ദുരന്തമേഖലകളിൽ ആശ്വാസമൊരുക്കി ആയുഷ്

പ്രളയദുരന്തത്തിലും ശേഷപത്രമായ രോഗാതുരതകളിലും ആയുഷ് വകുപ്പ് നടത്തിയ ഇടപെടലുകളെക്കുറിച്ച് നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.ആർ.ജയനാരായണൻ എഴുതുന്നു…

നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിൻ്റെ കെടുതികളെ നാം മറികടന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യമേഖല ആ ദിവസങ്ങളിൽ വലിയവെല്ലുവിളികളിലൂടെയാണ് കടന്നുപോയത്. മികച്ച ആരോഗ്യപശ്ചാത്തലസൗകര്യങ്ങളൊരുക്കിയ കേരളമോഡൽ ആരോഗ്യപരിരക്ഷാസംവിധാനങ്ങളും പ്രളയം തകർത്തതിൽ ഉൾപ്പെടുന്നു.

എന്നാൽ, “നാം അതിജീവിക്കും” എന്ന മുദ്രാവാക്യമുയർത്തി ആ പ്രതിസന്ധികൾ അതിജീവിച്ച് മുന്നോട്ടു പോകാൻ ശ്രമിക്കുകയാണ് നാം. പ്രളയദിനങ്ങളിലും തുടർന്നും ആരോഗ്യപരിരക്ഷാസംവിധാനങ്ങളും റിലീഫ് സഹായങ്ങളും ഒരുക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നാഷണൽ ആയുഷ് മിഷന് കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനം വലിയ ദുരന്തത്തെ നേരിടുമ്പോൾ സാഹചര്യത്തിനനുസരിച്ചുയർന്ന് മികച്ച ആരോഗ്യദൗത്യം നാഷണൽ ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ ഏറ്റെടുത്തിരുന്നു. പ്രളയദിനങ്ങളിലും തുടർന്നുള്ള ദിവസങ്ങളിലും പ്രളയബാധിതമായ പത്ത് ജില്ലകളിലും നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. പ്രളയം വലിയ രീതിയിൽ ബാധിച്ച ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 3 ഫ്ലോട്ടിംഗ് ഡിസ്പൻസറികളുടെ സേവനം ലഭ്യമാക്കാൻ കഴിഞ്ഞു. ആവശ്യമുള്ളവർക്ക് വീട്ടുപടിക്കൽ തന്നെ മെഡിക്കൽ സേവനം ലഭ്യമാക്കാൻ ഇതു മൂലം കഴിഞ്ഞു. മരുന്നുകൾ വാങ്ങുന്നതിനും ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നതിനും ഐ. എസ്. എം. – ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർമാർ മുഖേന 93.35 ലക്ഷം രൂപയാണ് ഈ ദിവസങ്ങളിൽ അനുവദിച്ചത്.

ആയുഷ് ശാഖകളിലെ ഡോക്ടർമാർ, വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ, പി. ജി. വിദ്യാർത്ഥികൾ, വകുപ്പിലെ മറ്റ് വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവരെ ചേർത്ത് രൂപം കൊടുത്ത ആയുഷ് ഹെൽത്ത് ടാസ്ക് ഫോഴ്സ് വേറിട്ട ഉദ്യമമായിരുന്നു. 700ഓളം വോളന്റിയർമാരാണ് ഈ സേനയുടെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്നും 75 അംഗങ്ങളടങ്ങുന്ന ടാസ്ക് ഫോഴ്സ് ആലപ്പുഴ, വയനാട് ജില്ലകളിൽ വൈദ്യസഹായങ്ങൾ എത്തിക്കുന്നതിനായി പ്രവർത്തിച്ചു. ഇതിലൂടെ, ലോകമാകെ വാഴ്ത്തിയ കേരളത്തിൻ്റെ ദുരന്തപ്രതിരോധസേനയിൽ ആയുഷ് വകുപ്പിൻ്റെ മുദ്ര പതിപ്പിക്കാനായി.

പ്രളയാനന്തരപ്രവർത്തനങ്ങളിലും മികച്ച രീതിയിലുള്ള ഏകോപനം സാധ്യമാക്കാൻ ആയുഷ് മിഷനായിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്കായി ഒരു കോടിയിൽപരം രൂപയാണ് വിവിധ ജില്ലകളിലേക്ക് അനുവദിച്ചത്. ഡെംഗിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാനമൊട്ടാകെ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.

ഹോമിയോപ്പതി വകുപ്പിൻ്റെ ദ്രുതകർമ്മ പകർച്ചവ്യാധിനിയന്ത്രണസെല്ലുകൾ (RAECH), ആശുപത്രികൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തനം ഉറപ്പുവരുത്തി. ഹോംകോയുടെ സഹായത്തോടെ വയനാട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ മരുന്നുകൾ എത്തിക്കാൻ സാധിച്ചു. എറണാകൂളം ജില്ലകളിലെ പതിനായിരത്തോളം കുടുംബങ്ങൾക്ക് ആയുർവേദ മരുന്ന് കിറ്റുകൾ വിതരണം ചെയ്തു. എറണാകുളം ജില്ലയിലെ പതിനായിരത്തോളം കുടുംബങ്ങൾക്കായി ഹോമിയോ മരുന്നു കിറ്റുകളും നൽകി.

പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങൾ കനത്തതാണ്. ഈ നഷ്ടങ്ങൾ വ്യക്തികളിലുണ്ടാക്കുന്ന മാനസികപിരിമുറുക്കത്തെയും നിരാശാബോധത്തെയും മറികടക്കുന്നതിന് പ്രളയബാധിതരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഈ ഉത്തരവാദിത്തം നാഷണൽ ആയുഷ് മിഷൻ ഏറ്റെടുക്കുകയുണ്ടായി. മലപ്പുറം കോട്ടക്കൽ ഗവ. ആയുർവേദ മാനസികാരോഗ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും കോട്ടയം കുറിച്ചിയിലെ നാഷണൽ ഹോമിയോപ്പതി മാനസികാരോഗ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും സഹകരണത്തോടെ 14 ജില്ലകളിലെയും മെഡിക്കൽ ഓഫീസർമാർക്ക് ഇതിനായി പരിശീലനം നൽകി. പ്രളയക്കെടുതികളിൽ നിന്ന് കരകയറുന്നതിനായുള്ള പ്രവർത്തനങ്ങളിൽ പരിശീലനം സിദ്ധിച്ച ഈ മെഡിക്കൽ ഓഫീസർമാർ വലിയ സേവനം നൽകി വരുന്നു.

പ്രളയാനന്തരം സംസ്ഥാനത്തെ ഹോമിയോപ്പതി വകുപ്പ് 2000ൽ പരം മെഡിക്കൽ – റിലീഫ് ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. ഈ ക്യാമ്പുകൾ മുഖാന്തിരം 6,45,551 പേർക്ക് സേവനം ലഭ്യമാക്കാൻ കഴിഞ്ഞു എന്നത് ചെറുതല്ലാത്ത നേട്ടമാണ്. വിവിധ ജില്ലകളിൽ സംഘടിപ്പിച്ച ക്യാമ്പുകളുടെ എണ്ണവും സേവനം ലഭീച്ചവരുടെയും കണക്കുകൾ താഴെപ്പറയുന്ന പ്രകാരമാണ്.

തിരുവനന്തപുരം: 120 ക്യാമ്പുകൾ – 29937 ഗുണഭോക്താക്കൾ
കൊല്ലം: 93 – 21022
പത്തനംതിട്ട: 132 – 24757
ആലപ്പുഴ: 340 – 40072
കോട്ടയം: 221 – 86400
ഇടുക്കി: 138 – 25103
എറണാകുളം: 175 – 212812
തൃശ്ശൂര്‍: 245 – 21745
പാലക്കാട്: 18 – 7166
മലപ്പുറം: 59 – 19206
കോഴിക്കോട്: 30 – 5334
വയനാട്: 136 – 15113
കണ്ണൂര്‍: 23 – 2843
കാസര്‍ഗോഡ്: 278 – 134041

ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ പ്രളബാധിതമായ മുഴുവൻ ജില്ലകളിലും സജീവമായി ഇടപെടുകയും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളിലെ മെഡിക്കൽ വിഭാഗത്തിൽ ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കൽ ഓഫീസർമാരും എൻ.എച്ച്‌.എം. ഡോക്ടർമാരും സജീവമായി പങ്കെടുത്തു. ആഗസ്റ്റ്‌ 30 വരെ, പ്രളയം കൂടുതൽ ഭീകരമായി ബാധിച്ച പത്തനംതിട്ട ജില്ലയിൽ 305 മെഡിക്കൽ ക്യാമ്പുകളും ആലപ്പുഴ ജില്ലയിൽ 1352 മെഡിക്കൽ ക്യാമ്പുകളും കോട്ടയം ജില്ലയിൽ 7 മെഗാ ക്യാമ്പുകൾ ഉൾപ്പെടെ 719 ക്യാമ്പുകളും ഇടുക്കി ജില്ലയിൽ 655 മെഡിക്കൽ ക്യാമ്പുകളും നടത്തി. ട്രൈബൽ മേഖലകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലയിൽ പകർച്ച വ്യാധി പ്രതിരോധ കിറ്റുകൾ വിതരണം ചെയ്യുന്ന ആയുർ ജാഗ്രത പദ്ധതിയും പ്രളയക്കെടുതിയിൽ മാനസികാഘാതനേറ്റവർക്ക്‌ ചികിത്സയും കൗൺസിലിംഗും നൽകുന്ന മനോമയ പദ്ധതിയും നടപ്പിലാക്കി.

എറണാകുളം ജില്ലയിൽ ബഹു. ആരോഗ്യവകുപ്പ്‌ മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശ്ശിക്കുകയുമുണ്ടായി. സ്നേഹസാന്ത്വനം ദുരിതബാധിതർക്ക്‌ ആയുർ വേദത്തിന്റെ കൈത്താങ്ങ്‌ എന്ന പേരിൽ 5000 വീടുകൾ സന്ദർശ്ശിച്ച്‌ ഔഷധക്കിറ്റ്‌ നൽകി. തൃശൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്‌ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കവചം എന്ന പേരിൽ കർമ്മസേന രൂപീകരിച്ച്‌ പ്രവർത്തനം നടത്തി. 250ലധികം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. പാലക്കാട്‌ ജില്ലയിൽ 44 മെഡ്ക്കൽ ക്യാമ്പുകൾ ആഗസ്റ്റ്‌ മാസത്തിൽ നടത്തി. മലപ്പുറത്ത്‌ 251ഉം കോഴിക്കോട്ട്‌ 92ഉം വയനാട്‌ 100ഉം ക്യാമ്പുകൾ നടന്നു.

സമാനതകളില്ലാത്ത ഒരു ദുരന്തമാണ് നാം നേരിട്ടത്. ലോകത്തൊരിടത്തും കാണാൻ കഴിയാത്ത ദുരന്തനിവാരണപ്രവർത്തനങ്ങളാണ് നാം ഏറ്റെടുത്തത്. ആ പ്രവർത്തനങ്ങളെ വിജയത്തിലെത്തിച്ചത് നമ്മുടെ സ്വന്തം നാവികസേനയായ മൽസ്യത്തൊഴിലാളികളായിരുന്നു. നാഷണൽ ആയുഷ് മിഷൻ നാടിന്റെ പൊന്നോമനകളായ ആ പടയാളികൾക്ക് സമുചിതമായ സ്വീകരണം ഒരുക്കി. തിരുവനന്തപുരത്ത് വേളിയിൽ സെപ്തംബർ 15ന് സംഘടിപ്പിച്ച ചടങ്ങ് ബഹു. ആരോഗ്യമന്ത്രി ശ്രീമതീ കെ. കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. മൽസ്യത്തൊഴിലാളി സഹോദരങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. ആയുഷ് മരുന്ന് കിറ്റും നൽകുകയുണ്ടായി. ഇതോടനുബന്ധിച്ച് തീരപ്രദേശത്തെ ജനങ്ങൾക്കായി മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

പ്രളയദുരിതങ്ങളിൽ നിന്ന് നമ്മൾ പതിയെ കരകയറുകയാണ്. പ്രളയാനന്തരം
വെല്ലുവിളിയായേക്കുമെന്ന് ഭയപ്പെട്ടിരുന്ന പകർച്ചവ്യാധികളൊക്കെ
നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞു. പുതിയൊരു കേരളം വാർത്തെടുക്കാനുള്ള
പോരാട്ടത്തിലാണ് നാം ഏവരും. നാഷണൽ ആയുഷ് മിഷന്റെ ഏറ്റവും മികച്ച പ്രവർത്തനം ഈ ദൗത്യത്തിൽ നൽകേണ്ടതുണ്ട്. മിഷന്റെ ഭാഗമായ ഏവരുടെയും നിസീമമായ സഹകരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

—–

ഡോ.ജയനാരായണൻ ആർ,
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ,
നാഷണൽ ആയുഷ് മിഷൻ.

1,218 Comments