പോളിസിസ്റ്റിക്‌ ഒവേറിയൻ സിൻഡ്രോം – പരിഹാരം ഹോമിയോപ്പതിയിലുണ്ട്‌

‘ഈ നശിച്ച ആർത്തവം ഒന്ന് വരാതിരുന്നെങ്കിൽ’ എന്ന് ചിന്തിക്കുന്ന പലരും ഉണ്ട്. ശക്തമായ വേദനയും മറ്റു അസ്വസ്ഥതകളുമാണ് പലരെയും, പ്രത്യേകിച്ച് കൗമാരക്കാരെ (ചിലര്ക്ക് ഒരു പേടിസ്വപ്നം പോലെയാണ് ആർത്തവം) ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഇനി ആർത്തവം കൃത്യമായി വന്നില്ലെങ്കിലോ, അതിന്റെ അസ്വസ്ഥതകൾ വേറെയും. ‘കണ്ണില്ലെങ്കിലറിയാം കണ്ണിന്റെ വില’ എന്ന് പറയുന്നത് പോലെ ആർത്തവക്രമക്കേടുകൾ സ്ത്രീകളെ എത്ര മാത്രം ബുദ്ധിമുട്ടിക്കും എന്ന് നമുക്കറിയാം. ഇത്തരം ബുദ്ധിമുട്ടുകളിൽ വളരെ പ്രധാനമാണ് polycystic ovarian syndrome (PCOS) അഥവാ അണ്ഡാശയമുഴകൾ. PCOSനെ പറ്റി പൊതുവായി അവബോധം ഉണ്ടാക്കാനും അത് കൊണ്ട് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും September മാസം PCOS അവബോധ മാസം ആയി ആചരിക്കുന്നു.

1935ൽ Stein, Leventhal എന്നിവരാണ് ഈ അസുഖത്തെ പറ്റി ആദ്യമായി വിവരിക്കുന്നത്. അതുകൊണ്ട് Stein – Leventhal syndrome എന്ന അപരനാമവും PCOSനുണ്ട്. സ്ത്രീകളിൽ വന്ധ്യത ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ ഉള്ള വില്ലനാണ് ‘ഇവൻ’. കല്യാണം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോഴേക്കും ‘വിശേഷം ഇല്ലേ’, ‘ഡോക്ടറെ കാണിച്ചില്ലേ’ എന്ന് വെറുതെ ചിലർ ചോദിച്ചു നടക്കും. ചുമ്മാ ഒരു മനഃസുഖം, പക്ഷെ ചിലര്ക്ക് ഇത് എത്രത്തോളം ആധി ഉണ്ടാക്കും എന്നവർക്കറിയില്ല. സത്യത്തിൽ ‘ഇവൻ’ ആളത്ര ഭീകരനൊന്നുമല്ല. ഒട്ടുമിക്ക കേസുകളും ഫലപ്രദമായി ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ.

ലോകത്തിലെ 5 ശതമാനം സ്ത്രീകൾക്ക് PCOS ഉണ്ട്. ഇതിൽ 70% പാരമ്പര്യം ആണ്, അതായത് ഒരു പെൺകുട്ടിയുടെ അമ്മയ്ക്കും ചേച്ചിക്കും PCOS ഉണ്ടങ്കിൽ അവൾക്ക് മറ്റുള്ളവരേക്കാൾ PCOSനുള്ള സാധ്യത കൂടുതലാണ്. ഇത്രയേറെ സാധാരണമായിട്ടും പലരിലും ഇത് തിരിച്ചറിയാതെ പോകുന്നത് പല ലക്ഷണങ്ങളും പ്രകടമാകുമ്പോൾ ‘ഓ ഇതൊക്കെ എല്ലാർക്കും ഉണ്ടാകും’ എന്ന് ചിന്തിച്ച് അവഗണിക്കുന്നത് കൊണ്ടാണ്. പല പെൺകുട്ടികളിലും ആർത്തവം തുടങ്ങിയത് മുതൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ‘അതൊക്കെ കല്യാണം കഴിഞ്ഞാൽ മാറിക്കോളും’ എന്ന് പറയുന്നത് പ്രശ്നം ഗുരുതരമാക്കുകയേ ഉള്ളൂ. ഇങ്ങനെ നിസ്സാരവത്കരിക്കുമ്പോൾ അസുഖം പുരോഗമിച്ച് ചികിത്സയും ബുദ്ധിമുട്ടാകുന്നു.

അണ്ഡാശയമുഴകൾ എന്ന പേരിലാണ് വില്ലനായതെങ്കിലും PCOS ഉള്ള എല്ലാവരിലും cyst അല്ലെങ്കിൽ മുഴകൾ ഉണ്ടാവണമെന്നില്ല, അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ ഒക്കെ ഉണ്ടായിട്ടും മുമ്പ് വേറെ വല്ല അസുഖത്തിന് ചെയ്ത scan report നോക്കി സ്വയം ‘എനിക്ക് cyst ഒന്നുമില്ല’ എന്ന് പ്രഖ്യാപിക്കുന്നത് മണ്ടത്തരമാണ്. Rotterdams criteria പ്രകാരം ഒരാള്ക്ക് PCOS സ്ഥിരീകരിക്കാൻ താഴെ പറയുന്ന മൂന്നിൽ രണ്ട് കാര്യങ്ങൾ നിർബന്ധമാണ്:
1. Chronic anovulation അഥവാ ദീർഘകാലമായി അണ്ഡോല്പാദനമില്ലായ്മ
2. Hyper androgenism അഥവാ അമിതമായ പുരുഷ ഹോർമോണുകൾ
3. Polycystic ovaries അഥവാ അണ്ഡാശയമുഴകൾ
ആർത്തവക്രമക്കേടുകൾ ആണ് പലരിലും പ്രകടമാകുന്ന ആദ്യ ലക്ഷണം. Pcos ഉള്ള 70% സ്ത്രീകളിലും ആർത്തവക്രമക്കേടുകൾ കാണും. പലർക്കും ആദ്യാർത്തവം സാധാരണ പോലെ വരുമെങ്കിലും ക്രമേണ മുറ തെറ്റുകയും ചിലപ്പോൾ ആർത്തവം തീരെ ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും. ചിലര്ക്ക് മാസങ്ങൾ കഴിയുമ്പോൾ ആർത്തവം ഒരു പേരിന് വന്നു പോകുമ്പോൾ മറ്റു ചിലര്ക്ക്ഴ അമിത രക്തസ്രാവം ആയിരിക്കും ഉണ്ടാവുക. പക്ഷേ ഇതിലൊന്നും പെടാതെ, തികച്ചും സാധാരണമായ ആർത്തവചക്രം ഉളള സ്ത്രീകളും ഉണ്ട്. ഗർഭധാരണം നടക്കാൻ വൈകുമ്പോഴാണ് ഇവരുടെ പ്രശ്നം തുടങ്ങുന്നത്.
ഹോർമോണുകളുടെ സന്തുലിതാവസ്ഥയിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ആർത്തവക്രമക്കേടുകൾക്ക് കാരണം. ആർത്തവം ഉണ്ടാവുന്നത് hypothalamus, pituitary gland, ovary “എന്നിവർ” തമ്മിലുള്ള ‘സജീവമായ ഒരു അന്തർധാര’ അഥവാ ഒരു axisലൂടെയാണ്. “ഇവർ” കൃത്യമായി പണിയെടുത്താൽ, ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളോട് endometrium കൃത്യമായി പ്രതികരിച്ചാൽ, ആർത്തവം മുറയായി നടക്കും. ഹോർമോണുകളുടെ പ്രവർത്തനത്താൽ എല്ലാ മാസവും വളർച്ചയെത്തിയ അണ്ഡം പാകമായ മുട്ട വിരിയുന്നത് പോലെ അണ്ഡാശയത്തിൽ നിന്ന് പുറത്തു വരുന്ന പ്രക്രിയയാണ് ovulation. ഈ അണ്ഡം ഉണ്ടാവുന്നത് പ്രായപൂർത്തി ആയിക്കഴിഞ്ഞൊന്നുമല്ല കേട്ടോ, ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ ഭ്രൂണാവസ്ഥയിൽ ഉള്ളപ്പോൾ ആണ്. ഒരു പെൺകുഞ്ഞ് ജനിക്കുന്ന സമയത്ത് തന്നെ ഏകദേശം 2 ദശലക്ഷം പാകമാവാത്ത അണ്ഡങ്ങൾ അഥവാ follicles ഉണ്ടാവും . ഒരാളുടെ ജീവിതകാലയളവിൽ ഇതിന്റെ ഒരു വലിയ ഭാഗവും പാകമാവാതെ നശിച്ചു പോവും. ജനനത്തോടെ തുടങ്ങുന്ന ഈ കൊഴിച്ചിൽ കാരണം പ്രായപൂർത്തി ആകുന്ന അഥവാ ആദ്യാർത്തവസമയത്ത് ഇതിൽ 400000 follicles മാത്രമേ ബാക്കി ഉണ്ടാകൂ. ഓരോ ആർത്തവചക്രത്തിലും ഒരായിരം follicles ഇങ്ങനെ നശിച്ചു പോവുകയും ഒരു ‘ഭാഗ്യവതി’ മാത്രം പൂർണ്ണവളർച്ചയെത്തി ശരിയായ അണ്ഡം ആയി അണ്ഡാശയത്തിനു പുറത്തു വന്നു fallopian tubeനാൽ വലിച്ചെടുക്കപ്പെടുകയും ചെയ്യുന്നു. ഒരു സ്ത്രീയുടെ പ്രജനന കാലയളവിൽ 2 ദശലക്ഷം follicles ൽ നിന്ന് 400 എണ്ണം മാത്രമേ അണ്ഡോല്പാദനത്തിന് ഉപയോഗിക്കപ്പെടുന്നുള്ളൂ. ഗർഭധാരണം നടക്കാതിരിക്കുമ്പോൾ ശരീരം അത് ആർത്തവത്തിലൂടെ പുറന്തള്ളും.

PCOS ഉള്ളവരിൽ LH (Leutinising hormone) കൂടുകയും FSH (follicular stimulating hormone) കുറയുകയും estrogen കൂടി estrogen പ്രതിരോധം ഉണ്ടാവുകയും ചെയ്യുന്നതിനാൽ അണ്ഡം പൂർണവളർച്ചയെത്താതെ അണ്ഡാശയത്തിൽത്തന്നെ cyst (വെള്ളക്കുമിള) ആയി കിടക്കും, polycystic ovaries എന്ന പേര് കിട്ടിയത് അങ്ങനെയാണ്, scan ചെയ്യുമ്പോൾ ഇവയെ മുത്തുകൾ കോർത്തതു പോലെ (string of pearls) കാണാം. അണ്ഡം പുറത്തു വരാത്തതിനാൽ സ്വാഭാവികമായും ഗർഭധാരണം ബുദ്ധിമുട്ടാകുന്നു. ചിലര്‍ ഗർഭം ധരിക്കുകയും വളർച്ചയെത്താത്ത അണ്ഡം ആയതിനാൽ അലസിപ്പോകുകയും ചെയ്യുന്നു.
അമിതവണ്ണം ആണ് ചിലര്‍ പ്രകടമാക്കുന്ന ലക്ഷണം. എന്തു ചെയ്തിട്ടും വണ്ണം കുറയുന്നില്ല എന്ന പ്രശ്നമാണ് ചിലര്ക്ക് . Insulin ആണ് അന്നജത്തെ ഊർജ്ജം ആക്കി മാറ്റുന്നത്. PCOS ഉള്ള മിക്ക സ്ത്രീകളിലും insulin പ്രതിരോധം ഉണ്ടാകും, അതായത് insulin ആവശ്യത്തിനുണ്ടാവും പക്ഷേ ഉപയോഗം കുറവായിരിക്കും. കോശങ്ങൾ ‘insulin തായോ’ എന്ന് pancreasനെ അറിയിക്കും, വീണ്ടും insulin ഉത്പാദനം കൂടും, ഇത് പുരുഷ ഹോർമോണുകളെയും കൂട്ടും. ഇവര്ക്ക് അമിതവണ്ണവും പ്രമേഹവും ഉണ്ടാവാം, കാലക്രമേണ ഉയര്ന്നങ BP, കൊളസ്ട്രോൾ, ഹൃദ്രോഗം തുടങ്ങിയവയും കാണാം. മാത്രമല്ല, adipose tiissue അമിതവണ്ണക്കാരിൽ കൂടുതലായിരിക്കുമല്ലോ, ഇതിൽ നിന്നുള്ള aromatase enzyme, androgenനെ oestrone ആക്കി മാറ്റി ശരീരത്തിൽ estrogen കൂടിയ അവസ്ഥ ഉണ്ടാവുകയും ഏറെ വൈകിയും ഈ അവസ്ഥ തുടരുമ്പോൾ ഗർഭപാത്ര അർബുദം ഉണ്ടാവാൻ സാധ്യത കൂട്ടുകയും ചെയ്യുന്നു.

പുരുഷ ഹോർമോണായ androgen കൂടുന്നു എന്ന് പറഞ്ഞല്ലോ, പുരുഷ ഹോർമോൺ ആണെന്ന് കരുതി androgen “സ്ത്രീവിരോധി” ആണെന്ന് കരുതല്ലേ, സ്ത്രീകളിൽ സാധാരണ പുരുഷൻമാരെ അപേക്ഷിച്ച് androgen അളവു കുറവാണ്. ഇവിടെ ഈ അളവ് കൂടുകയും ആണുങ്ങളുടെ പോലെ മുഖത്തും ശരീരത്തിലും അമിത രോമവളർച്ച, മുടികൊഴിച്ചിൽ, കഷണ്ടി എന്നിവ കാണുന്നു. വേണ്ടുന്നിടത്തു നിന്ന് കൊഴിയുകയും വേണ്ടാത്തിടത്ത് കൂടുകയും ചെയ്യുന്ന അവസ്ഥ!! കഴുത്തിനു പുറകിലും ശരീരത്തിലെ മടക്കുകളിലും കറുത്തപാടുകൾ, ചർമത്തിലെ എണ്ണമയം കൂടുക, മുഖക്കുരു എന്നീ ലക്ഷണങ്ങളും കാണാം. ചിലരിൽ പല ഗ്രന്ഥികളെയും ബാധിക്കുകയും തൈറോയ്ഡ് രോഗങ്ങൾ, ശബ്ദവ്യത്യാസം, തളർച്ച, depression, mood changes, തലവേദന, ഉറങ്ങി എണീറ്റാലും ക്ഷീണം മുതലായവയും കാണപ്പെടുന്നു.
മേൽപ്പറഞ്ഞ ലക്ഷണങ്ങളുമായി വരുന്നവരിൽ ശരീര പരിശോധനയും രക്തപരിശോധനയും, സ്കാനിങ്ങും ചെയ്താണ് രോഗനിർണയം നടത്തുന്നത്. രക്തത്തിലെ ഹോർമോണുകളുടെ അളവുകളിൽ വ്യത്യാസം ഉണ്ടാവും. Androstenedione, testosterone, Leutinising hormone, estrogen, AMH എന്നിവ കൂടുകയും follicular stimulating hormone, SHBG എന്നിവ കുറയുകയും ചെയ്യുന്നു, കൊളസ്ട്രോൾ, glucose, triglycerides അളവുകളും പരിശോധിക്കേണ്ടതാണ്. അൾട്രാസൗണ്ട് സ്കാനിൽ ഓവറിക്ക് വലുപ്പക്കൂടുതലും cystകളും കാണപ്പെടാം.

ചിട്ടയായ വ്യായാമവും ജീവിതശൈലീക്രമീകരണവും ചികിത്സയോടൊപ്പം അനിവാര്യമാണ്. ഒരു ദിവസം അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്തു 5 % എങ്കിലും ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം അന്നജം, കൊഴുപ്പ്, മധുരം എന്നിവ നിയന്ത്രിക്കുകയും ചെയ്യണം. നാരുകളടങ്ങിയ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ, മുഴുവൻ ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കേണ്ടതാണ്.

ഹോമിയോപ്പതിയിൽ ഓരോ രോഗിയുടെയും രോഗലക്ഷണങ്ങൾക്കനുയോജ്യമായാണ് മരുന്ന് നൽകുന്നത്. PCOS ഉള്ളവരിൽ സാധാരണയായി ഉപയോഗിക്കുന്നത് Aconite, Apis, Asoka, Calcarea carb, Conium, Ferrum met, Graphitis, Pulsatilla, Thuja, Sepia, Lachesis, Xanthoxyllum തുടങ്ങിയവയാണ്‌. മരുന്നു തെരഞ്ഞെടുക്കാൻ രോഗിയുടെ മാനസിക ശാരീരിക സവിശേഷതകൾ, താൽപര്യങ്ങൾ ഇവയെല്ലാം കണക്കിലെടുക്കും. ഒരേ മരുന്നായിരിക്കില്ല ഒരേ രോഗവുമായി വരുന്നവർക്ക് നൽകുന്നത്. അതുകൊണ്ടു തന്നെ ചികിത്സക്കായി അംഗീകൃത യോഗ്യതയുള്ള ഒരു ഹോമിയോപ്പതി ഡോക്ടറെ നേരിട്ടു സമീപിക്കേണ്ടതാണ്‌.


 

ഡോ.മുഫീദ മുസ്തഫ BHMS,
ഹോമിയോപ്പതിക്‌ ക്ലിനിക്ക്‌,
കളരിട്ടുകണ്ടിയിൽ ബിൽഡിംഗ്‌,
പാറാട്‌, പാനൂർ, കണ്ണൂർ ജില്ല.
mufyhoms@gmail.com

143 Comments

Leave a Reply

Your email address will not be published.


*