നൂറ്റാണ്ടിലെ ചൂഷണം

ജേക്കബ്‌ വടക്കാഞ്ചേരിയെന്ന “വ്യാജ” മാമനെ അറസ്റ്റ്‌ ചെയ്ത വാർത്ത ഏറെ സന്തോഷത്തോടെയായിരുന്നു നോക്കിക്കണ്ടത്. ഇത്തരം “മോഹന-വടക്കൻ” വ്യാജ കുലപതികളെ നിലക്ക്‌ നിർത്താനുള്ള ആർജ്ജവം കാണിച്ച ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ സ്ത്രീ ശബ്ദത്തിന്റെ കരുത്ത്‌ കൂടിയാണു തെളിയിച്ചിരിക്കുന്നത്‌.
ആരോഗ്യ കേരളത്തിന്റെ നിലനിൽപ്പിനായി അശ്രാന്ത പരിശ്രമം നടത്തുന്ന വൈദ്യസമൂഹത്തിനെയും ആരോഗ്യമേഖലയിലെ പ്രവർത്തകരെയും എന്നും ചെളിവാരി എറിഞ്ഞും കൊഞ്ഞനം കുത്തിയും പൊതുസമൂഹത്തെ സാമാന്യം നല്ല രീതിയിൽ തെറ്റിദ്ധരിപ്പിച്ചും “ഇജ്ജാതി സാധനങ്ങൾ” ഉണ്ടാക്കിയെടുത്ത ചീട്ടുകൊട്ടാരങ്ങളുടെ അടിത്തറ ഇളക്കുന്ന വലിയ ശ്രമത്തിന്റെ തറക്കല്ലിടലാണു ജേക്കബിന്റെ അറസ്റ്റ്‌. ഇതിനെയൊക്കെ വേരോടെ പിഴുതെറിയാതെ നമുക്ക്‌ വിശ്രമിക്കാൻ സാധ്യമല്ല.
“നിപാ” വൈറസ്‌ ഭീകരമാംവിധം പ്രയാസങ്ങൾ സൃഷ്ടിച്ചപ്പോൾ, കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സർക്കാർ സംവിധാനങ്ങളും നിപയുടെ വ്യാപനവും ദുരിതവും ത്രീവ്രതയും കുറയ്ക്കാനുള്ള ഫലവത്തായ ശ്രമങ്ങൾ നടത്തി ജനങ്ങളിലെ ഭീതിയകറ്റാൻ തുനിഞ്ഞപ്പോൾ, ആ സന്നിഗ്ദ്ധ ഘട്ടത്തിൽ പോലും തെറ്റിദ്ധാരണ പരത്താനും, ഗൗരവ വിഷയങ്ങളെ നിസ്സാരവൽക്കരിച്ച്‌ “മാങ്ങാണ്ടിയും” കടിച്ച്‌ വീഡിയോയുമായി വന്ന് അസംബന്ധം പുലമ്പിയ മോഹനനെയും വെടക്കനെയുമൊക്കെ അന്ന് തന്നെ ചങ്ങലക്കിടേണ്ടതായിരുന്നു. (“കാൻസർ ഒരു രോഗമല്ല”, “കരൾ മൂത്രം ഉൽപാദിപ്പിക്കുന്നു”, “ബ്രെയിൻ കിഡ്നിയിലാണ്” തുടങ്ങിയ വലിയ വലിയ കണ്ടുപിടിത്തങ്ങൾ നടത്തിയ മഹാനാണെന്ന ഒരു ദയയും ദാക്ഷിണ്യമൊന്നും കൊടുക്കേണ്ടതില്ല). വടക്കൻ, മഹാ വെടക്കാണെന്നതിൽ സംശയം ഇല്ലതാനും. ഇപ്പോൾ കിട്ടിയ കൊട്ട്‌ അർഹിക്കുന്നത്‌ തന്നെയാണ്. അല്ലേലും “താൻ താൻ നിരന്തരം ചെയ്തുള്ള കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടും” എത്ര അർത്ഥവത്തായ വാക്യമാണ്. പ്രകൃതി ചികിത്സകൻ എന്ന നാമധേയത്തിൽ നിരന്തരം വ്യാജപ്രചരണങ്ങൾ നടത്തി പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഇയാൾക്കിതല്ല ഇതിലപ്പുറം വലിയ “റിവാർഡ്‌” കൊടുക്കണം. ‘നിപ’യുടെ സമയത്ത്‌ ഇയാളുണ്ടാക്കിയ സിദ്ധാന്തങ്ങൾ അന്നെ അവാർഡിനു സർക്കാർ പരിഗണിച്ചതായിരുന്നു.
പ്രളയം അതിജീവിച്ച മലയാളിക്ക്‌ പകർച്ചവ്യാധി കൂടി അതിജീവിക്കേണ്ട സാഹചര്യത്തിൽ, എലിപ്പനി മൂലം നിരവധി ജീവനുകൾ കൊഴിഞ്ഞ്‌ വീഴുകയും, അനവധി ആളുകൾ അപകടകരമാംവിധം രോഗം പിടിപ്പെട്ട്‌ പ്രയാസപ്പെടുകയും ചെയ്ത അവസ്ഥയിൽ “വായിൽ തോന്നുന്നത്‌ കോതയ്ക്ക്‌ പാട്ടെന്ന പോൽ” യാതൊരു അടിസ്ഥാനവുമില്ലാതെ നിരന്തരം വിടുവായത്തരം ഘോഷിക്കുന്ന ഇയാളുടെ അറസ്റ്റ്‌ മറ്റ്‌ വ്യാജന്മാർക്ക്‌ കൂടെയുള്ള താക്കീത്‌ തന്നെയാണ്. കണ്ടാൽ പഠിക്കാത്തവർ കൊണ്ടാൽ പഠിക്കും. ഇവർക്കൊക്കെ ശ്രുതിപാടുന്ന “കൂട്ടിരിപ്പുകാർക്കും” ഈ “അറസ്റ്റിന്റെ” സുഖം അറിയിച്ച്‌ കൊടുക്കണം.
ഇനിയിപ്പോൾ ഗാന്ധിജി അറസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌, അതുകൊണ്ട്‌ ഗാന്ധിയനാണു ഞാനെന്നൊന്നും പറയാൻ നിൽക്കണ്ട. ‘അറസ്റ്റും പോലീസും ആണുങ്ങൾക്ക്‌ പറഞ്ഞതാ’ എന്നൊക്കെ ഉന്തിയും തള്ളിയും ന്യായങ്ങളുമായി ശിങ്കിടി ശിരോമണികൾ ഇറങ്ങിയിട്ടുണ്ട്‌. പെരുംകള്ളനെ, തട്ടിപ്പ്‌ വീരനെ പോലീസ്‌ പിടിച്ചു, ഇങ്ങനെ പറയുന്നതല്ലെ ശരി??

ഇനി കുറച്ച്‌ രസകരമായ ചില സംഭവങ്ങളിലേക്ക്‌ നിങ്ങളെ കൂട്ടി കൊണ്ട്‌ പോകാം.
“നാച്ചറൽ ലൈഫ്‌” എന്ന ആശാന്റെ തട്ടിപ്പ്‌ കേന്ദ്രത്തിലേക്ക്‌ വെറുതെ ഒന്ന് വിളിച്ച്‌ നോക്കിയാലൊ എന്ന് കരുതി. അറസ്റ്റിനെ കുറിച്ച്‌ എന്തായിരിക്കും ഇവരുടെ പ്രതികരണം എന്നറിയാൻ, ആകാംക്ഷയോടെ അയാളുടെ വിവിധ സെന്ററുകളിലെ നമ്പറുകൾ ഗൂഗിളിൽ നിന്നും തപ്പിയെടുത്തു. രാവിലത്തെ റൗണ്ട്സും കഴിഞ്ഞ്‌ കിട്ടിയ ഫ്രീ ടൈം വെടക്കനു വേണ്ടി ഉപയോഗിച്ചു. മനോഹരമായ കോളർ ട്യൂണുകൾ “പറ്റിക്കപ്പെടുന്നവരെ” സ്വാഗതം ചെയ്യുന്നു. കുറച്ചു നേരത്തേക്ക്‌ “വെടക്കൻ സാറിന്റെ” ഫാൻസ്‌ അസോസിയേഷൻ മെമ്പറാകാനും, സാറിനെ കണ്ട്‌ ചികിത്സിച്ച്‌ നിർവൃതി അടയാൻ “ത്വര” പിടിച്ചിരിക്കുന്ന “പ്യാവം” രോഗിയായാകാനും എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തി – അതായത്‌ അഭിനയിക്കാൻ തയ്യാറായെന്ന്.

ആദ്യം വിളിച്ചത്‌ എറണാകുളം ജില്ലയിലെ കേന്ദ്രത്തിലേക്കാണു. ഫോൺ എടുത്തത്‌ ഒരു സ്ത്രീയാണ്.
സ്ത്രീ:- ഹലൊ, ഗുഡ് മോണിംഗ്, നാച്ചറൽ ലൈഫ്‌
ഞാൻ:- കോഴിക്കോട്‌ നിന്നാണു. നാച്ചറൽ ലൈഫ്‌ അല്ലെ?
സ്ത്രീ:- അതെ, പറഞ്ഞോളു..
ഞാൻ:- വടക്കാഞ്ചേരി സാറുണ്ടൊ? ഒന്ന് കാണാനാണ്.
സ്ത്രീ:- കറക്ട്‌ അറിയില്ല, സാർ എവിടെയാണെന്ന്.
(മറുപടി കിട്ടാൻ അൽപം വൈകി. ആലോചിച്ചതാവും)
(എന്റെ ചോദ്യങ്ങളെല്ലാം പ്രീ പ്ലാൻഡ് ആയിരുന്നു )
ഞാൻ:- അതേയ്, ഞാൻ മുൻകൂർ ബുക്ക്‌ ചെയ്തതാണ്. സാറിനെ അറസ്റ്റ്‌ ചെയ്തു എന്ന വാർത്ത കണ്ടിരുന്നു. എന്താണു അവസ്ഥ? എന്റെ ബുക്കിംഗ്‌ കാൻസലാകുമൊ?
സ്ത്രീ:- കൃത്യമായിട്ട്‌ അറിയില്ല, വീട്ടിലേക്കാണെന്നും പറഞ്ഞാണു പോയത്‌. എനിക്കൊന്നും അറിയില്ല, വ്യക്തമല്ല.
ഞാൻ:- (ആത്മഗതം) പോലീസ്‌ സ്റ്റേഷനാണോ ഇയാളുടെ വീട്‌?
(ഞാൻ വിട്ട്‌ കൊടുക്കാൻ തയ്യാറല്ലായിരുന്നു)
ഞാൻ:- എന്താണെന്ന് അറിയില്ലെ? വ്യാജ ചികിത്സ എന്നൊക്കെ കേൾക്കുന്നു?
സ്ത്രീ:- അത്‌, ആരോഗ്യ മന്ത്രിയുടെ പണിയാണ്. വാർത്ത നിങ്ങൾ കണ്ടത്‌ ശരിയാണ്. ഇവർ പറയുന്ന എലിപ്പനി മരുന്ന് പൊള്ളയാണ്. അത്‌ പറഞ്ഞതിനോ മറ്റൊ ആണ്.
ഞാൻ:- അത്‌ പ്രശ്നമാകില്ലെ?
സ്ത്രീ:- ഹെയ്‌, എന്ത്‌ പ്രശ്നം? എനിക്കറിയില്ല, വിവരം ഒന്നും അറിയില്ല.
ഞാൻ:- (ആത്മഗതം) കൊക്കെത്ര കുളം കണ്ടതാ
ഞാൻ:- എപ്പോളാ പുറത്തിറങ്ങുക എന്ന വല്ല ധാരണയും?
സ്ത്രീ:- അതൊക്കെ 2 ദിവസം. കൂടുതൽ അറിയാൻ കോഴിക്കോട്‌ വിളിക്കാൻ പറഞ്ഞു. നമ്പറും തന്നു.
ഭാഗം 2 – കോഴിക്കോട്‌ സെന്റർ
അങ്ങോട്ട് വിളിച്ചു. ഫോൺ എടുത്തത്‌ ഒരു സ്ത്രീ തന്നെ.
ഞാൻ:- നേച്ചറൽ ലൈഫ്‌ അല്ലെ? എനിക്ക്‌ അവിടെ ചികിത്സിക്കാൻ താൽപ്പര്യം ഉണ്ട്‌. ജേക്കബ്‌ സാർ ഉണ്ടാകില്ലേ?
സ്ത്രീ:- അതെ,കോഴിക്കോട്‌ ആണൊ എറണാകുളം ആണൊ വേണ്ടത്‌ ?
ഞാൻ:- എവിടെ ആയാലും നൊ പ്രോബ്ലം. പക്ഷെ സാർ വേണം, ജേക്കബ്‌ സാർ.
സ്ത്രീ:- എല്ലാം നല്ല സെന്റർ തന്നെയാ.
(ജേക്കബ്‌ സാർ ഇല്ലെ എന്ന ചോദ്യത്തിനു ഉത്തരം മറക്കുന്നത്‌ പോലെ തോന്നി. വിട്ടില്ല ഞാൻ)
ഞാൻ:- വാർത്തകളിൽ സാറിനെ അറസ്റ്റ്‌ ചെയ്തു എന്ന് കണ്ടല്ലൊ?
സ്ത്രീ:- അതൊക്കെ സ്വാഭാവികം, സത്യം പറഞ്ഞാൽ അറസ്റ്റ്‌ ചെയ്യും
ഞാൻ:- (ആത്മഗതം) ങെ! അത്‌ എങ്ങനെ
സ്ത്രീ:- സാർ പറയുന്നത്‌ എല്ലാം സത്യമാണ്
(ഇവർ ഉറച്ച മട്ടാണു).
ഞാൻ:- സാറെന്നാ പുറത്ത്‌ വരിക ??
സ്ത്രീ:- അത്‌, അത്‌ 2 ദിവസം കൊണ്ട്‌ വരും.
(ഇപ്പോ ശ ര്യാക്കി തരാ, 10-16 ന്റെ സ്പാനറിങ്ങെടുക്ക്) സാറില്ലെങ്കിലും വേറെ ഡോക്ടർ ഉണ്ട്‌, അവരെ കണ്ടാൽ മതിയൊ? (‘വെടക്കൻ മാമൻ പെട്ടാ’ എന്നവർക്കും തോന്നിയോന്നൊരു തോന്നൽ)
ഞാൻ:- അറസ്റ്റ്‌ ചെയ്തു എന്ന വാർത്ത സത്യമാണൊ?
സ്ത്രീ:- ആരാ പറഞ്ഞത്‌ അറസ്റ്റ്‌ ചെയ്തു എന്ന്? സാർ തെളിവ്‌ കൊടുക്കാൻ പോയതാണ്. സാർ പറഞ്ഞതൊക്കെ തെളിവോടെ പറയാൻ പോയതാണ്.
ഞാൻ:- (ആത്മഗതം) അല്ല ഈശ്വരാ! റിസർച്ചൊക്കെ ഇപ്പോൾ പോലീസ്‌ സ്റ്റേഷനിലാണൊ!!

ഞാൻ:- അതിനു മാത്രം തെളിവുണ്ടൊ സാറിന്റെ കയ്യിൽ? (വെളിവില്ലാത്ത ഇവന്റെ കയ്യിൽ എന്ത്‌ തെളിവ്‌)
സ്ത്രീ:- എനിക്ക്‌ അറിയില്ല ഞാൻ വെറും സ്റ്റാഫ്‌.
ഞാൻ:- പുള്ളി ശരിക്കും ഡോക്ടറാണൊ? ഫെയ്‌സ് ബുക്കിലൊക്കെ ഡിഗ്രിയില്ലാത്ത വ്യാജനാണെന്നൊക്കെ കാണുന്നുണ്ടല്ലൊ?
സ്ത്രീ:- അതൊന്നും എനിക്കറിയില്ല. സാറെന്തായാലും 2 ദിവസം കൊണ്ട്‌ വരും.
(ഈ ഉത്തരം തന്നെ ധാരാളം, അയാൾക്ക്‌ ഡിഗ്രി ഉണ്ടോയെന്നറിയാൻ)
ഞാൻ:- അറസ്റ്റ്‌ ചെയ്തു, ജാമ്യം കിട്ടിയൊ? ജാമ്യത്തിനു ശ്രമിക്കുന്നുണ്ടൊ?
സ്ത്രീ:- ജാമ്യത്തിനൊന്നും ശ്രമിക്കുന്നില്ല.
ഞാൻ:- (അല്ലേലും തെളിയിക്കാൻ പോയ ആൾക്ക്‌ എന്തിനാ ജാമ്യം). കോഴിക്കോട്‌ എവിടെയാ സെന്റർ?
സ്ത്രീ:- സിവിൽ സ്റ്റേഷൻ ബിൽഡിങ്ങിനു പുറകിൽ, കലക്ടറുടെ ഓഫീസിന്റെയൊക്കെ പുറകിലെ ബിൽഡിങ്ങിലാണ്.
(ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌. അധികാര വർഗ്ഗത്തിന്റെ മൂക്കിനു മുന്നിൽ നിന്നാണു ഈ വെടക്കൻ തോന്നിവാസങ്ങളൊക്കെ വിളിച്ച്‌ പറയുന്നത്‌)
ചിരി അടക്കി പിടിച്ച്‌ കൊണ്ട്‌ ഞാൻ ചോദിച്ചു:- ഇപ്പോളെങ്ങാനും കാണാൻ കഴിയുമൊ സാറിനെ?
സ്ത്രീ:- (ചൂടായത്‌ പോലെ) സാറിനെ അറസ്റ്റ്‌ ചെയ്തു എന്നത്‌ സത്യമാണ്. എന്നാൽ ആ വാർത്ത കള്ളമാണ്.
(ങെ?! എന്തുവാടെ? നന്നായിക്കൂടെ?)
ചിരിക്കാൻ വേണ്ടി ഞാൻ ഫോൺ കട്ട്‌ ചെയ്തു. അൽപ്പം ഓർത്തോർത്ത്‌ ചിരിച്ചു. അല്ല പിന്നെ, അറസ്റ്റ്‌ ചെയ്തു എന്നത്‌ സത്യമാണ്. വാർത്ത കള്ളമാണ്.
ഭാഗം 3 – ഞാനൊന്ന് തിരുവനന്തപുരത്തേക്ക്‌ വിളിക്കട്ടെ
നമ്പർ ഡയൽ ചെയ്തു. ഫോൺ എടുത്തത്‌ ഒരു പുരുഷനാണ്. ഗുഡ് മോണിംഗ് പറഞ്ഞപ്പോൾ അയാൾ നമസ്കാരം തിരിച്ച്‌ പറഞ്ഞു.
ഞാൻ:- വടക്കാഞ്ചേരി സാറുണ്ടൊ? ഒന്ന് കാണാൻ പറ്റുമൊ?
അയാൾ കേൾക്കുന്നില്ല എന്ന് തിരിച്ച്‌ പറഞ്ഞപ്പോൾ അതെ ചോദ്യം വീണ്ടും ആവർത്തിച്ചു.
അയാൾ:- സാർ 11-നു വരും, ഈ മാസം.
ഞാൻ:- 11 നാളെയല്ലെ? പോലീസ്‌ പിടിച്ചു എന്ന് കണ്ടെല്ലൊ.
അയാൾ:- വാർത്തയോ? ആരെ എപ്പോൾ പിടിച്ചു? ഞാൻ കണ്ടില്ല, ഞാൻ അറിഞ്ഞില്ല, 11-നു വരും സാർ.
ഞാൻ ഓക്കേ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.
സ്വന്തം മുതലാളീനെ പോലീസ്‌ പൊക്കിയത്‌ അറിയാത്ത അനുയായി. അല്ല വെടക്ക, താനെന്ത്‌ ബോസാടാ ഉവ്വെ? ഒരു ടീവിയെങ്കിലും വാങ്ങിച്ച്‌ കൊടുക്ക്‌, ഇടയ്ക്ക്‌ അങ്ങയുടെ പോലീസ്‌ സ്റ്റേഷനിലേക്കുള്ള സന്ദർശ്ശനം അവരും കാണട്ടെ… കള്ളനു കഞ്ഞി വെക്കുന്നവൻ അതിലും വലിയ കള്ളനാണെന്ന് പറയേണ്ടെല്ലൊ. അതിലൊന്നാകാം ആ ഫോൺ എടുത്ത നിഷ്കളങ്കൻ.
വിടാൻ ഞാനൊരുക്കമല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു. ഒരു സെന്ററിൽ കൂടി വിളിച്ച്‌ അവസാനിപ്പിക്കാം എന്ന ധാരണയിലായി ഞാൻ
ഭാഗം 4 – മണ്ണാർക്കാട്‌.
ഫോൺ എടുത്തത്‌ സ്ത്രീ തന്നെ.
ഞാൻ പതിവ്‌ ആമുഖം കൊടുത്തു, സാറുണ്ടൊ എന്ന് ചോദിച്ചു.
സ്ത്രീ:- ജേക്കബ്‌ സാറില്ല. വേറെ ഡോക്ടർ ഉണ്ട്‌. സാർ ഇനി മിക്കവാറും അടുത്ത മാസെ കാണുള്ളു.
ഞാൻ:- ഓക്കേ, അപ്പോൾ പിന്നെ വിളിക്കാം. അയ്യൊ, ഒരു മിനുറ്റ്‌. ന്യൂസിൽ എന്തൊ വിഷയം കണ്ടെല്ലൊ? അതൊക്കെ എന്താണ്?
സ്ത്രീ:- അറസ്റ്റ്‌ ചെയ്തു എന്നത്‌ സത്യമാണ്. വാർത്ത കള്ളമാണ്.
(ങെ???!!!)
ഞാൻ:- എന്താണു വിഷയം? ഞങ്ങൾക്കും പ്രശ്നം ഉണ്ടാകുമൊ?
സ്ത്രീ:- മരുന്നിനെതിരെ പറഞ്ഞതല്ലെ, എലിപ്പനിക്കൊക്കെ എന്തിനാ വെറുതെ മരുന്ന് കഴിക്കുന്നത്‌? അതിന്റെ ഒന്നും ആവശ്യമില്ല. ഇത്‌ സത്യമാണ്. ഇത്‌ പറഞ്ഞതിനാണു ആരോഗ്യമന്ത്രിയും മരുന്ന് മാഫിയയും കൂടി സാറിനെ കൊണ്ട്‌ പോയത്‌.
ഞാൻ:- ആ മരുന്ന് ശെരിക്കും ഡെയിഞ്ചറാണൊ?
സ്ത്രീ:- മരുന്ന് എല്ലാം 100% ഡെയിഞ്ചറാണ്. ഇത്‌ മാത്രമല്ല, എല്ലാ മരുന്നുകളും. അതല്ലെ സാർ അങ്ങനെ പറയുന്നത്‌. മരുന്ന് മാഫിയ സാറിനെ കുറെ ആയി ബുദ്ധിമുട്ടിക്കുന്നു.
ഞാൻ:- സാറിനു ഇതൊക്കെ എങ്ങനെ അറിയാം? ആയുർവ്വേദക്കാരുടെയും അലോപ്പതിക്കാരുടെയും പണിയാണല്ലേ ഇതൊക്കെ? (ചുമ്മാ) സോഷ്യൽ മീഡിയകളിലൊക്കെ സാർ വ്യാജനാണെന്ന് ഇവർ അടിച്ച്‌ വിടുന്നതാണല്ലെ?
സ്ത്രീ:- തീർച്ചയായും. ആയുർവ്വേദക്കാരല്ല. അലോപ്പതിക്കാരുടെ പണിയാണ്. നല്ലത്‌ ചെയ്യുന്നവരെ അല്ലെ ആളുകൾ ശിക്ഷിക്കുക? (അതെപ്പം മുതലാ) ചീത്തയ്ക്കെതിരെ ആരും പ്രതികരിക്കില്ല. മാങ്ങയുള്ള മാവിലെ കല്ലെറിയുകയുള്ളു.
(തൃപ്തിയായി രമണാ. തൃപ്തിയായി. എന്തോരം മാങ്ങയാ ആ മാവിൽ)
10 മിനുറ്റ്‌ കഴിഞ്ഞ്‌ വിളിക്കാൻ പറഞ്ഞു. അഡ്രസ്സ്‌ പറഞ്ഞ്‌ തരാം എന്ന്.
ആശാനും ആശാന്റെ പിള്ളേരും സ്‌ട്രോംഗാണ്. വെടക്കഞ്ചേരി പുകമറയുടെ ഉള്ളിൽ ഒരു ലോകം സൃഷ്ടിച്ച്‌ വെച്ചിട്ടുണ്ട്‌. കള്ളത്തരങ്ങളുടെ കൂട്ടുകൾക്കൊണ്ട്‌ ഉണ്ടാക്കിയ ഒരു ലോകം. അത്‌ സത്യമാണെന്ന് വിശ്വസിക്കാനും വിശ്വസിപ്പിക്കാനും ഒരു കൂട്ടം “ധാരണ”യില്ലാത്ത മനുഷ്യക്കഴുതകളും കൂടെയുണ്ട്‌. അല്ലേലും അമ്മയെ തല്ലിയിട്ട്‌ അങ്ങാടിയിൽ ചെന്നാൽ അവന്റെ കൂടെയും കാണും 4 ആളുകൾ. അത്‌ പോലെ തന്നെയാണിതും.
ഇനി പറയുന്നത്‌ പൊതുജനത്തിനോടാണ്.
സഹൃദയരെ, ഗുണകാംക്ഷികളെ…
സാക്ഷരകേരളത്തിൽ പതിനായിരക്കണക്കിനു ഡോക്ടർമ്മാരുണ്ട്‌. അവരൊക്കെ ശരീരശാസ്ത്രവും, ഔഷധശാസ്ത്രവും, അതിന്റെ പ്രവർത്തനവും ഘടനയും ഘടകവും മനസ്സിലാക്കി മനസ്സിരുത്തി പഠിച്ചവരാണ്. കാലങ്ങളോളം പഠിച്ചതും, വർഷങ്ങളോളമായുള്ള അനുഭവ സമ്പത്തും റിസർച്ചും അപഗ്രഥനവും നിഗമനവുമൊക്കെ കഴിഞ്ഞ്‌ കണ്ടെത്തുന്ന വസ്തുതകളാണ് അവർ പൊതുജന ആരാഗ്യത്തിനായി പറയുന്നതും ചെയ്യുന്നതും സേവിക്കുന്നതും. നാലര വർഷത്തെ പഠന കാലയളവിലെ തിയറിയും പ്രാക്ടിക്കലും, ഒരു വർഷത്തെ ഇന്റേൺഷിപ്പും പ്രവർത്തി പരിചയവും, പരസ്പര ചർച്ചകളും, സെമിനാറുകളും, സിമ്പോസിസമായും സി.എം.ഇ ആയും ഒരുപാട്‌ കാലത്തെ പ്രയത്നവും, അത്‌ പോലെ തന്റെ മുന്നിലിരിക്കുന്ന രോഗിയുടെ രോഗത്തിന്റെ അവസ്ഥയും കാഠിന്യവും ഭീകരതയും ഒക്കെ അവർ സസൂക്ഷ്മം വിലയിരുത്തിയ ശേഷമാണ് ഓരോ കാര്യം പറയുന്നതും പ്രവർത്തിക്കുന്നതും. പഠന കാലത്തെ ആദ്യ ദിനത്തിലെ ആദ്യ ക്ലാസ്സ്‌ മുതൽ ഇന്നീ സമയം വരെ അവർ പഠിച്ചതും കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ കോർത്തിണക്കി, അതിനെയൊക്കെ ശാസ്ത്രീയമായി മനസ്സിലാക്കിയിട്ടാണ് ഇവിടെ ഓരോ ഡോക്ടർമ്മാരും ആരോഗ്യവുമായി ബന്ധപ്പെട്ട ഓരോ അക്ഷരവും പറയുന്നത്‌.
വടക്കനെയും മോഹനേനേയും പോലുള്ള ഇത്തരം കോമാളികൾക്ക്‌ എന്ത്‌ ശാസ്ത്രം? എന്ത്‌ രോഗം? എന്ത്‌ രോഗി? അക്ഷരം തെറ്റാതെ അനാട്ടമി എന്നെഴുതാൻ അറിയാത്ത മോഹനൻ ആണു ബ്രെയിനിന്റെ ഘടനയും ലിവറിന്റെ രൂപവും പറയുന്നത്‌. മൂത്രത്തിന്റെ നോർമ്മൽ കളർ അറിയാത്ത ആളാണു മൂത്രം ഉൽപാദിപ്പിക്കുന്ന പ്രതിഭാസം വിളിച്ച്‌ പറയുന്നത്‌. കാൻസർ എന്ന രോഗത്തിന്റെ പാത്തോളജി (രോഗം എങ്ങനെ ഉണ്ടാകുന്നു) എന്തെന്നറിയാത്തവനാണു രോഗത്തിനു മരുന്ന് കൊടുക്കുന്നത്‌. ഒരോ രോഗത്തിനും ഓരോ കാരണങ്ങളുണ്ടാകും. ആ കാരണങ്ങളെ ഇല്ലാതാക്കലാണു ചികിത്സയുടെ ആദ്യ പടി. അതിനു രോഗം എന്താണെന്നും രോഗം എവിടെ ഉണ്ടാകുന്നു എന്നും അതിന്റെ ലക്ഷണങ്ങളും മറ്റ്‌ രോഗങ്ങളിൽ നിന്ന് എങ്ങനെ വേർതിരിക്കാം എന്നുമൊക്കെ അറിയണം. ഇതൊക്കെ അറിയാൻ ആദ്യം നോർമ്മൽ ലെവലും അബ്നോർമ്മൽ അവസ്ഥയും അറിയണം. അതിനു അനാട്ടമിയും ഫിസിയോളജിയും അറിയണം. ഇങ്ങനെ നീണ്ട്‌ പോകുന്ന ഈ ശൃഖലയുടെ എ ബി സി ഡി അറിയാത്ത ഇവനൊക്കെ നാക്കിനെല്ലില്ല എന്ന ബലത്തിൽ തോന്നുന്നതൊക്കെ വിളിച്ച്‌ പറയും. അന്തവും കുന്തവും ഇല്ലാതെ സംസാരിക്കും. എന്നിട്ടവസാനം പറയും, ഇതാണു ശാസ്ത്രം എന്ന്. ജനങ്ങളെ വിശ്വസിപ്പിക്കാൻ കുറെ ശിങ്കിടികളെയും കൂട്ടി അങ്ങ്‌ ഇറങ്ങിക്കോളും. എന്തിനും ഏതിനും മാർക്കറ്റ്‌ വിശാലമായ ലോകത്ത്‌ ഇവരുടെ നുണകൾക്കും നല്ല മാർക്കറ്റ്‌ കിട്ടാൻ പ്രയാസമൊന്നുമില്ല.

നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ സമൂഹത്തിൽ ശ്രദ്ധ ഉണ്ടാക്കി നാലാളറിയാൻ തുടങ്ങിയാൽ പിന്നെ ഇവർ ചിലന്തി വലകൂട്ടുന്നത്‌ പോലെയങ്ങ്‌ പടരും. ഇവിടെയാണു നാം പൊതുജനത്തിനോട്‌ ആവശ്യപ്പെടുന്നത്‌, നല്ലത്‌ ഏതെന്നും വ്യാജൻ ഏതെന്നും തിരിച്ചറിയാനുള്ള മനസ്സ്‌ കൊടുക്കണം എന്നത്‌. ജൽപനങ്ങളും മൊഴിമുത്തുകളും ഇനിയും ഉണ്ടാകും. അത്‌ ഏറ്റ്‌ പിടിക്കാനും ഇനിയും ആളുകളുണ്ടാകും. ഇവർക്ക്‌ സിന്ദാബാദ്‌ വിളിക്കാൻ ആളുകൾ ഇനിയും വരും. ഇവരുടെ ചതിയിൽ പെട്ട്‌ പണവും ജീവനും നഷ്ടപ്പെടുത്താൻ ഞാനുണ്ടാകില്ല, എന്നോട്‌ ബന്ധപ്പെട്ടവരുണ്ടാകില്ല എന്നത്‌ ഒരോരുത്തരും ചിന്തിച്ചാൽ, പ്രതിജ്ഞാബദ്ധരായാൽ തീരും, തകരും ഇവന്റെയൊക്കെ ചീട്ട്‌ കൊട്ടാരം.
വ്യാജൻ പണവും ജീവനും അപഹരിക്കും, ജാഗ്രതൈ

ഡോ.മുബഷിർ കെ BAMS,
ചാമക്കാലിൽ ഹൌസ്,
നാദാപുരം (PO),
കോഴിക്കോട്. PIN – 673504
PH – 9048 064 401
E mail – mubashirkovummal98@gmail.com

3 Comments

  1. What i don’t understood is actually how you are not actually much more well-liked than you might be now. You’re so intelligent. You realize thus significantly relating to this subject, made me personally consider it from a lot of varied angles. Its like men and women aren’t fascinated unless it is one thing to accomplish with Lady gaga! Your own stuffs excellent. Always maintain it up!

Leave a Reply

Your email address will not be published.


*