നവംബര്‍ 18 – ദേശീയ പ്രകൃതിചികിത്സാദിനം

എല്ലാവര്‍ഷവും നവംബര്‍ 18 പ്രകൃതിചികിത്സാദിവസമായി ആചരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. അതുപ്രകാരം 2018 നവംബര്‍ 18 ആദ്യ പ്രകൃതിചികിത്സാ ദിനമായി ആചരിക്കപ്പെടുകയാണ്. ഇതിനുമുമ്പ് ഗാന്ധിജയന്തി ദിനം പ്രകൃതിചികിത്സകര്‍ പ്രകൃതിചികിത്സാദിവസമായി ആചരിച്ചിരുന്നു. എന്നാല്‍ ഇതു കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നപ്പോള്‍ ഒരേ ദിവസം രണ്ടും കൂടി അപ്രായോഗികമാണെന്നു കണ്ട് ഗാന്ധിജിയും പ്രകൃതിചികിത്സയുമായുള്ള ബന്ധം അഭേദ്യമാക്കിയ  നവംബര്‍ 18 പ്രകൃതിചികിത്സാദിവസമായി പ്രഖ്യാപിക്കുകയായിരുന്നു.
1945 നവംബര്‍ 18- ന് ഗാന്ധിജി ആജീവനാന്ത ചെയര്‍മാനായി പൂനായില്‍ സ്ഥാപിതമായ ആള്‍ ഇന്ത്യാ നേച്ചര്‍ ക്യുവര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ചരിത്രരേഖയില്‍ ഒപ്പു വെച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഡോ. സുശീല നയ്യാര്‍, ഡോ. ദിന്‍ഷാ മേത്ത, ശ്രീ. ജഹാംഗീര്‍ പട്ടേല്‍ എന്നിവര്‍ സാക്ഷികളായിരുന്നു.
ഗാന്ധിജിയും പ്രകൃതിചികിത്സയുമായുള്ള പരിചയം ആരംഭിക്കുന്നത് 1901- ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് ജര്‍മന്‍ പ്രകൃതിചികിത്സകനായ ഡോ. അഡോള്‍ഫ് ജസ്റ്റിന്റെ “പ്രകൃതിയിലേക്ക് മടങ്ങുക (Return to nature)’ എന്ന ഗ്രന്ഥം വായിച്ചതിലൂടെയാണ്. തുടര്‍ന്നു പ്രകൃതിചികിത്സയെ ആഴത്തില്‍ മനസ്സിലാക്കുകയും 1915 -ല്‍ ഇന്‍ഡ്യയില്‍ മടങ്ങി വന്ന ശേഷം അതിന്റെ പ്രചാരണം തന്റെ ജീവിതസന്ദേശത്തിന്റെ ഭാഗമാക്കുകയും തന്റെ പതിനെട്ടിന പരിപാടിയില്‍ ഒന്നായി പ്രകൃതിചികിത്സയെ അവതരിപ്പിക്കുകയുംചെയ്തു. ഗാന്ധിജി സ്ഥാപിച്ച ആശ്രമങ്ങളിലെല്ലാം പ്രകൃതിചികിത്സാസൗകര്യവും ഒരുക്കിയിരുന്നു.
ആയിരത്തിതൊള്ളായിരത്തി നാല്‍പത്തിനാലു മുതല്‍ നാല്‍പത്തിഏഴു വരെയുളള നാലു വര്‍ഷത്തിനിടയില്‍ ഡോ. ദിന്‍ഷാ മേത്ത പൂനായില്‍ നടത്തിയിരുന്ന നേച്ചര്‍ ക്യുവര്‍ ക്ലിനിക്ക് ആന്റ് സാനട്ടോറിയത്തില്‍ 156 ദിവസം താമസിച്ചു ഗാന്ധിജി തന്റെ പ്രകൃതിചികിത്സാ നിരീക്ഷണങ്ങള്‍ ദൃഢതരമാക്കി. പൂനെ കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്ത ആള്‍ ഇന്ത്യാ നേച്ചര്‍ ക്യൂവര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ആജീവനാന്ത ചെയര്‍മാനായി ഗാന്ധിജി ഒപ്പുവെക്കുകയുംചെയ്തു. ഈ സ്ഥാപനമാണ്‌ ഡോ. ദിന്‍ഷാ മേത്ത പിന്നീടു കേന്ദ്ര സര്‍ക്കാരിനു കൈമാറിയതും കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാച്ചുറോപ്പതിയായി പ്രവര്‍ത്തിച്ചുവരുന്നതും.
മഹാത്മാഗാന്ധിയെ സംബന്ധിച്ചിടത്തോളം  പ്രകൃതിചികിത്സ വളരെ പ്രിയപ്പെട്ടതായിരുന്നു. പ്രകൃതിചികിത്സയിലെ ഉപവാസമാണല്ലോ അദ്ദേഹം സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തെ ഇന്‍ഡ്യയില്‍ നിന്നും തുരത്താന്‍ ഉപയോഗിച്ച പകരം വയ്ക്കാനില്ലാത്ത ആയുധം. പ്രകൃതിചികിത്സാ ഗ്രന്ഥങ്ങളിലൂടെ ഉപവാസത്തിന്റെ ഗുണങ്ങള്‍ മനസ്സിലാക്കിയ ഗാന്ധിജി തുടക്കത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി അനേകം തവണ ലഘു ഉപവാസങ്ങള്‍ അനുഷ്ഠിച്ചു.
ലോകം കണ്ട ഏറ്റവുംവലിയ ജീനിയസ്സായ ഗാന്ധിജി തന്റെ ലഘു ഉപവാസങ്ങള്‍ക്ക്‌ രോഗശാന്തി നല്‍കുവാനുള്ള കഴിവിനപ്പുറം മറ്റു തലങ്ങളുമുണ്ടെന്നു കണ്ടെത്തി. മനുഷ്യന്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഗതിയായി കാണുന്നത് ആഹാരം കഴിക്കുക എന്നതാണ്. ജീവനും ആരോഗ്യവും നിലനിര്‍ത്തുവാന്‍ അത് ആവശ്യവുമാണ്. എന്നാല്‍ ചിലരുടെ ആഹാരത്തോടുള്ള അമിതാസക്തി കണ്ടാല്‍ തോന്നും അവര്‍ ജീവിക്കുന്നതുതന്നെ ആഹാരം കഴിക്കുവാന്‍ വേണ്ടിയാണെന്ന്. “ജിവിക്കുവാന്‍ വേണ്ടി ആഹാരം” എന്നതു മറന്ന് “ആഹാരംകഴിക്കുവാന്‍  വേണ്ടിജീവിക്കുക” എന്ന മഹാരോഗത്തിന്റെ പിടിയിലായി പോകുന്നു ഇക്കൂട്ടര്‍. അമിതതടി, പ്രമേഹം, അമിത കൊളസ്‌ട്രോള്‍, ഹൃദ്‌രോഗം തുടങ്ങി ഇതിനനുബന്ധമായ മറ്റെല്ലാ രോഗങ്ങളും ദുരന്ത ജീവിതവുമായിരിക്കും ഈ അമിതാഹാരശീലത്തിന്റെഫലം.
ഗാന്ധിജി ഈ രോഗാവസ്ഥകളെല്ലാം ഒഴിവാക്കി ജീവിച്ചു എന്നതിലുപരി മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാന സംഗതിയായ ആഹാരം ഉപേക്ഷിക്കുന്നത് ഒരു ത്യാഗവും കൂടിയാണെന്ന് കണ്ടെത്തി. നമ്മളില്‍ പലരുംഒരു നേരം ആഹാരമുപേക്ഷിക്കുന്നതുപോലുംഒരു മഹാകാര്യമായും മഹാത്യാഗമായും പൊങ്ങച്ചം പറയുമ്പോള്‍ ഗാന്ധിജി അനേക ദിവസങ്ങള്‍ ആഹാരം വെടിയുന്നതുപോലും എളിമയുടേയും എളിമ നിറഞ്ഞ ത്യാഗത്തിന്റേയും മാര്‍ഗ്ഗമായാണ് കണ്ടത്.
താനെന്തു തെറ്റുചെയ്താലും അതിനു പരിഹാരമായും വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കുന്നതില്‍ നിന്നും മനസ്സിനെ പിന്തിരിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമായും ഗാന്ധിജി ആഹാര പരിത്യാഗത്തെ കണ്ടു. അങ്ങനെ ശാരീരിക – മാനസിക സംസ്‌കരണത്തിലൂടെ സ്വയം നന്നാകുവാന്‍ ഗാന്ധിജി ഉപവാസത്തെ പ്രയോജനപ്പെടുത്തി.
ഗാന്ധിജിയുടെജീവിത പരീക്ഷണംഅവിടെയും അവസാനിച്ചില്ല.
തന്നോടൊപ്പമുള്ള മറ്റുള്ളവര്‍ തെറ്റുചെയ്തപ്പോഴൊക്കെ ഗാന്ധിജി ആഹാരമുപേക്ഷിച്ചു നോക്കി. ഫലം അതിശയാവഹമായിരുന്നു. തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ദൈവതുല്യനായി കണക്കാക്കുന്ന ഗാന്ധിജി തങ്ങളുടെ തെറ്റിന്റെ പേരില്‍ പട്ടിണി കിടക്കുന്നത് ഗാന്ധി അനുഭാവികള്‍ക്ക്‌ സഹിക്കാവുന്നതിലധികമായിരുന്നു. പക്ഷേ അവരുടെ മുമ്പില്‍ അവശേഷിച്ച പരിഹാരം ഒന്നുമാത്രമായിരുന്നു. അവരുംതെറ്റുചെയ്യാതിരിക്കുക. അങ്ങനെ ഒരു സമൂഹത്തെയാകെ നല്ലവരാക്കുവാനും ത്യാഗികളാക്കുവാനും ഉപവാസത്തെ ഗാന്ധിജി ആയുധമാക്കി.
അടുത്തതായിരുന്നു ഏറ്റവും വലിയ കണ്ടെത്തല്‍. തന്നെ നേതാവായികാണുന്ന ഒരു രാജ്യത്തെ ജനതയ്ക്ക് താന്‍ പട്ടിണികിടക്കുന്നത് സഹിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം കണ്ടെത്തി. ഗാന്ധിജി ഉപവാസമനുഷ്ഠിച്ചപ്പോള്‍ ജനം കൂട്ടത്തോടെ പട്ടിണി കിടക്കുന്ന കാഴ്ചയും വളര്‍ന്നുവന്നു. അങ്ങനെ സംശുദ്ധവും അക്രമരഹിതവുമായ സഹന സമരത്തിലൂടെ ശത്രുവിനെ നേരിടുന്ന സമാനതകളില്ലാത്ത ആയുധം ഇന്‍ഡ്യന്‍ ജനതയെ ആകെ അണിയിച്ച് ഗാന്ധിജി അവരെസ്വാതന്ത്ര്യസമര സജ്ജരാക്കി.
ഗാന്ധിജി ഒന്നു കൈ ഞൊടിച്ചാല്‍ എന്തും സംഭവിക്കാം എന്ന സ്‌ഫോടനാത്മകമായ നിലയെത്തി. ഇനിയും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചാല്‍ അതു ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തന്നെ നിലനില്‍പ്പിനെ ബാധിച്ചേക്കാം എന്ന വീണ്ടുവിചാരമുണ്ടായി അവര്‍ മുട്ടുമടക്കി. കാരണം ഇന്‍ഡ്യന്‍ ജനത മാത്രമല്ല, ലോകത്തെ ഭൂരിപക്ഷം ജനങ്ങളും ഗാന്ധിജിയുടെ മാര്‍ഗത്തെ പിന്തുണക്കുന്ന അവസ്ഥ എത്തി. അങ്ങനെ ഇന്‍ഡ്യ ഉപവാസത്തിലൂടെ സ്വതന്ത്രയായി.
ഗാന്ധിജിയുടെ ഉപവാസങ്ങള്‍ ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു. ജനങ്ങള്‍ പക്ഷേ അതിനെ പട്ടിണി ആയിട്ടാണു കണ്ടത്. എന്നാല്‍ യഥാര്‍ത്ഥ പട്ടിണി ആരംഭിക്കുന്നത് ഉപവാസം അവസാനിക്കുമ്പോഴാണ് എന്നു നാം അറിയണം. ആഹാരംകിട്ടാനില്ലാത്ത അവസ്ഥ, അത് നിഷേധിക്കുന്ന അവസ്ഥ, ശരീരത്തിനു താങ്ങാനാവാത്തത്ര കാലം ആഹാരം കഴിക്കാതിരിക്കുന്ന അവസ്ഥ, മാനസികമായ തയ്യാറെടുപ്പും സമ്മതവുമില്ലാതെ ആഹാരമുപേക്ഷിക്കേണ്ടിവരുന്ന അവസ്ഥ – ഇതെല്ലാമാണ് പട്ടിണി. ഉപവാസം പക്ഷേ വ്യത്യസ്തമാണ്. ആഹാരംകിട്ടാനുണ്ട്, അതാരും നിഷേധിക്കുന്നില്ല, ശരീരത്തിനു താങ്ങാവുന്ന സമയത്തോളം മാത്രമേ ആഹാരമുപേക്ഷിക്കുകയുള്ളു, ഒരു ലക്ഷ്യം നേടുന്നതിനായി മനസ്സോടെ ആഹാരംഉപേക്ഷിക്കുകയുമാണ്. ഒപ്പം വെള്ളവും ആവശ്യമെങ്കില്‍കരിക്കിന്‍ വെള്ളവും കുടിക്കുകയും ആവശ്യമായ മറ്റു പരിചരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതു മൂലം തികച്ചും സുരക്ഷിതമായി ഉപവാസം പൂര്‍ത്തിയാക്കുവാന്‍ കഴിയും.
അതുകൊണ്ടുതന്നെ, പ്രകൃതിചികിത്സ പട്ടിണി കിടക്കലല്ല.
ശാസ്ത്രീയമായ ഉപവാസമാണ് ചികിത്സക്കായിസ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗം. ശാരീരിക – മാനസിക വിശ്രമത്തിലൂടെ രോഗസൗഖ്യം നേടുന്നതിനുള്ള ഏറ്റവും ലളിതവും എളുപ്പവുമായ മാര്‍ഗം. ഈ മാര്‍ഗം ശരിയായി പഠിച്ച് അനുഷ്ഠിക്കുമ്പോള്‍ “ലംഘനം പരമൗഷധം” എന്നത് അര്‍ത്ഥപൂര്‍ണമാകുന്നു.
ഈ വര്‍ഷം നവംബര്‍ 18 പ്രകൃതിചികിത്സാ ദിനമായി ആചരിക്കുന്നതിനുള്ള വിപുലമായ പരിപാടികള്‍ പൂനായിലുള്ള ദേശീയ പ്രകൃതിചികിത്സാസ്ഥാപനത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആയുഷ് മന്ത്രാലയം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും സമ്മേളനങ്ങളും സെമിനാറുകളും ബോധവല്‍ക്കരണ ക്ലാസ്സുകളും മെഡിക്കല്‍ ക്യാമ്പുകളും നടത്തുവാനുള്ള സജ്ജീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇന്‍ഡ്യന്‍ നാച്ചുറോപതി ആന്റ്‌ യോഗാ ഗ്രാജ്വേറ്റ്‌സ്‌ മെഡിക്കല്‍ അസ്സോസിയേഷന്‍ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രണ്ടുദിവസത്തെ വിപുലമായ കണ്‍വന്‍ഷന്‍ ആസൂത്രണംചെയ്തിരിക്കുന്നു. ‘നേരറിവ്’ എന്നു പേരിട്ടിരിക്കുന്ന ഈ കണ്‍വന്‍ഷന്‍ ബഹു. കേരളമുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നവംബര്‍ 17  ശനിയാഴ്ച രാവിലെ 10- ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ദേവസ്വം വകുപ്പു മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രനും പ്രകൃതി കൃഷി വിദഗ്ദ്ധന്‍ ശ്രീ. സുഭാഷ് പലേക്കറും വിവിധ വകുപ്പ് അദ്ധ്യക്ഷന്‍മാരും ആയുഷ്‌ സെക്രട്ടറിയുംസന്നിഹിതരായിരുന്നു.
നേരറിവ് കണ്‍വന്‍ഷന്റെ ആദ്യ നാളായ നവംബര്‍ 17 (ശനി) ടൂറിസം മേഖലയില്‍ യോഗ -പ്രകൃതിചികിത്സയുടെ സാധ്യതകളെക്കുറിച്ച് ഏഷ്യയിലെ ഏറ്റവും  വലിയ ആരോഗ്യ റിസോര്‍ട്ട്‌ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മനോജ് കുട്ടേരി പ്രബന്ധം അവതരിപ്പിച്ചു. “പ്രകൃതികൃഷിയുംആരോഗ്യവും” എന്ന വിഷയത്തെക്കുറിച്ച് പത്മശ്രീ സുഭാഷ് പലേക്കര്‍ സെമിനാര്‍ നയിച്ചു.
നവംബര്‍ 18 (ഞായർ) ‘തീയില്ലാത്ത പാചകം’ എന്ന വിഷയത്തില്‍ ഡോ. സിജിത് ശ്രീധര്‍ സെമിനാറും പരിശീലനവും നല്‍കും. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരായ ഡോ. മഞ്ജുനാഥ്, ഡോ. ശ്രീനിവാസ് എന്നിവര്‍ യോഗയും ആഹാരവും സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
18- ന് ഉച്ചക്കുശേഷം രണ്ടു മണി മുതല്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍, ശ്രീ പാലോട്‌ രവി, സ്വാമി ഗുരുപ്രസാദ്, അഡ്വ. ഹരീഷ് വാസുദേവന്‍, ശ്രീ. ജി.കെ.സുരേഷ് ബാബു, ശ്രീ.സനൂപ് നരേന്ദ്രന്‍, ഡോ. ബാബു ജോസഫ്, ഡോ.സിജിത് ശ്രീധര്‍ എന്നിവര്‍ ‘കേരള ആരോഗ്യ മോഡലില്‍ യോഗ -പ്രകൃതിചികിത്സയുടെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ചു നടക്കുന്ന തുറന്ന സംവാദത്തിലും നാലുമണിക്കു നടക്കുന്ന സമാപന സമ്മേളനത്തിലും പങ്കെടുക്കും.
….
ഡോ. ബാബുജോസഫ്
1. മുന്‍ ഡയറക്ടര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാച്ചുറോപതി, പൂനെ, കേന്ദ്ര ആയുഷ് മന്ത്രാലയം, ഭാരത സര്‍ക്കാര്‍.
2. മുന്‍ സി.എം.ഒ, ഗവ: യോഗ – പ്രകൃതി ചികിത്സാ ആശുപത്രി, വര്‍ക്കല,  തിരുവനന്തപുരം
3. ഡയറക്ടര്‍, നേതാജി പ്രകൃതിചികിത്സാ യോഗാകേന്ദ്രം, കുന്നുംപുറം, കാക്കനാട്, കൊച്ചി-30.
4. മെഡിക്കല്‍ ഡയറക്ടര്‍, ത്രിവേണി യോഗാ – നാച്ചുറോപ്പതി ഗവേഷണ ആശുപത്രി, മണക്കാട്, തൊടുപുഴ, ഇടുക്കിജില്ല
PH: 9567 377 377

1,361 Comments

  1. Please let me know if you’re looking for a article author for your weblog. You have some really great articles and I feel I would be a good asset. If you ever want to take some of the load off, I’d really like to write some content for your blog in exchange for a link back to mine. Please blast me an e-mail if interested. Many thanks!