ഒരു ആയുർവേദ ഗവേഷകന്റെ സത്യാന്വേഷണ പരീക്ഷണ ഗാഥകൾ…

ആയുർവേദം തെറ്റാണെന്നു തെളിയിക്കുക – ഇതായിരുന്നു ആയുർവേദ പഠനം ആരംഭിച്ച യുവാവിന്റെ മനസ്സിലെ ഏകമാത്രമായ ലക്ഷ്യം. അതുവരെയുള്ള ജീവിതത്തിൽ നടന്നു തീർത്ത ആധുനിക ശാസ്ത്രത്തിന്റെ നിരീക്ഷണ പരീക്ഷണ വഴികൾ അയാൾക്കു അത്രമേൽ പരിചിതവും പ്രിയപെട്ടതുമായിരുന്നു.അതുകൊണ്ടുതന്നെ ആയുർവേദ ശാസ്ത്രത്തിന്റെ പഠന പാതകൾ അയാൾക്ക്‌ അനിശ്ചിതവും അവ്യക്തവും ആയിരുന്നു. പക്ഷെ ആയുർവേദ പഠനത്തിന്റെ ഒരു ഘട്ടത്തിൽ വച്ചു അയാളുടെ മുൻപിലെ ഇരുളിലേക്കു ശാസ്ത്രം വെളിച്ചം പരത്തി. ശാസ്‌ത്രഗ്രന്ഥങ്ങളും, അധ്യാപകരും, ജീവിതത്തിലേക്ക് തിരികെയെത്തിയ രോഗികളുമൊക്കെ വഴി വിളക്കുകളായി അയാളെ മുന്നോട്ട് നയിച്ചു. കൂടുതൽ മുന്നോട്ട് നടക്കുന്തോറും ആയുർവേദ ശാസ്ത്രത്തിന്റെ അന്വേഷണ വഴികൾ അയാൾക്ക്‌ മുൻപിൽ കൂടുതൽ തെളിഞ്ഞു നിന്നു. അന്വേഷണ വഴികളിലെ കാഴ്ചകളിൽ അഭിരമിക്കാതെ ശാസ്ത്രത്തെ ക്രിയാത്മകമായി വിമർശിച്ചും, നിശിതമായ നിരീക്ഷണ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയും ആയുർവേദ ഗവേഷണത്തെ അയാൾ അങ്ങനെ ശാസ്ത്ര സത്യം തേടിയുള്ള യാത്രയാക്കി മാറ്റി…..

ആയുർവേദം തെറ്റാണെന്ന് തെളിയിക്കാനായി പഠനം ആരംഭിച്ച് പിന്നീട് അന്താരാഷ്‌ട്രതലത്തിലടക്കം നിരവധി ശ്രദ്ധേയമായ ഗവേഷണങ്ങളിലൂടെ
ആയുർവേദ ഗവേഷണത്തിന്റെ വിശ്വപൗരത്വം നേടിയെടുത്ത ആയുർവേദ ഗവേഷകൻ ഡോ.രാം മനോഹറുമായി ഡോ.സ്കന്ദേഷ് നടത്തിയ അഭിമുഖം:

 • അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ
  കാൻസർ ഗവേഷണവും ചികിത്സയുമായി ബന്ധപ്പെട്ടു നടന്ന കാൻസർ കോൺക്ലേവ്,
  ആധുനിക ശാസ്ത്രത്തിന്റെയും ആയുർവേദത്തിന്റെയും സംയുക്തമായ പ്രാതിനിധ്യം  കൊണ്ടു ശ്രദ്ധേയമായ ചർച്ചാവേദിയായി മാറിയല്ലോ, എങ്ങനെയാണ് ഇതിലേക്ക് എത്തിപ്പെട്ടത് ?

കാൻസർ എന്ന രോഗം വളരെ സങ്കീർണമായ പ്രത്യാഘാതങ്ങളാണ് ലോകമാകമാനമുള്ള രോഗികളിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പൂർണ്ണമായും ഫലപ്രദമായ ചികിത്സയുടെ അഭാവം, രോഗ നിർണയവുമായി ബന്ധപ്പെട്ട വ്യക്തതയില്ലായ്മ, കീമോതെറാപ്പിയടക്കമുള്ള ചികിത്സകളുടെ പാർശ്വഫലങ്ങൾ തുടങ്ങിയവ ലോകമെമ്പാടുമുള്ള കാൻസർ ഗവേഷകരും ചികിത്സകരും നേരിടുന്ന വെല്ലുവിളികളാണ്. അതുകൊണ്ടുതന്നെ കാൻസർ ചികിത്സയിലും ഗവേഷണത്തിലും ബദൽ സാധ്യതകൾക്കായുള്ള അന്വേഷണം ലോകമെമ്പാടും നടക്കുന്നുണ്ട്. അത്തരം അന്വേഷണങ്ങൾ തന്നെയാണ് കാൻസർ കോൺക്ലേവിനും വഴിയൊരുക്കിയത്.

 • കാൻസർ കോൺക്ലേവിൽ പങ്കെടുത്ത ഒരു ആധുനിക ശാസ്ത്ര ഗവേഷകൻ അഭിപ്രായപ്പെട്ടത്, കോൺക്ലേവ് ആധുനിക ശാസ്ത്രവും ആയുർവേദ ശാസ്ത്രവും തമ്മിൽ ഒരു ക്രിയാത്മകമായ ഡയലോഗിനു സാധ്യതയൊരുക്കി എന്നതാണ്. രണ്ടു ശാസ്ത്രങ്ങൾ തമ്മിൽ രൂപപ്പെട്ടു വന്ന ഡയലോഗുകൾക്ക് തുടർച്ചയുണ്ടാകണമെങ്കിൽ അതിന്റെ ഘടന എങ്ങനെയുള്ളതായിരിക്കണം ?

രണ്ടു സിസ്റ്റങ്ങൾ വെറുതെ ആയുർവേദമായോ അലോപതിയായോ മുൻപോട്ട് വന്നാൽ അവിടെ കൂടുതൽ കോൺഫ്ലിക്ടുകളും വൈരുദ്ധ്യങ്ങളും ഉയർന്നു വരും. നമുക്ക് വേണ്ടി ആയുർവേദം, അവർക്ക് വേണ്ടി അലോപ്പതി എന്നതല്ല ഇതു രണ്ടും രോഗിക്ക് വേണ്ടിയാണ് എന്നതായിരിക്കണം സംവാദത്തിൻ്റെ ഭാഷ. ഫോക്കസ് എന്തിലാണ് ചെയ്യുന്നത് എന്നത് പ്രധാനമാണ്. ഇവിടെ ഇതിന്റെ ഗുണഭോക്താക്കൾ രോഗികളാണ്, അതു കൊണ്ട് രോഗീകേന്ദ്രീകൃതമായ സമീപനം എന്ന നിലക്കായിരിക്കണം ഡയലോഗുകൾ ഉയർന്നുവരേണ്ടത്. പക്ഷെ പലപ്പോഴും നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ ഡയലോഗുകളുടെ സാധ്യതകളെ ഇല്ലാതാക്കാറുണ്ട്. ബിയോപ്സി ചെയ്താൽ കാൻസർ വ്യാപിക്കുമെന്നു പറഞ്ഞു വേണ്ട സമയത്തു രോഗികളെ രോഗ നിർണ്ണയത്തിൽ നിന്ന്
മാറ്റി നിർത്തുന്നതടക്കമുള്ള ചില ആയുർവേദ ഡോക്ടർമാരുടെ തെറ്റായ പ്രവണതകൾ അലോപ്പതി ഡോക്ടർമാർക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു ശരിയായ ധാരണകളോടെ രോഗീകേന്ദ്രീകൃതമായി ശാസ്‌ത്രങ്ങൾ സംയോജിച്ചുകൊണ്ടു പ്രവർത്തിക്കുന്നതിലാണ് ഡയലോഗിന്റെയും അടിസ്ഥാനം.

 • “Integrated medicine” എന്ന ആശയത്തെ സമകാലികമായി എങ്ങനെ വിലയിരുത്താം ?

Integrated medicine എന്നതിനെ തത്വത്തിലധിഷ്ഠതമായി മുമ്പോട്ട് വച്ചതു പാശ്ചാത്യ രാജ്യങ്ങളാണ്. അവിടെ ആധുനിക വൈദ്യം പഠിച്ചവർക്ക് എടുത്തു ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് അതു രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനു എത്രയോ മുൻപ് ഇൻഡ്യയിൽ പ്രായോഗികമായി Integrated medicineന്റെ സാധ്യതയുണ്ടായിരുന്നു. പക്ഷെ ദൗർഭാഗ്യവശാൽ നമ്മുടെ രാജ്യത്തിന്റെ ആരോഗ്യനയങ്ങളിലെ തെളിച്ചക്കുറവ് അത്തരം സാധ്യതകളെ വളർത്തിയെടുത്തില്ല.

ഇൻഡ്യയിൽ വിവിധ വൈദ്യ വിഭാഗങ്ങൾക്ക് പ്രവർത്തിക്കാൻ പ്രത്യേകം സാഹചര്യങ്ങളൊരുക്കിയിട്ടുണ്ട്. പക്ഷെ അപ്പോഴും തമ്മിൽ സംയോജിചുള്ള പ്രവർത്തനമല്ല, കൂടുതൽ കോണ്ഫളിക്കറ്റും വൈരുധ്യങ്ങളുമാണ് വൈദ്യ വിഭാഗങ്ങൾ നേർക്കുനേർ വരുമ്പോൾ പ്രകടമാകുന്നത്. ഒരു തരം ഭിന്നിപ്പിച്ചുകൊണ്ടുള്ള വളർച്ചയിലേക്കാണ് വൈദ്യവിഭാഗങ്ങളെ നമ്മുടെ ആരോഗ്യ നയങ്ങൾ കൊണ്ടുചെന്നെത്തിക്കുന്നത്. പൊതുജനാരോഗ്യത്തിലടക്കം ഇന്ത്യയിൽ ശക്തമായി ഉയർന്നുവരുന്ന രോഗികളുടെ ആവശ്യങ്ങളെ നിറവേറ്റുന്ന തരത്തിലേക്ക് integrated medicineനെ നമ്മുടെ ആരോഗ്യ നയങ്ങൾക്ക് ഉൾക്കൊള്ളിക്കാൻ കഴിയണം. ആധുനിക വൈദ്യവിദ്യാർത്ഥികളുടെ പഠന പദ്ധതികളിൽ ഇതര വൈദ്യ വിഭാഗങ്ങളെ സംബന്ധിച്ച ആധികാരികമായ അറിവുകൾ ഉൾപ്പെടുത്തണം. അതു അവരുടെ പുതിയ തലമുറയ്ക്ക് ഇതര വൈദ്യ വിഭാഗങ്ങളെ സംബന്ധിച്ച ശരിയായ ധാരണ നൽകും. ഭാവിയിൽ എന്തായാലും യാഥാർഥ്യമാകുന്ന ഒരാശയം എന്ന തരത്തിൽ നിന്നുകൊണ്ടാണ് integrated medicine നെ സമീപിക്കേണ്ടത്.

 • സ്വാഭാവികമായും integrated medicine വരുമ്പോൾ ആഗോളകരമായി സംഘടിതമായ ആധുനിക വൈദ്യം ഒരു ഘട്ടത്തിൽ ആയുർവേദത്തിനെ അപ്പാടെ വിഴുങ്ങാവുന്ന സാഹചര്യങ്ങളുടെ സാധ്യത വെല്ലുവിളിയാകില്ലേ ?

അതെ… അതു വളരെ ഗൗരവമായി ആയുർവേദ സമൂഹം വിലയിരുത്തുകയും ഇടപെടുകയും ചെയ്യേണ്ട വിഷയമാണ്. യു. എസിലും യൂറോപ്പിലും വരാൻപോകുന്ന ഇന്റഗ്രേഷൻ ആധുനികവൈദ്യ കേന്ദ്രികൃതമായിരിക്കും. ഇൻഡ്യയിൽ നിന്നു മാത്രമേ ആയുർവേദ കേന്ദ്രികൃതമായ ഇന്റഗ്രേഷനു സാധ്യതയുള്ളൂ. പ്രശനം അതിനു ഇവിടത്തെ ആയുർവേദ സമൂഹത്തിന് ആവശ്യമായ പാകതയുണ്ടോ എന്നതാണ്. ആയുർവേദവും അലോപതിയും തമ്മിലുള്ളതിനേക്കാൾ ആയുർവേദ സമൂഹത്തിനകത്തെ ഡയലോഗുകളിലെ വ്യക്തതക്കാണ്‌ ഇവിടെ പ്രസക്തി. അത്തരം മുന്നൊരുക്കങ്ങൾ ഇല്ലെങ്കിൽ ആഗോള തലത്തിൽ ശക്തമായ ആധുനികവൈദ്യം ആയുർവേദത്തെ കീഴടക്കാനുള്ള സാധ്യതയിലേക്കു തന്നെ സാഹചര്യങ്ങൾ വഴിയൊരുക്കും.

 • ആയുർവേദ സമൂഹത്തിനകത്തെ ഡയലോഗുകൾ ?

ആധുനിക വൈദ്യത്തിന്റെ ആഗോള സ്വീകാര്യതയുടെ ഒരു അടിസ്ഥാനം, അതിന്റെ സംഘടനാരീതിയാണ്. ലോകത്തിലെവിടെയെങ്കിലും ഒരു പുതിയ സിദ്ധാന്തമോ കണ്ടെത്തലുകളോ ഉണ്ടായാൽ അതിനെ വിലയിരുത്താനും അറിവിലേക്ക് കൂട്ടിച്ചേർക്കാനുമായി ആഗോളകരമായി അവർക്ക് വലിയ സംവിധാനങ്ങളുണ്ട്. ഒരു പരിധിവരെ കഴിഞ്ഞ 150 വർഷങ്ങളിലെ അവരുടെ വികാസത്തിലെ വലിയ പങ്കു ഈ ആഗോള സംഘടനാമികവിന്റേതാണ്. ആയുർവേദത്തിൽ തീർത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്നത് അറിവിന്റെ അടിസ്‌ഥാനത്തിലെ സംഘടനാപരമായ ഒന്നിപ്പാണ്‌. ശാസ്ത്ര സിദ്ധാന്തങ്ങൾ മുതൽ അതിന്റെ പ്രയോഗികത വരെ വിലയിരുത്തുകയും അറിവിന്റെ വികാസം ഉറപ്പു വരുത്തുകയും ചെയ്യുന്ന യൂണിഫോം പ്ലാറ്റ്ഫോമുകൾ നിലവിൽ വരേണ്ടതുണ്ട്.

 • ഒരർത്ഥത്തിൽ കാഴ്ചപ്പാടുകളിലെ വൈവിധ്യം തന്നെയല്ലെ ആയുർവേദത്തിന്റെ കരുത്ത്?യൂണിഫോമിറ്റി അതുകൊണ്ടുതന്നെ ആന്തരികമായി ആയുർവേദത്തിന്റെ ഘടനയെ തകർക്കുകയില്ലേ ?

ഒരർഥത്തിൽ അതു ശരിയാണ്. യൂറോപ്യൻ രാജ്യങ്ങളിലെ ചില പരിപാടികൾക്കിടയിൽ അവിടത്തെ ഒരു ഗവേഷകനോട് ഞാൻ ആയുർവേദത്തിൽ യൂണിഫോം സ്റ്റാൻഡേർഡൈസേഷന്റെ പരിമിതിയുണ്ടെന്നു അഭിപ്രായപ്പെട്ടപ്പോൾ അവർ പറഞ്ഞത് അവരുടെ നാട്ടിൽ റിജിഡ് ആയ സ്റ്റാൻഡേർഡൈസേഷനാണ് മെഡിക്കൽ രംഗത്ത് പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നാണ്‌. ഒരു രോഗം നിലവിലെ രീതിയനുസരിച്ചു അവിടെ ചികിൽസിച്ചു ഭേദമാക്കാൻ കഴിയില്ലെന്ന് വിലയിരുത്തപെട്ടാൽ മറ്റൊരു ബദൽ അന്വേഷണങ്ങൾക്കും സ്വാതന്ത്ര്യമില്ല. എന്നാൽ ഇതിനെയും ആയുർവേദ സമൂഹത്തിലെ സാഹചര്യങ്ങളെയും സമീകരിക്കാനാകില്ല. ആയുർവേദം പ്രായോഗിക അടിസ്ഥാനത്തിൽ രൂപപ്പെട്ട ശാസ്ത്രമാണ്. വേദാന്തമോ ഫിലോസഫിയോ പോലെയല്ല രോഗികൾക്ക് ഏറ്റവും പ്രയോജനമാകണമെന്ന രീതിയിലാണ് അതിന്റെ ഘടന രൂപപെട്ടിരിക്കുന്നത്. കാലാനുസൃതമായി വരുന്ന മാറ്റങ്ങൾക്കനുസരിച്ചു പ്രായോഗികത ഉറപ്പുവരുത്തുന്ന രീതിയിൽ ആയുർവേദത്തിനെ ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു, മൗലികവാദങ്ങൾക്കതുകൊണ്ടുതന്നെ ഇവിടെ പ്രസക്തിയില്ല. അറിവിന്റെ വികാസവും ശാസ്ത്രത്തിന്റെ പ്രയോഗികതയും പരിഗണിച്ചുകൊണ്ടു ആയുർവേദ സമൂഹത്തിനകത്ത് ശാസ്ത്രത്തിന്റെ ഘടനയെ സംബന്ധിച്ചു ആശയസമന്വയവും ഏകീകരണവും ഉയർന്നുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

 • ആയുർവേദ സംഹിതകളിൽ ആധുനിക ഗവേഷണത്തിന്റെ രീതികളോട് താരതമ്യപ്പെടുത്താവുന്ന നിരീക്ഷണങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നു ഡോക്ടർ അഭിപ്രായപ്പെട്ടത് ശ്രദ്ധിച്ചിട്ടുണ്ട്, ഇന്നത്തെ ഗവേഷണ സങ്കേതങ്ങൾക്കിടയിൽ അതിനെ എങ്ങനെ വിലയിരുത്താം ?

പ്രയോഗം രോഗിയിൽ വിജയിച്ചാലും അതിനെ യുക്തിയുക്തം തർക്കിച്ചു സൈദ്ധാന്തികപരമായി ഉറപ്പു വരുത്തണമെന്നാണ് ചരകൻ സംഹിതയിൽ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടു തന്നെ രോഗിയെ വെറുതെ ചികിൽസിച്ചു മാറ്റി എന്നതിനപ്പുറം ശാസ്ത്രം ചികിത്സയിൽ എങ്ങനെ പ്രവർത്തിച്ചു എന്നു ശരിയായി വ്യാഖ്യാനിക്കാൻ കഴിയുന്ന ആൾക്കേ നല്ലൊരു വൈദ്യനാകാൻ കഴിയു. ആയുർവേദത്തെ സംബന്ധിച്ചു വൈദ്യനും ഗവേഷകനുമൊക്കെ ഒന്നാണെന്ന് ഞാൻ പലരോടും അഭിപ്രായപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്. “യദൃച്ഛാ” എന്ന പരാമർശം സംഹിതയിൽ കാണാം, ഇതു വളരെ യാദൃശ്ചികമായി ഫലമുണ്ടായി എന്ന തരത്തിൽ ചരകൻ വിലയിരുത്തുന്ന ഒന്നാണ്. അതുകൊണ്ടു പലതരത്തിലുള്ള സ്വാധീനങ്ങൾ ചികിത്സാഫലത്തിൽ പ്രകടമാകുന്നു എന്ന രീതിയിൽ പരാമർശിക്കപ്പെടുന്നതുകൊണ്ടു “യദൃച്ഛാ” എന്നതിനെ ചാൻസ് എഫക്ട് എന്ന രീതിയിൽ വിലയിരുത്താം. റിയൽ എഫക്ട് (ചികിത്സയുടെ ആത്യന്തിക ഫലപ്രാപ്തി) എന്ന ആധുനിക ഗവേഷണ സങ്കേതത്തോട് ഏറെ അടുത്തു നിൽക്കുന്ന
“പ്രാതിനിയമികീ സിദ്ധി” എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത് ചക്രപാണിയാണ്. ആയുർവേദത്തിൽ ഇത്തരം വ്യവഹാരങ്ങൾ ഉപയോഗിക്കുന്നത് ഗവേഷണ ബോധം നന്നായി ഉൾക്കൊണ്ടുകൊണ്ട് കൂടിയാണെന്ന് കാണാം. നമ്മൾ ശാസ്ത്രം കൂടുതൽ ധൈഷണികമായി വിലയിരുത്തുകയും സംഹിതകളെ അത്തരത്തിൽ ആഴത്തിൽ മനസിലാക്കുകയും വേണം. പക്ഷെ നിർഭാഗ്യവശാൽ അതു വ്യാപകമായി നടക്കുന്നില്ല.

 • ആയുർവേദ ചികിത്സകർ, ഗവേഷകർ കൂടിയാകുമ്പോൾ പല ആശയക്കുഴപ്പങ്ങളും വരുമല്ലോ. ഉദാഹരണത്തിന് ഒരു പ്രമേഹരോഗി ഒരു ഡോക്ടറെ സമീപിക്കുമ്പോൾ രോഗിയുടെ രക്തത്തിലെ ഷുഗറിന്റെ അളവിനെ ക്രമീകരിച്ചുള്ള ചികിത്സയാണോ അതോ പ്രമേഹം എന്ന അവസ്ഥയെ മുൻനിർത്തിയുള്ള ചികിത്സയാണോ വേണ്ടത്?

തദ്വിദ്യ സംഭാഷണം എന്നു പറയപ്പെടുന്ന ആശയ സംവാദ വേദികളുടെ പ്രസക്തി ഇവിടെയാണ്. ആരോഗ്യകരമായ ആശയ സംവാദങ്ങൾ രൂപപ്പെടണം. അതിൽ ആശയപരമായി ബലമുള്ളത് സ്വീകരിക്കാൻ തയ്യാറാകണം. വിമർശനങ്ങളോട് ആശയപരമായിട്ടല്ല
വൈകാരികമായാണ് നമ്മൾ പലപ്പോഴും പ്രതികരിക്കുന്നത്. വൈകാരിക പോരാളികളായാണ് നമ്മൾ ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നത്, അതു മാറണം. വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിച്ചു ശാസ്ത്രം മുൻനിർത്തി വിമർശനങ്ങൾക്കു വ്യക്തമായ മറുപടി കൊടുക്കാനാകണം. ശാസ്ത്രം, സമൂഹം, പ്രായോഗികത എന്നതിന്റെ ചട്ടക്കൂടിനകത്തു നിന്നു കൊണ്ടു ചർച്ചകളും നയങ്ങളും രൂപപ്പെടണം. അതിനൊപ്പം തന്നെ ആയുർവേദത്തിനെ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കുന്ന പ്ലാറ്റ് ഫോമുകളും ഉണ്ടാക്കിയെടുത്താൽ അതു വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

 • ആയുർവേദത്തെ വിമർശനാത്മകമായി നോക്കി കാണുന്ന കാഴ്ചപ്പാട് ശാസ്ത്ര പഠനത്തിലൂടെ ആർജിച്ചതാണോ ?

ഞാൻ കോയമ്പത്തൂർ ആയുർവേദ കോളേജിലാണ് പഠനം ആരംഭിച്ചത്. ഏറ്റവും തത്പരരായ കുട്ടികൾക്ക് ആയുർവേദം നന്നായി പഠിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കോളേജ് പ്രവർത്തിച്ചിരുന്നത്. അധ്യാപകരും സഹപാഠികളും സ്വാഭാവികമായ പ്രകൃതിയുമൊക്കെ ചേർന്നുള്ള ഇടപഴകളായിരുന്നു പഠനം. ഭയങ്കരമായ കാടും, വെള്ളച്ചാട്ടവും, വന്യ മൃഗങ്ങളുമൊക്കെ ചേർന്ന ക്യാംപസ് ആയിരുന്നു അത്. ശാസ്ത്ര സിദ്ധാന്തങ്ങൾ പലപ്പോഴും ക്ലാസ്റൂമുകൾക്കപ്പുറം കാട്ടിലും, ഭക്ഷണമേശയ്ക്കു ചുറ്റും വരെ സജീവമായി ചർച്ച ചെയ്യപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്തിരുന്ന സാഹചര്യം. ആയുർവേദം മുമ്പോട്ട് വക്കുന്ന ചിന്താസ്വാതന്ത്ര്യം മനസിലാക്കാനായത്‌ ആയുർവേദത്തിൽ അങ്ങനെ ജീവിച്ചു തുടങ്ങിയപ്പോളാണ്. അഗ്നിവേശനടക്കമുള്ളവർ വലിയ തോതിൽ വിമർശിച്ചാണ് ശാസ്ത്രത്തെ പ്രയോഗിച്ചുകൊണ്ടിരുന്നത്. ശാസ്‌ത്രത്തിൽ ജീവിക്കാനാകുമ്പോൾ നമുക്കിതൊക്കെ സ്വാഭാവികമായും ആർജിക്കാനാകും.

 • ആയുർവേദം തെറ്റാണെന്ന് തെളിയിക്കാനായി പഠനം ആരംഭിച്ചയാൾ പിന്നീട് അതേ ശാസ്ത്രത്തിന്റെ സത്യാന്വേഷിയായി, പ്രചാരകനായി ആഗോളതലത്തിൽ എത്തുന്നു. ആ മാറ്റം അത്രക്ക് നാടകീയമായിരുന്നോ ?

ഞാൻ ജനിച്ചു വളർന്ന വീടിന്റെ പരിസരം ഗവേഷകരും, അധ്യാപകരും, മെഡിക്കൽ കോളേജ് ഡോക്ടർമാരുമൊക്കെ ഉള്ളതായിരുന്നു. വീടിനു അടുത്തുള്ള മെഡിക്കൽ കോളേജ് സ്ഥിരം നടക്കുന്ന സ്ഥലമായിരുന്നു. നടപ്പു വഴിയിലും ചുറ്റുമുള്ളവരുടെ വർത്തമാനങ്ങളിലും നിറഞ്ഞ ശാസ്ത്രചിന്തകൾ എന്നെ വളരെ ആകർഷിച്ചു. പിന്നീട് സ്കൂളിൽ പഠിക്കുമ്പോഴും സയൻസ് ക്ലബ്ബ് പ്രവർത്തനമൊക്കെയായി സയൻസിനോടുള്ള താത്പര്യം വളരെ വലുതായിരുന്നു. അച്ഛന്റെ നിർബന്ധപ്രകാരമായിരുന്നു ആയുർവേദ പഠനം. പഠനത്തിന്റെ തുടക്കത്തിൽ ഈ ശാസ്ത്രം, വളരെ പ്രകൃതമാണെന്നു തോന്നി. സയൻസിന്റെ രീതിയിൽ അവയവങ്ങളും ശരീരവുമൊക്കെ അത്യാധുനികമായ കാഴ്ചപ്പാടിൽ മനസ്സിലാക്കുമ്പോഴത്തെ കൗതുകം ഇതിനില്ലാത്തത് പോലെ തോന്നി. പഠനം ഒരു ഘട്ടത്തിൽ നിർത്തുവാൻ ആലോചിച്ചപ്പോൾ എന്റെ അച്ഛൻ പറഞ്ഞു, ഭാവിയിൽ ആയുർവേദമെന്ന ശാസ്ത്രം ആഗോള മനുഷ്യ സമൂഹത്തിനു വളരെ പ്രസക്തമാകുന്ന കാലം വരും, ഇതു പഠിച്ചാൽ നിനക്കു ലോകമെങ്ങും ഇതുകൊണ്ടു കുറെ പേർക്ക് ആശ്വാസമേകാനാകും. അച്ഛന്റെ വാക്കുകളാണ് പഠനത്തെ മുന്നോട്ട് നയിച്ചത്. പക്ഷെ ഭാഗ്യം കോളേജിന്റെ അന്തരീക്ഷമായിരുന്നു. ആയുർവേദത്തിൽ നല്ല താത്പര്യമുള്ള സഹപാഠികൾ, ശാസ്ത്രപരമായി ധൈഷണികതയും പ്രയോഗികതയുമുള്ള അധ്യാപകർ – ഇവരൊക്കെ പഠനത്തെ ആഴത്തിൽ കൊണ്ടുപോകാൻ സഹായിച്ചു. സമഗ്രമായ ഒരു അന്വേഷണത്തിന്റെ ഘട്ടത്തിൽ നിന്നും എനിക്കങ്ങനെ ഈ ശാസ്ത്രത്തിൽ സത്യമുണ്ടെന്നും ഇതു വഴി കുറെ പേർക്ക് പ്രയോജനം ലഭിക്കുമെന്നുമുള്ള ബോധ്യത്തിൽ എത്തിച്ചേരാനായി.

 • ആയുർവേദത്തിന്റെ ഇതുവരെയുള്ള ഗവേഷണങ്ങളുടെ ചരിത്രത്തിലെ വിപ്ലവാത്മകമായ ഒന്നായിരുന്നല്ലോ U.S NIH മായി ചേർന്ന് ആര്യ വൈദ്യ ഫാർമസി, കോയമ്പത്തൂർ നടത്തിയ ഗവേഷണം ?

ആയുർവേദത്തിനെ നിശിതമായ പരീക്ഷണ നിരീക്ഷണ ചട്ടക്കൂടിൽ നിർത്തികൊണ്ടുള്ള പഠനമായിരുന്നു ആസൂത്രണം ചെയ്തത്. റുമറ്റോയ്‌ഡ്‌ ആർത്രൈറ്റിസിൽ ഡബിൾ ബ്ലൈൻഡഡ് ആയ ഗവേഷണമായിരുന്നു അത്. യു.സ് NIH ഉം അവിടുത്തെ പ്രമുഖനായ റുമാറ്റോളജിസ്റ്റും ഗവേഷണത്തിൽ ഇടപെട്ടതോടെ ഗവേഷണഫലങ്ങൾ ആഗോളകരമായി ചർച്ച ചെയ്യുമെന്നുറപ്പായി. ഒരു സിംഗിൾ ഡ്രഗ് എന്നതിലപ്പുറം ആയുർവേദ ചികിത്സയുടെ സമഗ്രതയെ വിലയിരുത്തപെടുന്നിടത്തേക്കു ഗവേഷണം വികസിപ്പിക്കാനായി. പ്രോട്ടോകോളുകൾ ഏറെ നാളത്തെ പരിശ്രമം കൊണ്ടുണ്ടാക്കി. ഓരോ ഘട്ടത്തിലെയും രോഗികളുടെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു ചികിത്സയിൽ വേണ്ട മാറ്റങ്ങൾ വരുത്തി ചികിത്സകരും അതീവ ശ്രദ്ധാലുക്കളായി. ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നായി മുന്നേറിയപ്പോൾ ഗവേഷണ ഫലവും ആയുർവേദത്തിനു അനുകൂലമായി. അവസാനത്തെ ഗവേഷണഫലമൊക്കെ പുറത്തു വരുമ്പോൾ വലിയ ആവേശമായിരുന്നു. വലിയ പരിശ്രമവും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യവുമൊക്കെ നിറവേറിയ നിമിഷമായിരുന്നു.

പഴുതടച്ച പരീക്ഷണവും ഏറ്റവും ആധികാരികമായ ഗവേഷണ സ്ഥാപനങ്ങളുടെ മേൽനോട്ടവും പഠനം ആഗോളതലത്തിൽ അംഗീകരിക്കുന്നതിനു വഴിയൊരുക്കി. ജേർണൽ ഓഫ് റുമറ്റോളജി പഠനം പ്രസിദ്ധീകരിച്ചു. യൂറോപ്പിലെ ഗവേഷക സമൂഹത്തിലും ഗവേഷണത്തിന് വലിയ സ്വീകാര്യതയുണ്ടായി. യൂറോപ്പിലെ സമാന്തര വൈദ്യത്തിന്റെ ഏറ്റവും വലിയ വിമർശകൻ Edvard Earnst ഈ പഠനം നിരീക്ഷിച്ചു ആയുർവേദം ശാസ്ത്രീയമായി തെളിയിക്കാൻ സാധ്യതയുള്ളതാണെന്നു അഭിപ്രായപ്പെട്ടു. യൂറോപ്പിലെ എന്റെ ഗവേഷക സുഹൃത്തുക്കൾ പറഞ്ഞത് അദ്ദേഹത്തിന്റെ ഈ ഒറ്റ വാക്ക് മാത്രം മതിയാകും ഗവേഷണം ഉണ്ടാക്കിയ സ്വാധീനം മനസ്സിലാക്കാൻ എന്നതാണ്. ഗവേഷണം വലിയ പാഠമായിരുന്നു. യൂറോപ്പിലെ ഇന്റഗ്രെറ്റീവ്  മെഡിസിൻ ഗവേഷണത്തിൽ മികവിനുള്ള പുരസ്കാരം ഞങ്ങളുടെ പഠനത്തിന് ലഭിച്ചു. ആയുർവേദത്തിന്റെ ശരിയായ അറിവിലൂടെ സത്യത്തിന്റെ അന്വേഷണത്തിനായി ഇറങ്ങിത്തിരിച്ചാൽ തെളിയിച്ചു കാണിക്കാനാകുമെന്ന പാഠം ഞാൻ പഠിച്ചു.

 • ആഗോളതലത്തിൽ ആയുർവേദ ഗവേഷണം എങ്ങനെയാണ് മുന്നേറുന്നത്?

പാശ്ചാത്യ രാജ്യങ്ങൾ പൊതുവെ എന്തിനെയും ഗവേഷണം ചെയ്യാൻ അതീവ തത്പരരാണ്. പ്രശ്നം നമുക്ക് അനുഭവവേദ്യമായ സത്യത്തെ അവരുടെ രീതികളിൽ പരീക്ഷിച്ചു തെളിയിക്കാനാണ്‌. വാഷിങ്ടൺ പോസ്റ്റിലെ ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ കോയമ്പത്തൂർ ആര്യവൈദ്യഫാർമസിയിൽ എത്തി. അമേരിക്കയിൽ ഉള്ളവർക്കായി ആയുർവേദവുമായി ബന്ധപ്പെട്ട ഫീച്ചർ സ്റ്റോറി ചെയ്യുകയായിരുന്നു അയാളുടെ ലക്ഷ്യം. പക്ഷെ അയാൾ വിചിത്രമായ ഒരു ആവശ്യമായിരുന്നു ഞങ്ങളുടെ മുൻപിൽ വച്ചത്. അയാൾക്ക്‌ ആയുർവേദം ശരിയാണെന്ന് അനുഭവപ്പെടണം, എന്നാൽ മാത്രമേ യഥാർത്ഥമായി വിഷയം അവതരിപ്പിക്കാനാകുള്ളൂവെന്ന് അയാൾ നിലപാടെടുത്തു. അതിനായി അയാൾ ഞങ്ങളോട് ആവശ്യപ്പെട്ടത് അയാളെ ദീർഘനാളായി അലട്ടുന്ന അസഹ്യമായ തോൾസന്ധിയുടെ വേദന മാറ്റി തരാനാകുമോ എന്നാണ്‌. ദീർഘനാളത്തെ പ്രശ്നമാണെന്നും, മരുന്നുകളോട് കാര്യമായി പ്രതികരിക്കാത്ത രോഗാവസ്ഥയാണെന്നും തിരിച്ചറിഞ്ഞിട്ടും, തോൾസന്ധി മാറ്റിവെക്കുന്ന സർജറി മാത്രമാണ് പരിഹാരം എന്നറിഞ്ഞിട്ടും ഞങ്ങൾ പരീക്ഷണത്തിനായി മുതിർന്നു. അപ്പോഴത്തെ ചികിത്സയിലൂടെ താത്കാലിക മാറ്റമേ ഉണ്ടാകൂ എന്നു അയാളെ പറഞ്ഞു ബോധ്യപ്പെടുത്തി. ആര്യവൈദ്യ ഫാർമസിയുടെ മുഖ്യ ചികിത്സകനായ ഡോ. രവീന്ദ്രൻ പരീക്ഷണം ഏറ്റെടുക്കാൻ ധൈര്യം പകരുകയും ചികിൽസക്കു നേതൃത്വം വഹിക്കുകയും ചെയ്തു. രോഗിയെയും അവസ്‌ഥയെയും വിദഗ്ദ്ധമായി മനസിലാക്കി നടത്തിയ ചികിത്സക്കൊടുവിൽ അദ്ദേഹത്തിന് വലിയ ആശ്വാസം ലഭിച്ചു. കാലങ്ങളായി വേദന മൂലം കൈപൊക്കാനാകാത്ത അയാൾക്ക്‌ പിന്നെ സ്വന്തമായി മൂടിചീകാനായി. അയാൾക്ക്‌ ആയുർവേദത്തിനോട് വലിയ മതിപ്പു തോന്നാൻ ഇതു കാരണമായി. ചികിത്സക്കു ശേഷം അമേരിക്കയിലെത്തി, അവിടെയുള്ളവർക്കായി ആയുർവേദത്തിന്റെ ഗുണഫലങ്ങളെ സംബന്ധിച്ച ഒരു ഡോക്യുമെന്ററിയും അദ്ദേഹം ചെയ്തു.

 • WHOയുടെ I.C.D (international classification of disease) യുടെ ആയുർവേദ പ്രവർത്തന ടീമിൽ ഡോക്ടർ അംഗമാണല്ലോ. എങ്ങനെയാണ് അതിന്റെ പ്രവർത്തനം ?

ആയുർവേദത്തിലെ സിദ്ധാന്തങ്ങളും രോഗങ്ങളും അടക്കമുള്ള സങ്കേതങ്ങളെ ഏകീകരിച്ചു ആഗോളതലത്തിലുള്ള അംഗീകൃത സ്റ്റാൻഡേർഡിനു കീഴിൽ ചിട്ടപ്പെടുത്തുക എന്നതാണ് പ്രധാനമായ പ്രവർത്തന ലക്ഷ്യം. പലപ്പോഴും ആയുർവേദത്തിൽ വാക്കുകൾക്കു അർത്ഥം വരുന്നത് അതു പ്രയോഗിക്കുന്ന സന്ദർഭവുമായി ബന്ധപെട്ടാണ്‌. അതുകൊണ്ടു തന്നെ വിഷയത്തിന്റെ സന്ദർഭം മനസിലാക്കി അതിനെ ഒരു സെറ്റ് ചെയ്ത സ്റ്റാൻഡേർഡിനു കീഴിൽ ആശയം ചോർന്നു പോകാതെ ചിട്ടപ്പെടുത്തുക എന്നത് വലിയ പരിശ്രമങ്ങൾ വേണ്ട പ്രവർത്തിയാണ്.

 • അമൃതയിൽ ചെയ്തുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളെ പറ്റി ?

പല തലങ്ങളിലാണ് പഠനങ്ങൾ നടക്കുന്നത്. ഒന്നാമത്തേത് അടിസ്ഥാനപരമായ ഗ്രൗണ്ട് വർക്കിൽ ഊന്നൽ നല്കിയിട്ടുള്ളതാണ്. ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതും പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് ഔഷധങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതുമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അടുത്ത തലം നമ്മുടെ മരുന്നുകളുടെ പ്രവർത്തനം സംബന്ധിച്ച് അടിസ്ഥാനപരമായ ആധുനിക ശാസ്ത്ര കാഴ്ച്ചപ്പാട് ഉണ്ടാക്കിയെടുക്കുന്നതാണ്. അതിനായി സിദ്ധാന്തങ്ങളെ മുൻനിർത്തിക്കൊണ്ടു പ്രവർത്തനക്ഷമായ ഒരു മോഡൽ ഉണ്ടാക്കിയെടുക്കേണ്ടതായുണ്ട്. വെറുതെ ആന്റി മൈക്രോബിയൽ എന്നു ലേബൽ ചെയ്യപ്പെട്ടു ഒരു പെട്രി ഡിഷിൽ മരുന്ന് ഇട്ടു മൈക്രോബ്‌സുമായുള്ള പ്രവർത്തന നിരീക്ഷണമായിരിക്കില്ല അതിന്റെ രീതി. മറിച്ചു ശരീരത്തിനകത്തുള്ള ഔഷധ പ്രവർത്തനത്തെ ക്രിയാത്മകമായി വിലയിരുത്താനാകുന്നതായിരിക്കും അതിന്റെ രീതി. ഒരു ആയുർവേദ കേന്ദ്രീകൃതമായ integrative medicine പ്ലാറ്റ് ഫോമ്  ഡെവലപ്‌ ചെയ്യുക എന്നതാണ് ആത്യന്തിക ലക്ഷ്യം. അതിനായി ആധുനിക കാഴ്ചപ്പാടിലും കൂടി വിലയിരുത്താനാകുന്ന പ്രോട്ടോകോളുകൾ വികസിപ്പിച്ചെടുക്കണം.

—–

അമൃത സെന്റർ ഫോർ അഡ്വാൻസ്‌ഡ് റിസർച്ച് ഇൻ ആയുർവേദ-യിലെ റിസർച്ച് ഡയറക്ടറാണ് ഡോ. രാം മനോഹർ.

അഭിമുഖം നടത്തിയത്:

ഡോ. സ്കന്ദേഷ് . എൽ,
കൗസ്തുഭം, നടവരമ്പ (പോസ്റ്റ്),
കൊളുത്തുംപടി (ഈസ്ററ്),
തൃശൂർ ജില്ല. പിൻ – 680661
E-mail: skandesh_1993@yahoo.co.in
Ph: +91 97890 38687

2,870 Comments

 1. Pretty nice post. I just stumbled upon your blog and wanted to mention that I’ve truly enjoyed browsing your blog posts. In any case I’ll be subscribing for your feed and I’m hoping you write again very soon!

 2. Very nice post. I simply stumbled upon your weblog and wanted to mention that I’ve truly enjoyed surfing around your blog posts. In any case I will be subscribing for your feed and I hope you write again very soon!