ഗർഭവും പ്രസവവും- ആയുർവേദ വിധികൾ

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തെക്കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്ന ആരോഗ്യ ശാസ്ത്രമാണ് ആയുർവേദം. ഒരു സ്ത്രീയുടെ ജീവിതചക്രം പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് – പ്രസവ പൂർവ കാലഘട്ടം, പ്രസവ കാലഘട്ടം, പ്രസവാനന്തര കാലഘട്ടം എന്നിവയാണവ. ഗർഭം എന്നത് ഒരു രോഗാവസ്ഥയല്ല. ഗർഭത്തെ പൂർണമനസോടെ സ്വീകരിക്കുകയാണ് ആദ്യം വേണ്ടത്. മനുഷ്യൻ്റെ വർഗ നിലൽപ്പിനുള്ള സംവിധാനിച്ച ഒരു സ്വാഭാവിക പ്രക്രിയ മാത്രം. പക്ഷേ ഈ പ്രക്രിയ സ്വാഭാവികമായി നടക്കേണ്ട ഒരു കാര്യമല്ല. സ്ത്രീയും പുരുഷനും തമ്മില്‍ ഇണ ചേരുന്നതിലൂടെയാണല്ലോ ഗർഭം ധരിക്കുന്നത്. എന്നാല്‍ ഈ ഇണചേരൽ ഒരിക്കലും യാദൃശ്ചികമാകരുത്. ഇണചേരുന്നതിന് മുമ്പ് ഓരോ സ്ത്രീയും പുരുഷനും ജീവിതത്തില്‍ ചില കാര്യങ്ങൾ ചെയ്യേണ്ടത് അനിവാര്യമാണ്. അതിനെയാണ് ‘പ്രീ കൺസപ്ഷണൽ കെയർ’ എന്ന് പറയുന്നത്. അതിലൂടെ മാത്രമേ ഒരു സ്ത്രീയുടെയും പുരുഷൻ്റെയും അണ്ഡവും ബീജവും പൂർണാരോഗ്യത്തോടെയുള്ള ബീജവും അണ്ഡവുമായി മാറുകയുള്ളൂ. ആ ബീജവും അണ്ഡവും ചേർന്നാൽ മാത്രമേ പൂർണാരോഗ്യത്തോടെയുള്ള നല്ല കുട്ടി ജന്മമെടുക്കുകയുള്ളൂ. ഓരോ കുട്ടികളും സമൂഹ നിർമിതിയുടെ അനിവാര്യ ഭാഗമായതിനാല്‍ ഓരോ ഗർഭത്തെയും ഓരോ അച്ഛനമ്മമാരും സശ്രദ്ധം കരുതേണ്ടതുണ്ട്.

പ്രസവപൂർവ്വ കാലം

ആയുർവേദ വിധിപ്രകാരം പ്രീ കൺസപ്ഷണൽ കെയറിന് മൂന്ന് തലമുണ്ട്. ശോധന കർമ്മ, രസായന കർമ്മ, ദിനചര്യ എന്നിവയാണവ. ആയുർവേദത്തിൽ അഞ്ച് വിധം ശോധനകളുണ്ട്. വമനം, വിരേചനം, നസ്യം, വസ്തികർമം, രക്തമോക്ഷണം എന്നിവയാണവ. വമനം എന്നാൽ ചർദ്ദിപ്പിക്കലാണ്. വിരേചനം വയറിളക്കലും നസ്യം മൂക്കിലൂടെ മരുന്നൊഴിക്കലും രക്തമോക്ഷണം രക്തം ഒഴിവാക്കലുമാണ്. ഇതില്‍ രക്തമോക്ഷണമൊഴികെയുള്ള കർമങ്ങൾ ഗർഭത്തിനുമുമ്പ് ഒരു സ്ത്രീയിലും പുരുഷനിലും ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളാണ്. സ്ത്രീയുടെ ആരോഗ്യത്തിലാണ് നാം ഇവയെല്ലാം സൂക്ഷ്മമായി പുലർത്തേണ്ടത്. എന്തെന്നാല്‍ സ്ത്രീയുടെ ആർത്തവകാലവും വിരാമവുമൊക്കെ കൃത്യമായി കൊണ്ടുവരിക എന്നതിനാണ് ആദ്യ പരിഗണന.

ശോധന കർമ ഒരു മാസത്തെ കാലാവധിയിൽ നമുക്ക് പ്ലാൻ ചെയ്യാൻ സാധിക്കും. ഒരു മാസം നാം രോഗിയെ വമനം ചെയ്യിപ്പിച്ചും വയറിളക്കിയും നസ്യം ചെയ്യിപ്പിച്ചും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ശരീരം പുതിയൊരു സിസ്റ്റത്തിലേക്ക് മാറുകയും ശരീരത്തിലെ വ്യവസ്ഥകൾക്ക് വേഗം കൈവരിക്കുകയും ചെയ്യുന്നു.

അതിനുശേഷം രണ്ടാം മാസം രസായന കർമത്തിലേക്ക് പ്രവേശിക്കാം. നല്ല ശീലങ്ങള്‍, നല്ല ഭക്ഷണങ്ങൾ തുടങ്ങിയവ ജീവിതത്തിൻ്റെ ഭാഗമാക്കുന്നതിനെയാണ് രസായന കർമമെന്ന് പറയുന്നത്. ഔഷധമൂല്യമുള്ള ഭക്ഷണങ്ങളും ചില പ്രത്യേക മരുന്നുമൊക്കെയാണ് ഈ സമയത്ത് ഭക്ഷിക്കേണ്ടത്. ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇതെല്ലാം പിന്തുടരാന്‍ പറ്റൂ. ഈ രണ്ടാം മാസത്തില്‍ രസായനത്തിനോടുകൂടെതന്നെ ദിനചര്യയും അനുഷ്ഠിക്കേണ്ടതുണ്ട്. ക്രമബന്ധിതമായ ജീവിതചുറ്റുപാടിനാണ് ദിനചര്യയെന്ന് പറയുന്നത്. ഇപ്പോഴത്തെ ജീവിതക്രമമനുസരിച്ച് രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേല്ക്കുകയും ചെയ്യുന്ന ഒരു പ്രവണതയുണ്ട്. ഇതെല്ലാം തീർത്തും തെറ്റായ ദിനചര്യയാണ്. ദിനചര്യയില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട പത്തു ഘടകങ്ങളുണ്ട്.
ഒന്ന്, ഉറക്കത്തിൽ നിന്ന് എണീക്കല്‍. സൂര്യന്‍ ഉദിക്കുന്നതിന് ഒരുമണിക്കൂർ മുമ്പുതന്നെ ഉണർന്ന് ശീലിക്കേണ്ടതുണ്ട്. പ്രഭാത പാനീയമാണ് രണ്ടാമത്തേത്. എണീറ്റ ഉടനെതന്നെ പച്ചവെള്ളമോ ഔഷധഗുണമുള്ള പാനീയങ്ങളോ കുടിക്കേണ്ടതുണ്ട്. ചായ, കാപ്പി തുടങ്ങിയവ ഒഴിവാക്കേണ്ടതുണ്ട്. ചായക്ക് പകരം ഗ്രീൻ ടീ ഉപയോഗിക്കാം. ശരീരം മുഴുവന്‍ മസാജ് ചെയ്യലാണ് മൂന്നാമത്തേത്. നല്ല തൈലങ്ങള്‍ ഉപയോഗിച്ച് ഇളംചൂടിൽ മസാജ് ചെയ്യുക. മസാജിന് ശേഷം തല ഒഴികെയുള്ള ഭാഗങ്ങളിൽ ഇളംചൂടുവെള്ളമുപയോഗിച്ച് കുളിക്കുക എന്നതാണ് അഞ്ചാമത്തേത്. ആറാമത്തേത് അഞ്ജനം. പണ്ടുകാലത്ത് നാട്ടിലെല്ലാം ഇളനീര്‍ കുഴമ്പ് കണ്ണിലുപയോഗിക്കുന്ന പതിവുണ്ടായിരുന്നു. പുലർച്ചെ തന്നെ കണ്ണിനു കുളിർമ ലഭിക്കുന്നതിലൂടെ അത് ശരീരത്തിനു തന്നെ വലിയ ഉന്മേഷം പ്രദാനം ചെയ്യും. ചുരുങ്ങിയത് പച്ചവെള്ളം ഉപയോഗിച്ചെങ്കിലും പുലർച്ചെ നമ്മുടെ കണ്ണുകൾ ശരിയായി കഴുകണം. മറ്റൊന്ന് മൂക്കില്‍ മരുന്നുപയോഗിച്ച് നസ്യം ചെയ്യുന്നതാണ്. മൂക്കിലൂടെ മരുന്ന് വലിക്കുന്നതോടെ കഫം ഇറങ്ങുകയും വായിലൂടെ അത് തുപ്പിക്കളയുകയും ചെയ്യാം. വ്യായാമങ്ങള്‍ ചെയ്യുന്നതാണ് മറ്റൊന്ന്. നടത്തം, ചെറിയ കളികള്‍, പടികൾ കയറുക തുടങ്ങിയ ചെറിയ വ്യായാമങ്ങള്‍ ശീലിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. പ്രാർത്ഥിക്കുക അല്ലെങ്കിൽ ധ്യാനിക്കുക എന്നതാണ് എട്ടാമത്തേത്. ധ്യാനിക്കുന്നതിലൂടെ ശരീരത്തിന് നല്ല ഉന്മേഷം ലഭിക്കുന്നു. ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുക എന്നതാണ് ഒമ്പതാമത്തേത്. അധികം വൈകാതെ ഉറങ്ങുന്ന ശീലം പുലർത്തുകയാണ് പത്താമത്തേത്. വൈകി ഉറങ്ങുമ്പോള്‍ ആ സമയമാവുമ്പോഴൊക്കെയും നമ്മുടെ ശരീരത്തിലെ ആന്തരികാവയവങ്ങള്‍ കൂടുതലായി പ്രവർത്തിക്കേണ്ടിവരുന്നു. അതുവഴി അവയവങ്ങൾക്ക് വേണ്ടത്ര വിശ്രമം ലഭിക്കാതെ വരികയും ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

മൂന്നാം മാസം ഈ ദിനചര്യകള്‍ മുഴുവനായും പാലിക്കുകയാണ് വേണ്ടത്. മൂന്ന് മാസം ഈ രൂപത്തില്‍ മുന്നോട്ട് പോയതിന് ശേഷമാണ് കുഞ്ഞിനുവേണ്ടിയുള്ള ലൈംഗിക ബന്ധത്തില്‍ ഏർപ്പെടേണ്ടത്. സ്ത്രീയും പുരുഷനും ഈ ക്രമത്തില്‍ ജീവിതം ചിട്ടപ്പെടുത്തേണ്ടതുണ്ട്. എന്തെന്നാല്‍ വളരെ യാദൃശ്ചികമായി ചേരേണ്ടതല്ല അണ്ഡവും ബീജവും. യാത്രയൊക്കെ ചെയ്ത് വന്ന് ക്ഷീണിച്ച അവസ്ഥയില്‍ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അതിലുണ്ടാകുന്ന കുട്ടികൾക്ക് ചില പരിമിതികൾ സംഭവിക്കാറുണ്ട്. അതിനാല്‍ നല്ല സമയത്ത് നല്ല മനസ്സോടെ വേണം ബന്ധത്തിലേർപ്പെടേണ്ടത്. ബന്ധത്തിലേർപ്പെടുമ്പോൾ ദമ്പതികൾക്കുണ്ടാവുന്ന ചിന്ത, ഏർപ്പെടുന്ന സമയത്തെ അന്തരീക്ഷം, ദമ്പതികളുടെ ഭക്ഷണക്രമം എന്നിവയെല്ലാം പിറക്കാനിരിക്കുന്ന കുഞ്ഞിൻ്റെ പ്രകൃതത്തില്‍ സ്വാധീനം ചെലുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അതുപോലെ ഇക്കാലയളവില്‍ സ്ത്രീകൾ എള്ള് കൊണ്ടും ഉഴുന്നുകൊണ്ടുമുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നതും പുരുഷന്മാര്‍ നെയ്യ്, പാല്‍ തുടങ്ങിയവ കൂടുതലായി കഴിക്കുന്നതും വലിയ ഗുണം ചെയ്യും. ഗർഭത്തിന് മുമ്പുള്ള ഈ മൂന്ന് മാസത്തെ ചിട്ടയായ ജീവിതക്രമവും ഭക്ഷണരീതിയും പിന്തുടർന്നാൽ പിറക്കാനിരിക്കുന്ന കുഞ്ഞില്‍ നല്ല മാറ്റങ്ങൾ കാണാനാവുമെന്നാണ് ആയുർവേദം പറയുന്നത്. പ്രസവത്തിനുശേഷം എന്തുചെയ്യണമെന്നാണ് പലരും ചോദിക്കാറുള്ളത്. എന്ത് അരിഷ്ടം കുടിക്കണം, ഏത് കുഴമ്പ് പുരട്ടണം എന്ന മട്ടില്‍. എന്നാല്‍ പ്രസവത്തിനും ഗർഭധാരണത്തിനുമൊക്കെ മുമ്പുള്ള ജീവിതം മിക്കപേരും ശ്രദ്ധിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ ആയുർവേദത്തിൽ ഗർഭത്തിന് മുമ്പുള്ള ദമ്പതികളുടെ ജീവിതക്രമത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

ഗർഭകാല പരിചരണം

ഗർഭം ധരിച്ചത് മുതലുള്ള സ്ത്രീകളുടെ ജീവിതവും ചിട്ടകളും വളരെ മികവാർന്നതാവേണ്ടതുണ്ട്. ഒന്നാം മാസം മുതല്‍ ഒമ്പതാം മാസം വരെയുള്ള ഗർഭകാലത്തിൽ ഗർഭിണിയിൽ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നതിനെ കുറിച്ചും അതത് സമയങ്ങളില്‍ എന്തെല്ലാം കരുതല്‍ സ്വീകരിക്കേണമെന്നതിനെ കുറിച്ചും അഷ്ടാംഗ ഹൃദയത്തിലും സുശ്രുതസംഹിതയിലും വ്യക്തമായി വിവരിച്ചിട്ടുണ്ട്.
ഒന്ന്, രണ്ട്, മൂന്ന് മാസങ്ങളില്‍ സ്ത്രീയുടെ ഗർഭം സ്ഥിരതയില്ലാത്തതാണ്. ആ സമയത്ത് ഗർഭത്തിൻ്റെ സ്ഥിരതക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് ഏർപ്പെടേണ്ടത്. ഈ സമയത്ത് നസ്യകർമങ്ങൾ ചെയ്യുന്നത് നന്നായിരിക്കും. തിരുതാളി, പേരാൽ മൊട്ട് എന്നിവയൊക്കെ പാലില്‍ കാച്ചി അതിൻ്റെ നീര് മൂക്കിൽ ഇറ്റിക്കുന്നത് ഗർഭാവസ്ഥ സ്ഥിരപ്പെടുന്ന പ്രക്രിയക്ക് ബലം നല്കും. അതുപോലെ മാനസികമായി ഗർഭിണി വളരെ സൗമ്യവതിയായിരിക്കേണ്ടതുണ്ട്. യാതൊരു മാനസിക സംഘർഷവുമില്ലാതെ ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും പൂർണമായ പിന്തുണയും കരുതലും സ്‌നേഹവും ലഭ്യമാക്കേണ്ട സമയമാണിത്. നാലാമത്തെ മാസം ഗർഭത്തിലുള്ള കുഞ്ഞിൽ ഹൃദയം രൂപപ്പെടുന്ന സമയമാണ്. ആ സമയത്താണ് ചില സ്ത്രീകളില്‍ ചില രുചികളോട് പ്രത്യേക താല്പര്യം രൂപപ്പെടുന്നത്. അതിനാല്‍ അത്തരം താല്പര്യങ്ങൾ കഴിവതും നൽകണമെന്നാണ് ആയുർവേദം പറയുന്നത്.

നമ്മുടെ നാട്ടിലുള്ള ഒരു പൊതു പ്രവണത ഗർഭിണിയായാൽ സ്ത്രീക്ക് ധാരാളം ഭക്ഷണം നൽകുക എന്നതാണ്. “വയറ്റില്‍ ഒരാളൂടെ ഇല്ലേ, അപ്പോള്‍ രണ്ടുർക്ക് ഭക്ഷണം വേണ്ടേ” എന്നൊക്കെ പറഞ്ഞ് പരമാവധി ഭക്ഷണം കഴിപ്പിക്കാറാണ് പതിവ്. കുറേ ഭക്ഷണം കഴിപ്പിക്കുക എന്നതിന് പകരം നല്ല ഭക്ഷണങ്ങള്‍ ചിട്ടയോടെ ഭക്ഷിപ്പിക്കാനാണ് ആ സമയം ശ്രമിക്കേണ്ടത്. വേവിച്ച ഭക്ഷണങ്ങളാണെങ്കില്‍ വേവിച്ചുകഴിഞ്ഞ് മൂന്നുമണിക്കൂറിനകം തന്നെ അത് നൽകണം. പഴകിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക. എളുപ്പത്തില്‍ ദഹിക്കാൻ പറ്റുന്നവ നൽകുക. രാത്രി ഭക്ഷണങ്ങളില്‍ ഫൈബര്‍ അടങ്ങിയവ ഉൾപ്പെടുത്തുക എന്നിവ ഇക്കാലത്ത് ശ്രദ്ധിക്കേണ്ടവയാണ്. ഇലക്കറികള്‍, കാരറ്റ്, കക്കിരിക്ക തുടങ്ങിയവ പോലുള്ളവ മെനുവില്‍ ഉൾപ്പെടുത്തുന്നതും ചായ, കാപ്പി പോലുള്ളവ ഒഴിവാക്കുന്നതും ഗുണം ചെയ്യും. ഗർഭകാലത്തിനുമുമ്പ് അനുഷ്ഠിക്കേണ്ടതായി നാം നേരത്തെ പറഞ്ഞ പത്ത് ദിനചര്യകള്‍ പാലിക്കുകയും വേണം.

ഗർഭിണിയായാൽ അവളെ ഒരു പണിയും എടുക്കാൻ സമ്മതിക്കാതെ മൂലക്കിരിത്തുന്ന പതിവും ഇന്ന് വർദ്ധിച്ച് വരികയാണ്. സാധാരണ ഒരു വീട്ടില്‍ ചെയ്യാറുള്ള മുറ്റമടിക്കൽ, നിലം തുടക്കൽ പോലുള്ളവ ചെയ്യാന്‍ പോലും ഗർഭിണിയെ ആരും സമ്മതിക്കാറില്ല. ഗർഭിണിയായ ആദ്യത്തെ മൂന്ന് മാസം ഗർഭം സ്ഥിരത നേടാത്തതാകയാൽ അക്കാലത്ത് കുറച്ച് വിശ്രമം ഒക്കെ എടുക്കേണ്ടതുണ്ട്. എന്നാല്‍ അഞ്ച്, ആറ്, ഏഴ് മാസങ്ങളില്‍ സാധാരണ വീട്ടുജോലികളൊക്കെ ചെയ്യാവുന്നതാണ്. പടികള്‍ കയറുക, കുമ്പിട്ട് അടിച്ചുവാരുക എന്നിവയൊക്കെ സ്ഥിരമായി ചെയ്യുന്നത് നല്ലതാണ്. ഇത്തരം വ്യായാമങ്ങളും നല്ല ഭക്ഷണവും കഴിക്കുമ്പോള്‍ തന്നെ പ്രസവസമയത്തെ ബുദ്ധിമുട്ടുകള്‍ നീങ്ങിക്കിട്ടും. സിസേറിയന്‍ ഒരു ട്രെൻഡ് ആയി മാറുന്ന ഇക്കാലത്ത് ഗർഭത്തിന് മുമ്പുള്ള ചിട്ടകളും ഗർഭകാലത്തുള്ള ചിട്ടകളും ശരിയായ വിധം പുലർത്തിയാൽ വലിയ പ്രയാസമില്ലാതെ തന്നെ സാധാരണ പ്രസവം സാധ്യമാകുന്നതാണ്.

കാത്സ്യത്തിൻ്റെ പോരായ്മ, ഹീമോഗ്ലോബിന്‍ കുറവ് എന്നിവ ചില സ്ത്രീകളില്‍ ഗർഭസമയത്ത് അനുഭവപ്പെടാറുണ്ട്. കാത്സ്യക്കുറവിന് ദിനേന എള്ള് കഴിക്കാം. പിറക്കാനിരിക്കുന്ന കുഞ്ഞിനും അമ്മക്കും എല്ലിനും പല്ലിനുമെല്ലാം നല്ല ബലം ലഭിക്കാന്‍ ഇതുകൊണ്ട് സാധിക്കും. ദിവസവും രണ്ട് ഉറുമാൻപഴം (മാതളം/ അനാര്‍) കഴിച്ചാല്‍ ഹീമോഗ്ലോബിൻ്റെ അളവ് കൂടും. കൂടാതെ ഗോതമ്പ് മുളപ്പിച്ച് ആ മുളച്ച ഭാഗം മുറിച്ച് ജ്യൂസ് ആയി കഴിക്കുന്നതും ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടും. ആവശ്യത്തിന് വെള്ളം കുടിക്കുന്നതോടൊപ്പം നന്നായി ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതും ഈ സമയത്ത് ഗുണം ചെയ്യും. ദിവസവും രാവിലെ പതിനൊന്ന് മണിക്ക് മുമ്പുള്ള വെയില്‍ കൊള്ളുന്നത് വിറ്റാമിൻ ഡി ലഭിക്കുന്നതിന് സഹായിക്കും.

പ്രസവാനന്തരകാല പരിചരണം

ഇന്നത്തെ കാലത്ത് പ്രസവ സമയത്തെ പരിചരണത്തില്‍ ആയുർവേദത്തിൽ വലിയ മാർഗങ്ങളില്ല. എന്തെന്നാല്‍ ഇന്ന് ബഹുഭൂരിപക്ഷം പേരും ആശുപത്രികളിൽ നിന്നാണല്ലോ പ്രസവിക്കുന്നത്. മുമ്പ് ആയുർവേദ വിധികളറിഞ്ഞ മുതിർന്നവരുടെ പരിചരണത്തില്‍ വീട്ടിൽ നിന്നുതന്നെയായിരുന്നല്ലോ പ്രസവങ്ങൾ. എന്നാല്‍ നാം പറഞ്ഞ ഗർഭ പൂർവ പരിചരണവും ഗർഭകാല ചിട്ടകളും അനുസരിച്ചുള്ള ഒരു സ്ത്രീക്ക് സിസേറിയന്‍ കൂടാതെ തന്നെ പ്രസവം സാധ്യമാകും.

പ്രസവം കഴിഞ്ഞ് ഒന്നര മാസം വരെയുള്ള കാലഘട്ടത്തിന് ആയുർവേദത്തില്‍ സൂതിക എന്നാണ് പറയുക. ശരീരത്തില്‍ വലിയൊരു ആയാസം അനുഭവപ്പെട്ടതിന് ശേഷമുള്ള കാലമാണത്. പ്രസവവേദന എന്നത് യാഥാർത്ഥ്യമാണല്ലോ. ആ സമയത്ത് സ്ത്രീക്ക് വിശപ്പ് താരതമ്യേന കുറവായിരിക്കും. വിശപ്പ് സാധാരണ നിലയിലേക്കെത്താന്‍ നെയ്യും ലേഹ്യവും നൽകുകയല്ല വേണ്ടത്. ദഹനപ്രക്രിയ വളരെ കുറഞ്ഞ ആ സമയത്ത് പിപ്പല്ലി, പിപ്പല്ലിമൂലം, കൊടുവേലി, ഇഞ്ചി തുടങ്ങിയവ ചേർത്ത കഞ്ഞികൾ നൽകുന്നത് ഗുണം ചെയ്യും. ആദ്യത്തെ ഈ ഒന്നരമാസം നോൺ വെജ് വിഭവങ്ങൾ കഴിവതും ഒഴിവാക്കുകയാണ് നല്ലത്. എരിവും പുളിയുമില്ലാത്ത നല്ല ഭക്ഷണങ്ങൾ കഴിക്കുക, എണ്ണതേച്ച് ഇളംചൂടുവെള്ളത്തിൽ കുളിക്കുക എന്നിവ നല്ലതാണ്. എരിവും പുളിയും കൂടുതലുപയോഗിക്കുന്നത് അമ്മയുടെ മുലപ്പാല്‍ കുറയുന്നതിന് കാരണമാവും. മുലപ്പാല്‍ കുറയുന്നു എന്ന് കണ്ടാല്‍ ലേഹ്യങ്ങളും അരിഷ്ടങ്ങളും കഴിക്കുന്നതിന് പകരം നല്ല ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക. മുളപ്പിച്ച ചെറുപയര്‍, കടല, ബദാം, അണ്ടിപ്പരിപ്പ് എന്നിവ കഴിക്കുന്നത് ഈ സമയത്ത് നന്നാവും. അരിഷ്ടങ്ങളും ലേഹ്യങ്ങളുമെല്ലാം സ്വന്തം തീരുമാനത്തിനനുസരിച്ച് കഴിക്കുന്നതിന് പകരം ഒരു നല്ല ആരോഗ്യ വിദഗ്ദ്ധൻ്റെ നിർദേശ പ്രകാരം തിരഞ്ഞെടുക്കുക. എന്തെന്നാല്‍ ഓരോ ശരീരവും വ്യത്യസ്ത പ്രകൃതമായിരിക്കും. അതിനാൽ ഓരോ പ്രകൃതിക്കനുസരിച്ചുള്ള മരുന്നുകളേ ഉപയോഗിക്കാവൂ. ഒരാൾക്ക് ഗുണം ചെയ്യുന്നത് മറ്റൊരാരാൾക്ക് ഗുണം ചെയ്‌തോളണമെന്നില്ല. പ്രസവത്തിൻ്റെയും ഗർഭത്തിൻ്റെയും ഏത് ഘട്ടത്തിലും ആരോഗ്യവിദഗ്ദ്ധരുടെ നിര്ദേറശങ്ങൾക്കനുസരിച്ച് മാത്രം തിരഞ്ഞെടുപ്പുകള്‍ നടത്തുക.


 

ഡോ. മുഹമ്മദ് ഇഖ്ബാല്‍
ബി എ എം എസ്, സി ആര്‍ എ വി,
കൺസൽട്ടൻറ് ആയുർവേദ ഫിസിഷ്യൻ,
ഹൈജീന്‍ ഹോസ്‌പിറ്റൽ, കുറ്റിക്കാട്ടൂർ, കോഴിക്കോട്.

iqbalpcmr@gmail.com
+91 95444 49577

56 Comments

Leave a Reply

Your email address will not be published.


*