ഡോക്ടറെ കാണും മുന്‍പെ…

നാം ഏതൊരു കാര്യത്തിനു പോകുന്നതിന് മുന്‍പും ഒരു തയ്യാറെടുപ്പ് നടത്തിയിരിക്കേണ്ടതാണ്, പ്രത്യേകിച്ച് ഡോക്ടറെ കാണാന്‍ പോകുന്നതിന് മുന്‍പ്. ശരിയായ ഒരു തയ്യാറെടുപ്പ്, ഡോക്ടറുടെ ജോലി ലഘൂകരിക്കുന്നതിനോടൊപ്പം ചികിത്സ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യും.ഏത് ചികിത്സ രീതി സ്വീകരിച്ചാലും പൊതുവായി നിരവധി കാര്യങ്ങള്‍ രോഗിയും കൂടെയുള്ളവരും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ ഓരോ ചികിത്സാ രീതിക്കും ചികിത്സാ വിഭാഗത്തിനുമനുസരിച്ചും നല്‍കേണ്ട വിവരങ്ങള്‍ക്കും മറ്റും വ്യത്യാസമുണ്ടായിരിക്കാം. അതും രോഗി മനസ്സിലാക്കേണ്ടതാണ്.
നിവൃത്തിയില്ലാത്ത സാഹചര്യങ്ങളിലൊഴികെ രോഗി ഡോക്ടറെ നേരിട്ട് കണ്ട് വിവരങ്ങള്‍ സ്വയം ധരിപ്പിക്കേണ്ടതാണ്. സ്ഥിരമായി ആരെങ്കിലും വിവരം പറഞ്ഞ് മരുന്ന് വാങ്ങിക്കുന്ന രീതി ശരിയല്ല, പലപ്പോഴും അത് രോഗ നിര്‍ണ്ണയത്തേയും ചികിത്സയേയും പ്രതികൂലമായി ബാധിക്കാറുണ്ട്. അതുപോലെ മരുന്ന് കടകളില്‍ നിന്നും നേരിട്ട് മരുന്ന് വാങ്ങി കഴിക്കുന്നതും വളരെ ദോഷം ചെയ്യാറുണ്ട്. ഒഴിച്ചുകൂടാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ മറ്റാരെയെങ്കിലും മരുന്ന് വാങ്ങാന്‍ അയക്കുന്ന സമയത്ത് ഡോക്ടര്‍ക്ക് നല്‍കേണ്ട വിവരങ്ങള്‍ രോഗി തന്നെ കടലാസില്‍ എഴുതി നല്‍കുകയോ മറ്റാരേക്കൊണ്ടെങ്കിലും എഴുതിക്കുകയോ ചെയ്യാവുന്നതാണ്. അതല്ലെങ്കില്‍ ആധുനിക സംവിധാനങ്ങളായ ടെലഫോണ്‍, ഇ-മെയില്‍, വീഡിയോ മെസ്സേജ് എന്നിവയിലൂടെയും അത്യാവശ്യ കാര്യങ്ങള്‍ ഡോക്ടറെ അറിയിക്കാവുന്നതാണ്. എങ്കിലും, ഏറ്റവും പ്രധാനം ഡോക്ടറും രോഗിയും നേരിട്ട് കാണുന്നതാണ്, വല്ലപ്പോഴെങ്കിലും അതിനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കേണ്ടതാണ്.
എമര്‍ജന്‍സി സന്ദര്‍ഭങ്ങളിലൊഴികെ മറ്റെല്ലാ അവസരങ്ങളിലും ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ കണ്‍സള്‍ട്ടേഷന്‍ സമയവും മറ്റും മുന്‍കൂട്ടി മനസ്സിലാക്കി പോകുന്നതായിരിക്കും  ഇരുകൂട്ടര്‍ക്കും സൗകര്യപ്രദം. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്താല്‍ കൂടുതല്‍ സമയനഷ്ടം ഒഴിവാക്കുകയും ചെയ്യാം. നിങ്ങളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡോ ഒ.പി.ചീട്ടോ പോകുന്ന സമയത്ത് കയ്യില്‍ കരുതിയിരിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒ.പി.ചീട്ട് ഇപ്പോള്‍ നിയമാനുസരണം രോഗിക്ക് കൊടുത്തു വിടുന്നുണ്ട്. അത് നിര്‍ബന്ധമായും കയ്യില്‍ കരുതിയിരിക്കണം. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ നിങ്ങള്‍ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യം പല ഡോക്ടര്‍മാരും വീക്ഷിക്കാറുണ്ട്.
നിങ്ങള്‍ ഏത് വിഭാഗം ഡോക്ടറെ കാണുവാനായി പോയാലും ആ ഡോക്ടര്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ പഠിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനുള്ള ആളാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മറ്റേതെങ്കിലും തൊഴില്‍ ചെയ്തിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി ഡോക്ടറായി പലരേയും ചൂഷണം ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കണ്ടാല്‍ ഏവരും ഒരു പഴമൊഴി ഓര്‍ക്കേണ്ടതാണ് -‘മുറിവൈദ്യന്‍ ആളെ കൊല്ലും’. കൂടാതെ കേവലം പരസ്യ വാചകങ്ങള്‍ക്കു പിന്നാലെ പോകാതിരിക്കുക, മുന്‍പ് പോയ രോഗികളുടെ അനുഭവം കൂടി പരിഗണിക്കാവുന്നതാണ്.
എപ്പോഴും കയ്യില്‍ ഒരു മെഡിക്കല്‍ ഫയല്‍ കരുതുന്നത് വളരെ നല്ല കാര്യമാണ്. ഇക്കാര്യത്തിന് പ്രാധാന്യം കൊടുക്കുന്ന നിരവധി രോഗികളുണ്ട്. എന്നാല്‍ യാതൊരു ശ്രദ്ധയുമില്ലാതെ പല വിലപ്പെട്ട മെഡിക്കല്‍ രേഖകളും കൈമോശപ്പെടുത്തുന്നവരേയും പലപ്പോഴും കാണാറുണ്ട്. മെഡിക്കല്‍ ഫയലില്‍ ഡോക്ടര്‍ മുന്‍പ് നല്‍കിയിട്ടുള്ള പ്രിസ്‌ക്രിപ്ഷനുകള്‍, പരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തണം. കൂടാതെ മുന്‍പ് കണ്ടിട്ടുള്ള ഡോക്ടറുടെ റിപ്പോര്‍ട്ടുകളും ഡിസ്ചാര്‍ജ്ജ് സമ്മറിയും ഉള്‍പ്പെടുത്താവുന്നതാണ്. ഇത് സമയ നഷ്ടം ഒഴിവാക്കുമെന്ന് മാത്രമല്ല അനാവശ്യ പരിശോധനകള്‍ തുടരെത്തുടരെ നടത്തേണ്ട സാഹചര്യം ഇല്ലാതാക്കുകയും ചെയ്യും (ചില പരിശോധനകള്‍ തുടരെത്തുടരെ നടത്തേണ്ടതായി വന്നേക്കാം).
ചില ആശുപത്രികള്‍ നടത്തിയ പരിശോധനാ വിവരങ്ങള്‍ രോഗിക്ക് നല്‍കാത്ത സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെടാവുന്നതാണ്. നല്‍കിയ പണത്തിന്റെ ബില്‍ കൈയ്യില്‍ വേണം എന്നു മാത്രം.
ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ റൂമില്‍ കയറിയാല്‍ ആദ്യം രോഗി തന്നെ കാര്യങ്ങള്‍ ഡോക്ടറോട് പറയുന്നതാണ് നല്ലത്. അത് പറ്റാത്ത സാഹചര്യത്തില്‍ കൂടെയുള്ള വ്യക്തിക്ക് വിവരങ്ങള്‍ നല്‍കാവുന്നതാണ്. രോഗിയുമായി സംസാരിച്ച ശേഷം കൂടെ ചെല്ലുന്ന വ്യക്തിയില്‍ നന്നും ലഭിക്കുന്ന വിവരങ്ങളും ചികിത്സയ്ക്ക് സഹായകരമാകാറുണ്ട്.
കണ്‍സള്‍ട്ടേഷന്‍ റൂമിലേക്ക് കുടുംബാംഗങ്ങളെല്ലാം കയറുന്ന രീതി അത്ര നല്ലതല്ല. മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലിട്ട് കയറുന്നതായിരിക്കും ഉചിതം. കുട്ടികള്‍ക്ക് മരുന്ന് വാങ്ങാന്‍ പോകുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കുട്ടികളെക്കൊണ്ട് തന്നെ പറയിക്കാം, തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് വിവരങ്ങള്‍ നല്‍കാവുന്നതാണ്. മറ്റൊരാളോട് സ്വന്തം കാര്യങ്ങള്‍ പറയാനുള്ള പ്രാപ്തി കുട്ടികള്‍ക്ക് ചെറുപ്രായത്തിലേ ഉണ്ടാക്കിയെടുക്കേണ്ടതാണ്.
ഡോക്ടറുടെ അടുത്തേക്ക് കയറിച്ചെല്ലുമ്പോള്‍ ഭയാശങ്കകള്‍ ഉണ്ടാകുന്ന ചിലരുണ്ട്. ചിലര്‍ക്ക് White coat hypertension എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഒരു ഡോക്ടറെ കാണുമ്പോള്‍ ഭയപ്പെടേണ്ട ആവശ്യമൊന്നുമില്ല, ഒരു നല്ല ഡോക്ടര്‍ നിങ്ങളെ സാന്ത്വനപ്പെടുത്തുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് എന്ന കാര്യം ഓര്‍ക്കുക.
ചിലര്‍ കണ്‍സള്‍ട്ടേഷന്‍ റൂമില്‍ കയറിയാല്‍ പറയേണ്ട വിവരങ്ങളും ചോദിക്കേണ്ട സംശയങ്ങളും മറന്നു പോകാറുണ്ട്. അത്തരക്കാര്‍ക്ക് വിവരങ്ങള്‍ എഴുതി കയ്യില്‍ കരുതാവുന്നതാണ്. ഇത് അനാവശ്യ വലിച്ചുനീട്ടലുകള്‍ ഒഴിവാക്കാനും എളുപ്പം ഡോക്ടര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകാനും സഹായിക്കും.
ചില രോഗികള്‍ ഡോക്ടറോട് കാര്യങ്ങള്‍ തുറന്നു പറയാറില്ല. രോഗനിര്‍ണ്ണയത്തിനും ഔഷധനിര്‍ണ്ണയത്തിനും ഉപകാരപ്രദമായ കാര്യങ്ങളായിരിക്കും ചിലപ്പോള്‍ അറിഞ്ഞോ അറിയാതെയോ പറയാതിരിക്കുന്നത്. രോഗിക്ക് നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും ഒരു ഡോക്ടര്‍ക്ക് വിലപ്പെട്ടതാകാം. ചിലര്‍ മന:പൂര്‍വ്വം വിവരങ്ങള്‍ മറച്ചു വെക്കാറുണ്ട്, അത് ചിലപ്പോള്‍ നിരവധി പ്രശ്‌നങ്ങളിലേക്ക് രോഗിയേയും ഡോക്ടറെയും നയിക്കാറുമുണ്ട്. പറയേണ്ട എല്ലാ വിവരങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് ഒരു മുന്‍ധാരണ നല്ലതാണ്. രോഗത്തിന്റെ തുടക്കം മുതലുള്ള വിവരങ്ങള്‍, നിലവിലെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍, നിങ്ങളുടെ ജീവിത സാഹചര്യം, രോഗ ചരിത്രം തുടങ്ങിയവ നിര്‍ബന്ധമായും ചുരുങ്ങിയ വാക്കുകളില്‍ ഡോക്ടറെ ധരിപ്പിക്കണം.
നല്ലൊരു ശതമാനം രോഗങ്ങളുടെയും തുടക്കം മനസ്സിനേറ്റ മുറിവോ കുടുംബത്തിലെ പ്രശ്‌നങ്ങളോ നിങ്ങളുടെ തെറ്റായ ജീവിതരീതിയോ ആയിരിക്കാം. അത് ഡോക്ടറോട് തുറന്ന് പറയാന്‍ കഴിഞ്ഞാല്‍ പലപ്പോഴും ചികിത്സ എളുപ്പമാകും.
നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി തരാനും അതോടൊപ്പം നിങ്ങളെ പരിശോധിച്ച് ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ വിലയിരുത്തി രോഗനിര്‍ണ്ണയവും ഔഷധനിര്‍ണ്ണയവും മറ്റും നടത്താനുള്ള ഒരു നല്ല മനസ്സ് ഒരു ഡോക്ടര്‍ക്ക് ഉണ്ടായിരിക്കണം. അതില്ലാത്ത ഡോക്ടറെ ഒഴിവാക്കാനുള്ള അവകാശവും നിങ്ങള്‍ക്കുണ്ട് എന്ന കാര്യവും ഏവരും മനസ്സിലാക്കേണ്ടതാണ്.
—–
ഡോ. മുഹമ്മദ് റഫീക്ക്,
മെഡിക്കല്‍ ഓഫീസര്‍,
ഗവ.ഹോമിയോപ്പതി ഡിസ്‌പെന്‍സറി,
കൈപ്പമംഗലം, തൃശൂർ ജില്ല

Be the first to comment

Leave a Reply

Your email address will not be published.


*