മഴയുമായെത്തുന്ന വിസർഗകാലം

വേനൽക്കാലത്തെ സൂര്യന്റെ വികൃതി മൂലം ഭൂമിയിലെ ജലാംശം മുഴുവനും വലിച്ചെടുക്കുന്നത് ആയിരം മാറ്റ്‌ ഗുണമേന്മയോടെ വർഷകാലത്ത് തിരിച്ചു നൽകാൻ വേണ്ടിയാണെന്നൊരു ചൊല്ലുണ്ട് .

തീർച്ചയായും കൊടും വേനലിൽ നിന്നും വലിയൊരു ആശ്വാസമാണ് കാലവർഷം. ഇടവപ്പാതിയിൽ തുടങ്ങി മിഥുനവും കർക്കിടവും കഴിഞ്ഞു ചിങ്ങമാസത്തിൽ കുറച്ച് ദിവസങ്ങളിലും കേരളത്തിൽ കാലാവർഷമാണ് .

വേനൽക്കാലത്ത് ശരീര ബലം നന്നായി ക്ഷയിയ്ക്കുന്നത് കൊണ്ടും, വർഷക്കാലത്ത് പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം കൊണ്ടും ശരീരത്തിൽ ഒരുപാട് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മഴ പെയ്യുന്നത് കൊണ്ട് ഭൂമിയിലും ശരീരത്തിലും സൗമ്യഅംശം വർദ്ധിപ്പിച്ചു ബലം നൽകുമെങ്കിലും, കുറെ ഇടവേളകൾക് ശേഷമാണ് ഇത് അനുഭവപ്പെടുന്നത് എന്നത് കൊണ്ട്, വേനൽക്കാലം പോലെ തന്നെ മഴക്കാലത്തും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ നന്നായി ശ്രദ്ധിക്കേണ്ട സമയങ്ങളിലൊന്നാണ് മഴക്കാലവും.

മഴക്കാലപൂർവശുചീകരണമൊക്കെ നടക്കുന്നതിന്റെ ലക്‌ഷ്യം സാംക്രമികരോഗങ്ങളെ പ്രതിരോധിക്കുക എന്നതാണ്. മഴക്കാലത്ത് അന്തരീക്ഷം പെട്ടെന്ന് ദുഷിക്കും. വായു, ജലം, ദേശം എന്നിവ മൂന്നും പെട്ടെന്ന് മലിനമാകുന്നതിനാൽ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മഞ്ഞപ്പിത്തം, ടൈഫോയിഡ്, എലിപ്പനി, മലേറിയ തുടങ്ങിയ പലവിധ രോഗങ്ങളും പല പ്രദേശങ്ങളിലും വ്യാപിക്കുന്നത് കാണാം .

വെള്ളം കെട്ടിക്കിടക്കുന്നത് കൊണ്ട് കൊതുക് തുടങ്ങിയ പ്രാണികൾ, എലി തുടങ്ങിയ ജന്തുക്കൾ എന്നിവ പെരുകാൻ സാധ്യതയുണ്ട്. പകർച്ച വ്യാധികൾ ഉണ്ടാക്കുന്നതിൽ ഇവയുടെ പങ്ക് വലുതാണ്.

മഴക്കാലത്ത് ഏത് വിധത്തിലാണ് വെള്ളം മലിനമാകുക എന്ന പറയാൻ പ്രയാസമാണ്. വെള്ളത്തിൽ അധികം നടക്കുന്നത്, രോഗാണുക്കൾ ശരീരത്തിലേക്ക് കടയ്ക്കാൻ വഴിവെക്കും. പുതുമഴ പെയ്തൊഴുകുന്ന തോടുകളിലും പുഴകളിലും മറ്റും ഇറങ്ങി കുളിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാകും .

കുടിക്കാനും കുളിക്കാനും ചൂടുവെള്ളം ഉപയോഗിക്കലാണ് മഴക്കാലത്തു അത്യുത്തമം. തണുത്ത ആഹാര സേവ അനുചിതമല്ല. മരുന്നുകളിട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് നല്ലത് .

അന്തരീക്ഷത്തിൽ ഈർപ്പം അധികമായതിനാൽ പനി, ജലദോഷം, ചുമ, കഫക്കെട്ട്‌ എന്നിവ പെട്ടെന്ന് പിടികൂടും. ശ്വാസ സംബന്ധമായ അസുഖങ്ങളും ധാരാളമായി കാണാൻ സാധിക്കുന്നു .

ഉണങ്ങിയ ഔഷധങ്ങൾ ഉപയോഗിച്ച പുകയ്ക്കുന്നത് നല്ലതാണു. കൊതുക്, പ്രാണികൾ തുടങ്ങിയവയെ അകറ്റാനും പകർച്ചവ്യാധികൾ തടയാനും ഇത് സഹായിക്കും. സാമ്പ്രാണി, അഷ്ടഗന്ധം തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.

നേരത്തെ സൂചിപ്പിച്ചത് പോലെ ചൂടോടെയുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. പഴകിയ ആഹാരം തീരെ ഉപേക്ഷിക്കണം. ദഹന ശക്തി കുറഞ്ഞിരിക്കുന്ന സമയം കൂടിയാണിത്. മഴക്കാലത്തിന്റെ അവസാന സമയത്ത് മൃദുവായി വയറിളക്കുന്നത് നല്ലതാണെന്ന് ആചാര്യമാർ പ്രതിപാദിച്ചിട്ടുണ്ട്.

പകലുറങ്ങുന്നത് ഒഴിവാക്കുക. തണുപ്പും ഈർപ്പവും തട്ടാത്ത രീതിയിലുള്ള രാത്രിയുറക്കം ശ്രദ്ധിക്കേണ്ടതാണ്. മുകളിലെ നിലയിൽ ഉറങ്ങുന്നതാണ് ഉത്തമം.

കേരളത്തിൽ രണ്ടരമാസക്കാലം നീണ്ട നിൽക്കുന്നതാണ് മഴക്കാലം. ചില സീസണുകളിൽ മഴയുടെ തോത് കുറഞ്ഞും കൂടിയും ഇരിക്കും. പഴമക്കാർ ഇതിനെ ഞാറ്റുവേല എന്നൊക്കെ മനസ്സിലാക്കിയിരുന്നു. പുതു തലമുറയ്ക്ക് ഇതൊക്കെ അന്യം നിന്ന് പോയി എന്നത് മറ്റൊരു സത്യമാണ്. കർക്കിടകമാസത്തിലൊക്കെ തോരാതെ മഴ പെയ്യും എന്നൊക്കെ പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഈ സമയത്ത് പ്രത്യേക ചര്യകൾ അനുഷ്ടിച്ച് പോകാറുമുണ്ട്. അക്കാലത്തെപ്പോലെ ഇന്ന് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ കൂടിയും മുകളിൽ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ശ്രദ്ധിച്ച് മഴക്കാലത്തെ വരവേൽക്കാം, ആരോഗ്യത്തോടെ ജീവിക്കാം.

—–

ഡോ. മിർസ ഷാജഹാൻ BAMS,
RMO,
മജ്‌ലിസ് ആയുർവേദ ഹെൽത്ത് പാർക്ക്,
Thrissur.
PH – 8078144294
E-Mail – mirsashajahanm1993@gmail.com

Be the first to comment

Leave a Reply

Your email address will not be published.


*