കുടൽ- ആമാശയ അൾസർ രോഗങ്ങളും പ്രതിരോധവും

ആമാശയത്തിലെ ആസിഡ് സാന്നിധ്യവുമായി ബന്ധപ്പെട്ട് ആമാശയത്തിലേയും ചെറുകുടലിലേയും ആന്തരികമായ ആവരണത്തിൽ ഉണ്ടാകുന്ന മുറിവുകളെയാണ് അൾസർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

കാരണങ്ങൾ:
കോർട്ടിക്കോസ്റ്റീറോയ്ഡ്സ് ,നോൺ സ്റ്റീറോയിഡൽ ആന്റി ഇൻഫ്ലമാറ്ററി ഡ്രഗ്സ് തുടങ്ങിയ മരുന്നുകളും ആസിഡ് പോലുള്ള പദാർത്ഥങ്ങളും മാനസിക സമ്മർദ്ദം, പൊള്ളൽ, ഷോക്ക് എന്നിവയും അൾസറിന് കാരണമായേക്കാവുന്നതാണ്. HLAB5 എന്ന ജനിതക ഘടകം, O പോസിറ്റീവ് രക്ത ഗ്രൂപ്പ്, ഹെലികോ ബാക്ടർ പൈലോറി എന്ന ബാക്ടീരിയയുടെ സാന്നിധ്യം എന്നിവയും കാരണങ്ങളാണ്.

ഡിയോഡിനൽ അൾസർ:
ഇത് കൂടുതലായും പുരുഷൻമാരിൽ ( 10 -20 ഇരട്ടി വരെ) കാണപ്പെടുന്നു. ആമാശയ അൾസറിനേക്കാളും 12-30 ഇരട്ടി വരെ കാണപ്പെടുന്നതും ഡിയോഡിനൽ അൾസർ ആണ്. ചെറുകുടലിലെ ഡിയോഡിനം എന്ന ഭാഗത്ത് പൈലോറിക് – ഡിയോഡിനൽ ജംഗ്ഷനു സമീപമായാണ് ഇവ കൂടുതലും കാണപ്പെടുന്നത്.

ലക്ഷണങ്ങൾ:
വിശന്നിരിക്കുമ്പോൾ കൂടുതലാവുകയും ഭക്ഷണം കഴിച്ചാൽ ശമിക്കുകയും ചെയ്യുന്ന വയറുവേദന, ഭക്ഷണശേഷം 2 – 3 മണിക്കൂറുകൾക്കകം എരിച്ചിൽ, വയറിൽ ഗ്യാസ് നിറയൽ, വിശപ്പ് അനുഭവപ്പെടൽ എന്നീ രൂപത്തിലും കാണപ്പെടും. രാത്രിയിൽ  കൂടുതൽ അനുഭവപ്പെടുന്ന വേദന ഭക്ഷണം, അന്റാസിഡുകൾ, ഛർദ്ദി എന്നിവ കൊണ്ട് കുറയുന്നു.

രോഗത്തിന്റെ ഗതിയും സങ്കീർണ്ണതകളും:
ഡിയോഡിനൽ അൾസർ ഏറ്റക്കുറച്ചിലുകളുമായി കുറേ വർഷം നിലനിൽക്കുന്ന ഒരസുഖമാണ്. ജീവിത ശൈലിയിലെ മാറ്റങ്ങൾ, ചില മരുന്നുകൾ, മാനസിക സമ്മർദ്ദം എന്നിവ രോഗത്തിന് ആക്കം കൂട്ടുന്ന കാര്യങ്ങളാണ്. രക്തം ഛർദ്ദിക്കുക, മലത്തിലെ രക്തം, കുടലിൽ ദ്വാരം രൂപപ്പെടുക, രക്തക്കുറവ്, അന്നനാളത്തിലെ ഇടുങ്ങിയ ഭാഗത്ത് തടസ്സം രൂപപ്പെടൽ എന്നിവ രോഗ സങ്കീർണ്ണതകളിൽ പെടുന്നു.

ഗ്യാസ്ട്രിക് അൾസർ
ആമാശയത്തിലെ ലെസ്സർ കർവേച്ചർ എന്ന ഭാഗത്താണ് കൂടുതലായും ഇത്തരം അൾസർ കാണപ്പെടുന്നത്. പുരുഷൻമാരിൽ കൂടുതലായി കാണപ്പെടുന്നു . ഡിയോഡിനൽ അൾസറിൽ നിന്ന് വ്യത്യസ്തമായി ഇവർക്ക് ആസിഡ് ലെവൽ നോർമൽ അല്ലെങ്കിൽ കുറവ് ആയിരിക്കും.

ലക്ഷണങ്ങൾ:
നീണ്ടു നിൽക്കുന്ന വയറുവേദന, ഭക്ഷണം കഴിക്കുമ്പോൾ അധികമാകുന്ന വേദന എന്നിവയാണ് ലക്ഷണങ്ങൾ. ഛർദ്ദി, ഓക്കാനം, ശരീരം മെലിച്ചിൽ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.

രോഗത്തിന്റെ ഗതി:
ചുരുക്കം സന്ദർഭങ്ങളിൽ ഗ്യാസ്ട്രിക് അൾസർ മുറിവുകൾ കാൻസറായി രൂപാന്തരം പ്രാപിക്കുന്നു. തുടർച്ചയായ എൻഡോസ്കോപ്പിക് പരിശോധന ഇത് വേഗത്തിൽ കണ്ടെത്തുന്നതിന് സഹായിക്കുന്നു.

രോഗനിർണ്ണയം:
രോഗിയുടെ പ്രത്യേക ലക്ഷണങ്ങൾ, ഗാസ്ട്രോ ഡിയോഡിനോസ്കോപ്പി, എൻഡോസ്കോപ്പി, ബയോപ്സി എന്നിവയിലൂടെ രോഗം തിരിച്ചറിയാനാകും.

ജനറൽ മാനേജ്മെൻറ്:
രോഗി 2.5 – 3 മണിക്കൂർ ഇടവിട്ട് കൃത്യമായി ഭക്ഷണം കഴിക്കുക. ഒരു കപ്പ് പാൽ രാത്രിയിൽ കഴിക്കുന്നത് രാത്രിയിലുള്ള വേദന കുറക്കാൻ സഹായിക്കുന്നു. അമിതമായ എരിവ്, പുളി, പുകവലി, മദ്യപാനം എന്നിവയും ഒഴിവാക്കേണ്ടവയിൽ പെടുന്നു.
മാനസിക സമ്മർദ്ദം കുറക്കുന്നതിനുള്ള വ്യായാമം, യോഗ എന്നിവ ശീലമാക്കുന്നത് വളരെ ഫലപ്രദമാണ്.

ഫല്രപദമായ ചികിത്‌സ ഹോമിയോപ്പതിയിലൂടെ:
അൾസർ രോഗങ്ങൾക്ക് വളരെ ഫലപ്രദമായതും എളുപ്പത്തിൽ സുഖം പ്രാപിക്കുന്നതുമായ മരുന്നുകൾ ഹോമിയോപ്പതിയിൽ ലഭ്യമാണ്. രോഗിയുടെ മൊത്തമായ അവലോകനം നടത്തി ശാരീരിക-മാനസിക പ്രത്യേകതകൾ മനസ്സിലാക്കിയാണ് ചികിത്സ നിർണ്ണയിക്കുന്നത്. കൃത്യമായ ചികിത്സ നിർദേശിക്കുന്നതിനും മാർഗ നിർദേശങ്ങൾ ലഭിക്കുവാനും അടുത്തുള്ള ഒരു ഹോമിയോ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

—–

ഡോ. നസീറ കെ. B.H.M.S
കുനിയിൽ ഹൌസ്,
കൊളത്തറ (പോസ്റ്റ്), കോഴിക്കോട്.
Ph: 9895092770

1,761 Comments