ചികിത്സയിൽ ധൃതി വേണ്ട

എല്ലാ രോഗങ്ങളെയും ചികിത്സിച്ചു സുഖപ്പെടുത്തേണ്ടത് തന്നെയാണ്. എന്നാൽ എല്ലാ രോഗങ്ങൾക്കും ചികിത്സ ഒരുപോലെയല്ല.

ചിലത് ഭക്ഷണത്തിൽ വ്യത്യാസം വരുത്തിയാൽ തന്നെ സുഖപ്പെടും. മറ്റു ചിലത് ശീലങ്ങളുടെ കൂടി വ്യത്യാസം കൊണ്ട്, പിന്നെ മരുന്നോ ശസ്ത്രക്രിയയോ കൊണ്ട്, അങ്ങനെ ചികിത്സാരീതികൾ നിരവധിയാണ്.

എന്നാൽ ഒരു രോഗത്തിനോടനുബന്ധിച്ച് കാണുന്ന വേദന, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ മാറ്റുവാനായി മരുന്നുപയോഗിക്കുന്നത് ചികിത്സയല്ല. അത് ലക്ഷണങ്ങളെ മാത്രം താൽക്കാലികമായി മാറ്റുന്നു. എന്നാൽ രോഗം താൽക്കാലികമായി കുറഞ്ഞ് വീണ്ടും അടുത്ത ഘട്ടത്തിലൂടെ വ്യാപിക്കുകയും ചെയ്യും.

പല രോഗങ്ങളിലും വളരെ വേഗം അവ ചികിത്സിച്ചു മാറ്റണം എന്നതിനേക്കാൾ പ്രാധാന്യം എന്തുകൊണ്ട് ആ രോഗം ഉണ്ടായി എന്ന് മനസിലാക്കുന്നതിനാണ്. ഏതെങ്കിലും മരുന്ന് വാങ്ങിക്കഴിച്ച് ലക്ഷണങ്ങൾ കുറച്ച ശേഷം രോഗം എന്താണെന്നന്വേഷിച്ചാൽ പലപ്പോഴും ശരിയായ രോഗം മനസിലാക്കുവാൻ ഡോക്ടർക്ക് സാധിക്കാതെ പോകും.

ഒരു ഡോക്ടർ രോഗത്തെ മനസിലാക്കുന്നത് രക്തം, മൂത്രം തുടങ്ങിയവ പരിശോധിച്ചോ എക്സ് റേ, സ്കാൻ മുതലായവ നിരീക്ഷിച്ചോ മറ്റു ആധുനിക മാർഗങ്ങൾ ഉപയോഗിച്ചോ മാത്രമല്ല. രോഗിയെ കാണുകയും സ്പർശിച്ച് നോക്കുകയും കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയുമൊക്കെ ചെയ്തുകൂടിയാണ് രോഗത്തെ തിരിച്ചറിയുന്നത്.

ഏത് രോഗമായാലും എന്തെങ്കിലും മരുന്ന് കഴിച്ച് എത്രയും വേഗം മാറണമെന്നാണ് രോഗി ആഗ്രഹിക്കുന്നത്. എന്നാൽ പല രോഗങ്ങളും ദീർഘകാലം നിലനിൽക്കുന്നവയും അനുബന്ധരോഗങ്ങൾ കൂടി വരാവുന്നവയും ധൃതി പിടിച്ച് ചികിത്സിക്കേണ്ടാത്തവയും ആണ്.

ശാരീരിക പ്രവർത്തനങ്ങളിൽ വ്യത്യാസം വരുന്നത് കാരണമുണ്ടാകുന്ന രോഗത്തേക്കാൾ അവയവങ്ങളുടെ ഘടനയിൽ വ്യത്യാസം വരുന്നത് കാരണമുള്ള രോഗങ്ങളിൽ ദീർഘകാലചികിത്സ വേണ്ടിവരും.

രോഗമേതെന്നും എത്ര നാൾ കൊണ്ട് ചികിത്സിച്ചില്ലെങ്കിൽ അപകടകരമാകുമെന്നും ഒരു ഡോക്ടർക്ക് നിർദേശിക്കാനാകും. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങൾ രോഗി തന്നെ മനസ് വെച്ചാൽ മറ്റു ശാസ്ത്രങ്ങളിലെ അഭിപ്രായം എങ്ങനെയെന്നും അന്വേഷിക്കാവുന്നതേയുള്ളൂ.

പ്രമേഹം ഉണ്ടെന്നറിഞ്ഞാൽ എത്രയും വേഗം അതിനെ മാറ്റുവാനുള്ള ചികിത്സയല്ലല്ലോ നിലവിലുള്ളത്. അനുബന്ധരോഗങ്ങൾ ഉണ്ടാകാതെ പ്രമേഹത്തെ “മാനേജ്” ചെയ്യുക എന്നതല്ലേ? ഇതുപോലെ നിരവധി രോഗങ്ങൾ ഉണ്ട്.
ഇവയിൽ അടിയന്തിര ചികിത്സക്കല്ല പ്രാധാന്യം. മറിച്ച്,

 • ഫാറ്റി ലിവർ – നല്ല ഭക്ഷണവും വ്യായാമവും
 • കൊളസ്‌ട്രോൾ – സമയത്ത് ഭക്ഷണം, വ്യായാമം, മറ്റു കരൾ രോഗമില്ലെന്ന് ഉറപ്പു വരുത്തൽ (വളരെ വേഗം കൊളസ്‌ട്രോൾ കുറയുന്ന മരുന്നുകൾ കഴിയുമെങ്കിൽ ഉപേക്ഷിക്കുക. മരുന്ന് നിർത്തുമ്പോൾ അതെ വേഗത്തിൽ വീണ്ടും കൂടുന്നതായി കാണാം)
 • അർശസ്സ് – ശരിയായി ദഹിക്കുന്നതും മലശോധന ഉറപ്പുവരുത്തുന്നതുമായ ഭക്ഷണം.
 • പനി – കാരണം കണ്ടെത്താതെ മരുന്ന് കഴിക്കരുത്. ലഘുഭക്ഷണം, വിശ്രമം, തിളപ്പിച്ചാറ്റിയ വെള്ളം ഇടക്കിടെ കുടിക്കുക എന്നിവയാകാം.
 • വേദന – മാംസത്തിലോ സന്ധികൾക്കോ ഞരമ്പുകൾക്കോ എന്ന് തിരിച്ചറിയാതെയുള്ള മരുന്ന് പുരട്ടൽ, മസാജ് (സ്വന്തമായിട്ടാണെങ്കിൽ പോലും) ഇവ പാടില്ല. മാംസത്തിന്റെ ശോഷം, തേയ്മാനം എന്നിവ കാരണവും വേദന ഉണ്ടാകും.
 • ഹൈപ്പർ ടെൻഷൻ – എങ്ങനെയും പ്രഷറിനെ വലിച്ച് പിടിച്ച് താഴേക്ക് കൊണ്ടുവന്ന് നോർമൽ ആക്കുന്ന മരുന്നുകൾ ദോഷവും ചെയ്യും. മാനസിക വിക്ഷോഭങ്ങളെയും ഉറക്കത്തെയും പരിഗണിക്കണം.
 • അസിഡിറ്റി, അൾസർ – ദഹന സംബന്ധമായ പൊരുത്തക്കേടുകൾ, എരിവും പുളിയും അധികം ഉപയോഗിക്കുന്ന ശീലം, കൃത്രിമ ഭക്ഷണങ്ങൾ, കോള തുടങ്ങിയവ പാടില്ല.
 • ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) – ഭക്ഷണരീതി ശ്രദ്ധിക്കുക. ടെൻഷൻ, അസിഡിറ്റി, തോന്നിയ സമയത്ത് ഭക്ഷണം ഇവ പാടില്ല.
 • മാനസിക രോഗങ്ങൾ – ആരോഗ്യ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, ടെൻഷൻ.
 • ഗർഭിണികളിൽ – വിളർച്ച, അനുബന്ധ രോഗങ്ങൾ (വളരെ വീര്യം കുറഞ്ഞ മരുന്നുകൾ മാത്രം ഉപയോഗിക്കുക.
 • കുട്ടികൾ – വിളർച്ച, കൃമി ശല്യം, മാനസിക – ശാരീരിക വളർച്ച സംബന്ധമായ രോഗങ്ങൾ, ചൊറി, ചിരങ്ങ്, നീണ്ടു നിൽക്കുന്ന തുമ്മൽ, ചുമ, ശ്വാസംമുട്ട് തുടങ്ങിയവ.
 • സ്ത്രീരോഗങ്ങൾ – വന്ധ്യത, വെള്ളപോക്ക്, ആർത്തവ സംബന്ധമായ രോഗങ്ങൾ

തുടങ്ങിയവയിലെല്ലാം ശ്രദ്ധിച്ചാൽ വീര്യമുള്ള മരുന്നുകളും അടിയന്തിര ചികിത്സയും ആവശ്യമില്ലെന്നു കാണാം. അവക്കുള്ള ചികിത്സാ ചെലവും കുറക്കുവാൻ സാധിക്കും.

അടിയന്തിര ചികിത്സ ആവശ്യമുള്ളപ്പോൾ രോഗിയെ എങ്ങനെ എത്രയും വേഗം രക്ഷിക്കാമെന്നതിനു വലിയ പ്രാധാന്യമുണ്ട്. അത്തരം സാഹചര്യങ്ങളിൽ മരുന്നിന്റെ ദോഷങ്ങൾക്ക് അത്ര [പരിഗണന നൽകുവാൻ കഴിയില്ല. എന്നാൽ അടിയന്തിര ഘട്ടങ്ങളിലല്ലാതെയുള്ള സന്ദർഭങ്ങളിലെല്ലാം ഏറ്റവും സുരക്ഷിതമായ മരുന്നിനും മറ്റു നിർദേശങ്ങൾക്കുമായിരിക്കും പ്രാധാന്യം. അതുകൊണ്ടുതന്നെ മേല്പറഞ്ഞ രോഗങ്ങളിലെങ്കിലും ഏറ്റവും സുരക്ഷിതമായ ആയുർവേദ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ സ്വീകരിക്കാവുന്നതാണ്.

 

—–

ഡോ.ഷർമ്മദ്‌ ഖാൻ,
സീനിയർ മെഡിക്കൽ ഓഫീസർ,
ഭാരതീയ ചികിത്സാ വകുപ്പ്‌.
PH – 9447 963 481

99 Comments

Leave a Reply

Your email address will not be published.


*