മഴക്കാലത്തെ ആരോഗ്യസംരക്ഷണം – സിദ്ധവൈദ്യത്തിൽ

മലയാളിക്കു കർക്കിടകം കോരിച്ചൊരിഞ്ഞു പെയ്യുന്ന മഴയിൽ മൂടിപ്പുതച്ചുറങ്ങാനുള്ള കാലമല്ല. ഇനി വരാനിരിക്കുന്ന നാളുകളിലേക്ക് ശരീരത്തെയും, മനസിനെയും ശുദ്ധീകരിച്ചു പുതു വർഷത്തിലേക്കു ഉണർവോടെ ചലിക്കേണ്ട കാലമാണ്. കർക്കിടകത്തിൽ ഒരു കാര്യവും അവൻ തുടക്കം കുറിക്കാറില്ല. കർക്കിടക മരുന്ന് കഞ്ഞിയും, പത്തില കറിയും, എണ്ണ തേച്ചു കുളിയും അവനെ എത്തിക്കുന്നത് ആരോഗ്യ പ്രദമായ ചിങ്ങ മാസത്തിലേക്കാണ്.


പത്തിലക്കറി 

കർക്കിടകം മുതൽ ധനു വരെയുള്ള കാലഘട്ടം പ്രകൃതിയിൽ നിന്നും ശരീരത്തിലേക്ക് ബലം ആർജ്ജിക്കാൻ അനുയോജ്യമായ സമയമാണ്. ഈ കാലത്ത് ആർജ്ജിച്ചെടുക്കുന്ന ഊർജ്ജമാണ് പിന്നീട് പ്രതികൂല കാലാവസ്ഥയിൽപോലും ശരീരത്തെ പിടിച്ചു നിർത്തുന്നത്. കർക്കിടക മാസത്തിലെ ഈ ആരോഗ്യ ചര്യകൾ മലയാളിയുടെ കൂടപ്പിറപ്പ് ആണെങ്കിലും സിദ്ധ, ആയുർവേദ ഗ്രന്ഥങ്ങളിൽ ഒന്നും തന്നെ കർക്കിടക ചികിത്സയെ കുറിച്ചുള്ള പരാമർശങ്ങൾ ഒന്നും തന്നെ കാണുന്നില്ല. പക്ഷെ ഓരോ കാലങ്ങളിലും അനുഷ്ഠിക്കേണ്ട ആരോഗ്യ ചര്യകളെ കുറിച്ചും, ഭക്ഷണ രീതികളെ കുറിച്ചും സിദ്ധന്മാർ പറയുന്നുണ്ട്.

കർക്കടക ചികിത്സ എന്ന വാക്ക് മലയാളി പറയാൻ തുടങ്ങിയിട്ട് മുപ്പതോളം വർഷങ്ങളേ ആയിട്ടുള്ളു. കൃഷിപ്പണികൾ ഒക്കെ നിർത്തി വയ്ക്കപ്പെട്ട കാലമാണ്. ശരീര ബലം ഏറ്റവും കുറവുള്ള കാലഘട്ടമായി കർക്കിടകത്തെ വിശേഷിപ്പിക്കുന്നു. ദഹന ശക്തിയും കുറവുള്ള സമയമാണിത്. അത് കൊണ്ട് ശരീര രക്ഷ ചെയ്യാൻ ഈ കാലഘട്ടത്തെ തിരഞ്ഞെടുത്തു എന്ന് വേണം കരുതാൻ.


കർക്കിടക മരുന്ന് കഞ്ഞി

രോഗപ്രതിരോധ ശേഷി കൂട്ടി ത്രിദോഷങ്ങളെ സന്തുലിതാവസ്ഥയിൽ നിലനിർത്താനും വേണ്ടിയാണ് കർക്കിടക മരുന്ന് കഞ്ഞി സേവിക്കുന്നത്. മഴക്കാല രോഗങ്ങളായ പനി, ശ്വാസകോശ രോഗങ്ങൾ, പകർച്ച വ്യാധികൾ ഇവയെയെല്ലാം തടുക്കാനും മരുന്ന് കഞ്ഞിക്കു കഴിയും. ദശ പുഷ്പങ്ങൾ, ത്രികടുകു ചൂർണ്ണം, ദശമൂല ചൂർണ്ണം, ഞവര അരി, മുത്താറി, ഉലുവ, ഉഴുന്ന്, ചെറു പയർ,അയമോദകം, ജീരകം, നെയ്, ശർക്കര, തേങ്ങാപ്പാൽ എന്നിവയൊക്കെ തന്നെ കർക്കിടക കഞ്ഞിയുടെ ചേരുവകളാണ്.

ഉഴുന്ന് തൈലം, കുന്തിരിക്ക തൈലം മുതലായ വാതഹാരങ്ങളായ തൈലം തേച്ചു എണ്ണക്കുളിയൽ (Oil bath ) ചെയ്യുന്നത് കർക്കിടകത്തിൽ നല്ലതാണ്. കർക്കിടകത്തിലെ പകർച്ച വ്യാധികളെ തടയാൻ ആര്യവേപ്പിന്റെ കൂമ്പ് എടുത്തു തുടർച്ചയായി ഏഴ് ദിവസം കഷായം വച്ച് കുടിക്കാം. ആട്ടു സൂപ്പ് ചൂടോടു കൂടി കുടിക്കുന്നത് ഈ സമയത്ത് ദഹനത്തെ ഉത്തേജിപ്പിക്കുന്നതിനു വളരെ നല്ലതാണ്. തകര, താള്, ചേമ്പില, കുമ്പളം, ചേന, ചൊറിയൻ കണ്ണൻ, ചീര, മത്തൻ, വെള്ളരി, മുതലായവ ഉപയോഗിച്ചുണ്ടാക്കിയ പത്തിലക്കറിയും കർക്കിടകത്തിലെ പ്രധാന വിഭവമാണ്.

——

ഡോ. അരുൺ ബേബി BSMS,
മെഡിക്കൽ ഓഫീസർ (NAM),
ജില്ലാ ആയുർവേദ ആശുപത്രി,
കൽപ്പറ്റ, വയനാട് ജില്ല.

MOB: 9946309106

Be the first to comment

Leave a Reply

Your email address will not be published.


*