വിയർപ്പ് മുത്തും കപ്പ്

മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് നടന്ന ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിന്റെ അവസാന ദിവസമായ ഇന്നലെ അവിടെ പോയപ്പോൾ ആദ്യം പോയത് സംഘാടക സമിതി ഓഫിസിലേക്ക് ആയിരുന്നു .
“നീ ഒന്നും പറയണ്ട സുബിനെ, ആയുർവേദ കോളേജിലെ പിള്ളേരോട് ഒന്നും പറയാനും ഇല്ല” അവിടുള്ള എല്ലാവർക്കും പറയാനുള്ളത് ഇത്ര മാത്രം.

അവരൊന്നും അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളൂ. കഴിഞ്ഞ നോർത്ത് സോൺ കലോത്സവം “ആരവം” ആരവമാക്കി തീർത്തവർ, നാല് ദിവസത്തോളം ഞങ്ങളെ കോളേജിൽ ഞങ്ങളിൽ ഒരാളായി നിന്നവർ, SFI മലപ്പുറം DC യിലെ പ്രിയപ്പെട്ടവർ, മഞ്ചേരി മെഡിക്കൽ കോളേജിലെയും NSS കോളേജിലെയും പ്രിയപ്പെട്ടവർ. അപ്രതീക്ഷിതമായി വന്ന ഹർത്താലിനെ വരെ നേരിട്ടവർ. നാല് ദിവസത്തോളം കോളേജിൽ ഒരു ഉത്സവമായിരുന്നു. കോടി തോരണങ്ങൾ കെട്ടിയും, ഓരോ സ്റ്റേജിന്റെ ചുമതല ഏറ്റെടുത്തും പാട്ട് പാടിയും ആഘോഷമാക്കിയവർ. ഇപ്പൊ അതേ മലപ്പുറത്ത്‌ വീണ്ടും ഒരു കലോത്സവം മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കുമ്പോൾ നാലാം നാൾ കേറി ചെല്ലുമ്പോൾ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.

എല്ലാത്തിനും മറുപടി ആയി ഒന്നേ പറയാൻ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾക്ക് – “കോളേജിൽ ഞങ്ങൾ നടത്തുന്ന പതിനേഴാമത് ഓൾ കേരള ഇന്റർ ആയുർവേദ കോളേജ് ക്രിക്കറ്റ്‌ ടൂർണമെന്റ് ആയിരുന്നു” ന്ന്.

“കളിക്കുന്ന 22 പേരും രണ്ട് അമ്പയറും ഉണ്ടെങ്കിൽ കളി നടക്കുമല്ലോ” എന്ന അവരുടെ ചോദ്യങ്ങൾക്ക് കലോത്സവത്തിന്റെ അവസാന നാളിലെ ഓട്ടപ്പാച്ചിലിനിടയിൽ കോട്ടക്കലിന്റെ ക്രിക്കറ്റ്‌ വികാരം പറഞ്ഞു മനസിലാക്കാൻ പറ്റിയില്ല.

കഴിഞ്ഞ ഡിസംബറിൽ GB വിളിച്ചു കുട്ടികളോട് ക്രിക്കറ്റിനെ പറ്റി പറഞ്ഞതിന് ശേഷം കോളേജ് “ക്രിക്കറ്റ്‌” എന്ന ഒരു വികാരത്തിലേക്ക് ചുരുങ്ങുന്നതാണ് കാണാൻ കഴിഞ്ഞത്. ആദ്യം തന്നെ ശ്രമകരമായ ഒരു ദൗത്യമായിരുന്നു മുന്നിൽ. കഴിഞ്ഞ കോൺവെക്കേഷനു ശേഷം അത്യാവശ്യം കേടുപാട് സംഭവിച്ച കോളേജ് ഗ്രൗണ്ടിനെ ക്രിക്കറ്റ്‌ കളിക്കാൻ പാകത്തിലേക്ക് മാറ്റിയെടുക്കുക എന്നത്. അത് കൊണ്ടാണ് ഈ തണുപ്പുള്ള ഡിസംബറിലെ രണ്ട് ആഴ്ചയോളം LH എന്നോ MH എന്നോ വേർതിരിവ് ഇല്ലാതെ രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് എല്ലാവരും ഗ്രൗണ്ടിൽ എത്തിയത്. കുറച്ചു പേര് പ്രാക്ടീസ് ചെയ്യുമ്പോൾ പെൺകുട്ടികൾ ഒരു ഭാഗത്ത്‌ നിന്ന് ഉയർന്നു നിൽക്കുന്ന പുല്ല്‌ പറിച്ചും കല്ല് പെറുക്കുകയും ചെയ്യുമ്പോൾ മറു ഭാഗത്ത്‌ നമ്മൾ തന്നെ മണ്ണ് തരിച്ചു ഉണ്ടാക്കിയ പിച്ച് റോൾ ചെയ്യുന്ന ആൺകുട്ടികൾ. പ്രാക്ടീസ് ചെയ്യുമ്പോൾ സ്റ്റിച് ബോൾ ദേഹത്ത് തട്ടിയാലും “അതൊന്നും സാരമില്ല ജനുവരി ആറിന് കപ്പ് നമ്മുടെ യൂണിയൻ റൂമിലിരുന്നാൽ മതിയെന്ന ” പെൺകുട്ടികളുടെ സ്പിരിറ്റ്‌. പകലും വൈകുന്നേരവുമായി ഞായറാഴ്ച പോലും ഒഴിവ് ദിവസമല്ലാത്ത രണ്ടാഴ്ച ആയിരുന്നു ഗ്രൗണ്ടിനെ ഗ്രൗണ്ട് ആക്കി മാറ്റിയത്.

10 ദിവസം നീണ്ടു നിൽക്കുന്ന ക്രിസ്തുമസ് വെക്കേഷന് ഒരു ദിവസം പോലും വീട്ടിൽ പോവാതെ മാറ്റ് അടിച്ചും പിച്ച് റോൾ ചെയ്തും ഗ്രൗണ്ട് ശരിയാക്കിയും പബ്ലിസിറ്റി വർക്ക് ചെയ്തും നടന്ന MHലെ പ്രിയപ്പെട്ടവർ. വെക്കേഷന് ഒരു ദിവസം വൈകി വീട്ടിൽ പോയി നാലു ദിവസം മുന്നേ LHൽ എത്തിയവർ.

ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത അന്ന് മുതൽ മാറ്റ് വലിച്ചടിച്ചും, ബൗണ്ടറിയിൽ ഫ്ലാഗ് കുത്തിയും കളി കഴിഞ്ഞു ഊരി വെക്കുകയും ചെയ്ത് ആറ് ദിവസം കട്ടയ്ക്ക് വർക്ക്‌ ചെയ്ത പിച്ച് കമ്മിറ്റിക്കാർ.

കളി തുടങ്ങുന്നതിനു രണ്ട് ദിവസം മുന്നേ ആര്യവൈദ്യശാലയിൽ നിന്ന് പായ വാങ്ങിച്ചു കൊണ്ട് വന്ന് സാധനങ്ങൾ വാങ്ങാൻ നെട്ടോട്ടമോടി, ഓരോ ടീമുകളെയും നിരന്തരം വിളിച്ചു കൊണ്ട് അവർക്കുള്ള താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയ ഫുഡ്‌ & അക്കമഡേഷൻ കമ്മിറ്റി .

ആദ്യമായി കേൾക്കുന്ന “നോ ബോൾ, വൈഡ് , വൈഡ് 4, ലെഗ് ബൈ, ബൈ, LBW, ഫ്രീഹിറ്റ്” ഇതൊക്കെ പഠിച്ചു, ഓരോ ഓവറിലും സ്കോർ ബോർഡ്‌ മാറ്റി, ആവേശകരമായ അനൗൺസ്‌മെന്റ് നടത്തി ടൂർണമെന്റ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കിയ ഡോക്യൂമെന്റേഷൻ കമ്മിറ്റി.

കളിക്കാർക്ക് വേണ്ട നാരങ്ങ വെള്ളം, ഗ്ളൂക്കോസ്, വെള്ളം, സോഡാ എന്നിവ കൃത്യസമയത്ത് എത്തിക്കുകയും, ഇടവേളകളിൽ ബൗണ്ടറി ലൈനിൽ നിൽക്കുന്ന ബോൾ ബോയ്‌സിന്റെ അടുത്ത് എത്തി ചെക്ക് ചെയ്ത റിഫ്രഷ്മെന്റ് കമ്മിറ്റി.

കളി നടക്കുമ്പോൾ വല്ല മസിൽ പെയിൻ, ബോൾ തട്ടിയുള്ള വേദന എന്നിവയ്ക്ക് ഗ്രൗണ്ടിലേക്ക് പെയിൻ സ്പ്രേയും, കോട്ടണും ഗോസുമൊക്കെ ആയി ഓടുന്ന ഫസ്റ്റ് എയ്ഡ് കമ്മിറ്റിക്കാർ.

ഞങ്ങളുടെ കോളേജിന്റെ കളി ഉണ്ടാവുമ്പോൾ ഞങ്ങളെ സപ്പോർട്ട് ചെയ്യാൻ നാലു ദിവസത്തോളം ലീവ് എടുത്ത് വരുന്ന സീനിയർ ചേട്ടന്മാർ. അവരൊക്കെ ഇവിടെ ക്രിക്കറ്റ്‌ കളിച്ചു നടക്കുന്ന സമയത്ത് ഞങ്ങളിൽ പലരും LP സ്കൂളിൽ പഠിക്കുകയായിരുന്നു എന്നതും വാസ്തവം. അത്രയ്ക്ക് ആത്മ ബന്ധമായിരുന്നു കോട്ടക്കലിന് ക്രിക്കറ്റിനോട്.

ഇതിനേക്കാൾ ഉപരി സ്വന്തം കോളേജിന്റെ കളി ഉണ്ടാവുമ്പോൾ ബാനർ എഴുതിയും കൈയിൽ കിട്ടുന്ന പാത്രങ്ങളും കുപ്പികളും ചെണ്ടകളാക്കിയും ടീമിനെ സപ്പോർട്ട് ചെയ്യുന്ന പന്ത്രണ്ടാമൻ. ഓരോ ബോളും അവർക്ക് ആവേശമായിരുന്നു. സ്വന്തം ടീം വിക്കറ്റ് എടുക്കുമ്പോൾ, ഫീൽഡ് ചെയ്യുമ്പോൾ, ക്യാച്ച് എടുക്കുമ്പോൾ, ബൗണ്ടറി നേടുമ്പോൾ, ബോൾ ബീറ്റൺ ചെയ്യിക്കുമ്പോൾ ആവേശത്തോടെ വിളിക്കുന്ന “ടൈഗേഴ്‌സ് ഓഫ് കോട്ടക്കൽ” വിളികൾ. ഗ്രൗണ്ടിനുള്ളിലെ പതിനൊന്ന് പേര് തളരുമ്പോഴും നിലക്കാത്ത ഗ്രൗണ്ട് സപ്പോർട്ട്.

അതൊക്കെ കൊണ്ടാവും കലോത്സവത്തിൽ പരിപാടിയിൽ പങ്കെടുത്ത്‌ അതിന്റെ റിസൾട്ട്‌ അറിയും മുന്നേ അവർ കോളേജിലേക്ക് ഓടിയത്…
അതോണ്ടാവും തെരുവ് നാടക സമയത്ത് ലേറ്റ് ആവാണ്ടിരിക്കാൻ ഇങ്ങനെ ചൊറിഞ്ഞത്… അതോണ്ടാവും “ഇത്ര ടെൻഷൻ അടിക്കാൻ വേൾഡ് കപ്പിൽ ഇന്ത്യ – പാകിസ്ഥാൻ കളി അല്ലല്ലോ” എന്ന് ചോദിച്ചപ്പോൾ “അതുക്കും മേലെ” ആണ് എന്ന് അവർ പറഞ്ഞത്…

അവസാനം ഞങ്ങൾ കപ്പിൽ മുത്തമിടുമ്പോൾ അവർ പാടിയത് “വിയർപ്പ് മുത്തും കപ്പാണ്” ന്ന്…

ഈ കപ്പിന്റെ വിയർപ്പിൽ VPSV മൊത്തം ഉണ്ടായിരുന്നു.

ഇത്രയൊക്കെ ആയിട്ടും 81 ഓളം കോളേജ് പങ്കെടുത്ത “Lub dub ” ന്റെ ആറാമത്തെ തുടിപ്പ് ആയി മാറാൻ പറ്റിയതിൽ അഭിമാനം.


സുബിൻ ബാബു കെ.എം.
അവസാന വർഷ വിദ്യാർത്ഥി,
വി.പി.എസ്.വി. ആയുർവേദ കോളേജ്,
കോട്ടക്കൽ.

4 Comments

  1. അക്ഷരങ്ങളിൽ അനുഭവത്തിൻ്റെ തുടിപ്പുണ്ട്…ആവേശമുണ്ട്!!!

    Proud to be a VPSVian💪✌️❤️

Leave a Reply

Your email address will not be published.


*