പാരമ്പര്യവാദികളേ, നിങ്ങളീ ജാലകം തുറന്നിടൂ…!

ഏത് പശ്ചാത്തലത്തിൽ നിന്നാണീ കുറിപ്പെഴുതാൻ മുതിരുന്നതെന്ന് ആദ്യം വിശദീകരിക്കട്ടെ. നവജാതനായ ശിശു വെളിച്ചവും ശബ്ദവും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ കാണിക്കുന്ന ആശ്ചര്യം പോലെ വലിയൊരു ശാസ്ത്രത്തിനു മുൻപിൽ നിൽക്കുന്ന ഒരു ഡോക്ടർ എന്ന നിലയിലാണ് താഴെ പറയുന്ന വിഷയത്തെ ഞാൻ സമീപിക്കുന്നത്. ഭാരതത്തിൻ്റെ പാരമ്പര്യത്തിൻ്റെ ഭാഗമായി ഉയർന്നു വന്ന ഒരു ശാസ്ത്രം എന്ന നിലയിൽ ആയുർവേദത്തിൽ “പാരമ്പര്യവാദികൾ” എന്നൊരു കൂട്ടർ ഉണ്ട്. എങ്കിലും പുതിയ തലമുറ ആ ശാസ്ത്രത്തിൻ്റെ മൂല്യങ്ങളെ മുറുക്കിപ്പിടിച്ചുകൊണ്ട് ആധുനികതാവാദത്തെയും  പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള രണ്ട് അഭിപ്രായങ്ങളെ ശാസ്ത്രത്തിലേക്ക് കടന്നുവരുന്ന ഒരു പുതുമുഖം എന്ന നിലയിൽ ചർച്ച ചെയ്യുകയാണ്.

ഈ കുറിപ്പിൻ്റെ മൂലകാരണം ഏതാനും ആഴ്ചകൾക്ക് മുൻപ് ആയുർവേദ വിദ്യാർത്ഥിയായ ഒരു അനുജനുമായി ഉണ്ടായ ഒരു ചർച്ചയാണ്. ഹൈന്ദവമായ ഒരു ആചാരത്തെ പരിഹസിക്കുന്ന ഒരു ട്രോൾ ഞാൻ സോഷ്യൽ മീഡിയയിൽ ഇടുകയും ആ സുഹൃത്ത് അതിനോട് പ്രതികരിക്കുകയും ചെയ്തു. “നിങ്ങൾ ആയുർവേദത്തിൽ വിശ്വസിക്കുന്നുണ്ടോ?” എന്നായിരുന്നു ആദ്യ ചോദ്യം. “തീർച്ചയായും” എന്നെന്റെ മറുപടി. മറുചോദ്യം: “ആയുർവേദത്തിൽ മന്ത്ര – തന്ത്രങ്ങൾ പറയുന്നുണ്ട്, പിന്നെ അതെങ്ങനെ രോഗത്തെ മാറ്റുന്നു? നിങ്ങൾ രണ്ട് തോണിയിൽ കാലുവെക്കുകയല്ലേ? മന്ത്രത്തിനു ശക്തിയുള്ളതുകൊണ്ടല്ലേ അത് ഫലിക്കുന്നത്?” ഈ ചോദ്യത്തിന് ഞാൻ നൽകിയ ഉത്തരം: “മന്ത്രത്തിനല്ല, മനസിനാണ് ശക്തിയുള്ളത്. കൃത്യമായി പറഞ്ഞാൽ നാം മനസിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. മന്ത്രത്താൽ ഈ പ്രശ്‍നം പരിഹരിക്കപ്പെടുമെന്ന് ആദ്യം വിശ്വസിപ്പിക്കുന്നു. അതായത് ഈ മന്ത്രം ജപിച്ചാൽ അത് ശരിയാവുമെന്നും മറ്റും, പിന്നീട് തിരക്കഥയനുസരിച്ച് പലതും ചെയ്യുന്നു. മനസ് കബളിപ്പിക്കപ്പെടുന്നു, അത്രമാത്രം. 750 കോടി മനുഷ്യർ ഭൂമിയിലുള്ളപ്പോൾ 3.5 കോടി ജനങ്ങളാണ് കേരളത്തിൽ. അതിൽ ഏകദേശം 54% ഹിന്ദുജനസമൂഹമെന്നു വിളിക്കപ്പെടുന്ന മനുഷ്യരാണെന്നാണ് ഏകദേശകണക്ക്, അതായത് ഏകദേശം 1.8 കോടി. ഇതിൽ 60% വിശ്വാസികളെന്ന് വിശ്വസിക്കാം. അതായത് 1 കോടി. ഒരു ചെറിയ ചോദ്യം ചോദിക്കട്ടെ? ചൊവ്വാ ദോഷത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ചൊവ്വ ഭൂമിയിലെ സകല മനുഷ്യർക്കും ഒരുപോലെയല്ലേ? അപ്പോൾ ഈ പറയുന്ന 1 കോടി മനുഷ്യർക്ക് മാത്രം ചൊവ്വ കല്യാണം മുടക്കി ആകുന്നതെങ്ങനെയാണ്? ഉത്തരം ഇത്രയേയുള്ളൂ…, നമ്മുടെ മനസിനെ അത്തരത്തിൽ നാം  പറഞ്ഞു പറ്റിച്ചിരിക്കുന്നു. ഇതുതന്നെയാണ് മന്ത്ര – തന്ത്രങ്ങൾ. നിങ്ങൾ അതിനെ പക്വതയോടെ നോക്കിക്കാണൂ. സ്യൂഡോ മെഡിസിനാണത്‌. നിങ്ങൾ ഒരു രോഗിക്ക് വാക്കുകളിലൂടെ ആശ്വാസം നൽകുമ്പോൾ അയാളിൽ ഉണ്ടാക്കുന്ന മാറ്റം, വിശ്വാസം – അത് തന്നെയാണ് മന്ത്ര – തന്ത്രങ്ങൾ. നമ്മുടെ വീക്ഷണകോണാണ് മാറേണ്ടത്. ശാസ്ത്രം മുന്നിലുണ്ട്. അതിനെ നിങ്ങൾക്ക് അതേപടി പ്രയോഗിക്കാൻ കഴിയുകയില്ല. അങ്ങനെയെങ്കിൽ നിങ്ങൾ വിജയിക്കുകയുമില്ല. ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളാണ് വിദ്യാഭ്യാസം നിങ്ങൾക്ക് നൽകുന്നത്. അത് പ്രയോഗിക്കുന്നത് നിങ്ങളുടെ കഴിവും” – ആ സംസാരം അന്നവിടെ മുറിഞ്ഞുപോയി.

പാരമ്പര്യത്തെ കെട്ടിപ്പിടിച്ച് മണ്ണടിഞ്ഞുപോയ ചാതുർവർണ്യ വിശ്വാസപ്രമാണങ്ങളെ കെട്ടിപ്പിടിച്ചിരുന്നാൽ നാം എന്നും പാർശ്വവൽക്കരിക്കപ്പെടുക മാത്രമാണ് ചെയ്യുക. ഞാൻ എന്ന നാസ്തികനോട് ആയുർവേദം ബ്രഹ്‌മാവുണ്ടാക്കി എന്നും, ധന്വന്തരി അതിൻ്റെ ദൈവമെന്നും നിങ്ങൾ പറഞ്ഞാൽ ഞാനതിനെ പുച്‌ഛിച്ചു തള്ളുക തന്നെ ചെയ്യും. ഞാൻ വിശ്വസിക്കുന്നത് ആയുർവേദം ഏതെങ്കിലും ഒരു ഉറവയിൽ നിന്ന് ഉത്ഭവിച്ച നീർച്ചാലാണെന്നല്ല, മറിച്ച് കുലങ്ങളും ഗോത്രങ്ങളും നാടുകളും അങ്ങനെ മനുഷ്യൻ്റെ വികാസ കാലഘട്ടത്തിൽ മനുഷ്യൻ പലയിടങ്ങളിൽ നിന്ന് സ്വരുക്കൂട്ടി വെച്ച ഒന്നാണെന്നാണ്. ഒടുക്കം അത് പ്രമാണവൽക്കരിക്കുമ്പോഴാണ് ഈ അറിവുകൾ എവിടെ നിന്നുണ്ടായി എന്ന ചോദ്യമുയർന്നത്. ഋഗ്വേദത്തിൽ പറയുന്നതുപോലെ മനുഷ്യൻ്റെ കൃഷി പ്രകൃതി ക്ഷോഭത്താൽ നശിച്ചപ്പോൾ തനിക്ക് നിയന്ത്രിക്കാനാകാത്ത ആ ശക്തിയെ അവൻ ദൈവമെന്ന് വിളിച്ചു. അതുപോലെ ഉറവിടം അറിയാത്ത ശാസ്ത്രം ദൈവത്തിൽ നിന്നുണ്ടായി എന്നവർ എഴുതിവെച്ചു. പക്ഷെ സത്യത്തിൽ ആയുർവേദം ജനപഥങ്ങളിൽ നിന്നുണ്ടായി, നിങ്ങളിലും, എന്നിലും നിന്നുണ്ടായി എന്നതാണ് സത്യം.

ഇനി ചില ചെറിയ അനുഭവങ്ങൾ കൂട്ടിച്ചേർക്കട്ടെ. ചെറിയ കാലഘട്ടത്തിനിടെ ഉണ്ടായ ചില ‘ഓർത്തോപീഡിക്’ അനുഭവങ്ങളാണത്. ആയുർവേദത്തിൽ ക്ലാസിക്കൽ വഴിക്കപ്പുറം നവീനമായ ചികിത്സയെ സമീപിക്കുന്ന, അതിലൂടെ ആയുർവേദത്തെ പൂർണതോതിൽ ഉപയോഗപ്പെടുത്തുന്ന, ഒരു യുവ ഡോക്ടറുടെ കൂടെ അല്പകാലം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞു. ക്ലാസിക്കൽ വഴിയിൽ ഏതു സന്ധിരോഗങ്ങൾക്കും കഷായവും തൈലവും എഴുതാൻ മാത്രമറിയുന്ന എൻ്റെ ചിന്താഗതിയെ തന്നെ ആ അനുഭവം മാറ്റിമറിച്ചു.

ചിലത് പറഞ്ഞുവെക്കുകയാണ്. ഒരു ഓർത്തോ കേസിൽ ശരിയായ “പോസ്ച്ചർ” (posture) രോഗിയെ പഠിപ്പിക്കൽ, വ്യായാമം എന്നിവയുടെ പ്രാധാന്യം വളരെ വലുതാണ്. ഗ്രദ്രസിയിൽ (Sciatica) യാതൊരു മരുന്നും നൽകാതെയോ അല്ലെങ്കിൽ വളരെ കുറച്ച് മരുന്നു മാത്രം നൽകിയോ – Straight leg raise, Bridging, Pyriformis stretch എന്നീ അടിസ്ഥാന വ്യായാമങ്ങൾ കൂടി രോഗിക്ക് കൊടുത്താൽ മെച്ചപ്പെട്ട രോഗശാന്തി കാണാം. Bridging എന്നതിനെ കുറച്ചുകൂടി ആയുർവേദമാക്കിയാൽ “സേതുബന്ധനാസനം” എന്ന് നമുക്ക് പറയാം. റിസൾട്ട് കിട്ടുന്ന മറ്റൊരു ആസനമാണ് “ശവ ഉദരാകർഷണാസനം”.

മുട്ടുവേദന – അതും സർവസാധാരണമായ തേയ്മാനങ്ങൾക്ക് വാതഹരമായ കഷായവും തൈലവും  – അതാണ് നമ്മുടെ ‘പാരമ്പര്യ’ രീതി. മറിച്ച് Quadriceps muscle, Calf muscle, Hamstring muscle എന്നീ പേശികൾ ശക്തിപ്പെടുത്തി (straightening) കുറച്ചുകൂടി ശാശ്വതമായ രോഗമുക്തി രോഗികൾക്ക് നൽകാം. തൈലങ്ങളേക്കാൾ ഫലപ്രദമായി ലേപനങ്ങളെ പ്രയോജനപ്പെടുത്താം.

അപബാഹുകം (Cervical spondylosis) Posture correction ഇല്ലാതെ ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിയില്ല. ഇവിടെ പറഞ്ഞുവെച്ചത്, വളരെ അടിസ്ഥാനപരമായി വ്യായാമത്തെ എങ്ങനെ ചികിത്സയിൽ ഉൾപ്പെടുത്താമെന്നതാണ്. ഇത്തരത്തിൽ ചികിത്സയിൽ ആധുനികമായ വെളിച്ചത്തെ കൊണ്ടുവരിക എന്നതാണ് ആയുർവേദത്തെ മെച്ചപ്പെടുത്താൻ നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന. പുതിയ സാങ്കേതിക വിദ്യകളെ നോക്കുക. പുതിയ സാദ്ധ്യതകളെ നോക്കുക. ഒരു വലിയ ലോകം നമുക്കായി കാത്തിരിക്കുന്നുണ്ട്. മുകളിൽ പറഞ്ഞത് കേവലം ഒരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ നിരവധിയനവധി പുതിയ തലങ്ങൾ ചികിത്സയുടെ ഭാഗമാക്കാം.

രോഗനിർണയ സംവിധാനങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാവുന്നതാണ്. ഉദാഹരണത്തിന് പുതിയ ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഉപയോഗം. അതിനുമപ്പുറം ഒരു ചെറിയ വേദനയെപ്പോലും അനാട്ടമിക്കലായി നോക്കിക്കാണാനുള്ള വിമുഖത. ആയുർവേദീയമായി മാത്രമുള്ള രോഗനിർണയം. മറിച്ച് പേശികൾ, ടെൻഡൻ, നെർവ് അത്തരത്തിലുള്ള യാതൊന്നും ആവശ്യമില്ലെന്ന വാദം. ഒരുപക്ഷേ ഒരു ചെറിയ ചൂടുപിടിത്തത്തിലോ ലേപനത്തിലോ തീരുന്ന പ്രശ്നത്തിന് മാസങ്ങളോളം കഷായം കുടിപ്പിക്കുന്ന രീതി. കംപാർട്ട്മെൻറ് സിൻഡ്രോം എന്ന പ്രശ്നത്തെ നമുക്ക്  എടുക്കാം. സത്യത്തിൽ രോഗി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ കടുത്ത വേദനയാകും. വാതരോഗലക്ഷണങ്ങളോട് കൂടിയ ഈ പ്രശ്നത്തിൽ വാതരോഗ ശമനം എന്ന രീതിയിൽ ഉള്ളിലും പുറത്തുമുള്ള ചികിത്സ കൊണ്ട് ശമനം കിട്ടുക വളരെ പ്രയാസമാണ്. യാതൊരു മരുന്നും കൂടാതെ കപ്പിംഗ് (ഘടം) കൊണ്ട് ഈ പ്രശ്നത്തെ പരിഹരിക്കാൻ കഴിയും.

മറ്റൊന്ന് പറയാം. തൈലങ്ങളെ സംബന്ധിച്ചാണ്. കഴിഞ്ഞ 6 മാസങ്ങളായി ഞാൻ കണ്ണൂരിലെ ഒരു ഗവർമെൻറ് ആയുർവേദ ആശുപത്രിയിൽ താൽക്കാലിക ഡോക്ടറായി ജോലി ചെയ്യുകയാണ്. ഇവിടെ ചാർജ് എടുത്ത ദിവസം മുതൽ വലിയ ശതമാനം രോഗികളും വരുന്നത് തൈലങ്ങൾക്ക് വേണ്ടി മാത്രമാണ്. സന്ധി – അസ്ഥിപരമായ എല്ലാ രോഗങ്ങൾക്കും തൈലമിടുക എന്ന ഒരു രീതി ആയുർവേദത്തിൽ നിലനിൽക്കുന്നുണ്ടെന്ന് തോന്നുന്നു. ആയുർവേദം എന്നാൽ തൈലവും അരിഷ്ടവും കഷായവും മാത്രമാണെന്ന് മനുഷ്യരെ നാം തന്നെ പഠിപ്പിച്ചുവെച്ചു. വർഷങ്ങളായി മുട്ടുവേദനക്ക് തൈലമിടുന്നവരും അരിഷ്ടസേവനം നടത്തുന്നവരും സർവസാധാരണമാണ്. വർഷങ്ങളായി സന്ധിവേദനക്ക് തൈലമിടുകയും അതിനു മാറ്റമില്ലാതിരിക്കുകയും ചെയ്യുന്ന അനവധി മനുഷ്യരാണ് കടന്നുവന്നിട്ടുള്ളത്. പലർക്കും തൈലപ്രയോഗം നിർത്തുക എന്നതുതന്നെ രോഗശാന്തിക്കുള്ള പ്രധാന മരുന്നായിരുന്നു. തൈലം വേണം, അരിഷ്ടം വേണം എന്നു വാശിപിടിച്ച പലരോടും തർക്കിക്കുക കൂടി വേണ്ടിവന്നു. കഴിഞ്ഞ 2 വർഷത്തിലധികമായി ദൈനംദിനം 3 നേരം അശോകാരിഷ്ടം കുടിക്കുന്ന ഒരു എൺപതുകാരനുമായി വലിയ ഏറ്റുമുട്ടൽ എനിക്ക് നടത്തേണ്ടിവന്നു. ഇത്തരത്തിൽ പണ്ടുമുതലേ ചെയ്തുവന്നതുകൊണ്ട് ഇന്നും ചെയ്യുന്ന ചികിത്സകൾ അനവധിയാണ്.

ഇതിനോടെല്ലാമൊപ്പം കൂട്ടിച്ചേർത്തു വായിക്കേണ്ട മറ്റൊന്നാണ് ആയുർവേദത്തെ ഹിന്ദുത്വ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളും. ആയുർവേദത്തിൽ വലിയ ശതമാനം കാവി സംസ്കാര പ്രിയരുണ്ട്. അതായത് ഈ ശാസ്ത്രം വേദത്തിൽ നിന്ന് വന്നു, അത് ഹൈന്ദവമാണ് തുടങ്ങി അനവധി ചിന്താധാരകൾ വെച്ചുപുലർത്തുന്നവർ. ദൈവം-ഭക്തി-മതം- ആയുർവേദം ഇവ ഒറ്റ ശ്രേണിയാണെന്ന് വിശ്വസിക്കുന്നവർ. ആദ്യവർഷ ബി.എ.എം.എസ്. സിലബസിൽ പഠിക്കുന്ന ചാർവാക ദർശനത്തെ അവർ പതിയെ തിരസ്കരിക്കുന്നുണ്ട്. ചാർവാകനെ മഹർഷി എന്ന നിലയിൽ തന്നെ നാം ഉൾക്കൊള്ളേണ്ടതുണ്ടെന്ന സത്യം അവർ വിസ്മരിക്കുന്നുമുണ്ട്. ആയുർവേദം ഹൈന്ദവമാണെന്ന് പറയുമ്പോൾ തന്നെ അതിൽ ചരിത്രപരമായ പ്രശ്‍നം നിലനിൽക്കുന്നുണ്ട്. ആയുർവേദത്തിൻ്റെ ലിഖിത ചരിത്രത്തിൽ അതിൻ്റെ ഇതിഹാസ പുസ്തകങ്ങൾ എഴുതപ്പെട്ടതിനും നൂറ്റാണ്ടുകൾക്കിപ്പുറമാണ് ഹിന്ദുമതം എന്ന ചട്ടക്കൂട്ടിലേക്ക് ഒരു സംസ്കാരത്തെ കൊണ്ടുവന്നു കെട്ടുന്നത്. ആയുർവേദം ഏതെങ്കിലും ഒരു മതത്തിൻ്റെയോ ദർശനത്തിൻ്റെയോ സ്വത്തല്ല. മറിച്ച് അതൊരു “കളക്ടീവ് സയൻസ്” (Collective science) ആണ്. അതായത് മനുഷ്യൻ തൻ്റെ ജീവിതത്തിൻ്റെ ഭാഗമായി യുഗങ്ങളായി തിരിച്ചറിഞ്ഞ അറിവുകളാണത്. ആയുർവേദത്തിൻ്റെ ഭാഗ്യം അവയെ കോർത്തിണക്കി ലിഖിത രൂപത്തിലേക്ക് രൂപാന്തരപ്പെടുത്താൻ വലിയ മനുഷ്യർ ജീവിച്ചു എന്നതാണ്. നിങ്ങൾ ഭക്തിയുടെ, മതാന്ധതയുടെ കണ്ണിൽ ആയുർവേദത്തെ നോക്കുന്നുവെങ്കിൽ അതെന്തൊരു അബദ്ധജഠിലമായ കാര്യമാകും!

നമുക്ക് ചുറ്റും ശാസ്ത്രം ധ്രുതഗതിയിൽ വികസിക്കുന്നുവെന്നും ആ വികസനങ്ങളെ നാം ഉൾക്കൊള്ളണമെന്നും മാത്രമാണ് പറഞ്ഞുവെക്കുന്നത്. ക്ലാസിക്കൽ രീതികളെ ഉപേക്ഷിക്കണമെന്നല്ല, മറിച്ച് കാലഘട്ടത്തിനനുസരിച്ച് പുതിയ കാര്യങ്ങളെ ഉൾക്കൊള്ളാൻ കൂടി നമുക്ക് കഴിയണം എന്നാണു പറയുന്നത്. പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാനും പുതിയ വെളിച്ചം കടന്നുവരാനും നാം സ്വയം സന്നദ്ധരായില്ലെങ്കിൽ ഈ ശാസ്ത്രം പിന്നോട്ട് തന്നെ പോകും എന്നതിൽ സംശയമില്ല. ഈ ജനാലകൾ തുറന്നിടാൻ കാലം ഈ തലമുറയോട് ആവശ്യപ്പെടുന്നുണ്ട്. അതിനാൽ നിങ്ങൾ ഈ ജാലകങ്ങൾ തുറക്കൂ, നമുക്ക് കടന്നുവരുന്ന ഈ പുതിയ കാറ്റിനെയും വെളിച്ചത്തെയും ആസ്വദിക്കാം.

—–

ഡോ.നവനീത്‌ വി BAMS,
സമത ആയുർവേദ,
കണ്ണൂർ.
PH – 9400040444
E mail – navaneeth.v@live.com

Be the first to comment

Leave a Reply

Your email address will not be published.


*