പുതിയ കാലത്തെ ആയുർവേദം- സമീപനം, മാറ്റങ്ങൾ, പ്രതീക്ഷകൾ.

നമ്മളും നമുക്കുചുറ്റുമുള്ള ലോകവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതനമായ ശാസ്ത്ര സാങ്കേതിക വിദ്യകളെ അനുഭവിച്ചും ഉപയോഗിച്ചും മുന്നേറുകയാണ്. വിവരസാങ്കേതികവിദ്യ കഴിഞ്ഞ ഇരുപത് വർഷങ്ങൾ കൊണ്ട് കൈവരിച്ച നേട്ടങ്ങൾ അത്ഭുതകരമാണ്. ഓരോ മനുഷ്യന്റെയും വിരൽത്തുമ്പിൽ ടുജിയും ത്രീജിയും ഫോർജിയും കടന്ന് വേഗത്തിൽ വിവരങ്ങളുടെ അനന്തമായ സ്രോതസ്സുകൾ തുറന്നുകിടക്കുന്നു. ഈ ലോകത്തിന്റെ ഏതു മൂലയിലും ഓരോ നിമിഷവും നടക്കുന്ന മാറ്റങ്ങളും സംഭവങ്ങളും ഞൊടിയിടയിൽ ഏത് വ്യക്തിക്കും അറിയാൻ കഴിയും വിധം അതിന്റെ നെറ്റ്‌വർക്കിംഗ് വിപുലമാണ്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, കൃഷി, സാമൂഹിക സുരക്ഷ എന്നിങ്ങനെ മനുഷ്യൻറെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ശാസ്ത്രത്തന്റെയും വിവരസാങ്കേതികവിദ്യയുടെയും സാധ്യതകളെ അവയുടെ പുരോഗതിക്കും നവീകരണത്തിനുമായി ഉപയോഗിക്കുകയാണ്.

ഇത്തരം സാമൂഹിക യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് വേണം വൈദ്യശാസ്ത്ര മേഖല എന്ന നിലയിൽ ആയുർവേദ രംഗവും അതിനെ നാളകളെ കുറിച്ചു സ്വപ്നങ്ങൾ കാണുകയും, പുതിയ കാലത്ത് അതിന്റെ സമീപനങ്ങളിലും വീക്ഷണങ്ങളിലും സ്വീകരിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുകയും ചെയ്യേണ്ടത്. ഭാരതത്തിൻറെ തനത് വൈദ്യശാസ്ത്രമായ ആയുർവേദത്തെ ലോകം മുഴുവൻ പ്രചരിപ്പിക്കുക എന്നത് വ്യർഥ സ്വപ്ന മാവാതെയിരിക്കണമെങ്കിൽ ലോകത്തിൽ നടക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനും അതിനനുസരിച്ചുള്ള സ്വയം വിമർശനവും പരിഷ്കരണങ്ങളും നമ്മുടെ ഉള്ളിൽനിന്നുതന്നെ തുടങ്ങുവാനും നാം സന്നദ്ധമാവേണ്ടതുണ്ട്.

ഭാഷയുടെ പരിമിതികൾ മറികടക്കണം

ആയുർവേദത്തിന്റെ ആഗോളതലത്തിലുള്ള പ്രചാരണത്തിന് എല്ലാകാലത്തും വിലങ്ങുതടിയായി നിന്നത് ശാസ്ത്ര ഭാഗങ്ങൾ എഴുതപ്പെട്ടത് സംസ്കൃതഭാഷയിലാണ് എന്നതാണ്. ഇത് കൊണ്ട്തന്നെ ഇതര ശാസ്ത്ര മേഖലകൾക്ക് നമ്മളു പയോഗിക്കുന്ന വാക്കുകളും അടിസ്ഥാന തത്വങ്ങളും മനസ്സിലാക്കുവാനും പ്രയോഗിക്കാനും ബുദ്ധിമുട്ടുണ്ട് . നമ്മുടെ പഠന ഗവേഷണങ്ങളിൽ ഇതര ശാസ്ത്ര മേഖലകളെ കൂടി ഉൾപ്പെടുത്തുന്നതിന് വേണ്ടി, അവർക്കുകൂടി മനസ്സിലാവുന്ന തരത്തിൽ ശാസ്ത്ര ഭാഗങ്ങളെ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങൾ നാം കഴിഞ്ഞ പതിറ്റാണ്ടിൽ തന്നെ ആരംഭിച്ചുകഴിഞ്ഞു.

ഇത്തരം ശ്രമങ്ങൾക്ക് കൂടുതൽ വേഗത നൽകുവാൻ ആയുർവേദ രംഗത്തെ അക്കാഡമിക് – പബ്ലിക്കേഷൻ വിഭാഗങ്ങൾക്ക് ബാധ്യതയുണ്ട്. ആയുർവേദത്തിൽ ഉപയോഗിക്കപ്പെടുന്ന വാക്കുകളും ശാസ്ത്ര തത്വങ്ങളും ലോകത്തിൽ ഇന്ന് പ്രചാരമുള്ള എല്ലാ ഭാഷകളിലേക്കും തർജ്ജിമ ചെയ്യാനും, ആയതിനെ ഓൺലൈൻ കോപ്പിയോടുകൂടിയ ഒരു ഡിക്ഷ്ണറിയാക്കി മാറ്റുവാനും കഴിഞ്ഞാൽ ആ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാവും. നാലുപതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യമുള്ള തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിലെ പബ്ലിക്കേഷൻ വിഭാഗത്തിന് ഈ പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുവാൻ കഴിയണം. നമ്മുടെ പബ്ലിക്കേഷൻ വിഭാഗത്തിന്റെതായി ഒരു ഓൺലൈൻ ആയുർവേദ ഡിക്ഷ്നറി ഇതിനായി ആലോചിക്കാവുന്നതാണ്.

നമ്മുടെ ലൈബ്രറികളിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള അപൂർവ്വ ഗ്ഗ്രന്ഥങ്ങളും വിവരങ്ങളും ലോക ഭാഷ കളിലേക്ക് തർജ്ജിമ ചെയ്യാനും, പൊതു വിവര സ്രോതസ്സുകൾക്കായി അവ പബ്ലിഷ് ചെയ്യുവാനും കഴിയേണ്ടതുണ്ട്.

ഇതര ശാസ്ത്ര മേഖലകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം.

ആധുനികവൈദ്യശാസ്ത്രം ഇന്ന് കൈവരിച്ച എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ബയോ കെമിസ്ട്രി, മൈക്രോബയോളജി, ബയോഫിസിക്സ് ഉൾപ്പെടെയുള്ള മെഡിക്കൽ അനുബന്ധ ശാസ്ത്ര മേഖലകൾക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ആധുനികവൈദ്യശാസ്ത്രം അതിന്റെ പഠന ഗവേഷണങ്ങൾക്കും പരിഷ്കരണങ്ങൾക്കും ഇതര വൈദ്യശാസ്ത്ര മേഖലകളെ കൃത്യമായി ഉപയോഗിച്ചു എന്ന് മനസ്സിലാക്കണം. ശാസ്ത്രത്തിൻറെ സങ്കേതങ്ങൾ ഒന്നുംതന്നെ ഏതെങ്കിലുമൊരു വൈദ്യശാസ്ത്രത്തിന്റെ മാത്രം കുത്തകയല്ല. എല്ലാ വൈദ്യശാസ്ത്ര മേഖലകൾക്കും തങ്ങളുടെ പഠനഗവേഷണങ്ങൾക്ക് ഈ വിഭാഗങ്ങളെ കൃത്യമായി ഉപയോഗിക്കുവാനുള്ള തുല്യ സ്വാതന്ത്ര്യവും അവസരവുമുണ്ട്. ആയുർവേദ രംഗവും കഴിഞ്ഞ ദശാബ്ദം മുതൽ ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തി വരുന്നുണ്ട്.

യോഗങ്ങളുടെ രൂപത്തിൽ നമ്മുടെ ഗ്രന്ഥങ്ങളിൽ എഴുതപ്പെട്ട മരുന്നുകളെക്കുറിച്ചും ഓരോ അവസ്ഥയിലും അത് ശരീരത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും കൃത്യമായി പഠിക്കുവാനും ഡോക്യുമെൻറ് ചെയ്യുവാനും ബയോ കെമിസ്ട്രി യുടെയും നാനോ മെഡിസിന്റെയുമൊക്കെ സാധ്യതകളെ നമുക്ക് ഉപയോഗിക്കാൻ കഴിയും.
നമ്മുടെ ശാസ്ത്രത്തിൻറെ ആധികാരികതയെ ലോകത്തിനു മുന്നിൽ അവർക്കു മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിക്കാൻ സാധിക്കുമ്പോൾ ആയുർവേദ ചികിത്സ സംബന്ധിച്ച് ലോകത്തിലെ പല കോണുകളിൽ ഇന്ന് നിലനിൽക്കുന്ന ആശങ്കകൾക്കും നിയമപ്രശ്നങ്ങൾക്കും പരിഹാരം കൂടിയാവും. ആയുർവേദ ഭിഷഗ്വരന്മാർക്ക് ലോകമെമ്പാടും നിയമപ്രശ്നങ്ങൾ ഇല്ലാതെതന്നെ പ്രാക്ടീസ് ചെയ്യുവാനും ശാസ്ത്രം പ്രചരിപ്പിക്കുവാനും ഇത്തരം പ്രവർത്തനങ്ങൾ വഴി തുറക്കും.

പഠനം- ഗവേഷണം- പബ്ലിക്കേഷൻ

കഴിഞ്ഞ നൂറ്റാണ്ടിൽ ഇതര ശാസ്ത്ര മേഖലകളെ പഠനഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നമ്മൾ കാണിച്ച വിമുഖത ഈ രംഗത്തെ ദശാബ്ദങ്ങളോളം പിന്നോട്ട് വലിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ആയുർവേദത്തിലെ പഠനഗവേഷണ രംഗങ്ങൾ ഇപ്പോഴും ബാല്യദശയിലാണ് എന്ന സത്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഈ രംഗത്തെ സമഗ്രമായ മാറ്റം ലക്ഷ്യംവെച്ചുകൊണ്ട് രാജ്യത്തിനകത്തും പുറത്തും പൊതു സ്വകാര്യ മേഖലകളിൽ നിരവധിയായ പഠന ഗവേഷണ കേന്ദ്രങ്ങൾ ഉയർന്നുകഴിഞ്ഞു. ആദ്യഘട്ടങ്ങളിൽ നമ്മൾ നടത്തിയ പഠനങ്ങളൊന്നും തന്നെ ശാസ്ത്ര ഗവേഷണങ്ങളുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഈ പ്രശ്നങ്ങൾ മനസ്സിലാക്കി കൊണ്ട് തന്നെ റിസർച്ച് ആൻഡ് പബ്ലിക്കേഷനിൽ ഇൻറർനാഷണൽ ക്രൈറ്റീരിയകൾ അനുസരിച്ചു തുടർപഠനങ്ങൾ നടത്തുവാനും ഡോക്യുമെന്റ് ചെയ്യുവാനും നമ്മൾ ശ്രമിച്ചുവരികയാണ്.

ആയുർവേദ മേഖലയിൽ വരുംകാലത്ത് നടക്കുന്ന പി.ജി തീസിസ് വർക്കുകൾ മുതൽ പി.എച്.ഡി തീസിസ് വർക്കുകൾ വരെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രം തയ്യാറാക്കുവാനും അവയൊക്കെ ഇന്ഡക്സ്ഡ് ജേർണലുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കുവാനും നമുക്ക് കഴിയണം. ആയുർവേദത്തിലെ ഏതു മരുന്നിനെക്കുറിച്ചും ഏതു ചികിത്സാ രീതിയെ കുറിച്ചും ലോകത്തിലെ ഏതു ഭാഗത്തുനിന്നും തിരഞ്ഞാലും ഏകീകൃതവും യുക്തിഭദ്രവുമായ വിവരങ്ങൾ ലഭ്യമാക്കുവാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്.

ആയുർവേദത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന കേരളത്തിലെ കണ്ണൂർ ജില്ലയിൽ ആരംഭിക്കാൻ പോകുന്ന ദേശീയ ആയുർവേദ പഠന ഗവേഷണ കേന്ദ്രത്തിന് ഈ പ്രവർത്തനങ്ങളിൽ വലിയ ഉത്തരവാദിത്വമുണ്ട്. ഗവേഷണ വിദ്യാർഥികൾക്കും പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കും ഇതുസംബന്ധിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശം നല്കുവാനും ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് അന്താരാഷ്ട്ര നിലവാരമുള്ള ജേർണൽ ആരംഭിക്കുവാനും ദേശീയ പഠന ഗവേഷണ കേന്ദ്രത്തിന് കഴിയണം. ബയോ സയൻസുകളിൽ ഇന്ത്യയിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന ഗവേഷണ സ്ഥാപനങ്ങളുമായി കരാറിലേർപ്പെടാനും വിവരങ്ങൾ കൈമാറാനും ദേശീയ പഠന ഗവേഷണ കേന്ദ്രത്തിന് കഴിഞ്ഞാൽ ഗവേഷണ വിദ്യാർഥികൾക്കും, പഠനങ്ങൾക്കും ഒരുപോലെ സഹായകരമാവുകയും ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുവാനും നമുക്ക് സാധിക്കും.

സ്പെഷ്യാലിറ്റി ചികിത്സകളെ ജനകീയമാക്കണം.

ആയുർവേദ രംഗത്തെ സ്പെഷ്യാലിറ്റി ചികിത്സകളെ സംബന്ധിച്ച് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനത്തിന് പോലും കൃത്യമായ അറിവ് ഉണ്ടോ എന്ന് സംശയമാണ്. അസ്ഥി-മർമ്മ-സർജറി വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ശല്യതന്ത്രം, നേത്ര ശിരോരോഗങ്ങൾ കൈകാര്യംചെയ്യുന്ന ശാലാക്യ തന്ത്രം, കുട്ടികളിലെ രോഗങ്ങളും വളർച്ച വൈകല്യവും കൈകാര്യംചെയ്യുന്ന കൗമാരഭൃത്യം,
സ്ത്രീരോഗങ്ങൾ കൈകാര്യംചെയ്യുന്ന പ്രസൂതി തന്ത്രം, നാഡീരോഗങ്ങൾ കൈകാര്യം ചെയ്യുന്ന കായചികിത്സ, വിഷ ത്വക് രോഗങ്ങൾ കൈകാര്യം ചെയ്യുന്ന അഗദതന്ത്രം, ജീവിതശൈലി രോഗങ്ങൾക്കായി സ്വസ്ഥവൃത്തം, മാനസികരോഗങ്ങൾക്ക് മാനസികം എന്നീ സ്പെഷ്യാലിറ്റി ചികിത്സകൾ നിലവിൽ ആയുർവേദ രംഗത്ത് ലഭ്യമാണ്.

എന്നാൽ ഈ സ്പെഷ്യാലിറ്റികളിൽ പി.ജി പഠനം കഴിഞ്ഞിറങ്ങുന്ന ഡോക്ടർമാരെ കൃത്യമായി സേവനരംഗത്ത് ഉപയോഗിക്കുവാൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണ്‌. എല്ലാ ആയുർവേദ ജില്ലാ ആശുപത്രികളിലും മേൽപ്പറഞ്ഞ മുഴുവൻ സ്പെഷ്യാലിറ്റി പോസ്റ്റുകളും, താലൂക്ക് ആശുപത്രിളിൽ മിനിമം നാല് സ്പെഷ്യാലിറ്റി പോസ്റ്റുകളും ആരംഭിക്കുവാൻ കഴിഞ്ഞാൽ രംഗത്തു വലിയ മാറ്റം കൊണ്ടുവരാനാവും. നിലവിലുള്ള മുഴുവൻ താലൂക്ക് ആശുപത്രികളെയും സ്പെഷ്യാലിറ്റി സെൻററുകൾ ആയി ഉയർത്തുവാനും,
ആശുപത്രികൾ ഇല്ലാത്ത സ്ഥലങ്ങൾ പുതിയവ ആരംഭിക്കുവാനും സർക്കാർ മുൻകൈയെടുക്കണം.

ബാലചികിത്സ ,സ്ത്രീരോഗങ്ങൾ, അസ്ഥിരോഗങ്ങൾ എന്നിവയ്ക്കായി പ്രത്യേകം സ്പെഷ്യാലിറ്റി ആശുപത്രികളും സർക്കാർതലത്തിൽ ആലോചിക്കാവുന്നതാണ്. ആയുർവേദ സ്പെഷ്യാലിറ്റി ചികിത്സകൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ മാസത്തിൽ ഒന്നു വീതം രണ്ടു വർഷക്കാലം നടത്തണം. ഭാരതീയ ചികിത്സാ വകുപ്പിന് ഈ പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുവാൻ സാധിക്കണം. നിലവിലുള്ള ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുവാനും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, സ്പോർട്സ് ഇൻജുറി, ആയുർവേദ കോസ്മെറ്റിക്സ് എന്നീ മേഖലകളിൽ സർക്കാർ തലത്തിൽ തന്നെ ചികിത്സാ സൗകര്യം ഒരുക്കുവാനും കഴിയണം. എല്ലാ ജില്ലാ താലൂക്ക് ആശുപത്രികളിലും ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്.

ആയുർവേദ ടൂറിസം രംഗത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം.

കേരളത്തെ “ദൈവത്തിൻറെ സ്വന്തം നടെനാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. നമ്മുടെ സംസ്ഥാനത്തിൻറെ സവിശേഷമായ പ്രകൃതിസമ്പത്തും ചരിത്രവും പാരമ്പര്യവുമാണ് ഇങ്ങനെയൊരു വിശേഷണത്തിന് നമ്മളെ അർഹരാകുന്നത്. ഈ പ്രത്യേകതകളെയൊക്കെ തന്നെ സംസ്ഥാനത്തിനന്റെ വികസനത്തിനും മുന്നോട്ടുള്ള കുതിപ്പിനു ഉപയോഗിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ടൂറിസത്തെ ഒരു പ്രധാന വരുമാനമാർഗ്ഗവും വികസന മാർഗ്ഗവുമായി നാം ഉപയോഗിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ അതിൻറെ വിവിധങ്ങളായ സാധ്യതകളെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കും പ്രചാരത്തിനും ഉപയോഗിക്കുകയും അതുവഴി സംസ്ഥാന വികസനത്തിന് കൂടുതൽ പണം കണ്ടെത്തുകയും ചെയ്യുക എന്നതാണ് നമ്മുടെ പൊതുനയം.

ടൂറിസം രംഗത്ത് ഹെൽത്ത് ടൂറിസത്തിന് വലിയ പ്രാധാന്യമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടുവരുന്നത്. കേരളത്തിൻറെ ആരോഗ്യരംഗവും പൊതുജനാരോഗ്യരംഗത്ത് അതിൻറെ ഇടപെടലും ലോകത്തിനാകെ തന്നെ മാതൃകയാണ്. ഈ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ചികിത്സാ ആവശ്യങ്ങൾക്കായി വർഷംതോറും നമ്മുടെ സംസ്ഥാനത്തേക്ക് എത്തുന്നത്.

കേരളത്തിൻറെ തനതായ ആയുർവേദ ചികിത്സാ രീതികൾക്ക് ഇതിൽ വലിയ പങ്കുണ്ട്. കേരള ആയുർവേദം ഒരു ബ്രാൻഡ് ആയി തന്നെ ഇന്ന് ലോകമെമ്പാടും പടരുകയാണ്. ആയുർവേദ ചികിത്സാരംഗത്ത് നമുക്ക് മാത്രം അവകാശപ്പെടാനാവുന്ന തനിമയും പാരമ്പര്യവുമാണ് ഇത്തരമൊരു പ്രശസ്തിക്ക് നമ്മളെ അർഹരാക്കുന്നത്. വളർന്നുവരുന്ന ഹെൽത്ത് ടൂറിസത്തിൽ 70% ആളുകളും കേരളത്തിലേക്ക് എത്തുന്നത് ആയുർവേദ ചികിത്സ പ്രയോജനപ്പെടുത്തുവാൻ വേണ്ടിയാണ്. ഈ സാഹചര്യത്തിലാണ് ആയുർവേദ ടൂറിസത്തെ കേരളത്തിൻറെ സമഗ്രവികസനത്തിന് ഉപയോഗിക്കാൻ കഴിയുന്ന “പ്രധാനപ്പെട്ട അഞ്ച് മേഖലകളിൽ ഒന്നായി” അന്താരാഷ്ട്രതലത്തിൽ തന്നെ അറിയപ്പെടുന്ന പോളിസി ഉപദേശകനായ സാം പെട്രോഡ നിർദ്ദേശിച്ചത്.

കേരളത്തിൻറെ തനതായ ആയുർവേദ ചികിത്സ ലഭിക്കുന്നതിനുവേണ്ടി ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഓരോ വർഷവും കേരളത്തിലെത്തുന്നു. എന്നാൽ ഇതു വഴി ഉണ്ടാവുന്ന വരുമാനത്തിന് 95 ശതമാനവും നേരിട്ട് ലഭിക്കുന്നത് സ്വകാര്യ റിസോർട്ട് മേഖലയ്ക്കാണ്. സർക്കറിന് ഈ മേഖലയിൽ നിന്നുള്ള വരുമാനം നിലവിൽ ടാക്‌സ് ഇനത്തിൽ മാത്രമാണ്.
സർക്കാരിൻറെ ഉടമസ്ഥതയിൽ ആയുർവേദ സ്പെഷ്യാലിറ്റി ചികിത്സകൾ ലഭ്യമാക്കുന്ന നിലവാരമുള്ള സ്ഥാപനങ്ങളില്ല എന്നതാണ് ഇതിനു കാരണം. സ്വകാര്യ മേഖലയിൽ പോലും ആയുർവേദത്തിന്റെ സ്പെഷ്യാലിറ്റി സേവനങ്ങൾ ഗുണനിലവാരത്തോടെ നൽകുന്ന സ്ഥാപനങ്ങൾ നിലവിലില്ല.

സർക്കാർ നേരിട്ടു നടത്തുന്ന സ്ഥാപനങ്ങൾ ഈ മേഖലയിൽ ഉണ്ടെങ്കിൽ ചികിത്സാ ആവശ്യങ്ങൾക്കായി എത്തുന്ന വിനോദ സഞ്ചാരികൾ ആദ്യം തിരഞ്ഞെടുക്കുക അത്തരം സ്ഥാപനങ്ങളെ ആയിരിക്കും. അതോടൊപ്പം തന്നെ നിലവാരമുള്ള ആയുർവേദ സ്പെഷ്യാലിറ്റി ചികിത്സ കുറഞ്ഞ ചിലവിൽ വിനോദസഞ്ചാരികൾക്കും തദ്ദേശീയരായ ജനങ്ങൾക്കും ഒരേപോലെ പ്രയോജനപ്പെടുംവിധം നൽകുവാൻ സർക്കാരിന് സാധിക്കും.

കേരളത്തിലെ പ്രധാനപ്പെട്ട മുപ്പത് ടൂറിസം ഡെസ്റ്റിനേഷനുകളിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആയുർവേദ ടൂറിസം സ്പെഷ്യാലിറ്റി വെൽനസ് സെൻററുകൾ ആരംഭിക്കണം. നിലവിൽ ടൂറിസം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും പുതിയ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കിയും ടൂറിസം വെൽനസ് സെൻററുകൾ ആരംഭിക്കുവാനാവും. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ, സ്പെഷ്യാലിറ്റി ചികിത്സാരംഗത്ത് യോഗ്യതയുള്ള ഡോക്ടർമാരുടെ കീഴിൽ മികച്ച ചികിത്സ വിനോദ സഞ്ചരികൾക്കും തദ്ദേശീയരായ ജനങ്ങൾക്കും ഇത് വഴി ലഭ്യമാവും.

ആദ്യഘട്ടത്തിൽ പത്ത് സ്ഥാപനങ്ങളും രണ്ടാം ഘട്ടത്തിൽ ഇരുപത് സ്ഥാപനങ്ങളും ആരംഭിക്കണം.
ടൂറിസം വെൽനസ് സെൻസറുകളുടെ നിയന്ത്രണത്തിനായി ടൂറിസം ഡിപ്പാർട്ട്മെൻറ് കീഴിൽ ആയുഷ് വിഭാഗത്തിന്റെ എത്തിക്കൽ ഗൈഡൻസോട്കൂടി കെ.ടി.ഡി. സി മാതൃകയിൽ സബ്സിഡറി മാനേജ്‌മെന്റ് സെന്റർ ഉണ്ടാവണം. ഇതിന്റെ കീഴിൽ ആരംഭിക്കുന്ന എല്ലാ സെന്ററുകൾക്കും ഒരേ പേരും, ഒരേ അടിസ്ഥാന സൗകര്യങ്ങളും, ഒരേ ചികിത്സ നിരക്കുകളുമാവണം ഉണ്ടാവേണ്ടത്. ഈ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഫർമസി കേരള സർക്കാർ സ്ഥാപനമായ “ഔഷധി”ക്ക് ഏറ്റെടുക്കം. ഇത് വഴി ഗുണ നിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുവാനും വരുമാനം നേരിട്ട് സർക്കാർ സ്ഥാപനത്തിലേക്ക് എത്തിക്കുവാനും സാധിക്കും. ഈ സെന്ററുകൾക്കായി ഏകീകൃത പരസ്യം സംസ്ഥാന തലത്തിലും സർക്കാർ ടൂറിസം സൈറ്റുകൾ വഴിയും മറ്റ് പരസ്യ ഏജൻസികൾ വഴിയും അന്താരാഷ്ട്ര തലത്തിലും നൽകണം.

സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രമണത്തിൽ ഇത്തരം ടൂറിസം വെൽനസ് സെന്ററുകൾ തുടങ്ങുന്നതോടെ ആ രംഗത്തെ അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കാൻ കഴിയുന്നതോടൊപ്പം ഇതിലൂടെ ലഭിക്കുന്ന അധിക വരുമാനം ആയുർവേദ സേവന മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുവാനും സാധിക്കും.

ആയുഷ് രംഗത്തെ നവ സംരംഭകർക്ക് അടിസ്ഥാന സൗകര്യവികസനം.

ആയുഷ് വിഭാഗങ്ങൾ കൂടുതൽ ജനകീയമാക്കണമെങ്കിൽ ചികിത്സകർ മാത്രമല്ല നവ സംരംഭകരും ഈ രംഗത്ത് വളർന്നുവരണം. കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും സമൂഹത്തിലെ വിവിധ തുറകളിൽ നമ്മുടെ ഇടപെടൽ സജീവമാക്കാനും നൂതനഅറിവുകളും സാങ്കേതികതയും സംയോജിപ്പിച്ചുള്ള നവ സംരംഭങ്ങൾക്ക് സാധിക്കും.

ആയുഷ് അംഗത്തെ ഡോക്ടർമാർക്ക് നിരവധി ആശയങ്ങൾ അവതരിപ്പിക്കുവാനുണ്ട്. ചികിത്സാ മേഖലയെയും ഔഷധ നിർമാണ മേഖലയേയും ഒരുപോലെ സഹായിക്കാൻ കഴിയുന്ന പുതു സംരംഭങ്ങൾ കൃത്യമായ സാമ്പത്തിക സാങ്കേതിക സഹായം ലഭിച്ചാൽ ഈ രംഗത്തുനിന്നും ഉയർന്നുവരും. മെഡിക്കൽ സർവീസസ്, മെഡിക്കൽ കമ്മ്യൂണിക്കേഷൻ, അക്കാഡമിക് ഡേറ്റാബേസ് എന്നീ രംഗങ്ങളിൽ നിരവധിയായ സംരംഭങ്ങൾ നിലവിൽ ആയുഷ് ഡോക്ടർമാർ അവതരിപ്പിച്ചുകഴിഞ്ഞു.

എന്നാൽ ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യം സർക്കാർ തലത്തിൽ ഇല്ലാത്തത് പുതിയ സംരംഭകർക്ക് വലിയ മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകൾക്കായുള്ള പൊതു ഇടങ്ങളിൽ വേണ്ട പരിഗണനയും സഹായവും ലഭിക്കാത്തത് ഈ രംഗത്തെ പുതിയ സംരംഭകരെ പിന്നോട്ട് വലിക്കുന്നുണ്ട്. ആയുഷ് സ്റ്റാർട്ടപ്പുകൾക്കായി സർക്കാർ നിയന്ത്രണത്തിൽ പ്രത്യേക പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്നതാണ് ഇതിനുള്ള പരിഹാരമാർഗ്ഗം.

കേരള സ്റ്റാർട്ടപ്പ് മിഷൻ, നാഷണൽ ആയുഷ് മിഷൻ, കെയർ കേരളം, കെ.എസ്.ഐ.ഡി.സി തുടങ്ങിയ സർക്കാർ സംവിധാനങ്ങളെ കൂട്ടിയോജിപ്പിച്ച് ആയുഷ് സ്റ്റാർട്ട്പ്പുകൾക്കായി പ്രത്യേക പ്ലാറ്റ്ഫോം സൃഷ്ടിക്കണം. സ്റ്റാർട്ട് മിഷൻ മാർഗനിർദേശവും, കെയർ കേരളം ,കെ. എസ് .ഐ .ഡി .സി എന്നിവ അടിസ്ഥാന സൗകര്യങ്ങളും , ആയുഷ് മിഷൻ ഭരണ സഹായവും നൽകണം. ആയുഷ് സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകാൻ താല്പര്യമുള്ള സ്ഥാപനങ്ങളെയും സംഘടനകളെയും ഇതിൽ പങ്കാളികളാക്കണം.

ആയുഷ് വിദ്യാർത്ഥികളിൽ നിന്ന് നവ സംരംഭകരെ വളർത്തിയെടുക്കുന്നതിനും പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കോളേജ് തലത്തിൽ ഐ. ഇ. ഡി. പി ( ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് പ്രോഗ്രാം) പ്രോഗ്രാമുകൾ സംഘടിപ്പിക്കണം.
സർക്കാർ നിയന്ത്രണത്തിൽ ആരംഭിക്കുന്ന ആയുഷ് സ്റ്റാർട്ടപ് കൺസോർഷ്യത്തിന് കീഴിലാവണം ട്രെയിനിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കപ്പെട്ടത്. വിദ്യാർത്ഥികൾക്ക് സംരംഭക രംഗത്തെ നൂതന സങ്കേതങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം പുതിയ പ്രോജക്ടുകൾ തയ്യാറാക്കുന്നതിന് അവരെ പ്രാപ്തരാക്കുവാനും ഈ പരിപാടി കൊണ്ട് സാധിക്കും. വിദ്യാർത്ഥികളും നവ സംരംഭകരും അവതരിപ്പിക്കുന്ന മികച്ച പ്രോജക്ടുകൾക്ക് വേണ്ട സഹായങ്ങൾ പ്രസ്തുത കൺസോഷ്യം നൽകണം.

***********

ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ സാധിച്ചാൽ ആയുര്‍വേദം ഉൾപ്പെടുന്ന ആയുഷ് ചികിത്സാ സംവിധനങ്ങൾക്ക് കൂടുതൽ ജനകീയ ഇടപെടൽ നടത്തുവാനും ഈ രംഗത്തെ തൊഴിൽപരമായ അരക്ഷിതവസ്ഥക്ക് ശാശ്വതമായ പരിഹാരം കാണുവാനും സാധിക്കും.
ഇതിന് ആവശ്യമായ പ്രോജക്ടുകൾ തയ്യാറാക്കി നൽകുവാനും അവയുടെ നിർവഹണം ഭരണ സംഘടനാ സമ്മർദങ്ങളുപയോഗിച്ചു നടത്തിയെടുക്കുവാനും സാധിച്ചാൽ ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ നമുക്ക് സാധിക്കും.

—-

ഡോ.ജിഷ്ണു.എസ്
ജൂനിയർ മെഡിക്കൽ ഓഫീസർ,
കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി,
രാമനാഥ്പുരം, കോയമ്പത്തൂർ.
Mail: jishnusanthan772@gmail.com
Mob: 8281124423

2 Comments

  1. Very pertinent and timely. Factual analysis of issues of Ayurveda industry.
    The formost requirement is on reforming the educational system of Ayurveda to give emphasis to the basic understanding of the science as such. Allied biosciences should be used to understand, express and enhance the traditional science, it’s research and its development. Smt. Shailaja Chandra has beautifully given a factual status report on Ayurveda. This should be taken up by the Ayurvedic community with due importance.
    Congratulations to the author.

Leave a Reply

Your email address will not be published.


*