മരുന്നിനൊപ്പം നിറങ്ങളിലൂടെയും മധുരം പകർന്ന് ഒരു ഡോക്ടർ

രോഗങ്ങളും രോഗികളും നൽകുന്ന തിരക്കുകൾക്കിടയിൽ വീർപ്പുമുട്ടി സർഗാത്മകമായ ഭൂതകാലം പോലും ഓർമ്മകളുടെ അകത്തളങ്ങളിലെങ്ങോ താഴിട്ടു പൂട്ടേണ്ടി വരുന്നവരാണു മിക്ക ഡോക്ടർമാരും.

എന്നാൽ വ്യത്യസ്തരായ ചിലരുണ്ട്‌.

അനുഗ്രഹീതമായ കഴിവുകൾ കൈവിട്ടുകളയാതെ പ്രൊഫഷൻ്റെ തിരക്കുകൾക്കിടയിലും തേച്ചു മിനുക്കി പ്രതിഭ വെളിവാക്കിക്കൊണ്ടിരിക്കുന്നവർ.
എഴുത്തിലും വരയിലും സിനിമയിലുമൊക്കെ സാന്നിദ്ധ്യം അറിയിച്ച്‌ ശ്രദ്ധേയരാവുന്നവർ…

അത്തരമൊരാളാണു ഡോ.ഷോല ബിനു.

ഒരനുഗ്രഹീത ചിത്രകാരി.

തിരുവനന്തപുരം സ്വദേശിനിയായ ഡോ.ഷോല തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക്‌ മെഡിക്കൽ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി. അക്കാഡമിക്‌ രംഗത്തും മുന്നിലായിരുന്ന ഷോല കേരളാ യൂണിവേഴ്സിറ്റിയിൽ അവസാന വർഷ ബി.എച്ച്‌.എം.എസ്‌. പരീക്ഷയിൽ രണ്ടാം റാങ്ക്‌ കരസ്ഥമാക്കിയിരുന്നു.

പഠനകാലത്ത്‌ സ്കൂൾ – കോളേജ്‌ കലോത്സവങ്ങളിലും ഹോമിയോപ്പതി വിദ്യാർത്ഥികളുടെ കലാമേളയായ ഹോമിയോഫെസ്റ്റിലും സമ്മാനങ്ങൾ നേടിയെങ്കിലും ചിത്രകലയെ കൂടുതൽ ഗൗരവമായി എടുത്തത്‌ പഠനത്തിനും വിവാഹത്തിനും ശേഷമാണെന്ന് ഡോ.ഷോല പറയുന്നു. മാതാപിതാക്കളുടെയും ജീവിതപങ്കാളിയുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും തന്നെയാണു തനിക്ക്‌ ഈ കലാസപര്യ തുടരാൻ കരുത്തായതെന്ന് അവർ സ്മരിക്കുന്നു.

അക്രിലിക്ക് പെയിൻറിംഗിലും ഓയിൽ പെയിൻറിംഗിലുമാണു ചിത്രങ്ങൾ വരച്ചുതുടങ്ങിയതെങ്കിലും ഇപ്പോൾ ചിത്രകലയുടെ വ്യത്യസ്തമായ മേഖലകളിലേക്ക്‌ കൂടി യാത്ര പോകുകയാണ്‌ ഡോ.ഷോല. ശിലകൾക്ക്‌ ജീവനേകിയോ എന്ന് സംശയം ജനിപ്പിക്കുമാറുള്ള സ്റ്റോൺ ആർട്ടും തൻ്റെ ഉള്ളിലെ പ്രകൃതിസ്നേഹിയെ വെളിവാക്കും വിധം, ഉപേക്ഷിക്കപ്പെട്ട പാഴ്‌വസ്തുക്കളും കുപ്പികളും മറ്റും തൻ്റെ വിരലുകളുടെ മാന്ത്രിക സ്പർശ്ശത്താൽ മനോഹരമായ കലാരൂപങ്ങളാക്കി മാറ്റുന്ന ശൈലിയുമെല്ലാമായി ഡോ.ഷോല ശ്രദ്ധേയയാകുന്നു.

ലോഗോ ഡിസൈനിംഗിലും വ്യക്തിമുദ്ര പതിപ്പിച്ച ഈ കലാകാരി കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിൻ്റെ നിരവധി പദ്ധതികൾക്ക്‌ ലോഗോ സൃഷ്ടിച്ചു. ജനനി, പുനർജ്ജനി, ആയുഷ്മാൻ ഭവ, റീച്ച്‌ തുടങ്ങിയ പദ്ധതികൾക്ക്‌ ലോഗോ തയ്യാറാക്കിയത്‌ ഡോ.ഷോല ആയിരുന്നു.

കുടുംബം:
അച്ഛൻ – പരേതനായ സി.സുധാകരൻ
മാതാവ്‌ – ജഗദമ്മ സുധാകരൻ
ഭർത്താവ്‌ – ബിനു വി.ബി (ജിയോ സയൻ്റിസ്റ്റ്)
മക്കൾ – ദേവിക, ദേവ്‌ദത്ത്‌

നേരത്തെ 12 വർഷത്തോളം കുടുംബത്തോടൊപ്പം വിദേശത്തായിരുന്ന ഡോ.ഷോല അവിടെ പല തവണ ചിത്രപ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ തിരുവനന്തപുരത്തുള്ള അവർ വരും ദിവസങ്ങളിൽ അവിടെ ഒരു ചിത്രപ്രദർശനം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.

ഡോ.ഷോലയുടെ സൃഷ്ടികൾ Shola’s Art & Innovations എന്ന ഫെയ്സ്‌ ബുക്ക്‌ പേജില്‍ കാണാം:

https://www.facebook.com/media/set/?set=a.494772657394862&type=3

https://www.facebook.com/media/set/?set=a.553461074859353&type=3

https://www.facebook.com/media/set/?set=a.674483402757119&type=3

 

21 Comments

  1. You are really gifted and a Blessed Artist.Your Art really touches heart..
    Waiting for more wonderful creations… God bless you…

  2. എങ്ങനെയോ ഡോക്ടറുടെ പേജിൽ എത്തിപ്പെട്ടു. ഒരു നിധി കിട്ടിയ പ്രതീതി. അനുഗ്രഹീത കലാകാരി. ഇനിയും നല്ലവിധം ഈ കഴിവിനെ പുഷ്ടിപ്പെടുത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്യട്ടേ എന്നും അത് ലോകം കാണട്ടെ എന്നും ആശംസിക്കുന്നു.

  3. ദൈവത്തിന്റെ കൈയ്യൊപ്പുള്ള കലാകാരി….
    ആശംസകള്‍…

Leave a Reply

Your email address will not be published.


*