ഞാൻ മേരിക്കുട്ടി

വ്യവസ്ഥിതിയോട് കലഹിക്കുന്ന നായകൻ എന്ന പ്രമേയം മലയാള സിനിമയിലെ ഇഷ്ട വിഷയങ്ങളിൽ ഒന്നാണ്. അത്തരത്തിൽ, ഇവിടത്തെ വ്യവസ്ഥിതിയോട് ഒറ്റയാൾ പോരാട്ടം നടത്തുന്നവരുടെ കഥകളാണ് രഞ്ജിത് ശങ്കർ എന്ന സംവിധായകൻ തന്റെ സിനിമകളിലൂടെ എന്നും പറഞ്ഞു കൊണ്ടിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ പാസഞ്ചറിൽ മനുഷ്യാവകാശം, പൗരന് ലഭിക്കേണ്ട നീതി, വികസനത്തിന്റെ പേരിൽ യാതന അനുഭവിക്കേണ്ടി വരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ എന്നിവയൊക്കെ വളരെ വൃത്തിയായി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സൂപ്പർ താരങ്ങളുടെ അതിമാനുഷിക ചിത്രങ്ങളുടെ തള്ളിക്കയറ്റം മൂലം നിലവാരത്തകർച്ച നേരിട്ടിരുന്ന മലയാള സിനിമയിൽ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു പാസഞ്ചർ. പക്ഷേ, പിന്നീടുള്ള ചിത്രങ്ങളിൽ ആ ഒരു നിലവാരം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന് സംശയമുണ്ട്. ടിപ്പിക്കൽ മധ്യവർഗ മലയാളിയുടെ ആകുലതകളാണ് പിന്നീടദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ പങ്ക് വെച്ചത്. അവയാകട്ടെ പറയുന്ന വിഷയത്തെ വേണ്ടത്ര പഠിക്കാതെ നടത്തിയ, അരാഷ്ട്രീയമായ ആഖ്യാനങ്ങളായിരുന്നു. കൃത്യമായ നിലപാടുകളില്ലാതെ ഉപരിപ്ലവമായ സാമൂഹ്യ വിമർശനങ്ങൾ മാത്രമായിരുന്നു അവ. മിക്കവാറും സിനിമകൾ നായക കേന്ദ്രീകൃതമായിരുന്നെങ്കിൽ, മോളി ആന്റി റോക്സ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രം സത്രീയായിരുന്നു എന്നൊരു മാറ്റം മാത്രമുണ്ടായിരുന്നു. മേരിക്കുട്ടിയിലെത്തുമ്പോഴും രഞ്ജിത് ശങ്കറിന്റെ ആഖ്യാന ശൈലിയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. പക്ഷേ, കേന്ദ്രകഥാപാത്രമായി ഒരു ട്രാൻസ് ജെൻഡർ എത്തുന്നു എന്നത് വലിയ ഒരു കാര്യമാണ്. ഭൂരിപക്ഷമലയാളികളുടെ രോഷവും ആശയങ്ങളും സിനിമയിലൂടെ പറഞ്ഞിരുന്ന അദ്ദേഹം ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതയായി തോന്നുന്നത്. സമൂഹത്തിന് ഇപ്പോഴും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാത്ത ട്രാൻസ്ജെൻഡറുകളുടെ ലിംഗസ്വത്വം അവരുടെ സാമൂഹ്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇത്തരത്തിൽ ഗൗരവമായ ഒരു വിഷയത്തെ കൈകാര്യം ചെയ്തു എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ കയ്യടി അർഹിക്കുന്നുണ്ട് “ഞാൻ മേരിക്കുട്ടി” എന്ന സിനിമയും സ്രഷ്ടാവായ രഞ്ജിത് ശങ്കറും .

ട്രാൻസ്ജെൻഡർ എന്ന അവസ്ഥ:

ട്രാൻസ്ജെൻഡർ എന്ന പദത്തിന് തുല്യമായി മലയാളത്തിൽ വ്യക്തമായ ഒരു പദം ഇല്ലെന്ന് തോന്നുന്നു. ഭിന്നലിംഗക്കാർ എന്നാണവരെ പലപ്പോഴും നാം വിശേഷിപ്പിക്കാറ്. സാധരണയിൽ (Normalcy) നിന്നും ഭിന്നമായ ഒന്നാണവരുടെ ലിംഗം എന്ന ഒരു തോന്നലാണ് ആ വാക്കുളവാക്കുന്നത് . ഒരു അബ്നോർമാലിറ്റി ആയാണ് ആ അവസ്ഥയെ നോക്കിക്കാണുന്നത് എന്ന് സാരം. ആധുനിക വൈദ്യശാസ്ത്രവും ഈ അടുത്ത കാലം വരെ ഇതുപോലെ “അബ്നോർമൽ” ആയാണ് ട്രാൻസ്ജെൻഡറുകളെ പരിഗണിച്ചിരുന്നത്. ജെൻഡർ ഐഡന്റിറ്റി ഡിസോർഡർ എന്ന ഒരു മാനസികരോഗാവസ്ഥയായാണ് അത് കരുതിപ്പോന്നിരുന്നത്. 2013-ൽ അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ ഈ പദത്തിന് പകരം ജെൻഡർ ഡിസ്ഫോറിയ എന്ന പുതിയ ഒരു പദം കൊണ്ടുവന്നു. ട്രാൻസ്ജെൻഡർ ആവുക എന്നത് ഒരു മാനസിക രോഗമല്ലെന്നും, ജെൻഡർ ഡിസ്ഫോറിയ എന്നത് കൊണ്ട് ട്രാൻസ്ജെൻഡറുകൾ നേരിടുന്ന വൈകാരിക പ്രശ്നങ്ങൾ, വിഷാദം എന്നിവയാണ് ഉദ്ദേശിക്കുന്നത് എന്നും അവർ വ്യക്തമാക്കുന്നു .

ക്രോമോസോമൽ തകരാറുകൾ കൊണ്ട് ഉണ്ടാകുന്ന ചില രോഗാവസ്ഥകളിൽ (ടർണേഴ്സ് സിൻഡ്രോം, ക്ലീൻഫിൽട്ടർ സിൻഡ്രോം) എതിർലിംഗത്തിൽ പെട്ടവരുടെ ലൈഗിക സ്വഭാവം കാണിച്ചേക്കാം. സ്ത്രീകളിൽ മീശ ഉണ്ടാവുക, ആർത്തവം ഇല്ലാതിരിക്കുക, പുരുഷൻമാരിൽ സ്തന വളർച്ച ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ ഇവരിൽ കാണാം. പക്ഷേ, ട്രാൻസ്ജെൻഡറുകളെ സംബന്ധിച്ചിടത്തോളം സ്ഥിതി തികച്ചും വ്യതസ്തമാണ്. ശരീരശാസ്ത്രപരമായി നോക്കിയാൽ പൂർണ്ണമായും ആരോഗ്യാവസ്ഥയിലുള്ളവരാണവർ. ജനിതകപരമായ ചില ഘടകങ്ങൾ ട്രാൻസ് സെക്ഷ്വലിസത്തിലേക്ക് നയിക്കാം എന്ന് പല പഠനങ്ങളിലും പറയുന്നുണ്ടെങ്കിലും അവയൊന്നും ശാസ്ത്രീയമായി സ്ഥിരീകരിച്ചവയല്ല. ലോകാരോഗ്യ സംഘടന ഏറ്റവും ഒടുവിൽ പുറത്തിറക്കിയ ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് പ്രകാരം ട്രാൻസ്ജെൻഡർ ഒരു മാനസികരോഗാവസ്ഥയല്ല.
നിർവചനപ്രകാരം ട്രാൻസ്ജെൻഡർ എന്നത് ഒരാൾക്ക് ജന്മനാ ലഭിക്കുന്ന ലിംഗസ്വത്വത്തിനോട് അപരമായ ലിംഗസ്വത്വം പേറുന്നവർ മാത്രമാണ് .

ട്രാൻസ്ജെൻഡർ സിനിമയിൽ:

ട്രാൻസ്ജെൻഡർ കഥാപാത്രങ്ങൾ ലോകസിനിമയിൽ വളരെക്കാലമായി ഉണ്ടെങ്കിലും ഗൗരവമായ സിനിമാ ശ്രമങ്ങൾ ഈ മേഖലയിൽ ഉണ്ടായിത്തുടങ്ങിയിട്ട് അധികം കാലമായിട്ടില്ലെന്ന് തോന്നുന്നു. 2015-ൽ പുറത്തിറങ്ങിയ “ദി ഡാനിഷ് ഗേൾ” എന്ന അമേരിക്കൻ ചിത്രം എടുത്ത പറയപ്പെടേണ്ട ഒന്നാണ്. ഓസ്ക്കാർ അവാർഡ് വേദിയിൽ തിളങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. 1999-ൽ പുറത്തിറങ്ങിയ ദി ബോയ്സ് ഡോണ്ട് ക്രൈ, ടോം ബോയ് എന്ന ഫ്രഞ്ച് ചിത്രം, പാരീസ് ഇസ് ബേർണിംഗ് എന്ന ഡോക്യുമെന്ററി എന്നിവയെല്ലാം ട്രാൻസ്ജെൻഡർ വിഷയത്തെ കാണിച്ചിട്ടുള്ളവയാണ്

മലയാള സിനിമയിൽ വളരെ വികൃതമായ രീതിയിൽ കോമാളികളായാണ് അവരെ എന്നും അവതരിപ്പിച്ചിട്ടുള്ളത്. ദിലീപിന്റെ ചാന്ത്പൊട്ടിലാകണം ഒരു പക്ഷേ, സ്ത്രൈണ സ്വഭാവമുള്ള ഒരു നായകൻ മലയാള ജനപ്രിയ സിനിമയിൽ വരുന്നത്. അത് പക്ഷേ, ആ അവസ്ഥയെ ഒരു വളർത്തുദോഷം എന്ന രീതിയിൽ കാണുന്ന, വളരെ കാഷ്വൽ ആയുള്ള ഒരു സമീപനമായിരുന്നു. മറ്റു സിനിമകളിലെ പോലെ ഹാസ്യത്തിനായി വളരെ അതിഭാവുകത്വം കലർത്തി തന്നെയാണ് ദിലീപ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ട്രാൻസ്ജെൻഡർ മലയാളികൾക്ക് ഒരു ഹാസ്യ കഥാപാത്രമാണെന്ന ധാരണയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആഷിക് അബുവിന്റെ മായാനദിയിൽ സാമാന്യം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്ന ട്രാൻസ്ജെൻഡർ കഥാപാത്രത്തെ കാണിക്കുമ്പോൾ തീയറ്ററിൽ ഉണ്ടായ ചിരികൾ. എന്തായാലും, 101 വെഡ്ഡിംഗ്സ് എന്ന ചിത്രത്തിൽ വളരെ ബോറായ രീതിയിൽ സ്ത്രൈണ സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ജയസൂര്യയെ കൊണ്ട് തന്നെ വളരെ ഭംഗിയായി മേരിക്കുട്ടിയുടെ വേഷം അഭിനയിപ്പിച്ചത് സംവിധായകന്റെ മിടുക്ക് തന്നെയാണ്.

മാത്തുക്കുട്ടി എന്ന മേരിക്കുട്ടി:

തന്റെ ഉള്ളിൽ ഒരു സ്ത്രീ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന മാത്തുക്കുട്ടി എന്ന ചെറുപ്പക്കാരനെ കാണിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. സ്ത്രീ ആയി മാറാൻ ഉള്ള ഒരു ആഗ്രഹം ചെറുപ്പത്തിലേ അയാളിലുണ്ടായിരുന്നു എന്ന സൂചനകളും സിനിമ തരുന്നുണ്ട്. മേരിക്കുട്ടി ആയി മാറിക്കഴിയുന്നതോടെ സമൂഹം വേറൊരു രീതിയിലൂടെ അയാളെ നോക്കിക്കാണാൻ തുടങ്ങുന്നു. ചെന്നൈയിലെ ജോലി രാജിവെച്ച് കേരളത്തിലെത്തുന്ന മേരിക്കുട്ടി അനുഭവിക്കേണ്ടി വരുന്നത് ക്രൂരമായ പരിഹാസങ്ങളും പീഡനങ്ങളുമാണ്. ആദ്യമായി ട്രാൻസ്ജെൻഡർ പോളിസി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. പക്ഷേ, കേരളീയ സമൂഹം ഇപ്പോഴും ട്രാൻസ്ജെൻഡറുകളെ ഉൾക്കൊള്ളാൻ കഴിയത്തക്ക വിധം പാകപ്പെട്ടിട്ടില്ല എന്ന യാഥാർത്ഥ്യം നന്നായിത്തന്നെ പറഞ്ഞു വെക്കുന്നു സിനിമ.

താൻ ഒരു ട്രാൻസ് സെക്ഷ്വൽ ആണെന്ന് മേരിക്കുട്ടി തന്റെ വക്കീലിനെ പറഞ്ഞു മനസിലാക്കുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരെ വിശേഷിപ്പിക്കുന്ന പദം ആണത്. അത്തരത്തിലുള്ള പദപ്രയോഗങ്ങൾ പോലും നമുക്ക് അജ്ഞാതമാണ്.
ട്രാൻസ്ജെൻഡറുകൾ ഏറ്റവുമധികം പീഡനങ്ങൾ നേരിടുന്നത് പോലീസുകാരിൽ നിന്നാണ്. അതു കൊണ്ടാണ് ഉള്ള ജോലി കളഞ്ഞ് എസ്.ഐ. പരീക്ഷ എഴുതാനായി മേരിക്കുട്ടി നാട്ടിലെത്തുന്നത്. ഒരു ട്രാൻസ്ജെൻഡർ ഡിപ്പാർട്ട്മെന്റിലെത്തുന്നതോട് കൂടി പോലീസിന് ട്രാൻസ്ജെൻഡറുകളോടുള്ള സമീപനത്തിൽ മാറ്റം വരും എന്നവർ വിശ്വസിക്കുന്നു. പക്ഷേ, സ്ഥലത്തെ പോലീസുകാരിൽ നിന്നാണ് അവർ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്നത്. ഒരു പാട് തടസങ്ങൾ അവർ മേരിക്കുട്ടിയുടെ വഴിയിൽ സൃഷ്ടിക്കുന്നു. അതിനോടുള്ള മേരിക്കുട്ടിയുടെ പോരാട്ടമാണ് പിന്നീട് ചിത്രത്തിലുള്ളത്.

ട്രാൻസ്ജെൻഡറുകൾ തങ്ങളുടെ കുടുംബത്തിൽ നിന്നും, സമൂഹത്തിൽ നിന്നും നേരിടുന്ന അവഗണനയും, കുറ്റപ്പെടുത്തലുകളും നന്നായി വരച്ചു കാട്ടുന്ന ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലെത്തുമ്പോൾ സ്ഥിരം രഞ്ജിത്ത് ശങ്കർ ശൈലിയിലേക്ക് ചിത്രം വഴുതിപ്പോകുന്നു. വില്ലനായെത്തുന്ന സബ് ഇൻസ്പെകടറും മേരിക്കുട്ടിയും തമ്മിലുള്ള ഒരു പോരാട്ടം എന്ന നിലയിലേക്ക് ചിത്രം മാറുന്നു. സിനിമയുടെ ഗൗരവം ചോർന്നു പോകുന്നതും ആ പോയിന്റിലാണ്. പിന്നീട് തീർത്തും സാധാരണമായ രീതിയിൽ മുന്നോട്ട് നീങ്ങി പ്രവചനീയമായ ഒരു ക്ലൈമാക്സിലെത്തുകയാണ് സിനിമ. പോപ്പുലർ സിനിമയുടെ ഭാഗമായി നിൽക്കുന്ന സംവിധായകന് ചെയ്യേണ്ടി വരുന്ന വിട്ടുവീഴ്ചകളായിരിക്കാം, പക്ഷേ, അതുവരെ ശക്തമായ രീതിയിൽ മുന്നോട്ട് പോയിരുന്ന സിനിമയെ ഒരല്പം ദുർബലമാക്കി അത് എന്ന് പറയാതെ വയ്യ.
എന്നിരിക്കിലും, ജനപ്രിയ സിനിമയിൽ എന്നും അതിഭാവുകത്വത്തോടെ കോമാളികളായി ചിത്രീകരിച്ചിരുന്ന ഒരു വിഭാഗത്തെ തീർത്തും റിയലിസ്റ്റിക്കായി, ഒട്ടും അഭംഗിയില്ലാതെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഇത്തരത്തിൽ വിപ്ലവാത്മകമായ ഒരു സിനിമാശ്രമം നടത്തിയ അണിയറക്കാർ ചെറുതല്ലാത്ത അഭിനന്ദനം അർഹിക്കുന്നുമുണ്ട്.


 

ഡോ.ജിഷ്ണു പി. BHMS,
വടക്കേടത്ത് മന,
അണ്ണല്ലൂർ (പോസ്റ്റ്),
അഷ്ടമിച്ചിറ, തൃശൂർ.
jishnu.vp@gmail.com

11 Comments

  1. വളരെ കൃത്യമായി ആ ചിത്രത്തെ ഉൾക്കൊണ്ട്‌ കൊണ്ട് വിശകലനം ചെയ്തിരിക്കുന്നു…

  2. I really like what you guys are usually up too. This kind of clever work and coverage! Keep up the terrific works guys I’ve incorporated you guys to my own blogroll.

Leave a Reply

Your email address will not be published.


*