മാനസിക പ്രഥമ ശുശ്രൂഷ – ഒരു അവലോകനം

ഒരു മനുഷ്യന്റെ സാമൂഹികജീവിതത്തിലെ സന്തോഷം ഉടലെടുക്കുന്നത് മനസ്സും ഇന്ദ്രിയങ്ങളും പൂർണ ആരോഗ്യത്തിൽ വർത്തിക്കുമ്പോഴാണ്. ഇന്ദ്രിയങ്ങളിലൂടെ ലോകം വ്യക്തിയിലേക്ക് സംവേശിക്കുന്നു. ശബ്ദ, സ്പര്ശി, രൂപ, രസ ഗന്ധികളായി നമ്മിലേക്കെത്തുന്ന ഓരോ വിഷയവും, ഒരു ചിന്തയും ഒപ്പം തന്നെ അനുബന്ധ ഓർമ്മകളെയും വികാരങ്ങളെയും ഉണർത്തുന്നു. സങ്കീർണങ്ങളായ ഈ വികാരങ്ങളാണ് മനുഷ്യജീവിതത്തിന് നിറങ്ങള്‍ നല്കു ന്നതും പരിണാമചക്രത്തില്‍ ഏറ്റവും ഉന്നത ശ്രേണിയിലെ മനുഷ്യനെ വ്യത്യസ്തനാക്കുന്നതും. ഈ വികാര വിചാരങ്ങളെ തിരിച്ചറിയുവാനും, വേണ്ട രീതിയില്‍ പ്രകടിപ്പിക്കുവാനും ക്രമീകരിക്കാനും കഴിയുക എന്നത് തന്നെയാണ് മാനസികാരോഗ്യത്തിന്റെ അടിത്തറ. സാഹചര്യത്തിന്റെ സമ്മർദ്ദങ്ങൾ ഏറുമ്പോള്‍, പ്രത്യേകിച്ച് ഒരു ദുരന്തത്തിലൂടെ കടന്നു പോവുകയോ, അതിനെ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോള്‍ ഒരാൾക്ക് പലപ്പോഴും വികാരവിചാരങ്ങളെ നിയന്ത്രിക്കുവാനായി എന്ന് വരില്ല. ഒരു വ്യക്തിക്ക് സ്വന്തമായുളള അതിജീവനത്തിന്റെ ഈ കഴിവിനെ ആയുവേദത്തില്‍ സത്വബലം എന്ന് പറയുന്നു. മനസിന്റെ ഈ ധൈര്യത്തെ ഉളവാക്കുന്നതിൽ അവരുടെ മാതാപിതാക്കളുടെ ജീവിതശൈലിയും വിചാരവികാരങ്ങളും, അയാള്‍ വളരുന്ന സാഹചര്യവും ആഹാരവിശേഷങ്ങള്‍ പോലും വലിയ പങ്കു വഹിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന പഠനങ്ങള്‍ (epigenetic studies) ഈ മേഖലയില്‍ ഇന്ന് നമുക്ക് ലഭ്യമാണ്.

മനോധൈര്യത്തോടൊപ്പം തന്നെ കണക്കിലെടുക്കേണ്ടതാണ് അയാള്‍ കടന്നു പോകുന്ന ദുരന്തത്തിന്റെ കാഠിന്യവും. പ്രളയം പോലുളള പ്രകൃതിക്ഷോഭങ്ങളിൽ മാനസികമായ സമ്മർദ്ദവും വൈകാരികമായ ബുദ്ധിമുട്ടും ഉണ്ടാവുന്നത്‌ സ്വാഭാവികമാണ്. വളരെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ പൊതുവിൽ എല്ലാവരിലും മനോവിഷമങ്ങൾ ഉണ്ടാക്കുന്നവയാണ്. അതിനാല്‍ തന്നെ അവയെ കൈകാര്യം ചെയ്യുവാൻ വ്യക്തമായ ഇടപെടലുകളും സാമൂഹിക മാനസിക പിന്തുണയും അത്യാവശ്യമായി വരുന്നു. ലോകാരോഗ്യസംഘടന ചിട്ടപ്പെടുത്തിയിട്ടുളള അത്തരം ഒരു ആരോഗ്യ സഹായമാണ് ‘മാനസിക പ്രഥമ ശുശ്രൂഷ’ എന്നത്. ദുരന്താവസ്ഥയെ നേരിടുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നവരെ തിരിച്ചറിയാനും അവരുമായി നല്ല ആശയ വിനിമയം നടത്തി, അവരുടെ പ്രശ്‌നങ്ങൾ കേട്ട് സഹായങ്ങൾ നൽകുവാനും ഇത് സഹായിക്കുന്നു. പ്രത്യാഘാതങ്ങള്‍ അവസാനിക്കും വരെ സഹായ സഹകരണങ്ങള്‍ നൽകുക വഴി സമൂഹത്തില്‍ മാനസികരോഗങ്ങൾ ഉടലെടുക്കുന്നതിന്റെ തോത് കുറയുന്നതായി കണ്ട് വരുന്നു.

ദുരന്തത്തിനു ശേഷം ആദ്യത്തെ 24 മണിക്കുറിൽ കാണപ്പെടുന്ന മാനസിക പ്രതികരണം അസാധാരണമായ അവസ്ഥയോടുളള സാധാരണ പ്രതികരണമായി കാണാവുന്നതാണ്. അതിജീവിച്ചവരില്‍ മാനസിക പിരിമുറുക്കം, അസ്വസ്ഥത, സ്തബ്ധത, ക്ഷോഭം, കരച്ചില്‍, ഉൾവലിയൽ, കുറ്റബോധം എന്നിവ ഈ സമയത്ത് പ്രകടമായിവരുന്നു. അത്യാഹിതത്തിന് ശേഷമുളള ആദ്യത്തെ 3 ആഴ്ചയില്‍ ഭയം, അമിതമായ ജാഗ്രത, കോപം, ഉറക്കക്കുറവ്, നിരാശ തുടങ്ങിയ ഈ ലക്ഷണങ്ങള്‍ നിലനിൽക്കുന്നുവെങ്കിൽ അവർക്ക് സാമൂഹിക-മാനസിക പരിചരണം ആവശ്യമായി വരുന്നു. അവരുടെ പ്രശ്‌നങ്ങൾ തുറന്ന് പറയുവാനുളള അവസരം സൃഷ്ടിക്കുകയും അവരെ ശ്രദ്ധാപൂർവം കേൾക്കുകയും അവർ തനിച്ചല്ല എന്ന ചിന്തയിലൂടെ മനസിനു കരുത്ത് പകരുകയും ചെയ്യുക എന്നതാണ് മാനസിക പ്രഥമശുശ്രൂഷയിൽ ചെയ്യൂന്നത്. ഇത് നല്കേുണ്ടത് ഒരു മനോരോഗ വിദഗ്ദ്ധനാവണമെന്നില്ല; മറിച്ച് ദുരന്തബാധിതരുമായി ഇടപെടുന്നവരെല്ലാം ഈ ഒരുകാഴ്ചപ്പാടോടെ അവരെ സമീപിച്ചാൽ തുറന്ന് പറച്ചിലിനുളള – തിരിച്ചറിവിനുളള – ഇടങ്ങള്‍ നമുക്ക് സമൂഹത്തിൽ സൃഷ്ടിക്കാനാവും.

മൂന്ന് ആഴ്ചയില്‍ അധികം ഈ ലക്ഷണങ്ങൾ നിലനിൽക്കുക, മുമ്പേ തന്നെ മനോരോഗം ഉളളവർക്ക് അവ വർദ്ധിക്കുക, വൈകാരിക അസ്വാസ്ഥ്യങ്ങള്‍ അവ്യക്തമായ ശാരീരിക രോഗ ലക്ഷണങ്ങളായി പ്രകടമാക്കുക, രോഗത്താൽ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യാനാകാതെ വരിക, ആത്മഹത്യാ പ്രവണത കാണിക്കുക, മദ്യം, മയക്കു മരുന്ന് എന്നിവയെ അമിതമായി ആശ്രയിക്കുക എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നവർക്ക് വിദഗ്ദ്ധ പരിചരണം ആവശ്യമായിവരുന്നു. ഇവര്ക്ക് മനോരോഗ വിദഗ്ദ്ധന്റെ സഹായം നല്കേനണ്ടത് അനിവാര്യമാണെന്ന് നാം തിരിച്ചറിയണം.

അത്തരം അവസ്ഥകളില്‍ മാനസികപിന്തുണ നൽകുന്ന കൗൺസിലിംഗ് പദ്ധതികളാണോ വേണ്ടത് അതല്ല, മരുന്നുകളുടെ സഹായം തേടേണ്ട സാഹചര്യമാണോ എന്നത് ഒരു ഡോക്ടറുടെ പരിശോധനയിലേ അറിയുവാനാവൂ. നേരത്തെ ഉളള ഇടപെടലുകൾ രോഗത്തിന്റെ തീവ്രത കുറയ്ക്കുവാനും ഫലപ്രദമായ ചികിത്സയ്ക്കും വഴിയൊരുക്കുന്നു. അതിനാൽ തന്നെ ആരോഗ്യരംഗത്ത് പ്രവവർത്തിക്കുന്നവരെല്ലാം ദുരന്ത ബാധിതരില്‍ ഉണ്ടാകാവുന്ന ഈ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. അവ പ്രത്യക്ഷത്തില്‍ പ്രകടമാക്കിയില്ലെങ്കിലും രോഗി പറയാതെ പറയുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയുവാനും വിദഗ്ദ്ധ പരിചരണം നിർദേശിക്കുവാനും ഈ അറിവ് സഹായകരമാവുന്നു.

മുമ്പ് സൂചിപ്പിച്ചത് പോലെ, സത്വബലം കൂട്ടുക എന്നതാണ് മനോധൈര്യം നൽകുവാനായി ആയുർവേദ ചികിത്സയിൽ ആദ്യം ചെയ്യുക. രോഗിയുടെ തെറ്റായ ചിന്താഗതികൾക്ക് ഒരു തിരുത്തല്‍ കൊടുത്ത് ശരീരത്തിനും മനസിനും ഹിതമായ വികാരവിചാരങ്ങളെ ഉണർത്തുക എന്നതാണ്‌ സത്വാവജയം എന്ന ഈ ചികിത്സാരീതിയുടെ പ്രധാന ഉദ്ദേശ്യം. ഒരു സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ ജനപദോദ്ധ്വംസം എന്ന് ശാസ്ത്രങ്ങളിൽ വിളിക്കുന്നു. അതിന്റെ ചികിത്സാ പദ്ധതിയിലും മാനസിക പരിചരണത്തിനും വ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഏറെ പ്രാധാന്യമാണ് നൽകുന്നത്.

ദുരന്തബാധിതതരുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ഇടപെടുന്ന മനോ അനുകൂല ചികിത്സയാണ് മറ്റൊരു പദ്ധതി. ഇവയിലെല്ലാം ഒരു വ്യക്തിയെ സ്വന്തം കഴിവുകൾ തിരിച്ചറിയുവാന്‍ സഹായിച്ച് ദുരന്തത്താലുണ്ടായ പ്രത്യാഘാതങ്ങളെ അംഗീകരിക്കുവാനും അവയെ അതിജീവിക്കുവാനുളള ആത്മവിശ്വാസം നൽകുവാനും സഹായിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഇത്തരത്തിലുളള ഇടപെടലുകളില്‍ നിന്ന് മതിയായ രോഗശാന്തി ലഭിക്കുന്നില്ലെങ്കിൽ രോഗിയുടെ ലക്ഷണങ്ങൾ നോക്കി, വന്നിരിക്കുന്ന ശരീരതാളക്രമത്തിന്റെ വ്യതിയാനം മനസ്സിലാക്കി, അധികരിച്ചിരിക്കുന്ന ശരീരദോഷങ്ങളെ ചികിത്സിക്കുവാനുളള മരുന്നുകള്‍ നൽകേണ്ടി വരുന്നു. ഉന്മാദചികിത്സ എന്ന് പേരായ മനോരോഗ ചികിത്സയുടെ മരുന്നുകളും പദ്ധതികളുമാണ് അപ്പോള്‍ അവലംബിക്കുന്നത്. സമഗ്രമായ ഒരു മാനസികപിന്തുണയും ചികിത്സയും ദുരന്തമുഖത്ത് അനിവാര്യമാണെന്നുളളതാണ് അന്നും ഇന്നും ഉളള ചികിത്സാരീതികള്‍ ചൂണ്ടിക്കാട്ടുന്നത്. സഹജീവിയുടെ മാനസികാരോഗ്യം സംരക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണെന്ന് തിരിച്ചറിയുക എന്നതും ആ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കുവാനുളള സന്നദ്ധത വളർത്തുക എന്നതുമാണ് ഇന്നിന്റെ ആവശ്യം. സമൂഹത്തോടുളള മാറിയ ഈ കാഴ്ചപ്പാട് ഇനിയൊരു ദുരന്തത്തെ അതിജീവിക്കുവാനായി നാം നടത്തുന്ന കരുതലാണ്.

ഡോ.തുഷാര ജോയ്‌ BAMS,
പി.ജി. അവസാന വർഷം,
(മനോവിഗ്യാൻ ഏവം മാനസ് രോഗ)
&
ഡോ.സി.വി. ജയദേവൻ
പ്രിൻസിപ്പാൾ,
വി.പി.എസ്.വി. ആയുർവേദ കോളേജ്, കോട്ടക്കൽ

1,218 Comments

  1. I’ll right away seize your rss as I can not find your e-mail subscription hyperlink or e-newsletter service. Do you have any? Kindly allow me recognize so that I could subscribe. Thanks.