ഇതു ശരിയല്ല – ഡോ.കെ.ജ്യോതിലാൽ

ഏതു രാജ്യത്തും രണ്ടു തരത്തിലുള്ള മെഡിക്കൽ സിസ്റ്റങ്ങൾ നിലവിൽ ഉണ്ട്‌. ഒന്ന്, പാരമ്പര്യമായി തുടർന്നുവരുന്നത്‌. മറ്റൊന്ന്, ഏറെ വികസിച്ച അലോപ്പതി ചികിത്സ. ഇനി മൂന്നാമത്തേതെന്ന് പറയാവുന്നത്‌ മറ്റ്‌ രാജ്യങ്ങളിൽ ഫലപ്രദമായി കണ്ടുവന്ന ചികിത്സാരീതി വേറൊരു നാട്ടിലേക്ക്‌ പ്രയോഗത്തിൽ വരുന്നതാണ്‌. ഇതിൽ പാരമ്പര്യബദ്ധമായതെന്ന് പറയുമ്പോൾ ഇന്ത്യയിൽ അത്‌ ആയുർവേദം, സിദ്ധ എന്നീ ചികിത്സാരീതികളാണ്‌. മൂന്നാമതു പറഞ്ഞതിൽ ഇന്ത്യയിൽ നിലവിൽ വന്നത്‌ ഹോമിയോപ്പതിയും യുനാനിയും ആകുന്നു.

അലോപ്പതി ചികിത്സാരീതി ഇത്രകണ്ട്‌ വികസിതമായത്‌ കഴിഞ്ഞ ഒരു 50 വർഷത്തിനിടയിലാണെന്നതാണു യാഥാർത്ഥ്യം. ഇന്ത്യയിലാവട്ടെ സ്വാന്തന്ത്ര്യാനന്തരം ആദ്യ കാലഘട്ടങ്ങളിൽ ജനങ്ങൾക്ക്‌ അത്രമേൽ സ്വീകാര്യമായിരുന്നില്ല അലോപ്പതി ചികിത്സാരീതി. ജനങ്ങളുടെ ജീവിതവുമായി കെട്ടുപിണഞ്ഞുകിടന്ന പാരമ്പര്യ ചികിത്സകളെയും നിരുപദ്രവകരമെന്ന് പൊതുവെ അംഗീകാരം നേടിയ ഹോമിയോപ്പതിയെയും ജനങ്ങൾ വളരെ വിശ്വസിച്ചുവന്നു. മാത്രമല്ല, പുതിയതായി രൂപം കൊണ്ട അലോപ്പതി ചികിത്സയെ അവർ സംശയത്തോടെയാണു വീക്ഷിച്ചിരുന്നത്‌. നാടിന്റെ പൊതു ചികിത്സയാണ്‌ തദ്ദേശീയ ചികിത്സയെന്നും അതിനു ബദൽ എന്ന രീതിയിൽ രൂപം കൊണ്ട അലോപ്പതിയെ Alternative medicine എന്നുമാണു പറയേണ്ടത്‌. പക്ഷെ ഇതു രണ്ടും തിരിച്ചാണു പലരും പറയാറുള്ളത്‌.

ഒരു കാലത്ത്‌, അതായത്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയൊക്കെ ഇന്ത്യയിൽ വേരുറപ്പിക്കുന്നതിനുമുൻപ്‌, ഡച്ചുകാരും പിന്നെ പോർച്ചുഗീസുകാരും ഇന്ത്യയിൽ വ്യാപാരത്തിനു വന്ന്, പറിച്ചുമാറ്റാൻ കഴിയാത്ത വണ്ണം ഇവിടെ വേരുറപ്പിച്ചിരുന്നു. ഡച്ച്‌ സൈന്യത്തിലെ അംഗങ്ങൾക്ക്‌ ഗുരുതരമായ രോഗം പടർന്നുപിടിച്ചപ്പോൾ കപ്പൽ വഴി അതിനുള്ള മരുന്നുകൾ കേരളത്തിൽ എത്തിയിരുന്നതായി “ഹോർത്തൂസ്‌ മലബാറിക്കസ്‌” എന്ന കേരളത്തിലെ സസ്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ബൃഹത്‌ഗ്രന്ഥത്തിന്റെ രൂപീകരണത്തിനു കാരണമായി പറയപ്പെടുന്ന സംഭവത്തിൽ ഉണ്ട്‌. കപ്പലിൽ വന്ന മരുന്നുകൾ ആയുർവേദ ഔഷധ സസ്യങ്ങളായിരുന്നു. അതും കേരളത്തിലെ കൊച്ചി, ആലപ്പുഴ പ്രദേശങ്ങളിൽ സുലഭമായിരുന്നവ. കപ്പലിൽ വന്നവ കൊണ്ട്‌ കഷായം, ഗുളികകൾ തുടങ്ങിയവ നിർമ്മിച്ചുനൽകി സേനാംഗങ്ങളെ സേവിപ്പിച്ചതു വഴിയാണ്‌ അവർക്ക്‌ രോഗവിമുക്തിയുണ്ടായത്‌.

അങ്ങനെ അന്നത്തെ ഡച്ച്‌ ഭരണാധികാരിയായി കൊച്ചിയിൽ വിരാജിച്ചിരുന്ന ജോൺ വാൻഡ്രീഡ്‌ കേരളത്തിലെ സസ്യൗഷധികളിൽ കമ്പം തോന്നി അതിനെക്കുറിച്ച്‌ പഠിക്കാൻ താൽപര്യം വന്ന് ചേർത്തലക്കാരനായ ഇട്ടി അച്യുതൻ എന്ന വൈദ്യരെ കൂട്ടുപിടിച്ച്‌ കേരളത്തിലെ പ്രധാനപ്പെട്ട സസ്യൗഷധികളുടെ ചിത്രം വരപ്പിച്ച്‌ കല്ലച്ചിൽ കൊത്തിയുണ്ടാക്കി അച്ചടിപ്പിച്ച്‌ പ്രസിദ്ധീകരിച്ചതാണ്‌ 12 വാല്യങ്ങളുള്ള ഹോർത്തൂസ്‌ മലബാറിക്കസ്‌.

പറഞ്ഞുവരുന്നത്‌, ചികിത്സക്ക്‌ അലോപ്പതി ഇത്രയും വേരുപിടിക്കുന്നതിനു മുൻപ്‌ ഭരണാധിപന്മാർ പോലും ആശ്രയിച്ചിരുന്നത്‌ ആയുർവേദം പോലെയുള്ള ചികിത്സാ രീതികളെയായിരുന്നു എന്ന് ഓർമ്മിപ്പിക്കുന്നതിനാണ്‌. എന്നാൽ ഈ അടുത്ത കാലത്ത്‌ അലോപ്പതി ചികിത്സകർക്കിടയിൽ പഴയ ചികിത്സാരീതികളൊക്കെ മോശമെന്ന് പറയാനും പ്രചരിപ്പിക്കുവാനുമുള്ള പ്രവണത വർദ്ധിച്ചുവരുന്നതായി കാണുന്നു. ഹോമിയോപ്പതി നിരോധിക്കണമെന്നുവരെ അവർ ആഹ്വാനം ചെയ്തിരിക്കുന്നു!

എന്നാൽ ജനങ്ങൾക്ക്‌ അവരുടെ ഇടയിൽ സാർവ്വത്രികമായി കാണുന്ന ഈ ചികിത്സരീതികളൊക്കെ സ്വീകാര്യമായിത്തന്നെ തുടരുന്നു. അതിനെതിരായ പ്രചാരണം ഏതു ഭാഗത്തുനിന്നുണ്ടായാലും ആരും ചെവിക്കൊള്ളുന്നില്ല എന്നതും പഴയതുപോലെത്തന്നെ അവയെ ചികിത്സാർത്ഥം ജനങ്ങൾ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്‌ എന്നതും അലോപ്പതി വിദഗ്ദ്ധർ മനസിലാക്കണം. ജനങ്ങൾ ഉപേക്ഷിച്ചാൽ ഏതു ചികിത്സാപദ്ധതിയും തനിയെ നിലച്ചുകൊള്ളും. അങ്ങനെയല്ലാതെ വർത്തമാന പരിതസ്ഥിതിയിൽ അലോപ്പതി സംഘടനാനേതാക്കൾ നടത്തുന്ന ഇത്തരം പ്രഹസനങ്ങൾ ഒരു കച്ചവടക്കാരന്റെ ലാഭേച്ഛയുടേയോ താൻപോരിമയുടേയോ ഈഗോ ആയി മാത്രമേ വിവരമുള്ള ജനങ്ങൾ കാണുകയുള്ളൂ. മാത്രമല്ല, ഡോക്ടർമാർക്ക്‌ പൊതുജനങ്ങളുടെ ഇടയിൽ കുതന്ത്രികൾ എന്ന പേരു വീണെന്നും വരാം.

—-


 

ഡോ.കെ.ജ്യോതിലാൽ,റിട്ടയേഡ്‌ പ്രൊഫസർ,
ഗവ. ആയുർവേദ കോളേജ്‌,
തിരുവനന്തപുരം.

6 Comments

Leave a Reply

Your email address will not be published.


*