ആഹാരം – ശരീരത്തിന്റെ പില്ലർ

ആരോഗ്യ പരിരക്ഷയുടെ പ്രധാന ഘടകങ്ങളാണു ആഹാരം, ഉറക്കം, ബ്രഹ്മചര്യ എന്നിവ.
ഇവകളെ ത്രയ ഉപസ്തംഭങ്ങൾ അഥവ മൂന്ന് തൂണുകൾ എന്നറിയപ്പെടുന്നു.
ശരീര വികാസത്തിനു മൂന്നും അനിവാര്യമാണ്.

ആഹാരത്തെ കുറിച്ചൽപ്പം വായിക്കാം.
ശരീരത്തിൽ ആരോഗ്യം നിലനിർത്തുന്നതിനു പോഷക മൂല്യങ്ങൾ അടങ്ങിയ ആഹാര സേവനം അനിവാര്യമാണെന്ന സത്യം എല്ലാരും ബോധവാന്മാരാണ്. ശരീരത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ഉൽപാദിപ്പിക്കാനും, ശരീര വളർച്ചയ്ക്കും വേണ്ടിയാണു നാം കഴിക്കുന്ന ആഹാരവസ്തുക്കൾ പ്രയോജനപ്പെടുന്നത്‌. ശരീരം രൂപപ്പെടുന്നതും വികാസം പ്രാപിക്കുന്നതും ആഹാരത്തിലൂടെയാണെന്ന് അർത്ഥം.

അതിനാൽ തന്നെ, ശരീരത്തിന്റെ ഗുണങ്ങളും ദോഷങ്ങളും ആഹാരത്തെ ആശ്രയിച്ചിരിക്കും.
പഞ്ചഭൂത തന്മാത്രകളാൽ നിർമ്മിതമായ ശരീരത്തിനു, അതേ പഞ്ചമഹാഭൂതങ്ങൾ അടങ്ങിയ ആഹാരം തന്നെ അനിവാര്യമാണ്. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചമഹാഭൂത സമൃദ്ധിയുള്ളതാകണം നമ്മുടെ ആഹാരങ്ങൾ.

നാം ജീവിക്കുന്ന ചുറ്റുപാടിൽ തന്നെ അവരവരുടെ ആവശ്യങ്ങൾക്ക്‌ വേണ്ടതെല്ലാം പ്രകൃതി തന്നെ ഒരുക്കി വെച്ചിട്ടുണ്ട്‌. അത്‌ ഉപയോഗപ്പെടുത്തേണ്ട സാമാന്യ ബുദ്ധി മനുഷ്യനു അനുഗ്രഹമായി ലഭിച്ചിട്ടുമുണ്ട്‌.

പഴയ കാലത്തിൽ നിന്നും ഇന്ന് കാര്യങ്ങൾ തെന്നിമാറി. പ്രദേശത്ത്‌ ഉണ്ടാകുന്ന വസ്തുക്കൾ ഉപയോഗിക്കുക എന്ന രീതിയിൽ മാറ്റം വന്നു. ഗതാഗത വാണിജ്യ മേഖലയിൽ ഉണ്ടായ സൗകര്യങ്ങൾ ദേശവും കാലവും നോക്കാതെ ഏത്‌ സാധനവും ഏത്‌ സമയത്തും എവിടെ നിന്നും എപ്പോഴും സുലഭമായി ലഭിക്കുന്ന സ്ഥിതി വിശേഷവും, അവകൾ കേട്‌ കൂടാതെ എത്രകാലവും സൂക്ഷിക്കാം എന്ന സൗകര്യവും സംജാതമായി.

ഗുണത്തിലെ വ്യതിയാനവും, പ്രയോജനത്തിലെ പ്രതികൂലതയും ഒന്നും പ്രശ്നമാക്കാതെ ആഹാരസാധനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ രോഗങ്ങൾക്കുള്ള താവളമായി മനുഷ്യ ശരീരം മാറി. ആഹാര സേവനത്തിൽ പ്രതിപാദിച്ചിട്ടുള്ള മൂല്യാധിഷ്ടിതമായ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി, കിട്ടുന്നതൊക്കെ വാരി വലിച്ച്‌ കഴിക്കുന്നവരായി മാറി നമ്മൾ.
“വിശക്കുമ്പോൾ ഭക്ഷണം” എന്ന രീതി എടുത്ത്‌ കളഞ്ഞു. സ്വാഭാവിക ജീവിതരീതി പുലർത്തിക്കൊണ്ട്‌ പോകുന്ന ഒരാൾക്ക്‌ 2 നേരത്തെ വിശപ്പേ ഉണ്ടാവുകയുള്ളു എന്ന സ്ഥിതിഗതി ഇല്ലാതായി.

ജീവിതരീതിയിലെ സമൂല മാറ്റവും ജോലിയിലെ വ്യതിയാനങ്ങളും, മൂന്നും നാലും തവണയായുള്ള ഭക്ഷണ രീതിയിലേക്ക്‌ കാര്യങ്ങൾ കൊണ്ട്‌ പോയി. സമയനിഷ്‌ഠ  സാമാന്യമായി പറയുകയാണെങ്കിൽ രാവിലെ 8 മണിക്ക്‌ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക്‌ 12 മണിക്ക്‌ ഉച്ച ഭക്ഷണം, സൂര്യൻ അസ്തമിച്ച്‌ 8 മണിയോടെ രാത്രി ഭക്ഷണം എന്നതാണ്. ഇതൊക്കെ വെറും പറച്ചിലുകളായി കണ്ട്‌ തുടങ്ങിയതോടെ കാണാത്ത രോഗങ്ങളൊക്കെ പത്തി ഉയർത്തി തുടങ്ങി. മുമ്പ്‌ കഴിച്ച ഭക്ഷണം ദഹിക്കാത്ത മാത്രയിൽ തന്നെ വീണ്ടും കഴിക്കുമ്പോൾ, ദഹന പ്രക്രിയയെ കീഴ്മേൽ മറിക്കുന്നു. ഇത്‌ “ജീർണ്ണാശനം” ഉണ്ടാക്കുന്നു. അത്‌ രോഗ നിർമ്മിതിക്കും കാരണമാകുന്നു.

നമ്മൾ കഴിക്കുന്ന വിവിധങ്ങളായ ആഹാരങ്ങൾ ആമാശയത്തിൽ വെച്ച്‌ ദഹനം പൂർത്തിയാക്കി ചെറു കുടലിലേക്ക്‌ എത്തുമ്പോളാണ് വിശപ്പുണ്ടാകുന്നത്‌. വിശപ്പെന്നാൽ ദഹനേന്ദ്രിയം ആഹാരത്തെ സ്വാഗതം ചെയ്യുന്നു എന്നർത്ഥം. അങ്ങനെയുള്ള സമയത്ത്‌ മാത്രം കഴിക്കുക.
കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണത്തിലും മാത്രയിലും ജാഗ്രത പുലർത്തുക – എങ്കിൽ രോഗമുക്തരാകാം.

മറ്റൊരു ഘടകം, കഴിക്കുന്ന ആഹാരത്തിന്റെ അളവാണ്. വിശപ്പ്‌ മാറി എന്ന സിഗ്നൽ കിട്ടിയാൽ മതിയാക്കണം. പിന്നീട്‌ കഴിച്ചാൽ, അമിതഭോജനം രോഗഹേതു.
വയർ നിറയെ കഴിക്കുന്നത്‌ ആരോഗ്യകരമല്ല. ആവശ്യത്തിനു കഴിക്കുക എന്നാൽ ആവശ്യം വയർ പൊട്ടുന്ന അളവല്ല. ഭക്ഷണത്തിന്റെ അളവ്‌ എത്ര പ്രാവശ്യം ഭക്ഷിക്കുന്നു എന്നും, ഒരോ പ്രാവശ്യവും എത്ര ഭക്ഷിക്കുന്നു, എന്ത്‌ കഴിക്കുന്നു, കഴിക്കുന്ന ആൾ എത്ര ഊർജ്ജം ചെലവഴിക്കുന്നു എന്നും അനുസരിച്ചിരിക്കും.

അന്നജം, മാംസം, കൊഴുപ്പ്‌, ധാതുലവണങ്ങൾ, വിറ്റാമിൻസ്‌ എന്നിവ അടങ്ങിയതാവണം ആഹാരം. സമീകൃത ആഹാരത്തിനു ചെലവ്‌ കൂടിയ ആഹാരം എന്ന നിർവ്വചനം ഒന്നുമില്ല. അത്‌ ഒരു തെറ്റിദ്ധാരണ മാത്രം. ഭക്ഷണത്തിന്റെ വിലയിൽ അല്ല, അതിലടങ്ങിയ ഘടകങ്ങളിലാണു നാം ശ്രദ്ധ പതിപ്പിക്കേണ്ടത്‌. പാചകരീതിയിലെ വ്യത്യാസങ്ങൾ ഗുണവർദ്ധനവിനും ഗുണഹരത്തിനും ഹേതുവാകാറുണ്ട്‌. പച്ചക്കറികൾ അരിയുന്നതിനു മുമ്പ്‌ കഴുകി വൃത്തിയാക്കുക എന്നത്‌ അതിനൊരു ഉദാഹരണമാണ്.

അത്‌ പോലെ മറ്റൊരു പ്രധാന ഘടകമാണു ഭക്ഷണ രീതി.
വൃത്തിയുള്ള അന്തരീക്ഷത്തിൽ പാചകം ചെയതവയാകണം നമ്മുടെ ഭക്ഷണങ്ങൾ, അവ സേവിക്കേണ്ടതും വൃത്തിയുള്ള ചുറ്റുപാടിൽ തന്നെയാകണം.
നമ്മുടെ മനസ്സിനു സന്തോഷം നൽകിയവർ ഉണ്ടാക്കിയ ആഹാരങ്ങൾ കഴിക്കാൻ ശ്രമിക്കുക.
ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്ത്‌ തീർത്ത്‌, ശാന്തമായ മനസോടെ കഴിക്കാൻ ഇരിക്കുക.
മാനസിക പിരിമുറുക്കങ്ങൾ ഭക്ഷണത്തിന്റെ സ്വാദും, അതിനോടുള്ള താൽപര്യവും ഇല്ലാതാക്കുന്നു. ഇത്‌ ദഹനത്തെ പ്രതികൂലമാക്കും.

* ആഹാരം സേവിക്കുമ്പോൾ മറ്റ്‌ ചിന്തകൾ വെടിയുക.
* സംസാരിക്കാതെ ഇരുന്ന് കഴിക്കുക.
* നല്ല രീതിയിൽ ചവച്ചരച്ച്‌ കഴിക്കുക, അത്‌ സ്വാദ്‌ വർദ്ധിപ്പിക്കും.
* വേഗത വർദ്ധിപ്പിച്ചും, വേഗത കുറച്ചും കഴിക്കരുത്‌.

ഈ രീതിയിൽ ഭോജനക്രമം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ തടയിടാൻ കഴിയും.

“ജീവിക്കാൻ വേണ്ടി കഴിക്കുക, കഴിക്കാൻ വേണ്ടി ജീവിക്കരുത്‌”

——

ഡോ. മുബഷിർ കെ. BAMS 
മെഡിക്കൽ ഓഫീസർ,
മജ്‌ലിസ് ആയുർവേദിക് ഹെൽത്ത് പാർക്ക്,
തൃശൂർ.
PH – 9048064401

1,765 Comments