ദുരന്താനന്തര ചികിത്സയിൽ ഹോമിയോപ്പതിയുടെ പ്രസക്തി

ദുരന്താനന്തര ചികിത്സയിലും പുനരധിവാസത്തിലും സേവനം നൽകുമ്പോൾ ദുരന്തമനുഭവിച്ചവർക്കുണ്ടായ എല്ലാ വിധ പ്രശ്നങ്ങൾക്കും പരിഗണന നൽകിക്കൊണ്ടാവണം പ്രവർത്തിക്കേണ്ടത്‌.

ഹോമിയോപ്പതി വൈദ്യശാഖയിലൂടെ ചികിത്സയും പുനരധിവാസ സഹായങ്ങളും നടത്തുന്നതിനു മുന്നോടിയായി ഓരോ ഡോക്ടർമാരും ദുരന്തം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ പ്രയാസങ്ങളും ആരോഗ്യപ്രശ്നങ്ങളും സമഗ്രമായി മനസിലാക്കിയതിനു ശേഷം മാത്രമേ പ്രവർത്തിക്കാനാകൂ. ഹോമിയോപ്പതി ഒരു വ്യക്തിയുടെ ഹോളിസ്റ്റിക്‌ രീതിയിലുള്ള അപഗ്രഥനം നടത്തിക്കൊണ്ടാണ്‌ ചികിത്സ നിശ്ചയിക്കുന്നത്‌.

ദുരന്തമനുഭവിച്ചവരുടെ പ്രശ്നങ്ങളെ പ്രധാനമായും നാലു വിഭാഗങ്ങളിലായി തരം തിരിക്കാവുന്നതാണ്‌.
1. ശാരീരികമായി ഏറ്റ ക്ഷതങ്ങൾ
2. മാനസിക തലത്തിലുണ്ടായിട്ടുള്ള ആഘാതങ്ങൾ
3. സാമ്പത്തികമായുണ്ടായ പ്രശ്നങ്ങൾ
4. സാമൂഹ്യ ജീവിതത്തിലുള്ള ബുദ്ധിമുട്ടുകൾ

ഹോമിയോപ്പതി ചികിത്സാരീതിയിലൂടെ സമീപിക്കുമ്പോൾ മേൽപറഞ്ഞ പ്രശ്നങ്ങളെ അതിന്റെ കാലാനുഗതിക്കനുസരിച്ചുണ്ടായ അവസ്ഥകളെയും ആരോഗ്യ പ്രശ്നങ്ങളെയും പെട്ടെന്നുണ്ടായ രോഗങ്ങളുള്ളവർ (ക്ഷിപ്രസഞ്ചാരിണികൾ), ദീർഘസ്ഥായീ രോഗങ്ങളുള്ളവർ എന്നിങ്ങനെ തരം തിരിച്ച്‌ മനസിലാക്കി ചികിത്സ നിർണ്ണയിക്കുന്ന രീതിയാണ്‌ അവലംബിക്കാറുള്ളത്‌. ഹോമിയോപ്പതി രീതിയിലുള്ള വ്യക്തിഗത ചികിത്സാരീതി ഇത്തരം രോഗാവസ്ഥകൾ അനുഭവിക്കുന്ന രോഗികൾക്ക്‌ വളരെ ഫലവത്താണ്‌.

ശാരീരിക അസ്വസ്ഥതകൾ, പലതരം മുറിവുകൾ, സാംക്രമിക രോഗങ്ങൾ, പകർച്ചപ്പനികൾ, നേരത്തെയുള്ള ചില രോഗാവസ്ഥകളുടെ അധികരിക്കൽ, പുതിയ രോഗാവസ്ഥകൾ, പകർച്ചവ്യാധികൾ, ത്വക്‌രോഗങ്ങൾ, ശ്വാസകോശസംബന്ധിയായ രോഗങ്ങൾ തുടങ്ങിയവ ദുരന്തകാലയളവിൽ വളരെ സാധാരണമാണ്‌.

ചികിത്സാപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഇത്തരം രോഗാവസ്ഥകളെ പകർച്ചവ്യാധികൾ/പകർച്ചേതര വ്യാധികൾ, ക്ഷിപ്രസഞ്ചാരിണികൾ/ ദീർഘസ്ഥായീ രോഗങ്ങൾ എന്നീ രീതിയിൽ തരം തിരിച്ചാണു ഹോമിയോപ്പതി ചികിത്സ നിർണ്ണയിക്കുക. ഇതിൽ ഓരോ വ്യക്തിക്കും അവരുടെ ശാരീരിക – മാനസിക – വൈകാരിക പ്രത്യേകതകൾ പരിഗണിച്ച്‌ ഹോളിസ്റ്റിക്‌ രീതിയിലുള്ള ചികിത്സക്കാണ്‌ പ്രാധാന്യം.

പകർച്ചവ്യാധികളെ സമീപിക്കുമ്പോൾ അവയെ പ്രത്യേകം പരിഗണിച്ച്‌ സാംക്രമിക രോഗ നിയന്ത്രണത്തിനും മറ്റുള്ളവരിലേക്ക്‌ അവ പടരാതിരിക്കാനുള്ള മുൻ കരുതലുകൾ എടുത്തും പ്രതിരോധമരുന്നുകൾ കണ്ടെത്തി അവ അസുഖം ബാധിക്കാൻ സാധ്യതയുള്ളവർക്ക്‌ നേരത്തെ നൽകിയുമുള്ള ചികിത്സാരീതിയാണ്‌ അവലംബിക്കാറുള്ളത്‌. ഇത്തരം അവസ്ഥകളുള്ള ഇടങ്ങളിൽ രോഗബാധിതരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ച്‌ താമസിപ്പിക്കു ക വഴി മറ്റുള്ളവരിലേക്ക്‌ അസുഖം പടർന്നു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്‌.

ഹോമിയോപ്പതിയുടെ പിതാവായ ഡോ.സാമുവൽ ഹനിമാൻ വിഭാവനം ചെയ്ത ഹോമിയോപ്പതി പകർച്ചവ്യാധി ചികിത്സയിൽ ഇന്ന് നിലവിലുള്ള പല വൈറൽ രോഗങ്ങൾക്കും കൊതുകുജന്യ രോഗങ്ങൾക്കും ജലമലിനീകരണം മൂലമുണ്ടാകുന്ന വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ഡെംഗി പനി, ചിക്കുൻ ഗുനിയ, എലിപ്പനി തുടങ്ങിയ രോഗങ്ങൾക്കും വളരെ ശ്രദ്ധാപൂർവ്വം കേസ്‌ സ്റ്റഡിയിലൂടെ കണ്ടെത്തുന്ന “ജീനസ്‌ എപ്പിഡെമിക്കസ്‌” (പ്രതിരോധ മരുന്ന്) ഫലപ്രദമാണ്‌. ഇതുവഴി വലിയ സമൂഹത്തിലേക്ക്‌ ഇത്തരം അസുഖങ്ങൾ പടർന്നു പിടിക്കുന്നതിനെ ഒരു പരിധിവരെ തടഞ്ഞുനിർത്താവുന്നതാണെന്ന് കേരളത്തിൽ തന്നെ നടന്ന മുൻകാല പ്രതിരോധ പ്രവർത്തനങ്ങൾ തെളിയിച്ചതാണ്‌. കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിനു കീഴിൽ ഇതിനായി സാംക്രമിക രോഗ നിയന്ത്രണ വിഭാഗം “RAECH” (Rapid Action Epidemic Control Cell in Homoeopathy) എന്ന പേരിൽ നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവരുന്നുണ്ട്‌.

മുറിവുകളും ചതവുകളും എല്ലുകൾക്കുള്ള ക്ഷതങ്ങളും മറ്റും ഹോമിയോപ്പതി മരുന്നുകൾക്കൊപ്പം മുറിവുകൾക്ക്‌ അണുബാധയിൽനിന്നാവശ്യമായ സംരക്ഷണവും ചലന നിയന്ത്രണവും ഏർപ്പെടുത്തിയാൽ വളരെ വേഗം പൂർവ്വാവസ്ഥയിലേക്ക്‌ തിരിച്ചുകൊണ്ടുവരാവുന്നതാണ്‌.

പകർച്ചേതര വ്യാധികളെ ചികിത്സിക്കുന്നതിന്‌ രോഗിയുടെ വ്യക്തിഗത പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടുള്ള ഹോളിസ്റ്റിക്‌ രീതിയിലുള്ള ഹോമിയോപ്പതിമരുന്നുകൾ വളരെയേറെ ഫലപ്രദമാണ്‌.

ദുരന്താനന്തര മാനസിക പ്രശ്നങ്ങൾ:

അമിതമായ പേടി മുതൽ ഉറ്റവർ നഷ്ടപ്പെട്ടതുമൂലമുണ്ടാകുന്ന അതിസങ്കടാവസ്ഥ മുതൽ കൊടിയ വിഷാദാവസ്ഥ വരെ കാണപ്പെടാറുണ്ട്‌. അപ്രതീക്ഷിതമായ ഒരു അനുഭവത്തെ നേരിട്ടതുമൂലം മനസിനുണ്ടാകുന്ന പ്രതികരണമാണ്‌ പലപ്പോഴും ഈ അവസ്ഥയിൽ കൂടുതലായും കാണപ്പെടുന്നത്‌.

രോഗികളെ സമഭാവത്തോടുകൂടി മനസിലാക്കുകയും അവരുടെ അസാധാരണമായ പെരുമാറ്റരീതികളെയും ലക്ഷണങ്ങളെയും അപഗ്രഥിച്ച്‌ മരുന്നുകളിലേക്കെത്തുകയും ചെയ്ത്‌ ഇത്തരം മാനസിക അസ്വസ്ഥതകൾ ബാധിച്ചവരെ ഹോമിയോപ്പതി ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാൻ സാധിക്കുന്നതാണ്‌.

ഡോ.സാമുവൽ ഹനിമാന്റെ കാഴ്ചപ്പാടുകൾ അനുസരിച്ച്‌ ഇത്തരം മാനസിക അവസ്ഥകളെല്ലാം മനസിന്റെ താൽക്കാലികമായിട്ടുള്ള ഒരു അസന്തുലിതാവസ്ഥയായാണു ഗണിക്കപ്പെടാറുള്ളത്‌. പലപ്പോഴും അപ്രതീക്ഷിതമായ ഒരു അനുഭവത്തെ നേരിടുന്നതിലുള്ള മനസിന്റെ ദുർബലാവസ്ഥയിൽ നിന്നും ഉടലെടുക്കുന്ന ഈ അവസ്ഥക്ക്‌ ആവശ്യമായ രീതിയിലുള്ള ചികിത്സ വേണ്ടവിധം ലഭ്യമാക്കിയില്ലെങ്കിൽ ഇവ “സൈക്കോസൊമാറ്റിക്‌” രോഗങ്ങളായും പിന്നീട്‌ കടുത്ത മാനസിക രോഗമായും പരിണമിക്കുവാൻ സാദ്ധ്യതയേറെയാണ്‌. ഇത്തരം രോഗികൾക്ക്‌ വേണ്ട സമയത്ത്‌ മനഃശാസ്ത്ര കൗൺസലിംഗും ഹോമിയോപ്പതി ചികിത്സയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതി വളരെയധികം ഫലപ്രദമാണ്‌.

ദുരന്താനന്തരം അനുഭവപ്പെടുന്ന മാനസിക പിരിമുറുക്കങ്ങൾ പൊതുവെ പ്രകടമാവുന്നത്‌ നാലു തരത്തിലാണ്‌.
1. ശാരീരിക അസ്വാസ്ഥ്യങ്ങൾ
2. വൈകാരിക പ്രശ്നങ്ങൾ
3. പെരുമാറ്റ പ്രശ്നങ്ങൾ
4. ബന്ധങ്ങളിലുള്ള പ്രശ്നങ്ങൾ

ഓരോ വ്യക്തിയെയും വിശദമായ നിരീക്ഷണത്തിലൂടെയും കേസ്‌ അപഗ്രഥനത്തിലൂടെയും മേൽ പറഞ്ഞ വിഭാഗങ്ങളിൽ ഏതു പ്രശ്നമാണ്‌ നേരിടുന്നതെന്ന് മനസിലാക്കി, അവക്കുതകുന്ന വ്യക്തിഗത ചികിത്സ ഹോമിയോപ്പതിയിലൂടെ നൽകി ഇത്തരം പ്രശ്നങ്ങൾക്ക്‌ വളരെ ഫലപ്രദമായി പരിഹാരം കാണാവുന്നതാണ്‌.

പെട്ടെന്നുള്ള മാനസിക – ശാരീരിക പ്രശ്നങ്ങൾക്കുള്ള ഹോമിയോപ്പതി ചികിത്സക്ക്‌ ശേഷം ദീർ ഘസ്ഥായീ രോഗങ്ങൾക്കും ദുരന്തഫലമായുണ്ടാകുന്ന സ്ഥായിയായ മനോവൈഷമ്യങ്ങൾക്കും സ്വത്തും കിടപ്പാടവും നഷ്ടപ്പെട്ടതുമൂലവും ഉറ്റ മിത്രങ്ങളുടെയും കുടുംബാംഗങ്ങളുടെയും മരണം മൂലം അനുഭവിക്കുന്ന ദുഃഖാവസ്ഥക്കും മറ്റും ഹോമിയോപ്പതി തുടർ ചികിത്സയിലൂടെ പരിഹാരം കണ്ടെത്താവുന്നതാണ്‌. ഇത്തരം വ്യക്തികൾ പലപ്പോഴും വിഷാദ രോഗത്തിനും ജീവിതത്തോടുള്ള വിരക്തിമൂലം ആത്മഹത്യാ പ്രവണതക്കും സാമൂഹ്യവിരുദ്ധനിലപാടുകൾക്കും മദ്യം, മയക്കുമരുന്ന് തുടങ്ങിയവക്കും അടിമപ്പെട്ടു പോകുന്നതും സ്വാഭാവികമാണ്‌. ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാവാതെ രോഗിയുടെ മാനസിക – ശാരീരികാവസ്ഥകളെ സന്തുലിതാവസ്ഥയിലേക്ക്‌ കൊണ്ടുവരാനും ക്രിയാത്മകമായി ജീവിതം മുന്നോട്ടു നയിക്കാൻ സഹായിക്കുന്നതിനും ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ചുള്ള തുടർചികിത്സ കൊണ്ട് സാധിക്കുന്നതാണ്‌.

(കടപ്പാട് – ഡോ.ജെറാൾഡ് ജയകുമാർ)


ഡോ.ഹരീഷ്‌ ബാബു,
മെഡിക്കൽ ഓഫീസർ,
സംസ്ഥാന ഹോമിയോപ്പതി വകുപ്പ്‌.
മലപ്പുറം.
PH: 9447291270
E mail : harimadhavbabu@gmail.com

1,219 Comments

  1. Wow that was unusual. I just wrote an extremely long comment but after I clicked submit my comment didn’t show up. Grrrr… well I’m not writing all that over again. Anyhow, just wanted to say excellent blog!