പ്രസവാനന്തര സംരക്ഷണം ആയുർവേദത്തിലൂടെ

പ്രസവാനന്തരം സ്ത്രീയുടെ ശാരീരിക മാനസിക നില, നവജാതശിശുവിനെ പോലെ തന്നെ അതിമൃദുലമായിരിക്കും. അതിനാല്‍ അമ്മയ്ക്കും കുഞ്ഞിനും വളരെ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. ആയുര്‍വേദ ശാസ്ത്രം, പ്രസവാനന്തരമുള്ള ഒന്നര മാസക്കാലം സൂതികകാലമായി കണക്കാക്കുന്നു. ഈകാലഘട്ടത്തിൽ അനുഷ്ഠിക്കേണ്ട ആഹാരവിഹാരങ്ങള്‍ വളരെ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രസവശേഷം

പ്രസവശേഷം സ്ത്രീയുടെ ദഹനശേഷി, രോഗപ്രതിരോധശേഷി എന്നിവ കുറയുന്നു. അതിനാല്‍ ഈ സമയത്ത് ദഹനശേഷി വര്‍ദ്ധിപ്പിക്കുന്നതും, വാതദോഷത്തെ സമസ്ഥിതിയിലാക്കുന്നതും, മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതുമായ ആഹാരങ്ങളാണ് ശീലിക്കേണ്ടത്. ഈ കാലയളവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മൂത്രാശയാണുബാധ, നടുവേദന, മലബന്ധം എന്നിവ തടയുവാനുള്ള ഔഷധങ്ങള്‍ സേവിക്കേണ്ടതാണ്.

വേതുകുളി

പ്രസവശേഷം 5 മുതല്‍ 10 ദിവസത്തിനകം ദേഹത്ത് യുക്തമായ തൈലങ്ങള്‍ കൊണ്ട് മൃദുവായി അഭ്യംഗം ചെയ്യാവുന്നതാണ്. ധാന്വന്തരം തൈലം, ബലാതൈലം, ബലാശ്വഗന്ധലാക്ഷാദി തുടങ്ങിയ തൈലങ്ങള്‍ ഉപയോഗിക്കാം. നാല്‍പാമരപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ചെറുചൂടോടെ വേത് കൊടുക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് മാംസപേശികള്‍, കശേരുക്കള്‍, സന്ധികള്‍ എന്നിവ ബലപ്പെടുത്തുകയും ത്വക്ക് മൃദുവാക്കുകയും, ശാരീരിക വേദനകള്‍ അകറ്റുകയും ചെയ്യുന്നു. തല കഴുകുന്നതിനായി രാമച്ചം, നെല്ലിക്ക, മുത്തങ്ങ എന്നിവയിട്ട് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം.

വേത് കുളിക്ക് ശേഷം കട്ടിയുള്ള ഒരു തുണികൊണ്ട് വയറിനുചുറ്റും ബന്ധിക്കുവാന്‍ (അധികം മുറുകാതെ) ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. ഗര്‍ഭാശയം, നട്ടെല്ല് എന്നിവയ്ക്ക് ശക്തി നല്‍കാനും, നടുവേദന ഉണ്ടാകാതിരിക്കാനും ഇത് സഹായിക്കുന്നു. പ്രസവശേഷം ഗര്‍ഭാശയം പതിയെ പൂര്‍വ്വസ്ഥിതിയിലേക്ക് പോകുന്നതിനു സഹായിക്കുന്നതും ഗര്‍ഭാശയാരോഗ്യത്തിന് ഉതകുന്നതുമായ കുറുക്കു മരുന്നുകള്‍ നല്‍കാം.

പ്രസവരക്ഷാ മരുന്നുകൾ

മഞ്ഞള്‍, മുക്കുറ്റി, അശോകപ്പൂവ്, ശതാവരി, യശങ്കില, ആനച്ചുവടി, പെരുവിലവേര്, കറിവേപ്പില, തെങ്കിന്‍പൂക്കുല തുടങ്ങിയ പച്ചമരുന്നുകള്‍ കരുപ്പട്ടി ചേര്‍ത്ത് കുറുക്കി നല്‍കാം. ധാന്വന്തരം കഷായം, ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, പുളിക്കുഴമ്പ് ലേഹ്യം, വിദാര്യാദി ലേഹ്യം, കുറിഞ്ഞിക്കുഴമ്പ് തുടങ്ങിയ മരുന്നുകള്‍ യുക്തമായ വൈദ്യനിര്‍ദ്ദേശത്തോടെ നല്‍കാം.

ശിശുവിന്

നവജാത ശിശുവിനും നാല്‍പാമരാദി തൈലം, ലാക്ഷാദിതൈലം, എന്നിവ തേയ്പ്പിച്ച്, നാല്‍പാമരപ്പട്ടയിട്ട് തിളപ്പിച്ച ഇളം ചൂടു വെള്ളത്തില്‍ കുളിപ്പിക്കാം.

മാനസിക ആരോഗ്യം പ്രധാനം

അമ്മയുടെ മാനസിക നിലയ്ക്ക് പ്രത്യേക പരിഗണന നല്‍ണ്ടേതാണ്. നവജാതശിശുപരിരക്ഷണത്തില്‍ വേണ്ടത്ര ആത്മവിശ്വാസം നല്‍കുക. ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദരോഗം എന്നിവ ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക കരുതല്‍ വേണം. ആയുര്‍വേദ വിധി പ്രകാരമുള്ള സമഗ്രമായ മാതൃ-ശിശു പരിപാലന രീതികള്‍ യഥാവിധി പാലിക്കുകയാണെങ്കില്‍ പ്രസവാനന്തരമുള്ള വൈഷമ്യങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാനാകും. ഔഷധങ്ങൾ സേവിക്കുമ്പോൾ ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

—–

ഡോ. ശ്രീലക്ഷ്മി പി.ആർ BAMS,
അഡീഷണൽ മെഡിക്കൽ ഓഫീസർ (ആയുർവേദ),
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്‌പിറ്റൽ,
പട്ടം, തിരുവനന്തപുരം.
E-mail: drsreelekshmypr@gmail.com
Ph : ‭+91 81447 33443

Be the first to comment

Leave a Reply

Your email address will not be published.


*