ഗർഭധാരണത്തിന് തയ്യാറെടുക്കാം ആയുർവേദ പരിരക്ഷയോടെ

മാതൃത്വം എന്നത് ഒരു ദൈവീകമായ അനുഗ്രഹം തന്നെയാണ്. തൈത്തിരീയ ഉപനിഷത് അനുസരിച്ച് ‘പ്രത്യുല്പാദനം’ ജീവജാലങ്ങളുടെ പ്രഥമ സ്വഭാവമാണ്. ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീക്കും പങ്കാളിക്കും നൽകുന്ന മാനസികവും ശാരീരികവും ആയ കരുതലും നിർദ്ദേശങ്ങളും ആണ് പ്രീ കൺസപ്ഷണൽ കെയർ. ഗർഭധാരണ പ്രക്രിയാ സമയത്ത് ഇത്തരം കരുതലുകൾ വളരെ ആവശ്യമാണ്.

മാനസിക ശാരീരിക ആരോഗ്യം പ്രധാനം

ആവർത്തിച്ചു വരുന്ന ഗർഭ അലസലുകളും അതിനെക്കുറിച്ചുള്ള ചിന്തകൾ കൊണ്ടുള്ള മാനസിക സമ്മർദ്ദങ്ങളും ഈ കാലയളവിൽ പങ്കാളികളെ പ്രത്യേകിച്ചും സ്ത്രീകളെ കൂടുതൽ ആശങ്കപ്പെടുത്താറുണ്ട്. അതുകൊണ്ട് തന്നെ ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർക്ക് മാനസികമായും ശാരീരികമായുമുള്ള തയ്യാറെടുപ്പുകൾ അനിവാര്യമാണ്. ഡൌൺ സിൻഡ്രോം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ ജന്മ വൈകല്യങ്ങളും ഗർഭസ്ഥ ശിശുവിന്റെ മരണവും ഒക്കെ പ്രധാനമായും ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർക്കുള്ള പൊതുവായ ആശങ്കകളാണ്.

ആർത്തവചക്രം ക്രമപ്പെടുത്തുക

ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീ ആദ്യം ഉറപ്പുവരുത്തേണ്ടത് ആർത്തവക്രമത്തെയാണ്. ആർത്തവക്രമത്തിൽ  തകരാറുകൾ ഉണ്ടെങ്കിൽ വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്. ശരീര ഹോർമോണുകളുടെ വ്യതിയാനങ്ങൾ, PCOS, തൈറോയ്ഡ് ഗ്രന്ഥിയെ സംബന്ധിച്ചുള്ള രോഗങ്ങൾ, എന്റോമെട്രിയോസിസ്, ഗർഭാശയത്തെ സംബന്ധിക്കുന്ന മറ്റു രോഗങ്ങൾ എന്നിവയെല്ലാം തന്നെ ഗർഭധാരണത്തെ തടസ്സപ്പെടുത്തുകയോ വൈകിക്കുകയോ ചെയ്യുന്നു.

സ്ത്രീകൾക്ക് ഓവുലേഷൻ അധവാ അണ്ഡവിസർജനം നടക്കുന്ന ദിവസം ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ ഗർഭധാരണത്തിനുള്ള സാധ്യത കൂടുതലാണ്. അണ്ഡവിസർജനം നടന്നാൽ 12 മുതൽ 24 മണിക്കൂറിനുള്ളിൽ അണ്ഡം നിർജ്ജീവമാകും , എന്നാൽ പുരുഷബീജത്തിന് 5 ദിവസം വരെ ആയുസ്സുണ്ടായിരിക്കും. 28 ദിവസമായി വരുന്ന ആർത്തവചക്രത്തിൽ 14മത് ദിവസമാണ് അണ്ഡവിസർജനം നടക്കുന്നത്. ചിലരിൽ ആർത്തവ ചക്രം 35 ദിവസം വരെയും ഉണ്ടാകാറുണ്ട്. എന്നിരുന്നാലും 14മത്  ദിവസം ശ്രമിക്കുന്ന തരത്തിൽ വേണം ഗർഭധാരണത്തിന് ആഗ്രഹിക്കുന്നവർ തയ്യാറെടുക്കാൻ.

പുരുഷന്മാർക്കുള്ള ഭക്ഷണ ശീലങ്ങൾ

ആയുർവേദത്തിൽ ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീയും പങ്കാളിയും ശീലിക്കേണ്ട പ്രത്യേകതരം ഭക്ഷണ ക്രമങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. പുരുഷൻ പ്രത്യേക അനുപാതത്തിൽ നെയ്യ് കഴിച്ച് പഞ്ചകർമ്മ വിധിപ്രകാരമുള്ള ശോധന ക്രിയകൾ ചെയ്യണം എന്ന് നിർദ്ദേശിക്കുന്നു.
പുരുഷന് മധുരരസൗഷധങ്ങൾ ഇട്ട് കാച്ചിയ പാലും നെയ്യും കൊടുക്കേണ്ടതാണ്. പാലിൽ അടങ്ങിയിരിക്കുന്ന proteins, Amino acids എന്നിവ ആരോഗ്യമുള്ള ബീജത്തിന്റെ ഉത്പാദനത്തിനും ബീജത്തിന്റെ വളർച്ചക്കും സഹായകരമാണ്. ഇത്തരം ആരോഗ്യമുല്ല ബീജം സംയോജിച്ചുണ്ടാകുന്ന ഭ്രൂണം ആരോഗ്യമുള്ളതായിരിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന iodine ഭ്രൂണാവസ്ഥയിൽ നിന്ന് തന്നെ വികാസം പ്രാപിക്കുന്ന നാഡീ ഞരമ്പ് വ്യവസ്ഥിതിക്കും ഭ്രൂണം വളർന്നു കുഞ്ഞാകുമ്പോൾ ഉണ്ടാകുന്ന IQ വിനും അത്യന്താപേക്ഷിതമാണ്. നെയ്യിൽ അടങ്ങിയിരിക്കുന്ന ജീവകം A, E, Butyric acid എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. സ്ത്രീയും പുരുഷനും ഈ സമയങ്ങളിൽ ഞവര അരിയാണ് ഭക്ഷണത്തിനായി ഉപയോഗിക്കേണ്ടത്. അതിൽ അടങ്ങിയിട്ടുള്ള Nitric Oxide ഗർഭപാത്രത്തിലേക്കുള്ള രക്‌തചംക്രമണത്തെ വർദ്ധിപ്പിക്കുന്നു.

സ്ത്രീകൾക്കുള്ള ഭക്ഷണവും, ചിട്ടകളും

സ്ത്രീകൾക്ക് ഒരുമാസത്തേക്ക് നല്ലെണ്ണയും ഉഴുന്നും നൽകുവാൻ പറയുന്നുണ്ട്. ഉഴുന്നിൽ അടങ്ങിരിക്കുന്ന Folic Acid നാഡീ വ്യൂഹങ്ങളുടെ ബലത്തിന് സഹായിക്കും. വ്യൂഹങ്ങൾക്ക് വൈകല്യങ്ങളുണ്ടാകാതെ സംരക്ഷിക്കും. അധികം പുളിരസമുള്ള ഭക്ഷണങ്ങൾ, പുളിപ്പിച്ചെടുത്ത ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഗർഭധാരണ സമയങ്ങളിൽ വർജ്ജിക്കേണ്ടതാണ്. ആർത്തവമുള്ള സ്ത്രീ ബ്രഹ്മചര്യം അനുഷ്ഠിക്കാനും പുൽമെത്തയിൽ കിടക്കുവാനും അധികമായുള്ള സംസാരം, പകൽ ഉറക്കം എന്നിവ ഒഴിവാക്കുവാനും ആചാര്യന്മാർ നിർദ്ദേശിക്കുന്നു. ഈ സമയങ്ങളിൽ സ്ത്രീകൾക്ക് വിശ്രമം അത്യാവശ്യമാണ്. ഈ സമയം യഥാർത്ഥത്തിൽ അണ്ഡാശയത്തിലുള്ള ഫോളിക്കിളുകൾ പക്വതപെടുന്നതാണ്. ഈ സമയത്തെ വിശ്രമം അണ്ഡാശയത്തിനു കരുത്ത് നൽകുന്നതാണ്, ഇന്ന് പരസ്യങ്ങളിലും മറ്റും പ്രചരിക്കുന്ന സാനിറ്ററി പേഡ് ധരിച്ച് എന്ത് ആയാസമുള്ള ജോലിയും ചെയ്യാം എന്നുള്ളത് തികച്ചും തെറ്റായ ധാരണയാണ്. ഇത് സ്ത്രീയുടെ ആരോഗ്യത്തെയും ഉത്‌കൃഷ്ടതയെയും സാരമായി ബാധിക്കുന്നതും ഭാവിയിൽ അണ്ഡാശയ രോഗങ്ങൾക്ക് വഴിവെക്കുന്നതും ഗർഭധാരണത്തെ സാരമായി ബാധിക്കുന്നതുമാണ്.

വർജ്ജിക്കേണ്ടവ:

സ്ത്രീ ഈ സമയങ്ങളിൽ അമിതമായ വിശപ്പ്, ദാഹം, ദേഷ്യം, ഭയം എന്നീ വികാരങ്ങളിൽ നിന്നും വികാരങ്ങൾ ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതാണ്. കാരണം ശരീരത്തിലുള്ള ഇത്തരം സമ്മർദ്ദങ്ങൾ ഹോർമോണിന്റെ ഉത്പാദനം വർധിപ്പിക്കും തത്‌ഫലമായി ഇത് ഗർഭധാരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. മദ്യം, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ പുരുഷബീജത്തിന്റെയും സ്ത്രീകളിലെ അണ്ഡത്തിന്റെയും ഉത്പാദനത്തിൽ വൈകല്യങ്ങൾ സൃഷ്ടിക്കും. ആയതിനാൽ തന്നെ ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന ദമ്പതികൾ മേല്പറഞ്ഞവയെല്ലാം പാലിക്കേണ്ടതും ഒപ്പം വിദഗ്ദ്ധ വൈദ്യ ഉപദേശം തേടേണ്ടതുമാണ്.

—–

ഡോ. രമ്യ ജെ. BAMS
Ph : ‭+91 94478 61031
Email : drremyajp@gmail.com

Be the first to comment

Leave a Reply

Your email address will not be published.


*