വായിലൂടെയുള്ള ശ്വസനവും ആരോഗ്യ പ്രശ്‌നങ്ങളും

ജീവന്‍ നിലനിർത്തുന്നതിനാവശ്യമായി നമ്മുടെ ശരീരത്തില്‍ നടക്കുന്ന ഏറ്റവും പ്രധാനമായ പ്രവർത്തനമാണ് ശ്വസനം. ഒരു ആരോഗ്യവാനായ മനുഷ്യന്‍ ദിവസത്തില്‍ ശരാശരി 23000 തവണയെങ്കിലും ശ്വസിക്കുന്നുണ്ട്. നമ്മുടെ ജീവവായു ആയ ഓക്‌സിജന്‍ ശരീരത്തിൻ്റെ ഉള്ളിലേക്ക് ലഭിക്കുവാനും, കാർബൺ ഡൈ ഓക്‌സൈഡ് പുറം തള്ളുവാനുമാണ് നാം ശ്വസിക്കുന്നത്.

ആരോഗ്യവാനായ ഒരു മനുഷ്യന്‍ രണ്ടു തരത്തില്‍ ശ്വസിക്കുന്നു, വായിലൂടെയും, മൂക്കിലൂടെയും. വ്യായാമം ചെയ്യുമ്പോഴും, ഭാരപ്പെട്ട ജോലി ചെയ്യുമ്പോഴും, അമിത ശ്വാസോച്ഛ്വാസം വേണ്ടി വരുമ്പോള്‍ വായിലൂടെ നാം ശ്വസിക്കുന്നു. അതുകൂടാതെ അലർജി മൂലമോ, ജലദോഷം മൂലമോ മൂക്കിലൂടെയുള്ള ശ്വസനം ബുദ്ധിമുട്ടാകുമ്പോള്‍ വായിലൂടെ ശ്വാസോച്ഛ്വാസം ആവശ്യമായി വരുന്നു. എന്നിരുന്നാലും വായിലൂടെയുള്ള ശ്വസനം, അത് ഉറക്കത്തില്‍ ആയാൽ പോലും, പ്രശ്‌നങ്ങൾക്ക് ഇടയാക്കിയേക്കാം. കുട്ടികളില്‍ വായിലൂടെയുള്ള ശ്വസനം മൂലം വളഞ്ഞ പല്ലുകള്‍, മുഖത്തെ വൈകല്യങ്ങള്‍, കൂടാതെ വളർച്ചക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. മുതിർന്നവരില്‍ ദീർഘകാലത്തെ വായിലൂടെയുള്ള ശ്വസനം മൂലം, വായ്‌നാറ്റം, മോണയിലെ അസുഖങ്ങള്‍, കൂടാതെ മറ്റുള്ള അസുഖങ്ങളുടെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കാനും ഇത് കാരണമാകുന്നു.

മൂക്കിലൂടെ ശ്വസിക്കുന്നതിന്റെ പ്രയോജനങ്ങള്‍ എന്തെല്ലാമാണ്?
ഒരു ജലദോഷമോ മൂക്കടപ്പോ വരുന്നതുവരെ നാമാരും ശ്വസനത്തിനെക്കുറിച്ചോ, മൂക്കിനെക്കുറിച്ചോ ബോധവാന്മാരാകുന്നില്ല. അടഞ്ഞമൂക്ക് നമ്മുടെ ജീവിതനിലവാരത്തെ താഴ്ത്തുന്നു. ശരിയായ ഉറക്കം കിട്ടാത്തതുമൂലം നമ്മുടെ പ്രവർത്തനങ്ങളുടെ നിലവാരം കുറയുന്നു.

ഓക്‌സിജനെ ആഗിരണം ചെയ്യുന്നതിനുള്ള ശ്വാസകോശത്തിൻ്റെ കഴിവിനെ മെച്ചപ്പെടുത്തുന്ന നൈട്രസ് ഓക്‌സൈഡ്, പാരാ നേസല്‍ സൈനസുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. മൂക്കിലൂടെയുള്ള ശ്വസനത്തിലൂടെ മാത്രമേ ഇത് ശ്വാസകോശത്തിലേക്ക് എത്തിച്ചേരുകയുള്ളൂ. നൈട്രസ് ഓക്‌സൈഡിൻ്റെ, ബാക്ടീരിയകളെയും ഫംഗസിനേയും പ്രതിരോധിക്കാനുള്ള കഴിവ് രോഗപ്രതിരോധശേഷിയെ വര്ദ്ധിപ്പിക്കുന്നു.

മറ്റ് പ്രയോജനങ്ങള്‍
# മൂക്ക് ഒരു അരിപ്പപോലെ പ്രവർത്തിക്കുന്നു. വായുവിലുള്ള ചെറിയ പൊടികളെ തടഞ്ഞു വയ്ക്കുന്നു.
ശ്വസിക്കുന്ന വായുവിലെ ഈർപ്പം വർദ്ധിപ്പിച്ച് ശ്വാസകോശങ്ങളിലും, ശ്വാസനാളിയിലും വരൾച്ച വരാതെ സഹായിക്കുന്നു.
# ശ്വാസത്തിൻ്റെ താപനില ശരീരത്തിൻ്റെ താപനിലയുമായി ക്രമീകരിക്കുന്നു.

വായിലൂടെയുള്ള ശ്വാസോച്ഛ്വാസം, പ്രത്യേകിച്ചും ഉറക്കത്തില്‍ വായിലൂടെയുള്ള ശ്വാസോച്ഛ്വാസം നമ്മള്‍ തിരിച്ചറിയണമെന്നില്ല. ഇങ്ങനെയുള്ളവർക്ക് താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കാണപ്പെടുന്നു.
• കൂർക്കംവലി
• വരണ്ട വായ
• വായ്‌നാറ്റം
• ക്ഷീണത്തോടും ക്ഷോഭത്തോടും കൂടി ഉണരുക
• അമിതമായ തളർച്ച
• ഇരുണ്ട കൺതടങ്ങള്‍

കുട്ടികളിലുണ്ടാകുന്ന ലക്ഷണങ്ങള്‍
കുട്ടികള്‍ വായിലൂടെ ശ്വസിക്കുന്നതു മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുതിർന്നവരെപ്പോലെത്തന്നെ ഉറക്കത്തില്‍ വായിലൂടെ ശ്വസിക്കുന്ന കുട്ടികളിലും കൂർക്കം വലി കണ്ടുവരുന്നു. പകൽസമയങ്ങളിലും വായിലൂടെ ശ്വസിക്കുന്ന കുട്ടികളില്‍ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കാണാം.
• വാശി
• കുറഞ്ഞ വളർച്ച നിരക്ക്
• ദേഷ്യം
• ഉറക്കത്തിലെ ശാഠ്യം
• വലിയ ടോൺസിൽ ഗ്രന്ഥികള്‍
• വരണ്ട് വിണ്ടുകീറിയ ചുണ്ടുകള്‍
• പഠനത്തിലെ ശ്രദ്ധക്കുറവ്
• ക്ലാസില്‍ ഉറക്കം തൂങ്ങല്‍

ക്ലാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതു മൂലം ADHD ആയി ഇവര്‍ തെറ്റിദ്ധരിക്കപ്പെടുന്നു.

വായിലൂടെ ശ്വസിക്കുന്നതിൻ്റെ കാരണങ്ങള്‍
വായിലൂടെ ശ്വസിക്കുന്നതിനുള്ള പ്രധാന കാരണം മൂക്കിലൂടെ സ്വാഭാവിക രീതിയില്‍ ശ്വസിക്കുന്നതിനുള്ള തടസ്സമാണ്. മൂക്കടപ്പ് ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ഒരാള്‍ വായിലൂടെ ശ്വസിക്കാന്‍ നിർബന്ധിതനാകുന്നു.

മൂക്കടപ്പിൻ്റെ പ്രധാന കാരണങ്ങള്‍
• അലര്ജി മൂലമോ, സൈനസ് അണുബാധമൂലമോ മൂക്കിലുണ്ടാകുന്ന നീർക്കെട്ട്
• അഡിനോയ്‌ഡ്‌ ഗ്രന്ഥി വീക്കം
• ടോൺസിൽ വീക്കം
• മൂക്കിൻ്റെ പാലത്തിലുള്ള വളവ്
• മൂക്കിലെ ദശ
• മൂക്കിൻ്റെ രൂപം
• താടിയുടെ ആകൃതിയും വലുപ്പവും
• സ്ലിപ്പ് ആപ്നിയ
• മുഴകള്‍

ചില ആളുകള്‍ മൂക്കിനുള്ളിലെ തടസ്സങ്ങള്‍ നീക്കിയതിനുശേഷവും വായിലൂടെ ശ്വസിക്കുന്നത് ഒരു ശീലമാക്കി മുന്നോട്ട് പോകുന്നു. മാനസിക സമ്മർദ്ദവും, ഉത്കണ്ഠയും ചിലരില്‍ വായിലൂടെയുള്ള ശ്വസനത്തിന് കാരണമാകാറുണ്ട്.

വായിലൂടെയുള്ള ശ്വസനം എങ്ങനെ കണ്ടുപിടിക്കാം?
ഇത് കണ്ടുപിടിക്കുന്നതിനായി പ്രത്യേക ടെസ്റ്റുകള്‍ ഒന്നും ഇല്ല. പലപ്പോഴും മറ്റുപല അസൂഖങ്ങൾക്കുമായി ഡോക്ടറെ സമീപിക്കുമ്പോഴായിരിക്കും ഇത് കണ്ടുപിടിക്കപ്പെടുക. ഒരു ദന്തഡോക്ടര്‍, നിങ്ങളുടെ വായ്‌നാറ്റം, പല്ലുകളുടെ അഭംഗി എന്നിവയ്ക്കുള്ള കാരണം തിരയുമ്പോഴായിരിക്കും നാം ഇതിനെക്കുറിച്ച് ബോധവാന്മാരാകുന്നത്.

വായിലൂടെയുള്ള ശ്വസനം ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടോ?
വായിലൂടെ ശ്വസിക്കുന്നത് വായ വരളുന്നതിന് കാരണമാകുന്നു. ഇതുമൂലം ഉമിനീരിന് വായിലുള്ള ബാക്ടീരിയകളെ തുടച്ചു നീക്കുവാന്‍ കഴിയാതെ വരുന്നു. ഇത് വായ്‌നാറ്റം, മോണയിലെ പഴുപ്പ്, പല്ലുകളുടെ കേട്, ചെവിയുടെയും, തൊണ്ടയുടെയും അണുബാധ തുടങ്ങിയവക്ക് കാരണമാകുന്നു. വായിലൂടെ ശ്വസിക്കുന്നത് മൂലം രക്തത്തിലുള്ള ഓക്‌സിജൻ്റെ അളവ് കുറയുന്നു. ഇത് രക്തസമ്മർദ്ദം ഉയർത്തുന്നതിനും, ഹൃദയാഘാതത്തിനും വരെ കാരണമായേക്കാം. ഇതുമൂലം ശ്വാസകോശങ്ങളുടെ പ്രവർത്തന ക്ഷമത കുറയുകയും, ആസ്ത്മപോലെയുള്ള രോഗങ്ങള്‍ ഉള്ളവർക്ക് ഇത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ശരിയായ സമയത്ത് ചികിത്സ ലഭിക്കാത്ത കുട്ടികളില്‍ മുഖത്തെ എല്ലുകളുടെ വളർച്ച ശരിയായ രീതിയില്‍ അല്ലാതാകുകയും, അഭംഗിക്ക് ഇടയാകുകയും ചെയ്യുന്നു. നീണ്ട, ഇടുങ്ങിയ മുഖവും, ഉയർന്ന പല്ലുകളും, ചെറിയ വായും, നിരതെറ്റിയ പല്ലുകളുമെല്ലാം കുട്ടികളെ വിരൂപരാക്കുന്നു.

ചികിത്സ
വായിലൂടെ ശ്വസിക്കുന്നതിനുള്ള ചികിത്സ അതിൻ്റെ കാരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. മുഖത്തിന്റെയോ മൂക്കിൻ്റെയോ ആകൃതിയിലുള്ള വ്യത്യാസം മൂലമുണ്ടാകുന്ന, വായിലൂടെയുള്ള ശ്വസനത്തെ മരുന്നുകൾ കൊണ്ട് മാത്രം ചികിത്സിക്കാന്‍ സാധ്യമല്ല. അലർജി മൂലമോ, ശ്വാസകോശത്തിലെ അണുബാധമൂലമോ ഉണ്ടാകുന്ന മൂക്കടപ്പിന് പ്രതിവിധി, അലർജി ഉണ്ടാക്കുന്ന കാരണങ്ങളെ ഒഴിവാക്കുക എന്നുള്ളതാണ്.
• വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക.
• എയര്‍ ഫിൽട്ടറുകൾ സ്ഥാപിക്കുക
• ഉറങ്ങുമ്പോള്‍ തല ഉയർത്തി വെച്ച് കിടക്കുക
• നിങ്ങള്‍ സമ്മർദ്ദമോ ഉത്കണ്ഠയോ ഉള്ള ആളാണെങ്കില്‍ തീർച്ചയായും യോഗ, ധ്യാനം എന്നിവ ശീലമാക്കുക.

ഹോമിയോപ്പതിയുടെ അനന്തസാധ്യതകള്‍
വായിലൂടെയുള്ള ശ്വസനത്തിനു കാരണമാകുന്ന രോഗങ്ങളെ ഹോമിയോപ്പതിയിലൂടെ വളരെ ഫലപ്രദമായി ചികിത്സിച്ചു മാറ്റാവുന്നതാണ്. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകളെ മാനദണ്ഡമാക്കിയാണ് ഹോമിയോപ്പതിയില്‍ മരുന്ന് നിർണയിക്കുന്നത്.
Agraphis Nut, Belladonna, Teucrium, Thuja occi., Silicea, Calcarea carb., Lemna Minor, Medorrhinum, Baryta Carb., Baryta Iod., Calca Fluor, Kali Nitricum, Sang. Nitricum. തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്ന മരുന്നുകള്‍. എന്നാല്‍ വളരെ കൃത്യതയോടെയും വേഗത്തിലും മരുന്ന് നിർണയിക്കുന്നതിനായി അംഗീകൃത ഹോമിയോപ്പതി ഡോക്ടറെ സമീപിക്കുക.

ഡോ. റെജു കരീം B.H.M.S., M.D – HOM. (Paediatrics)
ഇൻസൈറ്റ് ഹെൽത്ത് കെയർ,
(ഹോമിയോപ്പതിക് മൾട്ടി സ്പെഷ്യാലിറ്റി & കൗൺസിലിംഗ് സെന്റർ)
കൊടുങ്ങല്ലൂർ.
PH: 9846334853

3 Comments

  1. obviously like your web-site but you need to check the spelling on several of your posts. A number of them are rife with spelling issues and I find it very bothersome to tell the truth nevertheless I will surely come back again.

Leave a Reply

Your email address will not be published.


*