കെ.കെ.ശൈലജ ടീച്ചർ സംസാരിക്കുന്നു…

കേരളത്തിലെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ നാഴികക്കല്ലുകൾ സൃഷ്ടിച്ച്‌ മുന്നേറുന്ന ആരോഗ്യ വകുപ്പ്‌ മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചറുമായി “ആയുഷ് ആരോഗ്യ ഓൺലൈൻ” നടത്തിയ അഭിമുഖം:

ചോദ്യം 1:

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ആരോഗ്യ രംഗത്ത്‌ കേരളം ഏറെ മുൻപന്തിയിലാണല്ലോ. ആ നിലവാരം നിലനിർത്താനും ആരോഗ്യ മേഖലയെ കൂടുതൽ സുസജ്ജമാക്കാനും ശ്രമിക്കുമ്പോൾ എന്തൊക്കെ വെല്ലുവിളികളായിരുന്നു അങ്ങയുടെ മുന്നിൽ ഉള്ളത്‌?

മറുപടി:

കേരളത്തിന്റെ ആരോഗ്യ മേഖല പൊതുവേ കുറേയേറെ കാര്യങ്ങളിൽ മാതൃകാപരമായ മുന്നേറ്റം നടത്തിയ ആരോഗ്യമേഖലയാണ്‌. നിങ്ങൾക്കെല്ലാമറിയുന്നതുപോലെ തന്നെ ഒരു പാടു സൂചകങ്ങളിൽ നമ്മൾ മുന്നിലാണ്‌. വികസിത രാഷ്ട്രങ്ങളുടെ തൊട്ടടുത്തെത്തുന്ന രീതിയിൽ ശിശുമരണനിരക്കിലെ കുറവ്‌, മാതൃമരണനിരക്കിലെ കുറവ്‌, അതുപോലെ പ്രതീക്ഷിത ആയുസ്സിലെ വർദ്ധനവ്‌ – ഇതെല്ലാം തന്നെ നമുക്ക്‌ വലിയ മാറ്റമുണ്ടാക്കിയിട്ടുള്ള കാര്യമാണ്‌. പിന്നെ, വളരെ വ്യാപകമായിട്ടുള്ള പൊതുമേഖലാ ആരോഗ്യശൃംഖല നമുക്കുണ്ട്‌.

എന്നാൽ ഈ ആരോഗ്യവകുപ്പ്‌ ഏറ്റെടുക്കുന്ന സമയത്ത്‌ എനിക്ക്‌ തോന്നിയിട്ടുള്ള ഒരു പ്രശ്നം, ഇത്രയധികം മാറ്റമുണ്ടായിട്ടും, അതുപോലെ ഇത്രയധികം പൊതുമേഖലാ ആരോഗ്യസ്ഥാപനങ്ങൾ – പ്രൈമറി ഹെൽത്ത്‌ സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ – നമുക്ക്‌ എല്ലായിടത്തും ആരോഗ്യസ്ഥാപനങ്ങളുണ്ട്‌, എല്ലാ പഞ്ചായത്തിലും ഗവർമ്മെന്റ്‌ ആശുപത്രികളുണ്ട്‌, അതുപോലെ സബ്‌ സെന്ററുകളുണ്ട്‌, എന്നിട്ടും ജനസംഖ്യയുടെ ഒരു അറുപത്തേഴു ശതമാനത്തോളം പേർ ആശ്രയിച്ചുകൊണ്ടിരുന്നത്‌ സ്വകാര്യ മേഖലയെയാണ്‌. ചികിത്സക്കു വേണ്ടി ഏറ്റവും കൂടുതൽ കാശു ചെലവഴിക്കുന്ന സംസ്ഥാനം എന്നു പറയുന്നത്‌ കേരളത്തെയായിരുന്നു.

പിന്നെ മറ്റൊന്ന് എന്താണെന്നു വെച്ചാൽ നമ്മൾ ഇവിടുന്ന് നിർമ്മാർജ്ജനം ചെയ്തു എന്ന് കരുതുന്ന മിക്കവാറും എല്ലാ രോഗങ്ങളും ഇവിടെ ഉണ്ട്‌ എന്നതാണു ഞാൻ പരിശോധിച്ചു നോക്കുമ്പോൾ മനസിലാക്കാൻ കഴിഞ്ഞത്‌. ക്ഷയരോഗം, കുഷ്ഠരോഗം, അതുപോലെ തന്നെ മന്ത്‌, ഇതെല്ലാം തന്നെ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യാൻ നമുക്ക്‌ കഴിഞ്ഞിരുന്നില്ല. അതുപോലെ ഈ സീസണൽ ആയി വരുന്ന വൻ തോതിലുള്ള പകർച്ചവ്യാധികൾ. അതിൽ ചിക്കുൻ ഗുനിയ ഇവിടെ വന്നിട്ടുണ്ട്‌, H1 N1 ഇപ്പോഴുമുണ്ട്‌, അവിടവിടെയായിട്ട്‌. അത്‌ വ്യാപിക്കാതിരിക്കാൻ നമ്മൾ പാടുപെടുന്നതുകൊണ്ടാണ്‌, വലിയ വർക്ക്‌ ചെയ്യുന്നതുകൊണ്ടാണ്‌ H1 N1 വ്യാപകമായ തോതിൽ വന്ന് ആളുകൾ കൂട്ടത്തോടെ മരിച്ചുപോകാത്തത്‌. പക്ഷെ എല്ലാ വർഷവും അവിടവിടെയായിട്ട്‌ H1 N1 കേസ്‌ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. ഡെംഗി ഫീവർ ഉണ്ട്‌, അതും വലിയ തോതിൽ നമ്മൾ പ്രവർത്തനമേറ്റെടുത്തിട്ടാണു കുറച്ചുകൊണ്ടു വന്നിട്ടുള്ളത്‌. അപ്പോൾ പകർച്ചവ്യാധികൾ ഇങ്ങനെ സീസണൽ ആയി വരുന്നു എന്നുള്ളതും കേരളം നേരിടുന്ന ഒരു ആരോഗ്യപ്രശ്നമായിട്ടു നമ്മൾ കാണണം.

അതിന്റെ കൂടെയാണ്‌ പുതിയ കാലഘട്ടത്തിന്റെ അസുഖങ്ങൾ നമ്മളെ പിടികൂടിയിരിക്കുന്നത്‌. ജീവിതശൈലീ രോഗങ്ങൾ, Life style diseases എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന ഒരുപാടു രോഗങ്ങൾ. ഉയർന്ന രക്തസമ്മർദ്ദം, highly diabetic – പ്രമേഹാവസ്ഥ, അതുപോലെ ക്യാൻസർ, തൈറോയ്ഡ്‌ പ്രശ്നങ്ങൾ, കൊളസ്ട്രോൾ തുടങ്ങി ഒരുപാടു പ്രശ്നങ്ങൾ മനുഷ്യർ നേരിടുകയാണ്‌. ഇതൊക്കെ ജീവിതശൈലിയുടെ ഭാഗമായി, ഭക്ഷണക്രമത്തിന്റെയൊക്കെ ഭാഗമായിട്ടു വരുന്നതാണ്‌. അപ്പോൾ ഇതൊക്കെ വരുന്നു, ജന്തുജന്യ രോഗങ്ങൾ, ജലജന്യരോഗങ്ങൾ ഇതൊക്കെ കേരളത്തിന്റെ അന്തരീക്ഷത്തിലുണ്ട്‌, ഏറ്റവുമവസാനം നിപ്പ വൈറസ്‌ ബാധയടക്കം വന്നു. അപ്പോൾ ഇതൊരു വലിയ ചലഞ്ച്‌ ആണ്‌ നമ്മളെ സംബന്ധിച്ചിടത്തോളം. ഇതിനെ എങ്ങനെയാണു നേരിടുക? തുടക്കത്തിൽ തന്നെ നമ്മൾ ഈ കാഴ്ചപ്പാടോടു കൂടി കണ്ടുകൊണ്ടാണു പ്രവർത്തനമാരംഭിച്ചത്‌.

ചോദ്യം 2:

ഈ പ്രശ്നങ്ങളെയെല്ലാം മറികടക്കാനായി സർക്കാർ കൈക്കൊണ്ട നടപടികൾ എന്തൊക്കെയാണ്?

മറുപടി:

നമ്മൾ ആർദ്ദ്രം മിഷൻ ഡിക്ലയർ ചെയ്തു. മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രധാനപ്പെട്ട മിഷനുകളിൽ ഒന്നാണത്‌. ആർദ്ദ്രം മിഷന്റെ ഭാഗമായി നമ്മൾ ആശുപത്രികൾ രോഗീ സൗഹൃദമാക്കാനും അതിന്റെ ടെക്നോളജിയെല്ലാം മെച്ചപ്പെടുത്തി കൂടുതൽ ആധുനിക വൽക്കരിക്കാനും ശ്രമം നടത്തിക്കൊണ്ടിരിക്കയാണ്‌. അതുപോലെ തന്നെ പ്രിവൻഷനിലൂന്നിയ ഒരു വലിയ ശ്രദ്ധ പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കാനുള്ള – രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള – ശ്രമവും തുടങ്ങിയിരിക്കയാണ്‌, പ്രൈമറി ഹെൽത്ത്‌ സെന്ററുകളിലൂടെ. പ്രൈമറി ഹെൽത്ത്‌ സെന്ററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി കൺ വർട്ട്‌ ചെയ്തുകൊണ്ടിരിക്കയാണ്‌. കുറച്ചു സമയമെടുക്കും. ഒരു 160ഓളം അങ്ങനെ കൺ വർട്ട്‌ ചെയ്തു. ചെയ്തുകൊണ്ടിരിക്കയാണ്‌ ബാക്കിയുള്ളവ. അപ്പോൾ ഈ വർക്കൊക്കെ നമ്മൾ ആരോഗ്യമേഖലയിൽ സ്റ്റാർട്ട്‌ ചെയ്തു.

മാത്രമല്ല, പകർച്ച വ്യാധികൾ നിയന്ത്രിക്കാനായി നമ്മൾ പ്ലാൻഡ്‌ ആയ പ്രവർത്തനങ്ങൾ നടത്തി. ഈ വർഷം ജനുവരി 1 മുതൽ ആരോഗ്യ ജാഗ്രത ക്യാമ്പെയിൻ നമ്മൾ ആരംഭിച്ചു. അതിന്റെ ഫലമായിട്ടാണ്‌ നമുക്ക്‌ പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ കഴിഞ്ഞത്‌. ഇത്തവണ ഡെംഗി ഫീവറൊക്കെ ഉണ്ടായിരുന്നെങ്കിലും കൂട്ടത്തോടെ മരണമുണ്ടായില്ല. അതിനിടയിൽ പക്ഷെ വെള്ളപ്പൊക്കം വന്നു, അപ്പോൾ നമ്മൾ ഏറ്റവും ഭയന്നത്‌ എലിപ്പനി ആയിരുന്നു. പക്ഷെ വലിയ പ്രതിരോധ നിര തന്നെ നമ്മൾ തീർത്തു. വളരെ സാഹസികമായ ഇടപെടലാണു നടത്തിയത്‌. ഡോക്സി സൈക്ലീൻ പ്രൊഫൈലാക്സിസ്‌ നമ്മൾ പ്രയോഗിച്ചു. അതിന്റെയെല്ലാം ഫലമായി എലിപ്പനി വ്യാപിക്കാതെ പിടിച്ചു നിർത്താൻ നമുക്ക്‌ സാധിച്ചു. പക്ഷെ എപ്പോഴും കരുതിയിരിക്കണം എന്നൊരു അവസ്ഥയിപ്പോൾ നിലനിൽക്കുന്നുണ്ട്‌. അതുകൊണ്ട്‌ ആരോഗ്യ ജാഗ്രത ക്യാമ്പെയിൻ തുടർന്നു നടത്തിക്കൊണ്ടിരിക്കയാണ്‌. ഏതായാലും നമ്മൾ നടത്തിയ പ്രവർത്തനത്തിനു നല്ല ഗുണഫലമുണ്ടായിട്ടുണ്ട്‌ എന്നതാണ്‌.

അപ്പോൾ ആർദ്ദ്രം മിഷന്റെ ഭാഗമായിട്ടീ കാര്യങ്ങൾ, അതുപോലെ എസ്‌.ഡി.ജി.യുടെ സസ്റ്റെയിനബിൾ ഡെവലപ്‌മന്റ്‌ ഗോളിന്റെ ഭാഗമായി ലെപ്രസി പ്രിവൻഷനും ക്ഷയരോഗ നിവാരണവുമൊക്കെയായിട്ട്‌ നിരവധി പ്രോജക്റ്റുകൾ തയ്യാറാക്കുകയും വിവിധ ടീമുകൾ രൂപീകരിക്കുകയും ചെയ്ത്‌ ഓരോ ടീമുമിപ്പോൾ ഫീൽഡിലാണുള്ളത്‌. വലിയ തോതിൽ വർക്കുകൾ നടക്കുകയാണ്‌, എസ്‌.ഡി.ജി.യുടെ ഭാഗമായിട്ട്‌. ഓരോരുത്തരും അതിന്റെ റിസൽട്ടുമായിട്ട്‌ വരുന്നുണ്ട്‌. അത്‌ പൂർണ്ണതയിലെത്തിക്കാനുള്ള നല്ല നീക്കത്തിലാണ്‌.

പിന്നെ നല്ല രീതിയിലുള്ള മെഡിസിൻ സപ്ലൈ നമ്മൾ ക്രമപ്പെടുത്തി എന്നുള്ളതാണ്‌. മെഡിക്കൽ സർവ്വീസ്‌ കോർപ്പറേഷൻ മുഖേന. ഫ്ലഡ്‌ വന്ന സമയത്തുപോലും മരുന്നിനു ക്ഷാമമുണ്ടാകാൻ അനുവദിച്ചിട്ടില്ല. മെഡിസിൻ പലരും തന്നിട്ടുണ്ട്‌, പക്ഷെ അതിന്റെ വിതരണമായിരുന്നു പ്രധാനം. ആവശ്യമുള്ള സ്ഥലത്തേക്ക്‌ ആവശ്യത്തിനു കൃത്യമായി മരുന്നു വിതരണം നടത്താൻ വളരെ ത്യാഗപൂർണ്ണമായ പ്രവർത്തനമാണു മെഡിക്കൽ സർവ്വീസ്‌ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയത്‌.

ഇതോടൊപ്പം തന്നെ നമ്മുടെ റെഫറൽ സംവിധാനം മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്‌. ചെറിയ അസുഖങ്ങളെല്ലാം തന്നെ പ്രൈമറി ഹെൽത്ത്‌ സെന്ററിൽ തീരുകയും കുറേക്കൂടി സങ്കീർ ണമായ അസുഖങ്ങൾക്ക്‌ താലൂക്ക്‌ ഹോസ്പിറ്റൽ, ജില്ലാ ഹോസ്പിറ്റൽ തലത്തിലേക്ക്‌ വരണം, മെഡിക്കൽ കോളേജിലേക്കും. അതുകൊണ്ട്‌ ആർദ്ദ്രം മിഷനിൽ ഈ താലൂക്ക്‌ ഹോസ്പിറ്റലുകളും ജില്ലാ ഹോസ്പിറ്റലുകളും മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുറേ പോസ്റ്റ്‌ ക്രിയേഷനും നടക്കുന്നു. നാലായിരത്തിലേറെ പുതിയ പോസ്റ്റുകൾ ക്രിയേറ്റ്‌ ചെയ്തു. മെഡിക്കൽ കോളേജുകൾ സെന്റർ ഓഫ്‌ എക്സലൻസായി മാറ്റിക്കൊണ്ടിരിക്കുകയാണ്‌. അവിടുത്തെ സ്പെഷ്യാലിറ്റികളൊക്കെ കൂടുതൽ ഫലപ്രദമായി മാറ്റിക്കൊണ്ടിരിക്കുന്നു. ഇല്ലാത്ത പുതിയ സ്പെഷ്യാലിറ്റികൾ പുതിയതായി ആരംഭിക്കുന്നുണ്ട്‌. അങ്ങനെ നേരത്തെ ഉള്ള അഞ്ച്‌ പ്രധാനപ്പെട്ട മെഫിക്കൽ കോളേജുകൾക്കും അതുപോലെ തന്നെ കളമശ്ശേരിയിലും ഇവിടെ കൊല്ലം മെഡിക്കൽ കോളേജിലുമെല്ലാം ഒരുപാടു കാര്യങ്ങൾ ഈ ഗവർമെന്റ്‌ വന്നപ്പോൾ ചെയ്തു. പുതിയ ഡിപ്പാർട്ട്മെന്റുകൾ, പുതിയ ഐ.സി.യു.കൾ പുതിയ ഉപകരണങ്ങൾ, ഇതൊക്കെ തന്നെ തുടങ്ങിക്കഴിഞ്ഞു. അങ്ങനെ കോടിക്കണക്കിനു രൂപയുടെ പ്രവർത്തനമാണു മെഡിക്കൽ കോളേജുകളിൽ ചെയ്തിട്ടുള്ളത്‌. പിന്നെ ഈ വളർന്നു വന്നുകൊണ്ടിരിക്കുന്ന മെഡിക്കൽ കോളേജുകളെ സാധിക്കുന്ന വിധം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നുമുണ്ട്‌.

അപ്പോൾ ഈ പ്രവർത്തനങ്ങളൊക്കെ ഒരു മേഖലയിൽ നടക്കുന്നു. അതോടൊപ്പം തന്നെ ഇ – ഹെൽത്ത്‌ പദ്ധതി. അതൊരു പ്രസ്റ്റീജ്‌ പദ്ധതിയാണ്‌. കേന്ദ്ര ഗവർമ്മെന്റിന്റെ സപ്പോർട്ടോടു കൂടി നമുക്ക്‌ ഏഴു ജില്ലകൾക്കു വേണ്ടിയാണനുവദിച്ചത്‌. പക്ഷെ ആ തുക ഏഴു ജില്ലകൾക്ക്‌ തികയില്ല. പക്ഷെ നമ്മൾ ഈ ആർദ്രം മിഷന്റെ ഭാഗമായി ഇ – ഹെൽത്ത്‌ കുറച്ചുകൂടി വ്യാപകമാക്കാൻ ആഗ്രഹിക്കുന്നു. പൂർണ്ണമായി പണം ലഭ്യമായിട്ടില്ല. എങ്കിലും ലഭ്യമായിടത്തോളം തെരഞ്ഞെടുത്ത ആശുപത്രികളിൽ ഇ – ഹെൽത്ത്‌ സംവിധാനം ഇംപ്ലിമന്റ്‌ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. രണ്ടുമൂന്നു സ്ഥലത്തത്‌ പൂർത്തിയായി. നന്നായി നടത്തുന്നുമുണ്ട്‌ എന്നുള്ളതാണ്‌. അതിനു കുറച്ച്‌ സമയമെടുക്കും, പക്ഷേ പൂർത്തിയായാൽ ലോകത്തിനു മാതൃകയായിരിക്കും കേരളത്തിലെ ഇലക്ട്രോണിക്‌ ഹെൽത്ത്‌ രജിസ്റ്ററും ഇ – ഹെൽത്ത്‌ സിസ്റ്റവും. അപ്പൊ ആ വർക്ക്‌ നടന്നുകൊണ്ടിരിക്കയാണ്‌.

പിന്നെയൊരു സമ്പൂർണ്ണ ട്രോമ കെയർ സിസ്റ്റമുണ്ടാക്കാനുള്ള പ്രോജക്റ്റൊക്കെ ആയി. അതിന്റെ നടപടിക്രമങ്ങൾ നീങ്ങിക്കൊണ്ടിരിക്കയാണ്‌. ആംബുലൻസുകൾ, ട്രോമാ കെയർ സംവിധാനം ഹോസ്പിറ്റലുകളിൽ ലെവൽ 1, ലെവൽ 2, ലെവൽ 3 സംവിധാനത്തിലേക്ക്‌ കൊണ്ടുപോകാനും ഒക്കെയുള്ള പ്രവർത്തനങ്ങൾ, ട്രെയിനിംഗ്‌ ഒക്കെ നടന്നുകൊണ്ടിരിക്കയാണ്‌. ഒന്നു രണ്ടു കൊല്ലം കൊണ്ട്‌ നല്ലൊരു ട്രോമാ കെയർ സംവിധാനം ഉണ്ടാക്കാൻ സാധിക്കും എന്നാണു പ്രതീക്ഷിക്കുന്നത്‌. അതൊരു അഭിമാനകരമായ നേട്ടമായിട്ട്‌ മാറുമെന്നുള്ളതാണ്‌. അലോപ്പതി മേഖലയിൽ ഒരുപാട്‌ – ഇപ്പോൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസിനുള്ള ടീം ഉണ്ടാക്കി. 25ആം തീയതി അത്‌ അനൗൺസ്‌ ചെയ്തു. ക്യാൻസർ സ്ട്രാറ്റജി നമ്മൾ തയ്യാറാക്കി, അത്‌ ക്യാൻസർ സ്ട്രാറ്റജി ആൻഡ്‌ പോളിസി റിലീസ്‌ ചെയ്തു. ഇങ്ങനെ വിവിധങ്ങളായ മേഖലകളിൽ, സ്ട്രോക്ക്‌ മാനേജ്‌ മെന്റ്‌ യൂണിറ്റുകൾ, ഇതെല്ലാം തന്നെ, എല്ലാ മേഖലകളും സ്പർശ്ശിച്ചുകൊണ്ടുള്ള, ഒരു വലിയ നീക്കമാണ്‌ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നടപ്പാക്കിയത്‌.

ചോദ്യം 3:

ആയുഷ്‌ ചികിത്സാശാഖകളുടെ പുരോഗതിക്കും വ്യാപനത്തിനുമായി ഈ സർക്കാർ കൈക്കൊണ്ട നടപടികൾ എന്തൊക്കെയാണ്‌?

മറുപടി:

ആയുഷ്‌ ഡിപ്പാർട്ട്‌മന്റ്‌ പ്രത്യേക ഡിപ്പാർട്ട്മെന്റാണ്‌. 2014 മുതൽ ആയുഷ്‌ ഡിപ്പാർട്ട്‌മന്റ്‌ നിലവിൽ വന്നിട്ടുണ്ട്‌. പക്ഷെ ഈ ഗവർമ്മെന്റ്‌ അധികാരമേറ്റെടുക്കുന്ന സമയത്ത്‌ അതൊരു ചെറിയ ഡിപ്പാർട്ട്മെന്റായി ഇങ്ങനെ നിൽക്കുകയാണ്‌. വളരെ കുറഞ്ഞ ഫണ്ട്‌, ചെറിയ കുറച്ച്‌ പ്രവർത്തനങ്ങൾ – അങ്ങനെയൊക്കെ. നമ്മുടെ ഒരു ട്രഡീഷനും നമ്മുടെ കൾച്ചറൽ സമ്പത്തും ഇതൊക്കെയുണ്ട്‌ നമുക്ക്‌. ആയുഷ്‌ മേഖലയിൽ പാരമ്പര്യമായിട്ടുള്ള അറിവുകളുടെ വലിയൊരു സഞ്ചയം തന്നെ നമുക്കുണ്ട്‌. അപ്പൊ ഇതൊക്കെ നന്നായിട്ട്‌ ഉപയോഗപ്പെടുത്താൻ നമുക്ക്‌ സാധിക്കണം. അതുകൊണ്ട്‌ ആയുഷ്‌ ഡിപ്പാർട്ട്മെന്റിനെ നന്നായി വളർത്തിയെടുക്കാനുള്ള ഒരു ശ്രമം സർക്കാർ ഇപ്പോൾ തുടങ്ങിയിട്ടുണ്ട്‌.

ആർദ്ദ്രം മിഷന്റെ ഭാഗമായി ആയുഷ്‌ ആശുപത്രികളും നന്നായിട്ടൊന്ന് മെച്ചപ്പെടുത്താൻ ആലോചിക്കുകയാണ്‌. അതോടൊപ്പം തന്നെ അവ രോഗീസൗഹൃദമാക്കുന്നു, പുതിയ കെട്ടിടങ്ങളൊരുക്കുന്നു ഇതൊക്കെ ചെയ്യുന്നുണ്ട്‌. ഇതോടൊപ്പം തന്നെ പുതിയ പി.ജി കോഴ്സുകൾ ആയുർ വേദ മെഡിക്കൽ കോളേജുകളിലും ഹോമിയോപ്പതിക്‌ മെഡിക്കൽ കോളേജിലും തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരമായാലും അതുപോലെത്തന്നെ കണ്ണൂരായാലും ആയുർവ്വേദ മെഡിക്കൽ കോളേജുകളെ മെച്ചപ്പെടുത്താൻ തീരുമാനമെടുത്തിട്ടുണ്ട്‌. അതോടൊപ്പം പുതിയ പല സ്കീമുകളും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്‌. ആയുർവ്വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, നേച്ചുറോപ്പതി – ഈ മേഖലയിലെല്ലാം പുതിയ സ്ഥാപനങ്ങൾ തുടങ്ങാനും കാര്യങ്ങൾ നീക്കാനും നമുക്ക്‌ സാധിച്ചിട്ടുണ്ട്‌.

ഒരു ഇന്റർനാഷണൽ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ആയുർവ്വേദ സ്ഥാപിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. മുന്നൂറേക്കർ സ്ഥലം അക്വയർ ചെയ്തു. അതിനു ഡി.പി.ആർ പ്രിപ്പെയർ ചെയ്യുന്ന നടപടിക്രമത്തിലേക്ക്‌ നീങ്ങിയിരിക്കയാണ്‌. ഒരു കൊല്ലത്തിനുള്ളിൽ നമുക്കതിന്റെ ശിലാസ്ഥാപനം നടത്തി അതിന്റെ പ്രവർത്തനത്തിനു തുടക്കം കുറിക്കാൻ സാധിക്കും. ഈ ഗവർമ്മെന്റിന്റെ കാലയളവിൽ അതിന്റെ ഒന്നാം ഭാഗമെങ്കിലും പൂർത്തിയാക്കാൻ കഴിയണം എന്നാണു നമ്മൾ കരുതുന്നത്‌. അതിനുള്ള ഒരു പരിശ്രമം നമ്മൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. ഇങ്ങനെ ആയുഷ്‌ മേഖലയിലും വലിയ തോതിലുള്ള മുന്നേറ്റം നടക്കുകയാണ്‌.

വെൽനെസ്സ്‌ ട്രീറ്റ്‌മന്റ്‌ എന്ന നിലയിൽ നമുക്ക്‌ ചില കാര്യങ്ങൾ എടുക്കണം, ജീവിതശൈലിയൊക്കെ ആയി ബന്ധപ്പെട്ടിട്ട്‌. മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നത്‌ കണ്ടുകൊണ്ട്‌. ഫിസിക്കൽ മാത്രമല്ല, മെന്റൽ ഹെൽത്ത്‌ കൂടി ഇമ്പ്രൂവ്‌ ചെയ്യാനുള്ള നിരവധി പദ്ധതികൾ, അത്‌ അലോപ്പതിയിലുമുണ്ട്‌, ആയുഷിലുമുണ്ട്‌, മെന്റൽ ഹെൽത്ത്‌ കൂടി മെച്ചപ്പെടുത്താനുള്ള പദ്ധതികൾ, മെന്റൽ ഹെൽത്ത്‌ ആനുകാലികമായി പരിഷ്കരിക്കുക, നല്ല ട്രെയിനിംഗ്‌ കൊടുക്കുക, അതുപോലെ അസുഖം ബാധിച്ച്‌ ഭേദമായവരെ റീ ഹാബിലിറ്റേറ്റ്‌ ചെയ്യുന്ന നടപടി, ഇങ്ങനെയുള്ള കുറേ കാര്യങ്ങൾ മെന്റൽ ഹെൽത്തിന്റെ മേഖലയിൽ നടക്കുന്നുണ്ട്‌. ഇങ്ങനെ ആരോഗ്യമേഖലയെ ആകെ സമഗ്രമായി കണ്ടുകൊണ്ടുള്ള വലിയ പരിഷ്കരണങ്ങളാണു നടത്താനുദ്ദേശിക്കുന്നത്‌

ചോദ്യം 4:

കേരളത്തിലെ ശ്രീ.പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന സർക്കാർ ആയുഷ്‌ ചികിത്സാ ശാഖകളുടെ പ്രചാരണത്തിനായി വിഭാവനം ചെയ്ത ഏറ്റവും മികച്ച പദ്ധതിയായിരുന്നു ആയുഷ്‌ കോൺക്ലേവ്‌. ഒരിക്കൽ സാങ്കേതിക കാരണങ്ങളാലും പിന്നീട്‌ പ്രളയം മൂലവും മാറ്റി വെക്കേണ്ടി വന്ന ആയുഷ്‌ കോൺക്ലേവിനെക്കുറിച്ച്‌ അങ്ങയുടെ പ്രതീക്ഷകളും കാഴ്ചപ്പാടും?

മറുപടി:

ഇവിടെ നമ്മളൊരു ആയുഷ്‌ കോൺക്ലേവ്‌ നടത്താൻ തീരുമാനിച്ചിരിക്കുന്നു. പ്രളയം കാരണം കഴിഞ്ഞ തവണ നമുക്ക്‌ മാറ്റി വെക്കേണ്ടതായിട്ടു വന്നു. അത്‌ ജനുവരിയിൽ നടത്തുന്നതിനാണ്‌ ആലോചിക്കുന്നത്‌. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഡേറ്റ്‌ കിട്ടുന്ന മുറക്ക്‌ നമ്മളതിന്റെ തീയതി തീരുമാനിക്കും. അതൊരു വലിയ സംഭവമായിരിക്കും, ആയുഷ്‌ മേഖലയെ മറ്റു രാജ്യങ്ങളിലേക്കുകൂടി പ്രൊമോട്ട്‌ ചെയ്യാനുള്ള, വിവിധ രാജ്യങ്ങളുടെ പ്രതിനിധികളൊക്കെ അടങ്ങിയ, വലിയൊരു കോൺക്ലേവ്‌ ആണുദ്ദേശിക്കുന്നത്‌. അവിടെ ഒരു കൊടുക്കൽ വാങ്ങൽ – നമുക്കറിയാവുന്ന വിവരങ്ങൾ മറ്റുള്ളവർക്ക്‌ കൊടുക്കാനും മറ്റു രാജ്യങ്ങളിൽ നിന്നുള്ള അറിവുകൾ നമുക്ക്‌ ലഭ്യമാക്കാനും ഒക്കെ സഹായിക്കുന്ന വലിയ ഡിസ്കഷനൊക്കെ അവിടെ നടക്കാനിടയുണ്ട്‌. ആയുർവേദ മേഖലയിലൊക്കെ ആണെങ്കിൽ ബിസിനസ്‌ എന്ന നിലക്ക്‌ കണ്ടുകൊണ്ടു തന്നെ കുറേ കാര്യങ്ങൾ നമ്മുക്ക്‌ ചെയ്യാൻ സാധിക്കും. ടൂറിസം മേഖലയിൽ കുറേ കാര്യങ്ങൾ ചെയ്യാൻ സാധിക്കും, അതുകൊണ്ട്‌ കേരളം അർഹിക്കുന്ന രീതിയിൽ ആയുഷ്‌ ഡിപ്പാർട്ട്മെന്റിനെ വളർത്തിയെടുക്കാനും ശ്രമിക്കുന്നുണ്ട്‌.

ചോദ്യം 5:

അങ്ങ്‌ ആരോഗ്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതു മുതൽ തന്നെ ജേക്കബ്‌ വടക്കഞ്ചേരിയെയും മോഹനൻ വൈദ്യരെയും പോലുള്ളവർക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തിട്ടുണ്ട്‌. ഏറ്റവുമൊടുവിൽ എലിപ്പനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജേക്കബ്‌ വടക്കഞ്ചേരിയെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. എന്നാൽ ഇവർക്കെല്ലാമപ്പുറം ആയുഷ്‌ ചികിത്സാ ശാഖകളായ ആയുർവ്വേദവും ഹോമിയോപ്പതിയും യുനാനിയുമെല്ലാം പ്രാക്റ്റീസ്‌ ചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത നിരവധി പേർ കേരളത്തിലുണ്ട്‌, പ്രത്യേകിച്ചും മലബാർ മേഖലയിൽ. രോഗത്തെയോ മനുഷ്യശരീരത്തെയോ കുറിച്ച്‌ ഒന്നുമറിയാതെ ഡോക്ടർമ്മാരായി വിലസുന്ന ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാതെ ആരോഗ്യ മേഖലയെ ശുദ്ധീകരിക്കാൻ കഴിയുമോ? എന്തൊക്കെ നടപടികളാണു സർക്കാർ ഈ വിഷയത്തിൽ കൈക്കൊള്ളാൻ ഉദ്ദേശിക്കുന്നത്‌?

മറുപടി:

ഇതൊരു തുടക്കമാണ്‌. ഇത്‌ വളരെ വ്യാപകമായിപ്പോയി. കാരണം ആരാണ്‌ ശരിയായിട്ടുള്ള ആൾ, ആരാണു വ്യാജൻ എന്നൊന്നും തിരിച്ചറിയാൻ കഴിയാത്ത വിധം വളരെ വ്യാപകമായിപ്പോയി. അപ്പോൾ അത്‌ പരിഹരിക്കണമെങ്കിൽ നമുക്ക്‌ വളരെ ശ്രദ്ധയോടു കൂടിയ ഒരു ഇടപെടൽ ആവശ്യമാണ്‌. ഈ പറയുന്ന ആളുകൾക്കെല്ലാം കുറേ ആരാധകരുണ്ട്‌. അവരുടെ ചികിത്സ കൊണ്ട്‌ രോഗം ഭേദമായി എന്ന് വിഡീസിക്കുന്നവരുണ്ട്‌. അതേ സമയത്ത്‌ അവരുടെ ചികിത്സ കൊണ്ട്‌ കരൾ പോയി, കിഡ്നി പോയി എന്ന് എന്നൊക്കെ പറയുന്ന ആളുകളുണ്ട്‌. ഇതിന്റെ എല്ലാം ഇടയിലാണു നമ്മൾ നോക്കേണ്ടത്‌.

ആയുർ വേദത്തെയൊക്കെ സംബന്ധിച്ചിടത്തോളം വ്യക്തമായ രജിസ്റ്റ്രേഷൻ – വിവിധ കാര്യങ്ങളുണ്ട്‌, പാരമ്പര്യമായ അറിവുകളുള്ളവർ, ഒറ്റമൂലികളൊക്കെ, ആദിവാസികൾക്കിടയിലുണ്ട്‌. അതുപോലെ ട്രഡീഷണൽ നോളജ്‌ ഉള്ള ഹിന്ദു – മുസ്ലിം – ക്രിസ്ത്യൻ വിഭാഗത്തിലുള്ള വൈദ്യന്മാരുണ്ട്‌. അവരെയെല്ലാം ഒറ്റയടിക്ക്‌ നമുക്ക്‌ നിഷേധിക്കാൻ പറ്റില്ല. പക്ഷെ അവരിൽനിന്നെല്ലാം അറിവ്‌ പകർന്നു കിട്ടിയതാണെന്ന വ്യാജേന യാതൊരു തരത്തിലുള്ള ഉൾക്കാമ്പുമില്ലാത്ത ഒരുപാടാളുകൾ – ഇപ്പൊ മോഹനന്റെയൊക്കെപ്പോലുള്ള ആളുകൾ – എന്തു വേണമെങ്കിലും പറയാം, ട്രഡീഷണൽ ആയി അറിവ്‌ പകർന്നുകിട്ടിയ വൈദ്യന്മാരൊന്നും ഈ വവ്വാലു കടിച്ച പേരക്ക കഴിച്ചാലോ മാമ്പഴം കഴിച്ചാലോ നിപ്പ വരില്ല എന്നൊന്നും.പറയില്ല. അതുപോലെ പ്രതിരോധ കുത്തിവെപ്പിനെതിരെ ട്രഡീഷണൽ വൈദ്യന്മാരൊന്നും പറഞ്ഞിട്ടില്ല. ഇഷ്ടം പോലെ പാരമ്പര്യ വൈദ്യന്മാരൊക്കെ ഉള്ളതാണു കേരളത്തിൽ. അവരാരും അങ്ങനെ പ്രതിരോധ കുത്തിവെപ്പിനെതിരെ പറഞ്ഞിട്ടില്ല. പ്രതിരോധപ്രവർത്തനങ്ങളിലൊക്കെ സഹായിച്ചിട്ടേ ഉള്ളൂ.

അപ്പോൾ ഇങ്ങനെയെല്ലാം പറഞ്ഞു നടക്കുന്നത്‌ വ്യാജബൊധമുള്ളവരാണ്‌. അതാണു വടക്കഞ്ചേരിയൊക്കെ. അതുകൊണ്ടാണു വടക്കഞ്ചേരിക്കെതിരെ കേസെടുക്കേണ്ടതായി വന്നിട്ടുള്ളത്‌. ഒരു ടെസ്റ്റ്‌ ഡോസ്‌ എന്ന് നമുക്ക്‌ പറയാം. ഒറ്റയടിക്ക്‌ ചെന്നിട്ട്‌ എല്ലാവർക്കെതിരെയും കേസെടുക്കാനും പറ്റില്ല. കാരണം അവരങ്ങനെ പറഞ്ഞെന്നും അവർ പറഞ്ഞതിനു മോശമായ ഇമ്പാക്റ്റ്‌ സമൂഹത്തിൽ ഉണ്ടായെന്നും നമുക്ക്‌ തെളിയിക്കാനും പറ്റണം. അത്തരമൊരു ഘട്ടത്തിൽ മാത്രമേ അവരെ പിടികൂടാൻ സാധിക്കുകയുള്ളൂ. മോഹനനെതിരായിട്ട്‌ ഒരുപാടു പരാതി കിട്ടിയിട്ടുണ്ടായിരുന്നു. അതുപോലെ വടക്കാഞ്ചേരിക്കെതിരെയും ഇതുപോലെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. പിന്നെ വടക്കാഞ്ചേരി പരസ്യമായി വെല്ലുവിളിക്കുകയുണ്ടായി, പ്രതിരോധത്തിനൊക്കെ എതിരായിട്ട്‌. അപ്പൊ അതു വെച്ചിട്ട്‌ നമുക്ക്‌ അവരുടെ പേരിൽ കേസെടുക്കാൻ സാധിച്ചു.

എന്നാലും നിയമത്തിന്റെ വകുപ്പുകളിലൊക്കെ ധാരാളം പഴുതുകളുണ്ട്‌, ആളുകൾ രക്ഷപ്പെട്ടുപോകും, പക്ഷെ സമൂഹത്തിനൊരു മെസേജാണ്‌. അതായത്‌ ഈ ചികിത്സ ശാരീരിക – മാനസിക സ്വാസ്ഥ്യമുണ്ടാവാനാണ്‌. അത്‌ ഏതെങ്കിലും തരത്തിൽ – ഇപ്പോൾ മോഹനൻ ചികിത്സ ഒരു കുട്ടിയുടെ കഥ എനിക്കറിയാമായിരുന്നു. എന്റെ നാട്ടിൽ എപ്പിഡർമോലൈസിസ്‌ ബുള്ളോസ വന്നിട്ടുള്ള ഒരു കുട്ടി അലോപ്പതി ട്രീറ്റ്‌മന്റ്‌ എടുത്തുകൊണ്ടിരിക്കയായിരുന്നു. ആരോ പറഞ്ഞു ഇയാളുടെ അടുത്ത്‌ എല്ലാറ്റിനും മരുന്നുണ്ടെന്ന്. ഇയാളുടെ അടുത്ത്‌ ചെന്നു, ഇയാൾ മരുന്നും കൊടുത്തു. ഞാനൊരു ദിവസം ആ കുഞ്ഞിനെ സന്ദർ ശിക്കാൻ പോയി. അവിടെ ചെല്ലുന്ന സമയത്ത്‌ കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു, ഇപ്പോൾ നല്ല വ്യത്യാസമുണ്ട്, മോഹനൻ വൈദ്യരുടെ ചികിത്സയിലാണെന്ന്. എനിക്കൊന്നും പറയാൻ കഴിയില്ലല്ലൊ. കാരണം ഈ വിഷമം കാണുമ്പോൾ, മേലാകെ പൊള്ള വന്ന് തൊലിയിളകിപ്പോയ ഒരു കുട്ടിയുടെ ധർമസങ്കടം കാണുമ്പൊ, ഈ ആളുടെ മരുന്നു കഴിച്ചിട്ടൽപം ആശ്വാസമുണ്ടെന്ന് പറയുമ്പോൾ അത്‌ ശരിയല്ല, വ്യാജവൈദ്യരാണെന്ന് ഞാൻ പറഞ്ഞാൽ, അവർക്കാകെ മനപ്രയാസമാകും.

അപ്പോൾ ഞാൻ പറഞ്ഞു, ശ്രദ്ധിക്കണം, സൂക്ഷിച്ചേ അവിടെയൊക്കെ പോകാവൂ. അയാളൊരു വ്യാജനാണ്‌. അത്‌ പറയാതിരിക്കാൻ എനിക്ക്‌ പറ്റില്ലല്ലോ. അപ്പോൾ അവർ പറഞ്ഞു, പുണ്ണെല്ലാം.കരിഞ്ഞതുപോലെയുണ്ട്‌ ഈ മരുന്ന് കഴിച്ച്‌, ഉണങ്ങിയപോലുണ്ട്‌, ഇതുവരെ അങ്ങനെ ഉണക്കം കണ്ടിട്ടില്ല എന്ന്. എന്നാൽ അതുകഴിഞ്ഞ്‌ കുറച്ചു കഴിഞ്ഞപ്പോൾ ഈ കുട്ടിക്ക്‌ വളരെ കൂടുതലായി. സാധാരണ ഗതിയിൽ വായിലൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടിക്ക്‌ ഭക്ഷണം കഴിക്കാൻ പറ്റാത്ത വിധം തൊണ്ടയിലൊക്കെ വ്രണമായി. കൂടുതലായിട്ട്‌ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. കുട്ടി മരിച്ചുപോയി. എപ്പിഡർമോലൈസിസ്‌ ബുള്ളോസ വന്നാൽ ജീവിച്ചിരിക്കണമെന്നില്ല. ഈ മരുന്നു കൊടുത്തിട്ടില്ലെങ്കിലും.ചിലപ്പോൾ കുറച്ചുകഴിഞ്ഞാൽ കൂടിയേക്കാം. പക്ഷെ അലോപ്പതിയിൽ ഇന്ന് നിലവിലുള്ള പ്രതിരോധം ഉപയോഗപ്പെടുത്തിക്കൊണ്ട്‌, ഭക്ഷണം കഴിക്കാവുന്ന രീതിയിലൊക്കെ ഇങ്ങനെ നിൽക്കുമ്പോഴാണ്‌ ഈ മരുന്നുപയോഗിച്ച്‌, മറ്റു മരുന്നൊക്കെ നിർത്തി, പെട്ടെന്നു തന്നെ ഒരു അപകടാവസ്ഥയിലേക്ക്‌ പോയത്‌.

അതുപോലെ മറ്റൊരാൾ ഇങ്ങനെ കിഡ്നിക്ക്‌ ബുദ്ധിമുട്ട്‌ വന്നതായിട്ട്‌ ഒരു കത്തയച്ചിരുന്നു എനിക്ക്‌. ഇയാളുടെ ചികിത്സ കാരണം കിഡ്നി തകരാറിലായിപ്പോയെന്ന് പറഞ്ഞിട്ട്‌. അതെല്ലാം അനുഭവത്തിൽ ഉള്ളതാണ്‌. അത്തരം കാര്യങ്ങൾ വന്നുകൂടാ. അറിവില്ലാത്ത കാര്യങ്ങൾ ഒരിക്കലും പറയരുത്‌, അയാൾക്ക്‌ പരിമിതമായിട്ടെന്തെങ്കിലും ധാരണയുണ്ടെങ്കിൽ. ഇപ്പൊ ചിലയിടത്ത്‌ ഈ തീപ്പൊള്ളലൊക്കെ വന്നാൽ ഉണങ്ങാനുള്ള തൈലമൊക്കെ ഉണ്ടാക്കുന്നുണ്ട്‌. എന്റെ നാട്ടിൽ ഒരാളുണ്ടങ്ങനെ. അയാൾ അതുമാത്രമേ ചെയ്യുന്നുള്ളൂ. അയാളെ നമ്മളാരും ഉപദ്രവിക്കാൻ പോകുന്നില്ല. എന്നാൽ സർവ്വരോഗത്തിനും കാൻസറിനുമൊക്കെ ചികിത്സിക്കാൻ പുറപ്പെട്ടാൽ അത്‌ ശരിയാവില്ല. നേരത്തെ പറഞ്ഞ എണ്ണ ഉപയോഗിച്ച്‌ ആർക്കും ഇൻഫെക്ഷനൊന്നും വന്നിട്ടില്ല. അത്തരം കാര്യങ്ങളൊന്നും നമ്മൾ പാടെ തള്ളിക്കളയുന്നില്ല. പക്ഷെ ഇങ്ങനെ പുറമേ പുരട്ടാനുള്ളതൊക്കെയല്ലാതെ ഉള്ളിൽ കഴിക്കാൻ മരുന്നു കൊടുക്കുക, രോഗമെന്തെന്ന് ഡയഗ്നോസ്‌ ചെയ്യാതെ ചികിത്സിക്കുക, ഇതൊന്നും നമുക്ക്‌ അനുവദിക്കാൻ കഴിയാത്ത കാര്യമാണ്‌.

ചോദ്യം 6:

അങ്ങയുടെ മികച്ച നേതൃത്വത്തിനു കീഴിൽ കേരളം മറികടന്ന ഒരു വൻ ഭീഷണിയായിരുന്നു നിപ്പ വൈറസ്‌ ബാധ. അത് സംബന്ധിച്ച്‌ ഹോമിയോപ്പതി മേഖലയുമായി ബന്ധപ്പെട്ട്‌ ചില വിവാദങ്ങൾ ഉയർന്നിരുന്നു. വിവിധ ചികിത്സാ ശാഖകളിലെ ഡോക്ടർമാർ തമ്മിൽ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ആരോപണ – പ്രത്യാരോപണങ്ങളെ സർക്കാർ എങ്ങനെ കാണുന്നു?

മറുപടി:

വളരെ വ്യക്തമായിട്ട്‌ സർക്കാരിന്റെ നിലപാട്‌ പറഞ്ഞിട്ടുണ്ട്‌. അതായത്‌ പെട്ടെന്നൊരു കാഷ്വാലിറ്റി ഉണ്ടായാൽ, പെട്ടെന്ന് ഏതെങ്കിലും തരത്തിലുള്ള ഒരു എപ്പിഡെമിക്‌ ഔട്ട്‌ ബ്രേക്ക്‌ ഒക്കെ ഉണ്ടായാൽ അവിടെ നമുക്ക്‌ സാവകാശമുള്ളൊരു മാറ്റത്തിനു നിൽക്കാൻ പറ്റില്ല. അലോപ്പതിയെ സംബന്ധിച്ചിടത്തോളം വളരെ പെട്ടെന്നൊരു പ്രതിരോധം സാദ്ധ്യമാണ്‌. ഹോമിയോപ്പതിയിലും ആയുർവേദത്തിലും ഇത്തിരി സമയമെടുത്തുകൊണ്ടുള്ള ഒരു ക്യുവർ – ക്യുവർ ചെയ്യുന്നത്‌ അങ്ങനെയാണ്‌. പക്ഷെ ഒരു ഡിഫ്തീരിയ ഔട്ട്‌ ബ്രേക്ക്‌ ഉണ്ടായി എങ്കിൽ നമ്മൾ അതിന്റെ മരുന്നും ഇഞ്ചക്ഷനുമൊക്കെയായി എങ്ങനെയാണു അത്‌ ക്യുവർ ചെയ്യുക എന്ന് – അത്‌ അലോപ്പതിയിലാണ്‌ – പെട്ടെന്നുള്ള നടപടി വരുന്നത്‌. അവിടെ നമ്മൾ ആയുർവേദ അരിഷ്ടവും കഷായവുമൊക്കെ കൊടുത്ത്‌ ഡിഫ്തീരിയ ക്യുവർ ചെയ്യാൻ ശ്രമിക്കുന്നത്‌ ഒരു ഭാഗ്യപരീക്ഷണമാകും ചിലപ്പോൾ. മരുന്നുണ്ടാവാം, പക്ഷെ സാവകാശത്തിലുള്ള ഒരു ഇഫക്റ്റാണുണ്ടാവുക, ഔട്ട്‌ ബ്രേക്ക്‌ ഉള്ള സ്ഥലത്ത്‌ ഒരിക്കലും അത്തരം പരീക്ഷണത്തിനു നിൽക്കരുത്‌ എന്നു പറഞ്ഞിട്ടുണ്ട്‌. മലപ്പുറത്ത്‌ ഡിഫ്തീരിയ ഔട്ട്‌ ബ്രേക്ക്‌ ഉണ്ടായപ്പോൾ വളരെ പെട്ടെന്ന് അവിടെ ചെന്ന് ഇടപെട്ടു, മരുന്നുകൾ എത്തിച്ചു, അതുപോലെ ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ്‌ എടുക്കാൻ വ്യാപകമായി പ്രേരിപ്പിച്ചു. അങ്ങനെ കുത്തിവെപ്പെടുക്കുമ്പോഴാണു വടക്കഞ്ചേരി പറഞ്ഞത്‌, കുത്തിവെപ്പൊന്നും എടുക്കാൻ പാടില്ല എന്ന്. അങ്ങനെ പറഞ്ഞ്‌ പ്രചാരണം നടത്തിയത്‌. അത്‌ പറ്റില്ല. അതുപോലെത്തന്നെ ഹോമിയോപ്പതി വിഭാഗം ഞങ്ങൾ മരുന്നുകൊണ്ട്‌ മാറ്റിക്കോളും, കുത്തിവെപ്പൊന്നും പറ്റില്ല എന്നു പറഞ്ഞാൽ അത്‌ സമ്മതിക്കാൻ പറ്റില്ല. അതുകൊണ്ട്‌ ഞാൻ ഹോമിയോ വിഭാഗത്തിനോടുതന്നെ പറഞ്ഞിട്ടുണ്ട്‌, ഈ പ്രതിരോധ കുത്തിവെപ്പുകളുടെ നടപടികൾ തടസപ്പെടുത്തരുതെന്ന്, നിപ്പയുടെ സമയത്തും ഹോമിയോ ഡോക്ടർമാർ എന്റെയടുത്ത്‌ വന്നിരുന്നു. അവരോട്‌ ഞാൻ പറഞ്ഞു, നിപ്പ കോൺടാക്റ്റ്‌ ലിസ്റ്റിൽ ഉള്ള ആർക്കും നിങ്ങൾ ഇപ്പോൾ ചികിത്സിക്കേണ്ട. കാരണം, നിപ്പക്ക്‌ അലോപ്പതിയിലും ഔഷധമൊന്നും കണ്ടുപിടിച്ചിട്ടില്ല. പക്ഷെ ആകെ ഇന്ന് ലോകത്ത്‌ ഉപയോഗിക്കുന്നത്‌ റിബവെറിൻ ടാബ്ലറ്റ്‌ ആണ്‌. അതൊരു 40 – 45 ശതമാനം ഇഫക്റ്റ്‌ ഉള്ളതാണ്‌. അത്‌ തെളിയിക്കപ്പെട്ടതാണ്‌. അപ്പൊ അത്‌ വെച്ച്‌ നമുക്ക്‌ ട്രീറ്റ്‌മെന്റ്‌ എടുക്കുന്നുണ്ട്‌. അതിനു വെളിയിൽ ഹോമിയോമരുന്നുണ്ടെങ്കിൽ കൊടുക്കാം. പക്ഷെ നിപ്പ അഫക്റ്റഡ്‌ ഏരിയയിൽ വേണ്ട എന്ന് പറഞ്ഞു, കാരണം അതൊരു ഭാഗ്യ പരീക്ഷണത്തിന്റെ സമയമല്ല നമുക്ക്‌. ഒരു പ്രോട്ടോക്കോൾ അനുസരിച്ചുള്ള ട്രീറ്റ്‌മെന്റ്‌ നടത്തുകയാണ്‌.

ചോദ്യം 7:

ആയുഷ്‌ വിഭാഗത്തിലെ ചികിത്സാശാഖകളായ സിദ്ധ, യോഗ & നാച്ചുറോപ്പതി, യുനാനി തുടങ്ങിയവക്ക്‌ കേരളത്തിൽ സർക്കാർ തലത്തിൽ മെഡിക്കൽ കോളേജുകളില്ല. ഇത്‌ പരിഹരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ? കൂടാതെ ഈ വിഭാഗങ്ങളിൽ സർക്കാർ തലത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ വരേണ്ടിയിരികുന്നു. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ കൂടുതൽ ആയുഷ്‌ സ്ഥാപനങ്ങൾ ആരംഭിക്കുമോ?

മറുപടി:

കേരളത്തെ ഇപ്പോൾ സമ്പൂർണ ആയുർവേദ ഗ്രാമമായി മാറ്റിയിട്ടുണ്ട്‌. കാരണം ഈ സർക്കാർ വരുമ്പോൾ നാലു പഞ്ചായത്തിലേ ആയുർവ്വേദ ഡിസ്പെൻസറി ഇല്ലാത്തത്‌ ഉണ്ടായിരുന്നുള്ളൂ. ആ നാലിടത്തും സ്റ്റാർട്ട്‌ ചെയ്തു. ഇപ്പോൾ പൂർണമായിട്ടും എല്ലാ പഞ്ചായത്തിലും ആയുർവേദ ആശുപത്രിയോ ഡിസ്പെൻസറിയോ ഉണ്ട്‌. 49 ഇടത്തുകൂടി ഹോമിയോ തുടങ്ങിയാലേ നമുക്ക്‌ പൂർത്തിയാക്കാൻ കഴിയുമായിരുന്നുള്ളൂ. അതിൽ പത്തെണ്ണം ഈ വർഷം തുടങ്ങുകയാണ്‌. ബാക്കിയുള്ളത്‌ അനുവാദം ചോദിച്ച്‌ കാത്തിരിക്കയാണ്‌. പിന്നെ സിദ്ധയൊന്നും എല്ലാ പഞ്ചായത്തിലുമില്ല, എന്നാലും ഇത്തിരി വ്യാപിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്‌. യുനാനി വളരെ അപൂർവ്വമാണ്‌. ഒരു യുനാനി ഇൻസ്റ്റിറ്റ്യൂട്ട്‌ കണ്ണൂർ ജില്ലയിൽ സ്ഥാപിക്കാനുള്ള അനുവാദം കിട്ടിയിട്ടുണ്ട്‌. അത്‌ സ്ഥലമൊക്കെ കണ്ട്‌ ഉദ്ഘാടന തീയതി നിശ്ചയിച്ചതായിരുന്നു. പക്ഷെ ഫ്ലഡ്‌ കാരണം മാറ്റിവെച്ചു. ഏതായാലും തൊട്ടടുത്ത്‌ കേന്ദ്രമന്ത്രി വന്ന് അതിന്റെ ഉദ്ഘാടനം വ്യാപിപ്പിക്കാൻ സാധിക്കും. യോഗ്യ വ്യാപകമായിട്ട്‌ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. Even ഫാമിലി ഹെൽത്ത്‌ സെന്ററുകളിൽ, അലോപ്പതി ഹോസ്പിറ്റലുകളിൽ, പ്രൈമറി ഹെൽത്ത്‌ സെന്ററുകളിൽ യോഗാ സെന്റർ തുടങ്ങുന്നുണ്ട്‌. ഇപ്പോൾ ഉദ്ഘാടനം ചെയ്ത ഫാമിലി ഹെൽത്ത്‌ സെന്ററുകളിലൊക്കെ തന്നെ യോഗാ സെന്റർ കൂടി ആരംഭിച്ചിട്ടുണ്ട്‌.

ചോദ്യം 8:

ഹോമിയോപ്പതി മരുന്നുകൾ കഴിക്കരുതെന്നും ഹോമിയോപ്പതി നിരോധിക്കണമെന്നും ആവശ്യപ്പെട്ട്‌ ഐ.എം.എ. പ്രസ്താവനകൾ ഇറക്കുകയും പ്രധാനമന്ത്രിക്ക്‌ നിവേദനം നൽകുകയും ചെയ്തു. സർക്കാർ അംഗീകരിച്ച, സർക്കാർ മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്ന, സർക്കാർ ആശുപത്രികളിൽ ചികിത്സിക്കുന്ന ഒരു ചികിത്സാരീതിക്കെതിരെ ഇത്തരത്തിൽ പൊള്ളയായ പ്രചാരണം നടത്തി സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതിനെക്കുറിച്ച്‌ ആരോഗ്യവകുപ്പിന്റെ നിലപാടെന്താണ്‌?

മറുപടി:

ഐ.എം.എ. ബാലിശമായിട്ട്‌ പറയുകയാണ്‌. ആ കാര്യത്തിൽ ഐ.എം.എ.യോടെനിക്ക്‌ യോജിപ്പില്ല. ഞാനത്‌ പറഞ്ഞിട്ടുമുണ്ട്‌. ഐ.എം.എ.യുടെ സുൽഫി ഡോക്ടറോ മറ്റോ ഒരു കത്തൊക്കെ അയച്ചു എന്നാണറിഞ്ഞത്‌. ഒരിക്കലും പാടില്ലാത്തതാണത്‌. കാരണം ഇവിടെ ഹോമിയോ നിരോധിച്ചതല്ല, ഗവർമ്മെന്റ്‌ അംഗീകരിക്കുന്ന ഒരു ചികിത്സാശാഖയാണ്‌. ഹോമിയോയിൽ തന്നെ പുതിയതായി ഇപ്പൊ, ഹോമിയോയിൽ ക്യാൻസർ ട്രീറ്റ്മെന്റിനു – ക്യാൻസറിനു പരിഹാരമായിട്ട്‌ – വണ്ടൂരിലുണ്ട്‌. പിന്നെ മെന്റൽ ഹെൽത്തിന്റെ കാര്യത്തിൽ കോട്ടയത്തുണ്ട്‌, അതുപോലെത്തന്നെ ഇൻഫർട്ടിലിറ്റി ട്രീറ്റ്മെന്റിന്റെ നല്ലൊരു സ്ഥാപനം കണ്ണൂരുണ്ട്‌, തൈറോയ്‌ഡിന്റെ ഇവിടെ കൊല്ലത്തുണ്ട്‌, അതൊക്കെ ധാരാളം ആളുകളാശ്രയിക്കുന്നുണ്ട്‌. ചിലർ നല്ല റിസൽട്ടും പറയുന്നുണ്ട്‌. അപ്പൊ ഹോമിയോ ഇവിടെ അനുവദനീയമായ ചികിത്സാരീതിയാണ്‌. അതുകൊണ്ട്‌ ഹോമിയോ നിരോധിക്കണം എന്നൊന്നും പറയുന്നത്‌ ശരിയല്ല. അതിനു ഉപോൽബലകമായ ഗുരുതരമായ പ്രത്യാഘാതങ്ങളോ മറ്റോ രേഖപ്പെടുത്തിയിട്ട്‌ നിരോധിക്കണം എന്നൊക്കെ പറഞ്ഞാൽ നമുക്ക്‌ പരിശോധിക്കാം. അല്ലാതെ ഇവിടെ യഥാർത്ഥത്തിൽ ഹോമിയോ നിരോധിക്കപ്പെടേണ്ടതല്ല.

പിന്നെ നേരത്തെപ്പോലത്തെ നിയന്ത്രണം ഉണ്ടാവണമെന്നാണ്‌. അതായത്‌ എല്ലായിടത്തും എല്ലാവരും എന്ന നിലയെടുക്കരുത്‌. ഓരോരുത്തർക്കും സാദ്ധ്യമാകുന്ന ഒരു സർക്കിളുണ്ട്‌. ആ സർക്കിളിലൊതുങ്ങി അത്‌ വികസിപ്പിക്കാനാണു നോക്കേണ്ടത്‌. ആളുകളുടെ ആരോഗ്യമാണു നമ്മുടെ പ്രധാനപ്പെട്ട പ്രശ്നം. അത്‌ ഹോമിയോ ആയാലും ആയുർവേദമായാലും എന്തായാലും. അപ്പൊ ഒരു പ്രത്യേക വിഭാഗം എല്ലാം ചെയ്യുന്നു, വലിയ സീരിയസ്‌ സർജ്ജറിയടക്കം ചെയ്യുന്നു. ഉടനെതന്നെ മറ്റേ വിഭാഗവും ഹാർട്ട്‌ ഓപ്പറേഷൻ ചെയ്യുമെന്ന് പറഞ്ഞ്‌ പുറപ്പെടേണ്ട കാര്യമില്ല. ഓരോരുത്തർക്കും അവരുടെ മേഖലയുണ്ട്‌. അത്‌ വെച്ചിട്ട്‌ ചെയ്യണം. അപ്പൊ അതിനെതിരായിട്ട്‌ അത്‌ നിരോധിക്കണം എന്നൊക്കെ പറയുന്നത്‌ ഒരു ശരിയായ രീതിയല്ല.

ചോദ്യം 9:

നിലവിലെ ചികിത്സാ സംവിധാനങ്ങൾക്കും സൗകര്യങ്ങൾക്കും അപ്പുറം കേരളത്തിന്റെ നിലവിലെ ജനസാന്ദ്രതയും പരിസര മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും നിയന്ത്രിക്കാൻ ഒരു പുതിയ ആരോഗ്യ സംസ്കാരം വളർന്നു വന്നേ തീരൂ. ഇതിനായുള്ള ശ്രമങ്ങൾ വിദ്യാലയങ്ങളിൽ നിന്നു തന്നെ തുടങ്ങണം. ആരോഗ്യ വകുപ്പു മന്ത്രി എന്ന നിലയിൽ കേരളത്തിലെ ജനങ്ങളോടും വിദ്യാർത്ഥികളോടും ആരോഗ്യമേഖലയിലെ ഡോക്ടർമ്മാരും വിദ്യാർത്ഥികളും ജീവനക്കരുമടക്കമുള്ള ആരോഗ്യപ്രവർത്തകരോടും അങ്ങേക്ക്‌ നൽകാനുള്ള സന്ദേശമെന്താണ്‌?

മറുപടി:

വളരെ വിപുലമായിട്ടുള്ള ക്യാമ്പെയിൻ നമ്മൾ നടത്തുകയാണ്‌. ഇപ്പൊ ഒരു ഭാഗത്ത്‌ ആരോഗ്യമേഖലയിൽ ഇടപെട്ട്‌ നടത്തുന്ന പ്രവർത്തനങ്ങൾ, രോഗപ്രതിരോധത്തിനുള്ള ജീവിതശൈലി സ്വീകരിക്കണമെന്നുള്ളത്‌. ഫൂഡ്‌ സേഫ്റ്റിയുടെ ഭാഗമായി സെൻട്രൽ ഗവർമ്മെന്റിന്റെ കൂടെ ഉള്ള ഒരു സ്ലോഗനാണ്‌ Eat Safe – Eat Healthy – അത്‌ നമ്മൾ പറയുകയാണ്‌. നമ്മളിപ്പോൾ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ഭാഗമായിരുന്നുകൊണ്ട്‌ കേരളത്തിലെ മുഴുവൻ ഗ്രാമങ്ങളെയും ഭക്ഷ്യസുരക്ഷാ ഗ്രാമമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്‌. അവിടെ ശുദ്ധജലമുണ്ടോയെന്ന് പരിശോധിക്കുക, അവിടുത്തെ ഭക്ഷണസാധനങ്ങൾ, പോഷകാഹാരം, നാട്ടിൽ കിട്ടുന്നത്‌, ഇപ്പൊ സാധാരണക്കാരോട്‌ പോയി നിങ്ങൾ പോഷകാംശത്തിനു വലിയ വില കൊടുത്തിത്‌ വാങ്ങിക്കഴിക്കണം എന്നൊന്നും പറയാൻ പറ്റില്ല, നമ്മുടെ നാട്ടിൽ കിട്ടുന്ന നല്ല സാധനങ്ങൾ അവർക്ക്‌ അഫോർഡബിൾ ആകുന്ന രീതിയിൽ വരുമാനത്തിനനുസരിച്ച്‌ ശരീരത്തിൽ പോകാൻ, അതായത്‌ ഈ ജങ്ക്‌ ഫുഡ്സ്‌ ഒന്നും അധികം കഴിക്കാതിരിക്കുക, ശരീരത്തിനു ഹാനികരമാകുന്ന ഫുഡ്സ്‌ ഉപേക്ഷിക്കുക, അങ്ങനെ ആഹാരം മനുഷ്യന്റെ ആരോഗ്യത്തിനാണ്‌ എന്നൊരു സന്ദേശമെത്തിക്കുകയാണ്‌. ഇത്‌ സ്കൂളുകളിലുണ്ട്‌, ഗ്രാമങ്ങളിലുണ്ട്‌. ആരോഗ്യവകുപ്പ്‌ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ഉപയോഗപ്പെടുത്തി നടത്തുകയാണ്‌. നല്ല പ്രചരണമാണീ മേഖലയിൽ നടത്തുന്നത്‌.

ആയുഷ്‌ വിഭാഗത്തിൽ ആയുർവേദം.ദിനചര്യ, ഹൃതുചര്യ ഇവയിലൂന്നിയതാണ്‌. ആ ചര്യകൾ പാലിക്കാൻ കൂടുതൽ ആളുകൾ മുന്നോട്ടു വരിക, അങ്ങനെ വന്നുകഴിഞ്ഞാൽ നമുക്കീ പൊണ്ണത്തടി, അതുപോലെ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ, കൊളസ്ട്രോൾ ഇതെല്ലാം തന്നെ കുറച്ചുകൊണ്ടുവരാൻ സാധിക്കും. ആഹാരരീതി ഒരു പ്രധാന ഘടകമാണ്‌. അതുകൊണ്ട്‌ നമ്മുടെ ആഹാരരീതിയിൽ നല്ല പരിഷ്കരണം വരുത്തണം. അനാവശ്യമായി മരുന്നുകഴിക്കുന്ന സ്വഭാവം അവസാനിപ്പിക്കണം, രോഗം ഡയഗ്നോസ് ചെയ്തിട്ട്‌ മരുന്നു കഴിക്കണം. അല്ലാത്തപ്പോൾ കഴിക്കേണ്ടത്‌ പോഷകാഹാരമാണ്‌. മെഡിസിനല്ല, പിന്നെ Early Detection വളരെ പ്രധാനപ്പെട്ടതാണ്‌. രോഗം ഏറ്റവുമാദ്യം കണ്ടുപിടിക്കുക, ചികിത്സിക്കുക, ഇങ്ങനെ വിവിധ മുഖങ്ങളിലാണ്‌ ഈ പ്രവർത്തനം നടത്താൻ ഉദ്ദേശിക്കുന്നത്‌.

ഏറെ തിരക്കിനിടയിലും വിലയേറിയ സമയം ഞങ്ങൾക്കായി അനുവദിച്ചു തന്ന, കേരളത്തിന്റെ ആരോഗ്യ മേഖലയെക്കുറിച്ച് ലളിതവും സമഗ്രവുമായി വിശദീകരിച്ച ബഹുമാന്യയായ ടീച്ചർക്ക് ഭാവുകങ്ങൾ നേരുന്നു. നന്ദി.

തയ്യാറാക്കിയത്:
ഡോ.കെ.ജി. വിശ്വനാഥൻ
ഡോ.രാഹുൽ രഘു.
ഡോ.ശില്പ സത്യാനന്ദൻ
ഡോ.അർച്ചന ചന്ദ്രൻ.

2,798 Comments

 1. ഷൈലജ ടീച്ചർ നന്നായി മറുപടി പറഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ ഡോ.രതീഷ്

 2. You are so awesome! I don’t believe I’ve read
  through something like that before. So good to discover someone with original thoughts on this topic.
  Really.. thank you for starting this up. This website is something that’s needed on the internet, someone with a little
  originality!

 3. I am not sure where you are getting your information, but great topic.
  I needs to spend some time learning much more or understanding more.
  Thanks for magnificent info I was looking for this information for my mission.