ഇതു പരിശ്രമങ്ങൾ നടന്നു തീർത്ത വഴികളെ തേടിയെത്തുന്ന അംഗീകാരം….

മാർച്ച് 8 – ലോക വനിത ദിനം…

സ്ത്രീ സമത്വം ഏറെ ചർച്ച ചെയ്യപ്പെടുന്ന സാമൂഹിക അന്തരീക്ഷത്തിൽ ആയുർവേദ രംഗത്തെ സ്ത്രീ മുന്നേറ്റത്തിന്റെ ശക്തവും പ്രചോദനാത്മകവുമായ മാതൃകയെ അവതരിപ്പിക്കുകയാണ് ആയുഷ് ആരോഗ്യ.

കേരളത്തിന്റെ നീരൊഴുക്കിന്റെ ചരിത്രം പിറവിയെടുത്ത നിളയുടെയും, അനേകായിരങ്ങളുടെ വേദനകളിലേക്ക് ആയുർവേദത്തിന്റെ കാരുണ്യം കൊണ്ട് ആശ്വാസം പകർന്ന ശ്രേഷ്ഠ വൈദ്യന്മാരുടെയും, സാന്നിധ്യം കൊണ്ട് സമ്പന്നമായ ഷൊർണൂരിന്റെ മണ്ണിലാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) 40-മത്‌ സംസ്ഥാന സമ്മേളനം നടന്നത്. ഒന്നിപ്പുകൊണ്ടും സംഘടനാ ശക്തികൊണ്ടും ആയുർവേദ മേഖലയിലെ വലിയ സംഘടനയുടെ, പ്രതിഭാധനരെകൊണ്ട് പ്രൗഢ ഗംഭീരമായ ആ വേദിയിലേക്ക് ഡോ.അസ്മാബി നടന്നു കയറി. അതുവരെ ഓരോ നിമിഷങ്ങളെയും കുറിപ്പുകളായി മാത്രം രേഖപ്പെടുത്തിയ ചരിത്രം ആ മുഹൂർത്തത്തെ മിഴിവാർന്ന കാഴ്ചയായി ഒപ്പിയെടുത്ത് വിസ്‌മൃതികളുടെ നെടുങ്കൻ ഭിത്തികൾക്ക് മേൽ ജീവൻ തുടിക്കുന്ന ചിത്രമായി ചില്ലിട്ടു തൂക്കിയിരിക്കണം.

ചികിത്സയിലെ വൈദഗ്ധ്യത്തിനപ്പുറം ആയുർവേദ പ്രചാരണത്തിനായി കണ്ടെത്തിയ വേറിട്ട വഴികളും ഡോ.അസ്മാബിയുടെ മികവിന്റെ പ്രതിഫലനങ്ങളാണ്. AMAI-യുടെ വനിത ക്ലിനിക്കിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ അങ്ങോളമിങ്ങോളമായി അക്ഷീണം നടത്തിയ ക്ലാസ്സുകളും വന്ധ്യത ചികിത്സയുമായി ബന്ധപ്പെട്ട CMEകളൊക്കെയുമായി 300 ക്ലാസ്സുകൾ. നിലവിൽ മണ്ണാർക്കാട് ആയുർവേദ ഡിസ്പെന്സറിയിലെ തിരക്കിട്ട വൈദ്യ വൃത്തിയിൽനിന്നും, ഒരു ശരാശരി മലയാളി സ്ത്രീക്ക് മുൻപിൽ കുടുംബം ഒരുക്കുന്ന സങ്കീർണവും അനന്തവുമായ ജീവിത സമവാക്യങ്ങളെ നിർദ്ധാരണം ചെയ്‌തുമൊക്കെയായി മിച്ചം കണ്ടെത്തുന്ന സമയത്തിലാണ് 300ൽ അധികം ക്ലാസ്സുകൾ എന്നത്‌ ക്ലാസ്സുകളുടെ സംഖ്യകൾക്കപ്പുറം അതിനെ നിശ്ചയദാർഢ്യത്തിന്റെയും ആയുർവേദ ശാസ്ത്രത്തിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയുമൊക്കെ അനുഭവ പരിസരത്തെ നമ്മളിൽ ആഴത്തിൽ പതിപ്പിക്കുന്നുണ്ട്.

അറിവുകളുടെ പ്രായോഗികതയാണ് ഏതൊരു ശാസ്ത്രത്തിന്റെയും അടിസ്ഥാനം. അക്കാദമിക് അലമാരകൾക്കുള്ളിൽ ഒതുങ്ങിക്കൂടി ഇരിക്കേണ്ട അറിവിലും പുസ്തകങ്ങളിലുമല്ല, നിരന്തരം സമൂഹത്തിന്റെ കലഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ക്രിയാത്മകതയിലാണ് ശാസ്ത്രത്തിന്റെ വഴിയെന്ന് ഡോ.അസ്മാബി പ്രവർത്തനങ്ങളിലൂടെ തെളിയിക്കുന്നുണ്ട്. ആയുർവേദത്തിന്റെ സാധ്യതകളെ സമൂഹത്തിന്റെ പല തലങ്ങളിലേക്കും പ്രയോജപ്പെടുത്തുന്ന ആയുർ മിത്രം, ഋതു തുടങ്ങിയ പദ്ധതികൾ ഡോക്ടറുടെ പ്രായോഗികപരതയുടെ ഉദാഹരണങ്ങളാണ്. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവരിലേക്കും, കടത്തിണ്ണകളിൽ കിടന്നു ഞെരുങ്ങി അമർന്നു ജീവിക്കുന്നവരിലേക്കും, കടകളിലെ ഇരിപ്പിടങ്ങളിൽ ഇരിക്കാനുള്ള അവകാശം പോരാട്ടങ്ങളിലൂടെ നേടിയെടുത്തവരടക്കമുള്ള സ്ത്രീകളിലേക്കുമൊക്കെയായിരുന്നു ഡോ.അസ്മാബിയുടെ ആയുർവേദ പ്രചാരണം ചെന്നെത്തിയതും ആശ്വാസമേകിയതും. സ്‌കൂളുകളിലെ കുട്ടികളുടെ കൗമാര പ്രശ്നങ്ങൾ മനസിലാക്കി അവർക്കായി ആയുർവേദത്തിന്റെ കരുതൽ ഉറപ്പിക്കാനും ശ്രമിക്കുന്നുണ്ട് ഡോക്ടർ. സ്കൂൾ കുട്ടികളുടെ ആർത്തവ പ്രശ്നങ്ങളിലും ഹോർമ്മോൺ സംബന്ധമായ പ്രശ്നങ്ങളിലും വിളർച്ച അടക്കമുള്ള പൊതുവായ ആരോഗ്യ പ്രശ്നങ്ങളിലും നല്ല ഭക്ഷണത്തിന്റെയും ജീവിതശൈലിയുടേയുമൊക്കെ പ്രാധാന്യം അവർക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിലൂടെ ഒരേ സമയം മികച്ച വൈദ്യയുടെയും അധ്യാപികയുടെയും റോൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ട് ഡോ.അസ്മാബി.

വ്യാജ വൈദ്യവും അശാസ്ത്രീയ ചാപ്പകുത്തലുകളും
ആയുർവേദത്തെ വെല്ലുവിളിച്ച അന്തരീക്ഷത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ആയുർവേദത്തിന്റെ നേരിന്റെ ശബ്ദമായി മാറിയ Info drs Ayurveda എന്ന ഫേസ്ബുക് കൂട്ടായ്മയിൽ നിരന്തരമായ എഴുത്തുകളും നിലപാടുകളും കൊണ്ട് തിളങ്ങുന്ന സാന്നിധ്യം കൂടിയാണ് ഡോ.അസ്മാബി. അംഗീകാര നിറവിലും തന്റെ അനുകൂല സാമൂഹിക സാഹചര്യങ്ങളോടാണ് ഡോക്ടർ നന്ദി രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെയാണ് പ്രതികൂലമായ സാഹചര്യങ്ങൾകൊണ്ട് ജീവിതത്തിൽ പിന്നിലാകേണ്ടി വന്നവരുടെ ജീവിത വഴികൾ ഡോക്ടർക്കു അത്രമേൽ പരിചിതമാകുന്നതും അവർ ഡോക്ടറുടെ കർമപഥങ്ങളിൽ പരിഗണിക്കപ്പെടുന്നതും. ഭാരതീയ ചികിത്സാ വകുപ്പ്‌ അട്ടപ്പാടിയിൽ മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമായി ആവിഷ്കരിച്ച ക്ഷേമ ജനനി പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും, കോയമ്പത്തൂർ ആര്യ വൈദ്യ ഫർമസിയുടെ കർമ്മ പ്രകാശിനി അടക്കമുള്ള ദേശീയ സെമിനാർ വേദികളിൽ വന്ധ്യതയുമായി ബന്ധപ്പെട്ട ചികിത്സ -അക്കാഡമിക് പ്രബന്ധ അവതരണങ്ങളുമൊക്കയായി ആയുർവേദത്തിന്റെതായ ഒരു സാമൂഹിക – രാഷ്ട്രീയ ജീവിതത്തെ ഡോക്ടർ സ്വയം പരുവപ്പെടുത്തിയെടുത്തിട്ടുണ്ട്‌.

ആയുർവേദ രംഗത്തെ സംഭാവനകളുടെ പേരിൽ ഡോ.അസ്മാബിയും, ഡോ. വഹീദാ റഹ്മാനും, ഡോ.സുശീല സജിയുമടക്കമുള്ള നിരവധി വനിത ഡോക്ടർമാർ അംഗീകരിക്കപ്പെടുമ്പോൾ ആയുർവേദത്തിന്റെ ആദിമകാല ചരിത്രം മുതൽ ഇരുട്ടുകൊണ്ട് മുഖം മറക്കപ്പെടുകയും അധികാരംകൊണ്ട് നിശബ്ദമാക്കപ്പെടുകയും ചെയ്യപ്പെട്ട നിരവധി തിരസ്കൃത ജീവിതങ്ങൾ ഈ കാലത്തെയോർത്തു അഭിമാനിക്കുന്നുണ്ടാവണം. AMAIയുടെ ഇത്തരം പുരസ്‌കാരങ്ങൾ പരിശ്രമങ്ങൾ നടന്നു തീർത്ത വഴികളിലേക്ക് ചെന്നെത്തുമ്പോൾ, ധന്യമാകുന്നത് ഇത്തരത്തിലുള്ള പുരസ്കാരങ്ങൾ തന്നെയാണ്.

—–

ഡോ. സ്കന്ദേഷ് . എൽ,
കൗസ്തുഭം, നടവരമ്പ (പോസ്റ്റ്),
കൊളുത്തുംപടി (ഈസ്ററ്),
തൃശൂർ ജില്ല. പിൻ – 680661
E-mail: skandesh_1993@yahoo.co.in
Ph: +91 97890 38687

1,767 Comments

  1. മാതൃകാപരമായ ഈ കുറിപ്പ് ശ്ലാഘനീയം തന്നെ, ഹൃദ്യമായ തുടിപ്പുകൾ നിറഞ്ഞ വർണ്ണ പൊലിമയിൽ ആവിഷ്ക്കരിച്ചിരിക്കുന്ന ഡോ.സ്ക്കന്ദേഷ് പ്രതിഭാധനനാണ്… പറയാതിരിക്ക വയ്യ

  2. വളരെ നല്ല ലേഖനം കൂടുതൽ ഇത്തരം ലേഖന പരമ്പരകൾ പ്രതീക്ഷിക്കുന്നു..

  3. Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!