മഴക്കാലം വരവായി – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കഴിഞ്ഞ വർഷത്തെ മഴക്കാലം മലയാളികൾ ആരും മറന്നു കാണില്ല. നിപ്പ, പ്രളയം അങ്ങനെ എല്ലാം നമ്മളെ ഒരുപാട് വലച്ചു. വർഷങ്ങൾ ആയി നമ്മൾ പ്രകൃതിയോട് ചെയ്തത് നമുക്ക് തന്നെ പ്രകൃതി തിരിച്ചുതന്നു. വീണ്ടും ഒരു മഴക്കാലമെത്തിയിരിയ്ക്കുകയാണ്. ഇതോടൊപ്പം മഴക്കാല രോഗങ്ങളും വിരുന്നെത്തുമെന്നുള്ളതാണ് നമ്മെ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം.

മലിനജലം കെട്ടിക്കിടന്നുണ്ടാകുന്ന അണുക്കളും വൃത്തിഹീനമായ പരിസരവും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നതുമെല്ലാം പകര്‍ച്ച വ്യാധി പരത്തുന്നതിന് കാരണമാകുന്ന മുഖ്യ ഘടകങ്ങളാണ്. നമ്മുടെ മലമൂത്രങ്ങളിലൂടെ മാത്രം ലക്ഷക്കണക്കിന് രോഗാണുക്കളാണ് വിസര്‍ജിക്കപ്പെടുന്നത്. ശുചിത്വവും പ്രതിരോധശേഷിയും കുറയുന്ന മഴക്കാലത്ത് ഇതിന് ശക്തി കൂടുമെന്ന് പറയേണ്ടതില്ലല്ലോ. കൂടാതെ കുടിവെള്ളം മലിനപ്പെടുന്നത് വഴിയും മഴക്കാലരോഗങ്ങള്‍ പടര്‍ന്നു പിടിക്കാം. തണുത്തതും തുറന്നുവെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങള്‍ മഴക്കാലത്ത് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

ഇതിനൊക്കെ പുറമെ കൊതുകുകള്‍ വെള്ളക്കെട്ടുകളില്‍ മുട്ടയിട്ട് പെരുകുന്നതും മഴക്കാലത്ത് രോഗങ്ങള്‍ പടര്‍ത്തുന്നതിന് കാരണമാകുന്നു. ഡെങ്കിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം , ചിക്കുന്‍ഗുനിയ, കോളറ, മന്തുരോഗം , വൈറല്‍പ്പനി, എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളാണ് മഴക്കാലത്ത് പ്രധാനമായും പടര്‍ന്നു പിടിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇവയുടെ ലക്ഷണങ്ങള്‍ താഴെ പറയുന്നു:

ഡെങ്കിപ്പനി: ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് ഇവിടെ പ്രധാന വില്ലന്‍. പനി , ശരീരത്തിലെ നിറമാറ്റം, ശരീരവേദന, രക്തത്തിലെ പ്‌ളേറ്റ് ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

മലമ്പനി: അനോഫിലസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. രോഗം പരത്തുന്ന കൊതുകിന്റെ കടിയേറ്റാല്‍ 7 മുതൽ 14 വരെ ദിവസങ്ങൾക്കുള്ളിൽ  രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചെറിയ തണുപ്പാണ് ആദ്യലക്ഷണം. പിന്നീടിത് വിറയലായി മാറും. വിയര്‍പ്പിലൂടെ ധാരാളം ജലനഷ്ടവും ഉണ്ടാകും.

മഞ്ഞപ്പിത്തം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഇത് പകരുന്നത്. കണ്ണിനു മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് ലക്ഷണങ്ങള്‍.

ചിക്കുന്‍ ഗുനിയ: ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് ഇവ പരത്തുന്നത്. കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് ചിക്കുന്‍ഗുനിയ രോഗികളെ കണ്ടെത്താറുള്ളത്. സന്ധികളിലെ നീര്, വേദന എന്നിവ ഇത് ഉണ്ടാക്കാറുണ്ട്.

കോളറ: ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം. പനി, വയറിളക്കം , ഛര്‍ദ്ദി, ചര്‍മത്തിന് തണുപ്പ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

മന്തുരോഗം: മാന്‍സോണിയ കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. മന്ത് രോഗത്തില്‍ ലിംഫ് ദ്രാവകത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാവുകയും കെട്ടികിടക്കുകയും ചെയ്യും. ചിലരില്‍ പൊട്ടി അണുബാധ ഉണ്ടാകാറുണ്ട്.

വൈറല്‍ പനി: എളുപ്പം പടര്‍ന്നു പിടിക്കുന്ന പനിയാണിത്. ശരീര വേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷങ്ങള്‍.

ടൈഫോയ്ഡ്: രോഗികളുടെ വിസര്‍ജ്യ വസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍

എങ്ങനെ രക്ഷ നേടാം ?

കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുന്നതിലൂടെയും, തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്താതിരിക്കുന്നതിലൂടെയും പരിപൂര്‍ണ്ണ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലിക്കുന്നതിലൂടെയും ഏറെക്കുറേ ഈ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. കുടാതെ ഭക്ഷണ സാധനങ്ങള്‍ കഴുകി ഉപയോഗിക്കുന്നതിലൂടെയും അടച്ചുവെച്ചും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരുന്നുമൊക്കെ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്. ഇവയ്ക്കു പുറമെ കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, നീളമുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതും രോഗത്തെ തടുക്കാന്‍ മുന്‍കരുതലായി സ്വീകരിക്കാവുന്നതാണ്.

“സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ” എന്ന പഴഞ്ചൊല്ല് മറക്കാതിരിക്കുക. നമ്മുടെ ചെറിയ അശ്രദ്ധ പോലും വലിയ നാശത്തിലേക്ക് നമ്മുടെ സമൂഹത്തെ കൊണ്ടെത്തിക്കും. ഒരാളുടെ അശ്രദ്ധ കൊണ്ട്‌ ഒരു ജീവനും പൊലിയാതെ നോക്കാൻ നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം

——

ഡോ. ലിജോ ജോർജ് BAMS,
അഷ്ട ആയുർവേദ വൈദ്യാലയം,
ആലപ്പുഴ.
www.ashtavaidyalayam.com
PH : +91 9747192442

Be the first to comment

Leave a Reply

Your email address will not be published.


*