കുട്ടികളിലെ പഠനവൈകല്യങ്ങൾക്ക് പരിഹാരമുണ്ട്…

“ഉദ്ദേശവും ലക്ഷ്യവും ഇല്ലാത്ത പരിശ്രമവും ധൈര്യവും അപൂർണ്ണമാണ്”

– ജോൺ എഫ് കെന്നഡി

നമുക്ക് ചുറ്റുമുള്ള  സാധ്യതകളുടെ ഒരു ചെറിയ ലോകത്തിൻ്റെ  വലിയ  നാമ്പുകൾ ആണ് നമ്മുടെ കുട്ടികൾ. എന്നാൽ ഇന്ന് ഈ കുട്ടികളിൽ ചിലരെങ്കിലും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പഠന വൈകല്യം. പല വിദ്യാലയങ്ങളുടെയും അവസാന ബെഞ്ചുകൾ, പഠനം ഒരു വൈകല്യം ആയി ഒതുങ്ങുമ്പോൾ, അറിവിൻ്റെ അത്ഭുത ലോകത്ത്, അക്ഷരങ്ങളുടെ നേർകാഴ്ചകളുടെ ലോകത്ത്, ശ്രമിച്ചിട്ടും ഒന്നിനും കഴിയാതെ, അല്ലെങ്കിൽ പരാജയപ്പെട്ട ഒരുപാട് ശ്രമങ്ങൾക്കൊടുവിൽ പഠിക്കാത്തവൻ അല്ലെങ്കിൽ കൊള്ളരുതാത്ത ഒരുവൻ എന്നു മുദ്രകുത്തി തളക്കപ്പെട്ടുപോയ  എത്രയോ ബാല്യങ്ങൾ… എന്താണ് നമുക്കിവർക്ക് വേണ്ടി ചെയ്യാൻ കഴിയുക? നമ്മുടെ ശരാശരി ചിന്തകൾക്ക് മുന്നിൽ നമ്മൾ അവരിലെ വൈകല്യങ്ങളെയും സാധ്യതകളെയും ചുരുക്കി എഴുതപ്പെടാൻ  നിർബന്ധിതർ ആകുന്നുണ്ടോ??

2018-ൽ ബാംഗളൂരിലെ ഒരു പ്രമുഖ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ, ഇന്ത്യയിൽ 1% മുതൽ 19% വരെയുള്ള കുട്ടികളിൽ പഠനവൈകല്യം കണ്ട് വരുന്നുണ്ട്. എന്നാൽ ഇത്തരം കുട്ടികളെ, അവരുടെ കുറവുകൾ അംഗീകരിച്ചു മുന്നോട്ട് നയിക്കാൻ ഉള്ള സന്നാഹങ്ങൾ അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന നമ്മുടെ സമൂഹത്തിന് ഉണ്ടോ എന്നുള്ളത് നാം വില കൽപ്പിക്കേണ്ട ഒരു ചോദ്യമാണ്.

പഠനവൈകല്യങ്ങൾ പല തരത്തിലും കണ്ട് വരുന്നുണ്ട്. ADHD അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ എന്നത് അവയിൽ ഒന്ന് മാത്രം ആണ്. ശ്രദ്ധക്കുറവ്, എടുത്ത് ചാടി  കാര്യങ്ങൾ ചെയ്യുക, അടങ്ങി ഒതുങ്ങി ഒരിടത്ത് ഇരിക്കാതിരിക്കുക എന്നിവ ആണ് ADHD-യുടെ 3 പ്രധാന  ലക്ഷണങ്ങൾ. പ്രസവ സമയത്ത് തലച്ചോറിന് ഏൽക്കുന്ന ക്ഷതങ്ങൾ,  പൂർണ വളർച്ച എത്താതെ  പ്രസവിക്കുന്ന കുട്ടികൾ, ശരീരത്തിൽ  അളവിൽ കൂടുതലായി കയറുന്ന ചില രാസവസ്തുക്കൾ തുടങ്ങിയവയാണ് ADHD-യുടെ പ്രധാന കാരണങ്ങളിൽ ചിലത്.

ഇത്തരം കുട്ടികൾക്ക് ചിലപ്പോൾ  മറ്റു കുട്ടികളുടെ വേഗത്തിൽ പഠിക്കാനും എഴുതാനും കഴിയണമെന്നില്ല  എന്നതുകൊണ്ട് ഇവർക്ക് പഠിക്കാൻ കഴിവില്ല എന്നല്ല അർത്ഥം. ഇവർക്ക് ആവശ്യം അല്പം കൂടുതൽ സമയം ആണ്. ചിലപ്പോൾ ഇവർ ഇഷ്ടപ്പെടുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചാൽ, അല്ലെങ്കിൽ അവർക്ക് പറഞ്ഞു കൊടുത്താൽ  കൂടെയുള്ള മറ്റേത്  കുട്ടികളേക്കാളും നന്നായി അവർ മുന്നേറും. അങ്ങനെ അവരുടെ മനസ്സിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ഒരു മീഡിയം നമ്മൾ കണ്ടെത്തണം. അത് ചിലപ്പോൾ അധ്യാപകരും, മറ്റു ചിലപ്പോൾ രക്ഷിതാക്കളും ആകാം. പക്ഷേ പലപ്പോഴും ഇന്നത്തെ വിദ്യാഭ്യാസരീതിയിൽ സംഭവിക്കുന്നത് നേരെ മറിച്ചാണ്. ഇത്തരം കുട്ടികൾ  പൂർണമായും പിന്തള്ളപ്പെട്ടു പോകുന്നു.  ഇത്തരം കുട്ടികളിൽ പ്രത്യേകിച്ചു കാണുന്ന ചില കലാ-കായിക കഴിവുകൾ പോലും നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ല എന്നുള്ളതാണ് വേദനാജനകം.

മേൽപറഞ്ഞ കാര്യങ്ങൾക്ക് ദൈനംദിന ജീവിതത്തിൽ പ്രാബല്യം വരുത്താൻ കഴിയുമോ എന്ന സംശയത്തിന്, അങ്ങനെ ജയിച്ചു മുന്നേറിയ, എനിക്കേറ്റവും പ്രിയപ്പെട്ട ഒരു കുട്ടിയുടെ അനുഭവം താഴെ ചേർക്കുന്നു.

ഇതൊരു ഉമ്മയുടെയും മകൻ്റെയും കഥയാണ്. ഒരു  തിങ്കളാഴ്ച,  കൃത്യമായി പറഞ്ഞാൽ മെയ് 6-2019, 2.55pm. ജീവിതത്തിന്റെ ഒരു വലിയ ചവിട്ടുപടി അവൻ ആദ്യമായി കടന്ന ദിവസം. 16 കൊല്ലങ്ങൾക്ക് മുമ്പ് അവനെ  പ്രസവിക്കുമ്പോൾ സുഖപ്രസവത്തിനായി അന്നത്തെ ഡോക്ടർമാർ കൂടൂതൽ കാത്തുനിന്നപ്പോൾ, അവന്റെ തലച്ചോറിൽ ചെറിയ ചില വ്യതിയാനങ്ങളും വന്നു തുടങ്ങി. ADHD അഥവാ attention deficit hyper activity disorder. അവന്റെ പഠനത്തോടുള്ള കഷ്ടപ്പാടും, അടങ്ങി ഒതുങ്ങി ഇരിക്കാതെയുമുള്ള സ്വഭാവവും, എടുത്ത് ചാട്ടവും വിരൽ ചൂണ്ടിയത് ഇത്തരം ഒരു വൈകല്യത്തിലേക്കായിരുന്നു.

ഇതൊക്കെ ഒരു പക്ഷെ ഒരു ഡോക്ടർ ഡയഗ്നോസ് ചെയ്യുന്നതിലും മുമ്പ് തന്നെ ചില അധ്യാപകർ അവനെ  ക്ലാസ്സിനു പുറത്ത് നിർത്തിയും, ചൂരൽ കഷായം കൊടുത്തും ഡയഗ്‌നോസ് ചെയ്തിരുന്നു. അങ്ങനെ തീരെ ചെറിയ ക്ലാസ്സ് മുതൽ അവൻ ക്ലാസ്സിനു വെളിയിലെ സ്ഥിരം കഥാപാത്രമായി. അതുകൊണ്ടാകാം, അവിടെ നിന്നുള്ള കാഴ്ചയുടെ അറ്റം മുട്ടുന്ന ആ കളിക്കളം അവന് ഏറ്റവും പ്രിയപ്പെട്ടതായി. അവിടെ വേഗത്തിൽ മിന്നി മായുന്ന പന്തുകളും, അതിനു പിറകെ ഓടുന്ന കുട്ടികളും, അവയെ തലോടുന്ന കാറ്റും, മരങ്ങളും ഒക്കെ അവന്റെ കാൻവാസിൽ സ്ഥിരം കഥാപാത്രങ്ങളായി. അവന്റെ പഠന വൈകല്യങ്ങൾ കണ്ടുപിടിക്കാൻ ഒരു അധ്യാപകന്റെ കഴിവിനു സാധിക്കാത്തതു കൊണ്ടോ എന്തോ, അക്ഷരങ്ങളും അക്കങ്ങളും അവന് എതിർ ടീമിലെ മാത്രം കളിക്കാരായി.  പയ്യെ പയ്യെ അവന്റെ ലോകം മൊത്തം നിറങ്ങൾ മാത്രമായി.

സമപ്രായക്കാരും, ചുറ്റുമുള്ളവരും പഠനത്തിലും ജീവിതത്തിലും ഉന്നത വിജയം കൈവരിക്കുന്നത് കണ്ട് , ആഗ്രഹങ്ങൾ ചില സ്വപ്നങ്ങൾ മാത്രമാക്കി അവൻ ദിവസങ്ങൾ തള്ളി നീക്കി. എന്നാൽ സ്വപ്നങ്ങളെ കടന്നു പിടിക്കാൻ സാഹചര്യങ്ങൾ  പലതും തടസ്സമായി നിന്നു.
പിന്നീട് മുന്നോട്ടുള്ള പല ദിവസങ്ങളും സ്കൂളുകൾ മാറിയും, ട്യൂഷൻസ് കൂടിയും കൊണ്ടിരുന്നെങ്കിലും, പരിശ്രമങ്ങൾക്ക് ഒന്നും  ഫലം കണ്ടില്ല.

അവിടന്ന് ഉള്ള നാളുകൾ കണ്ടതത്രയും ഒരു ഉമ്മയുടെ പോരാട്ടമായിരുന്നു. മനുഷ്യൻ നിർമിച്ച അതിരുകൾക്കും അപ്പുറം തൻ്റെ കുഞ്ഞിന് കടക്കാൻ കഴിയാതായപ്പോൾ, പഠിക്കാൻ മാത്രം പിറകിൽ നിന്ന് പോയി എന്ന ഒരു കുറവ് കൊണ്ട് മാത്രം ലോകം തനിച്ചാക്കിയപ്പോൾ, കുടുംബത്തിലെ ഏറ്റവും ഉചിതമായ സ്വഭാവവും സ്നേഹവും ഇഷ്ടവും അവനിലെ വലിയ കഴിവായി നിലനിന്നിട്ടും, കുടുംബത്തിലെ മറ്റു കുട്ടികളെ പോലെ പഠിച്ചില്ല എന്ന ഒരു കാരണത്താൽ ഒറ്റപ്പെട്ടുപോയി, ഒത്തിരി ചീത്തയും കുത്തുവാക്കുകളും കേൾക്കേണ്ടിവന്നപ്പോൾ… തന്റെ കുഞ്ഞിനെ ഒരിക്കലും തോൽക്കാൻ അനുവദിക്കില്ല എന്ന നിശ്ചയ ധാർഢ്യത്തോടുകൂടി പൊരുതിയ ഒരു ഉമ്മയുടെ കഥ.  അവനോടൊപ്പം, അവൻ്റെ കൂടെ, അവനോടു ചേർന്ന് അവനു താഴെയുള്ള രണ്ടു കുഞ്ഞുങ്ങളേക്കാൾ അവന് വേണ്ടി മാത്രം പൊരുതാൻ തുടങ്ങിയ ഒരു ഉമ്മയുടെ കഥ. തോറ്റു പോകാൻ അനുവദിക്കാത്ത ഭൂമിയിലെ ഒരു ദൈവത്തിൻ്റെ കഥ. അവൻ്റെ ഓരോ ക്ലാസ്സിലും അവനെക്കാൾ മുമ്പ് പഠിച്ചു മറന്നതെല്ലാം വീണ്ടും പഠിച്ചു അവന് മനസ്സിലാകുന്ന ഏറ്റവും ലളിതമായ രീതിയിലാക്കിക്കൊടുത്ത് അവനെ ജയിപ്പിച്ച ഒരു ഉമ്മയുടെ കഥ.

ക്ലാസുകൾ മാറി മാറി ഒൻപതാം ക്ലാസിൽ എത്തിയപ്പോൾ അവിടെ വന്ന പുതിയ പ്രിൻസിപ്പൽ,  അവനെപ്പോലെത്തന്നെ മറ്റു രണ്ടു കുട്ടികളും അതെ വൈൽകല്യത്തോടെ ഉണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞു. അവരെ ഒന്നു മനസ്സിലാക്കിയാൽ നമ്മളെക്കാളുമൊക്കെ  ഉയരത്തിൽ പറക്കാൻ കഴിയും എന്ന് വിശ്വസിച്ച ഒരു അധ്യാപിക.  അവരുടെ ക്യാബിനിൽ കൂടെ ഇരുത്തി ട്യൂഷൻ കൊടുത്ത നാളുകൾ, ക്ലാസ്സിൽ അവനെ ആദ്യമായി ലീഡർ ആകിയ നാളുകൾ, അവർ ആദ്യമായി നേടിയെടുത്ത ഫുൾ മാർക്കുകൾ… ഒരു പക്ഷെ അവരുടെ ലോകം മാറിത്തുടങ്ങിയത് അന്ന് മുതലാണ്.  അന്ന് മറ്റെല്ലാ കുട്ടികളെയും പ്രോത്സാഹിപ്പിക്കുന്നത് പോലെ നിങ്ങൾ അവരെ പ്രോത്സാഹിപ്പിച്ചപ്പോൾ, അവരുടെ  ആദ്യ അംഗീകാരം ആയി മാറി അത്. ആ പ്രോത്സാഹനമായിരുന്നു മുന്നോട്ടുള്ള അവരുടെ യാത്രയുടെ ഇന്ധനം. ഒരു പക്ഷെ തൻ്റെ കുറവുകളെ മറന്നു കഴിവുകളെ അവൻ തിരിച്ചറിഞ്ഞ ആദ്യ നിമിഷം.

പതതാം ക്ലാസ് – സാധാരണയിൽ നിന്നും വ്യത്യസ്തമായി 7 മാസങ്ങൾ കടന്നു പോയി. സ്കൂളിലെ അധ്യാപകരുടെ സഹായത്തോടെ ഒരു സ്പെഷ്യൽ എജുക്കേറ്ററെയും  tution  ടീച്ചറെയും അവരുടെ യാത്രയിൽ കൂട്ടി. ഈ അധ്യാപകർ വ്യത്യസ്തരായത് അവർ ഈ കുട്ടികളിലേക്ക്  ഇറങ്ങിച്ചെന്നപ്പോളാണ്. അല്പം സമയം എടുത്തെങ്കിലും കുട്ടികൾ മിടുക്കരായി പഠിച്ചുതുടങ്ങി. തുടർന്നുള്ള നാളുകൾ ഇവരുടെയും 3 ഉമ്മമാരുടെയും തോറ്റുകൊടുക്കാൻ തയ്യാറാകാത്ത  മനസ്സിൻ്റെ പോരാട്ടങ്ങൾ ആയിരുന്നു. സ്വന്തം കുടുംബത്തെ വരെ മറന്ന് അവർ ഒറ്റക്കെട്ടായി പോരാടി. തോറ്റയിടത്ത് നിന്നു അവർ വീണ്ടും തുടങ്ങി… വിട്ടുകൊടുക്കാതെയുള്ള ശ്രമങ്ങൾ…  തളരാതെ ചേർത്ത് നിർത്താൻ ഉറ്റവരുടെ പ്രാർത്ഥനകൾ… താങ്ങായും തണലായും സ്വന്തം കുടുംബങ്ങൾ…

ഇവർ 3 പേരും തോൽക്കാൻ ഉള്ളവരാണ് എന്ന് മുൻവിധിയെഴുതിയ പല അധ്യാപകരും, ആ 3 കുഞ്ഞുങ്ങളുടെ  അതിശയിപ്പിക്കുന്ന മാറ്റം കണ്ട് അവർക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങി. പരിഹസിക്കുകയും തനിച്ചാക്കുകയും ചെയ്ത അതേ കൂട്ടുകാർക്ക് മുന്നിൽ ഈ 3 കുട്ടികളുടെ മാറ്റം പഴയ അദ്ധ്യാപകൻ തന്നെ ഒരു പ്രചോദനമായി അവതരിപ്പിച്ചു. അങ്ങനെ അറിവിൻ്റെ ലോകത്തിൽ ആദ്യമായി അവർ മധുരം അനുഭവിച്ചു.
അതേ ആ റിലേയുടെ “the final lap”, ഒരു ഉമ്മ തുടങ്ങി വച്ച മൽസരം, കൂടെ കൂടിയ ചില അദ്ധ്യാപകർ, ജയിക്കുമെന്നുറപ്പോടെ ഫിനിഷിങ് പോയിന്റിലേക്ക് അവർ കുതിച്ചപ്പോൾ എഴുന്നേറ്റുനിന്ന് അവർക്ക് വേണ്ടി കയ്യടിച്ച  മുഖങ്ങൾ!!
അതേ, തിരിഞ്ഞു നോക്കാതെ ആ കുട്ടികൾ മുന്നേറി!! ഒരു പാട് ദൂരം.

ഒടുവിൽ, അതെല്ലാം അവസാനിച്ച്, അന്ന് പത്താംക്ലാസ്സ് പരീക്ഷാഫലം അവർക്ക് മുന്നിൽ വന്നു നിന്നപ്പോൾ നിറകണ്ണുകളോടെ അവർ നന്ദി അറിയിച്ചപ്പോൾ, ജയിച്ചു മുന്നേറിയത് ആ ഉമ്മമാരുടെ നിശ്ചയധാർഢ്യമാണ്, നമ്മുടെ സമൂഹം നമുക്ക് ചുറ്റും തീർത്ത തീരെ പഴയ അതിർവരമ്പുകളെയാണ്.

അതേ, ആ കുഞ്ഞുങ്ങൾ ജയിച്ചിരിക്കുന്നു,  ഒറ്റക്കല്ല, അവർക്ക് പിന്നിൽ അവരെ വീഴാതെ നോക്കാൻ അവരുടെ ഉമ്മമാരും, അവരുടെ കുറവുകളെ അംഗീകരിച്ച് അവർക്ക് വേണ്ടി ഒന്ന് മാറി ചിന്തിച്ച ചില അധ്യാപകരും!!  തോറ്റുപോകും എന്ന് ഉറപ്പു പറഞ്ഞ ആ മൂന്നുപേരിൽ രണ്ടുപേർ രണ്ടു വിഷയങ്ങളിൽ ആ സ്കൂളിലെ ടോപ് സ്കോറർമാരാണ്. അതെ, ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ തിരഞ്ഞെടുത്ത മാർഗ്ഗം ഉചിതമാണെങ്കിൽ, ജയിക്കാൻ നിങ്ങൾക്ക് മുന്നിൽ തടസ്സങ്ങൾ തീരെ ചെറുതായിരിക്കും.

സമൂഹത്തിന് മുന്നിൽ ഇതുപോലെ ഒറ്റപ്പെട്ട ചില മുഖങ്ങൾ ഉണ്ട്, നമ്മൾ മനസിലാക്കാത്തിടത്ത് തളർന്നു വീഴുന്നവരും ഉണ്ട്. നമ്മൾ പലരും ചിലപ്പോൾ ഒന്ന് ശ്രമിച്ചാൽ ഈ ലോകം വരെ കീഴടക്കാൻ കഴിവുള്ള ഹൃദയങ്ങളും അവർക്കിടയിലുണ്ടെന്നു നാം മനസിലാക്കണം.

പഠിക്കാൻ പിന്നോട്ട്  പോയി, അല്ലെങ്കിൽ പഠിക്കാൻ കഴിയുന്നില്ല എന്നത് കൊണ്ട് അവർ ഒന്നിന്നും കൊള്ളരുതാത്തവർ ആണെന്നുള്ള നമ്മൾ അടങ്ങുന്ന  സമൂഹത്തിലെ മിക്കവാറും ആളുകളുടെ തെറ്റായ ചിന്താഗതിയാണ് പലപ്പോഴും അവരെ ഒറ്റപ്പെടുത്തി നിർത്തുന്നത്.  നമുക്ക് ചുറ്റുമുള്ള എല്ലാ കുട്ടികളും പഠിക്കാൻ കഴിവുള്ളവർ തന്നെയാണ്, എന്നാൽ പഠനരീതിയും, കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവും ഓരോ കുട്ടിയിൽ നിന്നും വ്യത്യസ്തമാണ് എന്നുള്ളത് അതുപോലെ തന്നെ അംഗീകരിക്കേണ്ട ഒരു കാര്യം കൂടിയാണ്. ഒരേ വീട്ടിലെ 3 കുട്ടികൾ പഠിക്കുന്ന രീതി, എടുക്കുന്ന സമയം, പഠിക്കാൻ തിരഞ്ഞെടുക്കുന്ന മാർഗ്ഗം (ചിലർ  എഴുതിപ്പഠിക്കും മറ്റുചിലർ ഉറക്കെ പറഞ്ഞു പഠിക്കും)  വ്യത്യസ്തമാണ് എന്നുള്ളത് തന്നെ  ചെറിയ ഒരു ഉദാഹരണമാണ്. ഇത് തന്നെയാണ് പഠന വൈകല്യം ഉള്ള കുട്ടികളും പലപ്പോഴും ആവശ്യപ്പെടുന്നതും.  ചിലപ്പോൾ അവർ കൂടുതൽ സമയം ആവശ്യപ്പെട്ടേക്കാം,  മറ്റു ചിലപ്പോൾ അവർക്ക് പഠിച്ച കാര്യം ആവർത്തിച്ചു പഠിക്കണ്ടിവന്നേക്കാം, ചിലപ്പോൾ വരച്ചു പഠിക്കേണ്ടിവന്നേക്കാം. അങ്ങനെ ഏതാണോ തൻ്റെ കുഞ്ഞിന്  ഉചിതം എന്ന് തിരിച്ചറിഞ്ഞു മുന്നോട്ട് പോകാൻ  അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ സാധിച്ചാൽ മാത്രമേ ഈ കുട്ടികളെ നമുക്ക്  വിജയത്തിലേക്ക്  നയിക്കാൻ കഴിയുകയുള്ളൂ.

നിങ്ങളുടെ കുട്ടികൾക്ക് പഠനവൈകല്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നവ:

  • എന്താണ്, എവിടെയാണ്, അവർക്ക് പ്രശ്നമെന്ന് ചോദിച്ചറിയുക.
  • ഉത്തരവാദിത്തപ്പെട്ട അധ്യാപകരോട്  അവരുടെ ബുദ്ധിമുട്ടുകൾ ആദ്യം തന്നെ പറഞ്ഞു വെക്കുക.
  • കഴിയുമെങ്കിൽ അവർക്ക് ഒരു സ്പെഷ്യൽ എജ്യുക്കേറ്ററെ നിയമിക്കുക, അതുവഴി അവരുടെ വൈകല്യങ്ങൾക്കൊത്ത് നമുക്ക് ചേർന്ന് പോകാൻ സാധിക്കും.
  • പത്താം ക്ലാസ്സിലും 12-ആം ക്ലാസ്സിലും  അവർക്ക് പഠിക്കാൻ സാധിക്കുന്ന  വിഷയങ്ങൾ തിരഞ്ഞെടുക്കുക. CBSE / സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ  അതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്, അടുത്തുള്ള സൈക്കോളജിസ്റ്റിൻ്റെ സഹായത്തോടു കൂടി നിങ്ങൾക്ക് മുന്നോട്ട് പോകാം.
  • ഒരു കാരണവശാലും, മറ്റു കുട്ടികളുമായി അവരെ താരതമ്യപ്പെടുത്തരുത്.
  • സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ മുന്നിൽ വെച്ച് ഒരിക്കലും അവരുടെ വൈകല്യങ്ങൾ വിളിച്ചു പറയാതിരിക്കുക.
  • ബോർഡ് എക്‌സാമിനായി മുന്നോട്ട് പോകുമ്പോൾ, ഓരോ ബോർഡുകളിൽ സബ്മിറ്റ് ചെയ്യേണ്ട സർട്ടിഫിക്കറ്റ് സംബന്ധിച്ച കാര്യങ്ങളും അതിനുള്ള ഒരുക്കങ്ങളും, അധ്യയന വർഷം തുടങ്ങുമ്പോൾ തന്നെ ചെയ്തു തുടങ്ങുക.
  • തുടർന്ന് ഉപരിപഠനത്തിന്, അവർക്ക് താൽപര്യമുള്ള വിഷയങ്ങൾ, താല്പര്യമുള്ള ഫീൽഡുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുക. ഒരു കാരണവശാലും അവരിൽ  രക്ഷിതാക്കൾക്കിഷ്ടപ്പെട്ട ഫീൽഡ് അടിച്ചേൽപ്പിക്കരുത്.

പഠന വൈകല്യം ഒരു രോഗമല്ല.
നമുക്കറിയാവുന്ന പല പ്രശസ്ത വ്യക്തികളും പഠന വൈകല്യം ഉള്ളവരായിരുന്നു!!
ആൽബർട്ട് ഐൻസ്റ്റൈൻ മുതൽ ഡാനിയൽ റാഡ്ക്ലിഫ്  വരെ നീളുന്നു ആ ലിസ്റ്റ്.
പലപ്പോഴും നമ്മുടെ സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളാണ് അവരെ ഒറ്റപ്പെടുത്തുന്നത്.  മാറിച്ചിന്തിക്കേണ്ട കാലം  ഇനിയും അതിക്രമിച്ചിട്ടില്ല. നമ്മളൊന്നു മനസ്സിലാക്കിയാൽ, നമുക്ക് ചുറ്റും  ഒരുപാട് ഐൻസ്റ്റീൻമാരെ നമുക്കു  വാർത്തെടുക്കാം.

——

ഡോ. ഐഷ ബിസ്മി സഹീദ് BHMS,
SAHYR CLINIC FOR ADVANCED HOMOEPATHY,
കറുപ്പടന, കൊടുങ്ങല്ലൂർ.
Ph: 9562342635

1 Comment

Leave a Reply

Your email address will not be published.


*