കൊളസ്ട്രോളും ഭക്ഷണ രീതികളും

ഇന്നുള്ള പല ജീവിതശൈലീരോഗങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ അഥവാ hyperlipidemia.

ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാക്കുന്ന വില്ലൻ തന്നെയാണിവൻ. ആൺപെൺ ഭേദമെന്യേ 30 കഴിഞ്ഞ ഏതൊരാൾക്കും കൊളസ്ട്രോൾ വരാം. കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ സാധ്യത കൂടുതൽ ആണ്. അത് കൊണ്ട് തന്നെ മധ്യവയസടുക്കുന്ന ഏതൊരാളും വർഷത്തിൽ ഒരിക്കലെങ്കിലും രക്തപരിശോധന നടത്തി കൊളസ്ട്രോൾ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൊളസ്ട്രോൾ രോഗികൾ മൂന്ന് മാസത്തിൽ ഒരിക്കൽ പരിശോധന നടത്തി അളവുകൾ താരതമ്യം ചെയ്യേണ്ടതാണ്. മരുന്നുകൾ കഴിച്ചിട്ടും കൊളസ്ട്രോൾ നില താഴാതെ നിൽക്കുന്നുവെങ്കിൽ കൂടുതൽ പരിശോധനകൾ ആവശ്യമായി വരാം. 5 വർഷത്തിൽ കൂടുതലായി മരുന്ന് കഴിക്കുന്നവർ LFT (കരളിൻ്റെ പ്രവർത്തന പരിശോധന), രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ്, ബ്ലഡ്‌ പ്രഷർ എന്നിവ മൂന്ന് മാസത്തിൽ ഒരിക്കൽ തീർച്ചയായും പരിശോധിപ്പിക്കേണ്ടതാണ്.

കൊളസ്ട്രോൾ ഉള്ള ആളുകൾ ഭക്ഷണ കാര്യത്തിൽ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷണസാധനങ്ങൾ പൂർണമായി ഒഴിവാക്കിയും മറ്റ് ചിലതു ഉൾപ്പെടുത്തിയും ഒരു diet plan തയ്യാറാക്കുന്നത് വളരെ അധികം സഹായകമാവും.

  1. പൂർണ്ണമായും ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങൾ –
    ജങ്ക് ഫുഡ്സ് , കാർബോണേറ്റഡ് പാനീയങ്ങൾ, നെയ്യ്, വെണ്ണ, ചീസ്, പാക്കറ്റിൽ കിട്ടുന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർഥങ്ങൾ, പുറത്തുനിന്നുമുള്ള  ബർഗറുകൾ, സാൻവിച്ചുകൾ എന്നിവ പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുക.
  2. മിതമായി കഴിക്കാവുന്നവ –
    ചുമന്ന മാംസങ്ങളായ  beef, mutton (മാസത്തിൽ ഒരു തവണ), മുട്ട, പാല്, തൈര്, നാളികേരം, വെളിച്ചെണ്ണയിൽ വറുത്ത snacks (ആഴ്ചയിൽ ഒരിക്കൽ), ചിക്കൻ (മാസത്തിൽ രണ്ടോ മൂന്നോ തവണ, വറുത്തും പൊരിച്ചും കഴിക്കുന്നത്‌ ഒഴിവാക്കി കറിവെച്ചോ ഗ്രിൽ ചെയ്തോ ഉപയോഗിക്കാം), ചെമ്മീൻ, ഞണ്ട് എന്നിവ മാസത്തിൽ ഒരിക്കൽ ഉപയോഗിക്കാം. ഐസ് ക്രീം , ചോക്ലേറ്റുകൾ,  മറ്റ് മധുരപദാർഥങ്ങൾ എന്നിവ വല്ലപ്പോഴും ആവാം. എങ്കിലും എല്ലാം കൂടെ ഒരുമിച്ച് കഴിക്കാം എന്ന് കരുതരുത്. ഏതെങ്കിലും ഒരിനം മാത്രം ഒരു സമയത്ത് കഴിക്കുക, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം കഴിക്കുക.
  3. ഭക്ഷണത്തിൽ നിർബന്ധമായും ഉൾപെടുത്തേണ്ടവ (HDL കൂടാൻ സഹായിക്കുന്നവ) –
    പഴങ്ങൾ, പച്ചക്കറികൾ,  പയറു വർഗങ്ങളായ കടല, ചെറുപയർ, സോയാബീൻ  തുടങ്ങിയവ.  ചെറുമൽസ്യങ്ങളായ ചാള, അയല, കൊഴുവ; അണ്ടിപ്പരിപ്പ്, ബദാം,പിസ്ത, എള്ള്.

ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപെടുത്താൻ പറഞ്ഞാൽ അതിനർത്ഥം നിങ്ങൾ ഇപ്പോൾ കഴിക്കുന്നവയുടെ കൂടെ ഇവയും  ചേർക്കുക എന്നുള്ളതല്ല. അത് കൊളസ്ട്രോൾ കൂടാൻ മാത്രമേ  ഉപകരിക്കു. പകരം ഇപ്പോൾ ഉള്ളവയിൽ അനാരോഗ്യകരമായത് ഒഴിവാക്കി ആരോഗ്യകരമായതു  ഉൾപ്പെടുത്താൻ ശ്രമിക്കുക. ഉദാഹരണമായി നിങ്ങൾ സ്ഥിരമായി വൈകീട്ട് ചായയുടെ കൂടെ എന്തെങ്കിലും എണ്ണ പലഹാരം കഴിക്കുന്നവരാണെങ്കിൽ അവ ഒഴിവാക്കി ഒരുപിടി കപ്പലണ്ടി കഴിക്കുക.ഓരോ ദിവസം ഓരോ തരാം nuts ഉപയോഗിക്കാം. HDL കൂടാൻ വേണ്ടി മേല്പറഞ്ഞവയെല്ലാം ഒരുമിച്ചങ്ങു കഴിച്ചു കളയാം എന്ന് കരുതിയാൽ അത് ഗുണത്തേക്കാൾ  ഏറെ ദോഷം ചെയ്യും.

വേറൊരു തെറ്റായ ധാരണ മദ്യം or red wine കഴിച്ചാൽ HDL കൂടും, കൊളസ്ട്രോൾ കുറയും എന്നൊക്കെ ഉള്ളതാണ്. അത് തികച്ചും തെറ്റായ ധാരണയാണ്. റെഡ്  വൈൻ കഴിച്ചാൽ HDL (നല്ല കൊളസ്ട്രോൾ ) കൂടും, പക്ഷെ അതിനിരട്ടി LDL (ചീത്ത കൊളസ്ട്രോൾ) and triglycerides കൂടും. അതുകൊണ്ട് കൊളസ്ട്രോൾ ഉള്ള വ്യക്തി തീർച്ചയായും മദ്യം ഒഴിവാക്കുക തന്നെ വേണം.

വിറ്റാമിൻ -C അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൊളസ്ട്രോൾ കുറയാൻ സഹായിക്കുന്നു. നാരങ്ങ, നെല്ലിക്ക, ഓറഞ്ച്, കുടംപുളി എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, ചുമന്നുള്ളി, സബോള, കറിവേപ്പില ഇവയെല്ലാം  കൂടുതൽ ഉൾപ്പെടുത്താം. ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവ് വളരെ അധികം നിയന്ത്രിക്കണം.
ദിവസം കുറഞ്ഞത് 8 ഗ്ലാസ്‌ എങ്കിലും വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് രാവിലെ എണീറ്റ ഉടനെ 2-3 ഗ്ലാസ്‌ ഇളം ചൂടുവെള്ളം കുടിക്കുന്നത് വളരെ ഉത്തമം.

എന്തൊക്കെ ഭക്ഷണരീതികൾ പിന്തുടർന്നാലും വ്യായാമം ഒഴിവാക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. അതിൽ പ്രധാനമാണ് നടത്തം. ദിവസവും  കുറഞ്ഞത് 40 മിനിറ്റെങ്കിലും നടക്കുക. കൈകാലുകൾ അനക്കി നടക്കാൻ ശ്രദ്ധിക്കണം (Brisk walking), നടക്കുന്നതിനിടയിൽ സംസാരം ഒഴിവാക്കാൻ ശ്രദ്ധിക്കുക, അത് നിങ്ങളെ കൂടുതൽ തളർത്തും. നീന്തൽ, ഓട്ടം, വള്ളിച്ചാട്ടം, സൈക്ലിംഗ് ഇതൊക്കെ നിങ്ങളുടെ പ്രായവും ആരോഗ്യ സ്ഥിതിയും അനുസരിച്ചു ചെയ്യാവുന്നതാണ്.

യോഗ, പ്രാണായാമ, ധ്യാനം എന്നിവ ഏത് പ്രായക്കാർക്കും ഏതു സമയത്തും ചെയ്യാവുന്നതാണ്. ഇതെല്ലാം ശാരീരികാസ്വാസ്ഥ്യങ്ങൾ കുറക്കുന്നതിന് പുറമെ മാനസികമായ ആരോഗ്യവും പ്രദാനം ചെയ്യുന്നു.

കൊളസ്‌ട്രോളിനെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മാറ്റിവെയ്‌ക്കാം

ഈ ആധുനിക ലോകക്രമത്തില്‍ ജീവിതശൈലി രോഗങ്ങളുടെ ആധിക്യം കൂടിവരികയാണ്‌. പ്രമേഹം, രക്‌തസമ്മര്‍ദ്ദം, ക്യാന്‍സര്‍ എന്നിവപോലെതന്നെ കൊളസ്‌ട്രോളും ഒരു പ്രധാന ആരോഗ്യപ്രശ്‌നമായി മാറുകയാണ്‌. കൊളസ്‌ട്രോളിന്റെ അളവ്‌ വര്‍ദ്ധിക്കുന്നത്‌ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നു.

എന്നാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനായി ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളില്‍ ചില തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരുമുണ്ട്‌. അത്‌ എന്തൊക്കെയാണെന്ന്‌ നോക്കാം…

മികച്ച ആഹാരശീലവും ജീവിതശൈലിയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുമോ?

ഇത്‌ പൂര്‍ണമായും ശരിയല്ല. മികച്ച ആഹാരശീലവും ജീവിതശൈലിയും പിന്തുടരുന്നുണ്ടെങ്കിലും ചിലരുടെ കരള്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ ഉല്‍പാദിപ്പിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ മരുന്നിന്റെ സഹായം കൂടിയേ തീരൂ. എന്നാല്‍ മികച്ച ആഹാരശീലവും ജീവിതശൈലിയും പിന്തുടരുന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ആരോഗ്യം പരിപോഷിപ്പിക്കാന്‍ സാധിക്കും.

കൊളസ്‌ട്രോള്‍ ഉള്ളവര്‍ മുട്ടയും ചെമ്മീനും കഴിക്കാന്‍ പാടില്ലേ?

കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ ചെമ്മീന്‍ ഒരു കാരണമാകുമെങ്കിലും അത്‌ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. മുട്ടയുടെ മഞ്ഞക്കരുവില്‍ കൊഴുപ്പ്‌ കൂടുതലാണെങ്കിലും അപകടകരമായ കൊളസ്‌ട്രോള്‍ ഉല്‍പാദിപ്പിക്കുന്ന തരത്തിലുള്ള കൊഴുപ്പ്‌ മുട്ടയിലില്ല. എന്നാല്‍ ചെമ്മീനും മുട്ടയും എണ്ണയില്‍ വറുത്ത്‌ കഴിക്കുന്നത്‌ കൂടുതല്‍ അപകടകരമാണ്‌. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം മുട്ടയും ചെമ്മീനും കറിവെച്ചു  കഴിക്കുന്നതില്‍ കുഴപ്പമില്ല.

വണ്ണം കുറഞ്ഞവര്‍ക്ക്‌ കൊളസ്‌ട്രോള്‍ ഉണ്ടാകില്ല ?

ഇത്‌ തെറ്റായ ധാരണയാണ്‌. ശരീരവണ്ണമുള്ളവര്‍ക്കും മെലിഞ്ഞവര്‍ക്കും ശരീരഭാരം കൂടിയവര്‍ക്കും കുറഞ്ഞവര്‍ക്കും കൊളസ്‌ട്രോള്‍ സാധ്യത ഒരുപോലെയാണ്‌. അതുകൊണ്ട്‌ മേല്‍പ്പറഞ്ഞ എല്ലാത്തരം ആളുകളും ഇടയ്‌ക്കിടെ കൊളസ്‌ട്രോള്‍ ഉണ്ടോ എന്ന്‌ രക്‌തം പരിശോധിച്ച്‌ നോക്കേണ്ടതാണ്‌.

ചെറുപ്പക്കാര്‍ക്ക്‌ കൊളസ്‌ട്രോള്‍ വരില്ല?

മദ്ധ്യവയസ്‌ ആകുന്നതുവരെ കൊളസ്‌ട്രോള്‍ പിടിപെടില്ല എന്ന്‌ മുമ്പൊക്കെ ഒരു ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇത്‌ ശരിക്കും തെറ്റായ കാര്യമാണ്‌. 20 വയസുള്ളവര്‍ക്കും കൊളസ്‌ട്രോള്‍ പിടിപെടാം.

മരുന്ന്‌ കഴിക്കുന്നതുകൊണ്ട്‌ എന്തും കഴിക്കാമോ?

രക്‌തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ശേഷിയുള്ള നിരവധി മരുന്നുകള്‍ ഇന്ന്‌ ലഭ്യമാണ്‌. എന്നാല്‍ മരുന്ന്‌ കഴിക്കുന്നതുകൊണ്ട്‌ എല്ലാത്തരം ആഹാരവും കഴിക്കാമെന്ന്‌ ധരിക്കേണ്ട. കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന കൊഴുപ്പേറിയ ആഹാരം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്‌. അതിനോടൊപ്പം ദിവസേന അരമണിക്കൂറെങ്കിലും വ്യായാമവും നിര്‍ബന്ധമായും ചെയ്‌തിരിക്കണം.

[] ഹോമിയോപ്പതിയിൽ കൊളസ്ട്രോളിനു ചികിത്സയുണ്ടോ?

ഹോമിയോപ്പതിയിൽ വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. മറ്റു ചികിത്സകളിലെ പോലെ മരുന്നുകൾ  ഒരിക്കൽ കഴിച്ചു തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും എന്ന ചിന്തയും  വേണ്ട. രോഗിയുടെ സ്വഭാവസവിശേഷതകൾക്കും രോഗ ലക്ഷണങ്ങൾക്കും അനുസരിച്ചു മരുന്ന് കഴിച്ചാൽ 3 മുതൽ 6 മാസം കൊണ്ട് പൂർണമായി രോഗമുക്തനാകുന്നു എന്ന പ്രത്യേകതയാണ് ഹോമിയോപ്പതിക്കുള്ളത്.
പ്രധാനപ്പെട്ട  മരുന്നുകൾ – Allium sat, Chelidonium, Chionanthus, Garcinia, Curcuma longa, Nux vom, Lycopodium, Thuja, Silicea, Thiocinaminum etc.
ചികിത്സക്കായി അംഗീകൃത യോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടറെ നേരിട്ട് സമീപിക്കുക.

—–

ഡോ. ധന്യ ദീപക് BHMS, MSc (Psychology),
ധന്യ ഹോമിയോപ്പതിക് ക്ലിനിക്,
ഗവ. താലൂക്ക് ആശുപത്രിക്ക് മുൻവശം,
ഓട്ടുപാറ, വടക്കാഞ്ചേരി, തൃശൂർ.
PH – 9745071514
Email – dr.dhanyaksreedharl@gmail.com

1,869 Comments