ഗർഭകാല പരിചരണം – ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മഹനീയവും സന്തോഷകരവുമായ കാലഘട്ടമാണ്‌ ഗർഭകാലം. ഒരു സ്ത്രീ തന്റെ ജീവിതത്തിന്റെ സ്വപ്ന പൂർത്തീകരണം സാദ്ധ്യമാക്കുന്നത്‌ “അമ്മയാകുക” എന്നതിലൂടെയാണ്‌. സ്ത്രീ എന്ന വ്യക്തിയിൽ നിന്നും ഒരു മാതാവിന്റെ ഉത്തരവാദിത്വങ്ങളിലേക്ക്‌ ശരീരവും മനസും കൂടുമാറുന്ന കാലം കൂടിയാണിത്‌. സ്ത്രീ മകളും സഹോദരിയും ഭാര്യയും മാത്രമല്ല, ഒരമ്മയും കൂടി ആകാൻ പോകുന്ന കാലമാണു ഗർഭകാലം. ഗർഭിണിയായിരിക്കുമ്പോൾ അവൾ എല്ലാ വിധ പിരിമുറുക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്ന് ആഹ്ലാദകരമായി ജീവിക്കണം. വളർന്നു  വലുതാകുന്തോറും ഒരു പെൺകുട്ടിയുടെ മനോവിചാരങ്ങളിൽ ഏറ്റവും ഇടം പിടിക്കുന്നത്‌ മാതൃത്വം എന്ന സ്വപ്നവും അതിന്റെ പൂർത്തീകരണത്തിലേക്കുള്ള സഞ്ചാരവഴികളുമാണ്‌. ഒരുപാടു വേദനകളുടെയും അനുഭവങ്ങളുടെയും തീക്ഷ്ണമായ വൈകാരികതയിലൂടെ കടന്നു പോയെങ്കിൽ മാത്രമേ മാതൃത്വത്തിന്റെ സുഖവും അത്‌ പകരുന്ന അനുഭൂതിയും ഒരു സ്ത്രീക്ക്‌ അനുഭവിക്കാൻ കഴിയൂ.

ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യവും വളർച്ചയും മാതാവിന്റെ ആരോഗ്യത്തിനനുസരിച്ചും ജീവിതചര്യക്കനുസരിച്ചുമാണ്‌. ശാരീരികവും മാനസികവുമായി ഗർഭിണികൾ തന്റെ കുഞ്ഞിനായി തയ്യാറാകണം. ദൈനംദിന ജീവിതരീതികളിൽ സാരമായ മാറ്റം അനിവാര്യമാണെന്ന് സാരം. ഇതിനായി ഗർഭകാലം പൂർത്തീകരിക്കുന്നത്‌ വരെയും ഒരു സ്ത്രീ പല ഘട്ടങ്ങളിലൂടെയായി കടന്നുപോകേണ്ടതുണ്ട്‌. ഒരു ഗർഭിണി പല കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതും മിതത്വം പാലിക്കേണ്ടതുമുണ്ട്‌.

ഗർഭിണിയെ തിരിച്ചറിയാൻ:

ആർത്തവമുറ നഷ്ടപ്പെടുന്നു:
താൻ ഗർഭിണിയായി എന്ന് ഒരു സ്ത്രീ തിരിച്ചറിയുന്നതിന്റെ ആദ്യ ലക്ഷണം ആർത്തവം നിലക്കുന്നതാണ്‌. ആർത്തവം നിലച്ച്‌ അഞ്ചോ ആറോ ദിവസം കഴിഞ്ഞാൽ ഗർഭിണിയാണോ എന്ന് തിരിച്ചറിയുന്നതിനു വേണ്ടി ഒരു യൂറിൻ പ്രെഗ്നൻസി ടെസ്റ്റ്‌ (UPT) എടുക്കേണ്ടതാണ്‌. ചിലപ്പോൾ ഗർഭസ്ഥ ശിശു ഗർഭാശയവുമായി ഒത്തു ചേരുമ്പോഴുണ്ടാകുന്ന രക്തസ്രാവത്തെ ആർത്തവ രക്തമായി ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം. അതുകൊണ്ട്‌ ഗർഭിണിയാകുന്നതിനു മുൻപ്‌ ഇത്തരത്തിൽ ആർത്തവപ്രശ്നങ്ങളോ രക്തസ്രാവമോ ഉണ്ടായിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്‌.

ഗർഭകാല അസ്വസ്ഥതകൾ:

ഗർഭാവസ്ഥയിൽ സ്ത്രീകൾ പല വിധ ശാരീരിക – മാനസിക അസ്വസ്ഥതകളാൽ പ്രയാസപ്പെടാറുണ്ട്‌.

  1. തലകറക്കം:

ഒരു സ്ത്രീ ഗർഭിണിയായതിന്റെ ലക്ഷണങ്ങളായി സാധാരണക്കാർ പ്രാഥമികമായി വിലയിരുത്തുന്നത്‌ തലകറക്കവും മനം പുരട്ടലും കാണുമ്പോഴാണ്‌. ഈ ലക്ഷണങ്ങൾ എല്ലാവരിലും ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലർക്ക്‌ ഗർഭകാലാവസാനം വരെ ഛർദ്ദി ഉണ്ടായേക്കും. അതോരോരുത്തരുടെയും ശാരീരികാവസ്ഥകൾക്കും വ്യക്തിത്വത്തിനും അനുസരിച്ചാണ്‌. ഈ ലക്ഷണങ്ങളോടൊപ്പം മാസമുറ തെറ്റുകയും ചെയ്താൽ, സ്വയം ഉറപ്പാക്കിയ ശേഷം മാത്രമേ പലരും പ്രെഗ്നൻസി ടെസ്റ്റിനു തയ്യാറാവൂ. ഗർഭധാരണം സംഭവിക്കുമ്പോൾ ശരീരത്തിലെ ഹോർമോണുകളായ ഈസ്ട്രജനും പ്രോജെസ്ട്രോണും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോൺ വ്യതിയാനം ഇന്ദ്രിയങ്ങളെ ഉണർത്തുകയും ഗന്ധങ്ങളോടും ചില ഭക്ഷണപദാർത്ഥങ്ങളോടും പ്രത്യേക ആകർഷണവും മറ്റു ചിലതിനോട്‌ വിരക്തിയും അനുഭവപ്പെടുത്തുകയും ചെയ്യുന്നു.

  1. ഭക്ഷണത്തോടുള്ള താൽപര്യവും വിരക്തിയും:

ഗർഭാവസ്ഥയിൽ ഗർഭിണിക്ക്‌ പലതിനോടും ആസക്തിയുളവാകും. ശരീരത്തിലുണ്ടാകുന്ന അമിതമായ ഹോർമോൺ വ്യതിയാനങ്ങളുടെ സങ്കലനം മൂലം അതുവരെ ഉപയോഗിച്ചിട്ടില്ലാത്ത വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളെ രുചിച്ചുനോക്കാനുള്ള ആഗ്രഹം ഉണരുന്നു. എന്നാൽ അതേ സമയം ചില ഭക്ഷണങ്ങൾ കാണുന്നതുപോലും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു.

  1. തളർച്ചയും ശരീരക്ഷീണവും:

ഗർഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളിൽ മുൻപത്തേക്കാൾ കൂടുതൽ തളർച്ചയും ക്ഷീണവും അനുഭവപ്പെടാറുണ്ട്‌. ഇക്കാലത്ത്‌ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ കൂടുതൽ ഉറങ്ങാൻ പ്രേരിപ്പിക്കുന്നു. മനം പുരട്ടലും ഛർദ്ദിയും മൂലമുണ്ടാകുന്ന ഭക്ഷണത്തിന്റെ കുറവ്‌ ഗർഭിണിയെ തളർച്ചയിലേക്കും ക്ഷീണത്തിലേക്കും വഴി തെളിക്കുന്നു. അതുപോലെ വളർന്നുവരുന്ന ജീവാംശം രക്തത്തിലെ പഞ്ചസാരയുടെ അളവിലും രക്തസമ്മർദ്ദത്തിലും വ്യതിയാനം വരുത്തുന്നതുവഴി ശരീരത്തിനു കൂടുതൽ ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.

ഗർഭിണിയായിരിക്കുമ്പോൾ സ്ത്രീകളിൽ ചില ശരീരിക വ്യതിയാനങ്ങൾ കാണപ്പെടാറുണ്ട്‌.

  1. സ്തനങ്ങളിലെ മാറ്റം:

തലകറക്കവും മനം പുരട്ടലും മറ്റും തുടങ്ങി രണ്ടു മൂന്നു ആഴ്ചകൾക്കുള്ളിൽ തന്നെ സ്തനങ്ങൾ കൂടുതൽ മൃദുവാകാൻ തുടങ്ങും. ചിലരിൽ മാറിടത്തിൽ ഭാരവും വേദനയും അനുഭവപ്പെടാറുണ്ട്‌. ശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ഉത്പാദനക്കൂടുതൽ മൂലമാണിത്‌.

  1. അമിത മൂത്രവിസർജ്ജനം:

ആദ്യ മൂന്നുമാസത്തിൽ സാധാരണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നതായി കാണാം. ഇതിന്റെ കാരണം കൂടുതലായുള്ള വിശ്രമാവസ്ഥയും രാത്രിയിലുള്ള നീണ്ട ഉറക്കവുമാണ്‌. വളർന്നു വരുന്ന പുതിയ ജീവനെ സംരക്ഷിക്കാനായി നിത്യേന ഗർഭാശയം കൂടുതൽ ദൃഢമാകുകയും കുറേശെ വികസിക്കുകയും ചെയ്യുന്നു. ഇറുക്കമേറി വരുന്ന ഗർഭപാത്രം ചുറ്റുമുള്ള മറ്റു അവയവങ്ങൾക്കെല്ലാം കൂടുതൽ ഞെരുക്കം അനുഭവപ്പെടുത്തുന്നു. ഇതുമൂലം മൂത്രാശയം ഇടക്കിടെ കാലിയാക്കാനുള്ള പ്രവണത കാണിക്കുന്നു.

  1. ചർമ്മത്തിലെ നിറവ്യത്യാസം:

ഗർഭാവസ്ഥയിൽ ആദ്യ മൂന്നുമാസ കാലയളവിൽ തന്നെ കവിളുകളിൽ നിറവ്യത്യാസം, കഴുത്തിനു ചുറ്റുമുള്ള നിറവ്യത്യാസം, കണ്ണിനടിയിലെ നിറവ്യത്യാസം എന്നിവ കൂടാതെ മുലഞെട്ടിലും നിറം മാറ്റം കാണാറുണ്ട്‌. പ്രസവശേഷം ഇത്‌ പൂർവ്വ സ്ഥിതിയിലാകുന്നതാണ്‌.

  1. ശരീരതാപനിലയിലെ വ്യതിയാനം:

ആദ്യ മൂന്നു മാസങ്ങൾക്കിടയിൽ തന്നെ ശരീര താപനില അളവിലധികം ഉയരുന്നതായി കാണാം. സാധാരണയായി ഇത്‌ സംഭവിക്കാറുള്ളത്‌ അണ്ഡോൽപാദന ആവൃത്തിയുടെ അവസാന നാളുകളിലാണ്‌. ഉയർന്ന ശരീരതാപനില കൂടുതൽ ഹോർമോണുകളുടെ വർദ്ധനവിനും ആർത്തവചക്രത്തിലെ വ്യതിയാനങ്ങൾക്കും അവസരമൊരുക്കുന്നു.

ഗർഭിണിയും ഭക്ഷണവും:

സ്വന്തം ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വേണ്ടി തന്റെ ഭക്ഷണത്തിൽ ഗർഭിണി ക്രമീകരണം പാലിക്കേണ്ടതാണ്‌. ഗർഭപാത്രം, സ്തനങ്ങൾ, അമ്നിയോട്ടിക്ക്‌ ദ്രാവകം എന്നിവയുടെ വികസനത്തിനു പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടതുണ്ട്‌. ഗർഭിണിയുടെ ആഹാരം ആവശ്യമായ രീതിയിൽ  പ്രോട്ടീനും മിനറൽസും വിറ്റാമിനും കൊണ്ട്‌ സമ്പൂർണ്ണമായിരിക്കണം. എന്നാൽ ആദ്യ മൂന്നു മാസക്കാലം (First trimester) പലർക്കും ഛർദ്ദിയും മനം പുരട്ടലും കാരണമുള്ള ഭക്ഷണക്കുറവും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും മൂലം കൂടുതൽ ക്ഷീണം അനുഭവപ്പെടാറുണ്ട്‌. ഗർഭകാലത്തിന്റെ 30 ദിവസം തൊട്ട്‌ അടുത്ത 30 ദിവസം വരെ അവയവരൂപീകരണം നടക്കുന്നതിനാൽ പോഷകാഹാരം അത്യന്താപേക്ഷിതമാണ്‌. ഭക്ഷണം കഴിക്കാൻ സാധിക്കാത്തവർ ദ്രാവകരൂപത്തിലുള്ള ആഹാരപദാർത്ഥങ്ങളെങ്കിലും നിർബന്ധമായി കഴിക്കേണ്ടതാണ്‌. ആദ്യ മൂന്നു മാസക്കാലയളവിൽ ഫോളിക്‌ ആസിഡ്‌ (Folic acid) അടങ്ങിയ ആഹാരം നന്നായി ഉൾപ്പെടുത്തുക. കൂടാതെ ഫോളിക്‌ ആസിഡ്‌ ഗുളിക കഴിക്കുക. ഗർഭിണിയായതിനു ശേഷം മൂന്നുമാസം വരെ ഇത്‌ കഴിക്കാം. വിറ്റാമിൻ ബി 9 എന്ന ഫോളിക്‌ ആസിഡ്‌ ശരീരത്തിൽ പുതിയ കോശങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നു. ഗർഭാവസ്ഥയിൽ സാധാരണ വേണ്ടതിനേക്കാൾ പത്ത്‌ മടങ്ങ്‌ ഫോളിക്‌ ആസിഡ്‌ ആവശ്യമാണ്‌. ചുവന്ന രക്താണുക്കളെ (RBC) ഉണ്ടാക്കാനും കുഞ്ഞിന്റെ നാഡീവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനാവശ്യമായ സെറോട്ടോണിൻ ഉദ്പാദിപ്പിക്കാനും സഹായിക്കുന്നത്‌ ഫോളിക്‌ ആസിഡാണ്‌. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും പുതിയ കോശങ്ങൾ ഉദ്പാദിപ്പിക്കപ്പെടുന്നു. വെള്ളത്തിൽ അലിയുന്ന വിറ്റാമിൻ ആയതിനാൽ ഇത്‌ കൂടുതൽ കഴിക്കുന്നത്‌ ദോഷകരമല്ല.

ഈ വിറ്റാമിന്റെ കുറവ്‌ മൂലം ഗർഭസ്ഥ ശിശുവിന്റെ സ്പൈനൽ കോർഡ്‌ ശരിയായ രീതിയിൽ വളർച്ച പ്രാപിക്കാതിരിക്കയും അത്‌ സ്പൈന ബൈഫിഡ (Spina bifida) എന്ന അവസ്ഥയിലേക്ക്‌ നയിക്കുകയും ചെയ്യുന്നു. കൂടാതെ ചിലരിലെങ്കിലും മാസം തികയാതെ പ്രസവിക്കാനും ഇത്‌ ഇടയാക്കാറുണ്ട്‌.

എന്തൊക്കെ കഴിക്കണം?

ഇല വർഗ്ഗങ്ങൾ, പരിപ്പ്‌ വർഗ്ഗങ്ങൾ, ചെറുപയർ, നാരങ്ങ, സോയാബീൻ, നട്സ്‌, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ ഇവയിലെല്ലാം ഫോളിക്‌ ആസിഡ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇവയെല്ലാം ആദ്യ മൂന്നുമാസക്കാലയളവിലും തുടർന്നും കഴിക്കാവുന്നതാണ്‌.

സെക്കൻഡ്‌ ട്രൈമെസ്റ്റർ ഗർഭസ്ഥ ശിശുവിന്റെ വളർച്ചാകാലഘട്ടമാണ്‌. പ്രോട്ടീൻ ധാരാളം അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചെറിയ മത്സ്യം, ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ, മുട്ട, പാൽ, എന്നിവ കഴിക്കുക. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും കഴിക്കുന്നത്‌ ഗുണകരമാണ്‌. വിറ്റാമിൻ ബിയും ഇരുമ്പുസത്തും (അയേൺ) അവയിലുണ്ട്‌. ദിവസേന 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്‌. നാലോ അഞ്ചോ ബദാം പരിപ്പ്‌ രാത്രി ഒരു ഗ്ലാസ്‌ വെള്ളത്തിൽ കുതിർത്തുവെച്ച്‌ രാവിലെ തൊലി കളഞ്ഞ്‌ കഴിക്കുക. വിറ്റാമിൻ എ. സി എന്നിവയുടെയും അയേൺ, പ്രോട്ടീൻ എന്നിവയുടെയും കലവറയായ മുരിങ്ങയില, മുരിങ്ങാ പൂവ്‌ എന്നിവ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വളരെ നല്ലതാണ്‌. മുരിങ്ങാപ്പൂവ്‌ പാലിൽ തിള പ്പിച്ച്‌ ഉപയോഗിക്കുന്നതുവഴി രക്തത്തിൽ അയേണിന്റെ അളവ്‌ വർദ്ധിക്കുന്നതാണ്‌. ഇളനീർ വെള്ളം, മുത്താറി, അനാർ (ഉറുമാമ്പഴം) എന്നിങ്ങനെയുള്ള പാനീയങ്ങളും ധാരാളം കഴിക്കാവുന്നതാണ്‌. ഇസബ്ഗോൾ അരി (Isabgol) മൂന്നു ടീസ്പൂൺ രാത്രി ഒരു ഗ്ലാസ്‌ വെള്ളത്തിൽ ചേർത്ത്‌ രാവിലെ വെള്ളം കളയാതെ തന്നെ അൽപം പഞ്ചസാരയോ പാലോ ചേർത്ത്‌ കഴിക്കുക. ഗർഭിണികളിൽ കാണുന്ന മലബന്ധത്തിന്‌ ഒരു ഉത്തമ ഔഷധം കൂടിയാണിത്‌. കുങ്കുമപ്പൂവും ഗർഭിണികൾക്ക്‌ ഏറെ മെച്ചപ്പെട്ടതാണ്‌. കുഞ്ഞിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത്‌ സഹായകമാകുന്നതാണ്‌.

കഴിക്കാൻ പാടില്ലാത്തവ:

പപ്പായ, കൈതച്ചക്ക, മുതിര, എള്ള്‌, ഈത്തപ്പഴം, കുങ്കുമപ്പൂവ്‌ എന്നിവ നാലാം മാസം വരെ കഴിക്കരുത്‌. അവയിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ ഗർഭം അലസാൻ ഇടവരുത്തിയേക്കും. എള്ള്‌, കുങ്കുമപ്പൂവ്‌ എന്നിവ 4 മാസത്തിനു ശേഷം കഴിക്കാവുന്നതാണ്‌. പുളി, എരിവ്‌, പൊരിച്ച ഭക്ഷണങ്ങൾ, പരിപ്പ്‌, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കിയാൽ മലശോധനക്ക്‌ ഗുണകരമാവുന്നതാണ്‌. മലബന്ധമുള്ളവർ രാത്രി പാൽ കുടിക്കാതെ രാവിലെയോ വൈകീട്ടോ ചെറുചൂടോടെ കുടിക്കുക.

മിക്ക ഗർഭിണികളിലും ഭക്ഷണത്തിന്റെ ചിട്ടയില്ലായ്മയും വെള്ളം കുടിക്കുന്നതിലെ കുറവും മൂലം മലബന്ധം ഉണ്ടാകാറുണ്ട്‌. ചിലരിൽ അത്‌ പൈൽസിലേക്കും നയിക്കാറുണ്ട്‌. അങ്ങനെയുള്ളവർ ചുവന്ന അവിൽ, തവിടുള്ള അരി, നാരുകളടങ്ങിയ ഭക്ഷണം എന്നിവയും ആപ്പിൾ, ഓറഞ്ച്‌, മുസമ്പി, മാതളം, മത്തങ്ങ തുടങ്ങിയവയും ധാരാളം കഴിക്കുക. രക്തക്കുറവുള്ളവർ ശർക്കര, തവിടുള്ള അരി, അവിൽ, മുത്താറി, എള്ള്‌ എന്നിവ ഉപയോഗിക്കുക.

അമിതമായ മധുരോപയോഗം കുറക്കുക. അത്‌ ഗർഭിണികളിലെ പ്രമേഹത്തിനു (gestational diabetes) കാരണമാക്കുകയും കുഞ്ഞിന്റെ തൂക്കം അമിതമായി വർദ്ധിപ്പിക്കുകയും ചെയ്യും.

കിടത്തവും വ്യായാമവും:

ഗർഭിണി എപ്പോഴും മലർന്നു കിടക്കാതെ ഇടതുഭാഗത്തേക്ക്‌ ചെരിഞ്ഞു കിടക്കുന്നതാണ്‌ ഉത്തമം. മലർന്നുകിടക്കുമ്പോൾ, ഗർഭപാത്രം വികസിച്ചുവരുന്ന അവസ്ഥയിൽ അത്‌ പ്രധാനപ്പെട്ട രക്തക്കുഴലിനു മേൽ അമരുകയും സമ്മർദ്ദം മൂലം രക്തപ്രവാഹം കുറയുകയും അതുവഴി ഓക്സിജന്റെ അളവ്‌ കുറയാനുമിടയുണ്ട്‌. ഗർഭിണിക്ക്‌ രക്തസമ്മർദ്ദം കുറയാനും ശാരീരികക്ഷീണം അനുഭവപ്പെടാനും സാദ്ധ്യതയുണ്ട്‌. അമ്മക്കും കുഞ്ഞിനും ഇത്‌ ദോഷകരമാണ്‌.

വ്യായാമത്തിന്റെ കാര്യത്തിലും ഗർഭിണി ശ്രദ്ധ പുലർത്തേണ്ടതുണ്ട്‌. ഗർഭിണികൾ പകലുറക്കം ഒഴിവാക്കുക. രാത്രി ഭക്ഷണത്തിനു ശേഷം അൽപം നടക്കുക, മനസിനെ എല്ലായ്പ്പോഴും സന്തോഷകരമാക്കാൻ ശ്രമിക്കുക, സന്തോഷം പകരുന്ന പാട്ടുകൾ കേൾക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക. കൂടുതൽ നേരം നിൽക്കുന്നത്‌ വെരിക്കോസ്‌ വെയിനിനു കാരണമാകാമെന്നതിനാൽ അത്‌ കുറക്കുക.

ഭർത്താവിന്റെ സാന്നിദ്ധ്യവും പരിചരണവും:

ഗർഭിണിയുടെ ആരോഗ്യകാര്യങ്ങളിൽ ഭർത്താവും മറ്റു കുടുംബാംഗങ്ങളും ശ്രദ്ധ പുലർത്തേണ്ടതുണ്ട്‌. ഗർഭിണി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്‌ ഭർത്താവിന്റെ സാന്നിദ്ധ്യമാണ്‌. ഒരു സ്ത്രീ ഗർഭിണിയാവുന്നത്‌ മുതൽ അവൾ തന്റെ ഭർത്താവിന്റെ സാമീപ്യം കൊതിക്കുന്നു. ഭർത്താവിന്റെ സാന്നിദ്ധ്യം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഏറെ ഗുണകരമായ രീതിയിൽ മെച്ചപ്പെടുത്തും.

പ്രസവവേദനയാണ്‌ ഏറ്റവും വലുതും സുഖമുള്ളതുമായ വേദന. പലരും ആ വേദനയെ പേടിയോടുകൂടി കാണുന്നു എന്നതാണു സത്യം. എന്നാൽ സ്ത്രീ പ്രസവവേദന അനുഭവിക്കുമ്പോൾ അതേ വേദന സ്വന്തം മനസിൽ അനുഭവിക്കുന്നവൻ ആയിരിക്കണം അവളുടെ ഭർത്താവ്‌.

സിസേറിയൻ:

തക്കതായ ചില കാരണങ്ങൾ കൊണ്ട്‌ ചില സ്ത്രീകൾക്ക്‌ സിസേറിയൻ അനിവാര്യമായി വരാറുണ്ട്‌. അതായത്‌ ഇടുപ്പെല്ലിനു വികാസം ഇല്ലായ്മ, ഉയരക്കുറവുള്ള ഗർഭിണികൾ, കുഞ്ഞിന്റെ കിടപ്പിലുള്ള വ്യത്യാസം, വേദനക്കുള്ള മരുന്നു കുത്തിവെച്ചിട്ടും വേദന വരാത്ത അവസ്ഥ, പൊക്കിൾക്കൊടി പുറത്തുചാടൽ, പ്രസവത്തിനു മുൻപേ മറുപിള്ള വേറിട്ടുവരിക തുടങ്ങിയ അവസരങ്ങളിൽ സിസേറിയൻ അത്യന്താപേക്ഷിതമാവുന്നു.

ഗർഭകാലത്തെ ഒരിക്കലും പേടിസ്വപ്നമായി കാണരുത്‌. മനസിനെ ശാന്തമാക്കി പ്രാർത്ഥനയോടെ ഗർഭകാലം ചെലവിടുന്നത്‌ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസുരക്ഷിതത്വത്തെ സഹായിക്കുന്നു.


ഡോ. അനീസ കണ്ണിയത്ത് BUMS
അൽ-സഫ യുനാനി ക്ലിനിക്ക്,
വാഴക്കാട്, മലപ്പുറം.
PH – 9495319048
E mail – alsafaunani786@gmail.com

11 Comments

Leave a Reply

Your email address will not be published.


*