വേനൽക്കാല രോഗങ്ങൾക്കെതിരെ ജാഗരൂകരാകുക

പ്രളയനാന്തര കേരളം അഭിമുഖീകരിക്കുവാൻ പോകുന്ന ആദ്യ വേനൽക്കാലം.

അടുത്തകാലത്തെങ്ങും കാണാത്ത വിധമുള്ള കാലാവസ്ഥാവ്യതിയാനങ്ങളാണ് നമ്മുടെ കൊച്ചുകേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്ഷമുണ്ടായ പ്രളയം നമ്മെയാകെ ഞെട്ടിച്ചുകളഞ്ഞു. ഡിസംബർ, ജനുവരി മാസങ്ങൾ നമ്മെ നന്നായി വിറപ്പിച്ചും കടന്നുപോയി. മൂന്നാറിൽ അന്തരീക്ഷ താപനില മൈനസിലേക്ക് താഴ്ന്നു. ഫെബ്രുവരി മാസവുംകൂടി ഉൾപ്പെട്ടിരുന്ന ശീതകാലം ജനുവരിയോടുകൂടി തീർന്നു. മീനച്ചൂടിന് സമമെന്നോണം നിലവിൽ അന്തരീക്ഷതാപനില ഉയരുകയാണ്. രാത്രി ഫാനില്ലാതെ കിടക്കാൻ കഴിയുന്നില്ല. ഇതെല്ലം കൂട്ടിവായിക്കുമ്പോൾ വരാനിരിക്കുന്ന ഏപ്രിൽ – മെയ് മാസങ്ങളിലെ കാര്യം പറയേണ്ടതുണ്ടോ..?

വരൾച്ചയും ജലക്ഷാമവും ഒട്ടനവധി രോഗങ്ങളെ ക്ഷണിച്ചുവരുത്തുവാൻ പോന്നതാണ്. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണവും ഉണ്ടെങ്കിൽ ഇവയെല്ലാം അകറ്റിനിർത്താവുന്നതേയുള്ളു.

മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, ചെങ്കണ്ണ് (Conjunctivitis), കോളറ എന്നിവയാണ് വേനൽക്കാലത്തു പടർന്നുപിടിക്കാൻ സാധ്യതയുള്ള പ്രധാന അസുഖങ്ങൾ.

മഞ്ഞപ്പിത്തം:

വേനൽക്കാലത്തു പടർന്നുപിടിക്കാൻ സാധ്യതയുള്ള പ്രധാന അസുഖമാണ് മഞ്ഞപ്പിത്തം (Hepatitis). കരളിനെ ബാധിക്കുന്ന ഈ രോഗം ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ഈ വൈറസ് രോഗം പടരുന്നു.

ലക്ഷണങ്ങൾ: പനി, ഛർദ്ദി, ക്ഷീണം, വിശപ്പില്ലായ്മ, തലകറക്കം, മൂത്രത്തിന് സാധാരണയിൽ കവിഞ്ഞ മഞ്ഞനിറം.

ചിക്കൻപോക്സ്:

പൊതുവെ അപകടകാരിയല്ലെങ്കിലും ചുമ, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ ചിക്കൻപോക്സ് ന്യൂമോണിയയിലേക്ക് കടക്കാറുണ്ട്. പക്ഷെ അത് വളരെ അപൂർവമായേ ഉള്ളു. ഒരുതവണ ചിക്കൻപോക്സ് വന്നുകഴിഞ്ഞാൽ ആജീവനാന്ത പ്രതിരോധശേഷി ലഭിക്കുന്നു. കുട്ടികളിലും, പ്രമേഹമുള്ളവരിലും ഗർഭിണികളിലും ചിക്കൻപോക്സ് വന്നാൽ കൂടുതൽ കരുതലുകൾ നിർബന്ധമാണ്.

ലക്ഷണങ്ങൾ:
ചെറുകുമിളകളായി ലക്ഷണങ്ങൾ തുടങ്ങുകയും ക്രമേണ ശരീരമാസകലം വ്യാപിക്കുകയും ചെയ്യുന്നു. ഒപ്പം പനിയും ഉണ്ടാകും. തലവേദന, ഛർദ്ദി, ശരീരവേദന, തലകറക്കം, ശരീരത്തു അസഹ്യമായ ചൊറിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

ചെങ്കണ്ണ്:

കണ്ണിൽ ചൂടും പൊടിയും ഏറ്റ് വൈറസ്ബാധ മൂലമുണ്ടാകുന്നതാണ് ചെങ്കണ്ണ്. വൈറസ് ബാധയേറ്റു രണ്ടുദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഒരാഴ്ചവരെ അസുഖം നീണ്ടുനിൽക്കാറുണ്ട്.

ലക്ഷണങ്ങൾ:
കണ്ണിനു ചുവപ്പ്‌നിറം, അസഹ്യമായ ചൊറിച്ചിൽ, ഇരുകണ്ണുകൾക്കും അമിതമായി ചൂട് അനുഭവപ്പെടുക, കൺപോളകൾ വീർക്കുക, കണ്ണിൽനിന്നും അമിതമായി കണ്ണുനീരുവരിക, രാവിലെ എണീക്കുമ്പോൾ കൺപോളകൾ തമ്മിൽ ഒട്ടിച്ചേർന്നിരിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

കോളറ:

അത്യധികം ഗൗരവത്തോടെ കാണേണ്ടുന്ന വേനൽക്കാല അസുഖമാണ് കോളറ. കോളറ ബാധിക്കപ്പെട്ടുകഴിഞ്ഞാൽ ഉടനടി ചികിത്സ തേടേണ്ടത് പരമപ്രധാനമാണ്. വിബ്രിയോ കോളറേ എന്ന ബാക്ടീരിയ മലിനജലത്തിലൂടെയാണ് ഇത് പടർത്തുന്നത്. ഈച്ച പോലുള്ള ചെറുപ്രാണികളും കോളറ പടർത്തുന്നതിൽ പങ്കുവഹിക്കുന്നു.

സൂര്യാഘാതം:

സൂര്യതാപം നമ്മുടെ ശരീരത്തിൽ അമിതമായി ഏൽക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെയും സൂര്യാഘാതം എന്നതുകൊണ്ട് അർത്ഥമാക്കുന്നു. തൊലിപ്പുറമെയുള്ള തിണർപ്പുകൾ സാരമല്ലെങ്കിലും ചികിത്സ തേടുകയും വെയിലത്തിറങ്ങുന്നത് ഒഴിവാക്കുകയും വേണം. ശരീരത്തിന്റെ ഉയർന്ന താപനില ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. കഠിനമായ ചൂടിൽ പേശികളിലെ പ്രോട്ടീനുകൾ വിഘടിക്കുകയും വൃക്ക, തലച്ചോർ എന്നിവയുടെ പ്രവർത്തനങ്ങൾ താളം തെറ്റുകയും തെറ്റുന്നു. അപസ്മാരം പോലുള്ള ലക്ഷണങ്ങൾ, അസ്വാഭാവികമായ പെരുമാറ്റം, അബോധാവസ്ഥ പോലുള്ള പ്രശ്നങ്ങൾ തുടങ്ങിയവ ഇതുമൂലം വ്യക്തിയിൽ ഉണ്ടാകുന്നു. അൾട്രാവയലറ്റ് രശ്മികളാണ് സൂര്യാഘാതം ഏൽപ്പിക്കുന്നത്. വെയിലിൽ കൂടുതൽ നേരം ജോലിയിൽ ഏർപ്പെടുന്നവർക്കാണ് സൂര്യാഘാതം/സൂര്യതാപം ഏൽക്കുവാൻ സാധ്യതകൾ ഏറെയുള്ളത്. തക്കസമയത്ത് തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിച്ചേക്കാം.

വേനൽക്കാലരോഗങ്ങളെ അകറ്റിനിർത്തുവാൻ ചെയ്യേണ്ടുന്ന മുൻകരുതലുകൾ:

ശുദ്ധമായ ജലവും ആഹാരവും മാത്രം ശീലമാക്കുക-

തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ഭക്ഷണപദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക.
പുറമെനിന്നുള്ള ഭക്ഷണപദാർത്ഥങ്ങൾ പാടെ ഒഴിവാക്കുക, പുറത്തുപോകുമ്പോൾ കയ്യിൽ തിളപ്പിച്ചാറിയ വെള്ളം കരുതുക, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, മത്സ്യമാംസാദികൾ ശുദ്ധമെന്നു ഉറപ്പായതെങ്കിലും മിതമായിമാത്രം ആഹരിക്കുക,

വ്യക്തിശുചിത്വം-

രണ്ടുനേരം നന്നായി കുളിക്കുക, കൈകാലുകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക, തുറസ്സായ സ്ഥലത്തെ മലമൂത്രവിസർജ്ജനം ഒഴിവാക്കുക, വീടും പരിസരവും മാലിന്യമുക്തമെന്നു ഉറപ്പുവരുത്തുക, കിണർവെള്ളം ക്ളോറിനേറ്റ് ചെയ്തുവെന്ന് ഉറപ്പുവരുത്തുക, വായുസഞ്ചാരമുള്ള കോട്ടൺവസ്ത്രങ്ങൾ ധരിക്കുക, രോഗികൾ ഉപയോഗിക്കുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിക്കാതിരിക്കുക.

മറ്റു മുൻകരുതലുകൾ –

പുറത്തുപോകുമ്പോൾ സൺഗ്ളാസ്സ് വയ്ക്കുക.
പുറത്തുപോകുമ്പോൾ കുട ചൂടുക.
സൺസ്‌ക്രീൻ ലോഷനുകൾ ഉപയോഗിക്കുക.

വേനല്ക്കാലരോഗങ്ങൾക്കുള്ള ഹോമിയോപ്പതി ചികിത്സ:

മേൽപ്പറഞ്ഞ മുൻകരുതലുകൾ എടുക്കുന്നതോടൊപ്പം വേനല്ക്കാലരോഗങ്ങൾ വന്നാൽ ആശ്രയിക്കാവുന്ന ഹോമിയോചികിത്സയെപ്പറ്റിയും അറിഞ്ഞിരിക്കണം. ലക്ഷണാധിഷ്ഠിത ചികിത്സയാണു ഹോമിയോപ്പതി. രോഗിയുടെ ശാരീരിക – മാനസിക നില അപഗ്രഥിച്ചു ചികിത്സിക്കുന്നതിനാൽ ഒരു ഹോമിയോഡോക്ടർക്ക് രോഗിയെ നേരിട്ട് കാണേണ്ടത് അത്യന്താപേക്ഷിതമാണ്. രോഗിയുടെ ഇഷ്ടാനിഷ്ടങ്ങൾ, രോഗകാരണങ്ങൾ, ഭക്ഷണരീതി, എന്നിവയെല്ലാം ഒരു ഹോമിയോപ്പതി ചികിത്സകനെ സംബന്ധിച്ചിടത്തോളം ചികിത്സ നടത്തുന്നതിൽ വളരെയധികം സഹായിക്കുന്നു. കാലാവസ്ഥകൾക്കനുസരിച്ചും ഒരു രോഗിക്ക് കൊടുക്കുന്ന മരുന്നുകളിൽ വ്യത്യാസം വരാറുണ്ട്.

സർവ്വോപരി, നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിങ്ങളാൽ കഴിയുംവിധം ബോധവാന്മാരാക്കുക.

—–

ഡോ.വിമൽ ശർമ BHMS.

ഡോക്ടർ ശർമാസ് ഹോമിയോപ്പതി.
വള്ളിച്ചിറ പി. ഒ., പാലാ.
കോട്ടയം- 686574.
Mob: 9746918014
E mail: drsharmashomoeo@gmail.com

2,115 Comments