച്ചില്‍ കുറയും.

12) കറുക:-

 • കറുകനീര് കൊണ്ട് നസ്യം ചെയ്താല്‍ മൂക്കില്‍ നിന്നുള്ള രക്തസ്രാവത്തെ തടയും.
 • അരച്ച് പാലില്‍ അല്ലെങ്കില്‍ വെള്ളത്തില്‍ കഴിച്ചാല്‍ ചുട്ടുനീറ്റലും ദാഹവും ശമിയ്ക്കും.

ഇത് പൂര്‍ണ്ണമല്ല. പൂര്‍ണ്ണമാക്കുക പ്രയാസവുമാണ്. കാരണം നിരവധി നിരവധി തലമുറകള്‍ നേടിയ അറിവുകള്‍ മുഴുവന്‍ അവതരിപ്പിയ്ക്കുക പ്രായോഗികമല്ല. നമ്മുടെ നാടിന്റെ സമ്പത്തും വിജ്ഞാനവും അന്യരാജ്യങ്ങളില്‍ നിന്ന് പേറ്റന്റുമായി എത്തി ആരോഗ്യം മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങാന്‍ പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഒരു തുറന്ന വിപണിയുടേയും മത്സരത്തിന്റേയും ലോകക്രമത്തിലേയ്ക്ക് നമ്മെ തള്ളിവിടുന്ന കാലം മുന്നിലെത്തി നില്‍ക്കുമ്പോള്‍ ഈ നാട്ടറിവുകള്‍ നമ്മുടെ ആരോഗ്യരംഗത്ത് ഏറെ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. ചുറ്റുപാടുമുള്ള ചെടികളേയും മറ്റ് വസ്തുക്കളേയും നമ്മുടെ ആരോഗ്യസംരക്ഷണത്തിന് ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ നാം ശീലിക്കേണ്ടിയിരിയ്ക്കുന്നു. ഒരു കഷായക്കലമെങ്കിലും വീട്ടില്‍ കരുതിവെയ്ക്കുന്നതിലൂടെ ആരോഗ്യത്തിന് ഒരു കരുതല്‍ വെയ്ക്കുന്ന പഴയ മുത്തശ്ശിമാരുടെ അറിവും മനസ്സും നമുക്ക് മാതൃകയാക്കാം.

—–

ഡോ. കെ.ജി. വിശ്വനാഥന്‍ എം.ഡി. (ആയൂ),
പ്രിന്‍സിപ്പാള്‍ (റിട്ട.),
ആയുര്‍വേദ കോളേജ്, ഒല്ലൂര്‍.
പ്രൊഫസര്‍,
വിഷ്ണു ആയുര്‍വേദ കോളേജ്, ഷൊര്‍ണൂര്‍.
Email – viswanathankgdr@gmail.com
PH – 9495 926 137

7 Comments

Leave a Reply

Your email address will not be published.


*