ശീർഷകമില്ലാതെ അയ്യപ്പന്…

കരിമല കയറുമ്പോൾ
കറുത്ത പെണ്ണിൻ്റെ  ഹൃദയത്തിൽ
കാലത്തിനും സ്വപ്നത്തിനും
ഉടച്ചുവാർക്കാനാകാത്ത ഒരു കെട്ടുണ്ട്.

തേഞ്ഞു തീർന്ന പാദങ്ങളമർത്തി
നിന്നിലേക്ക് പടികയറുമ്പോൾ
കറുത്ത പെണ്ണിൻ്റെ നെറുകയിൽ
സ്വപ്നങ്ങളുടെ നെയ്‌ത്തേങ്ങ നിറച്ച
ഒരു ഇരുമുടിക്കെട്ടുണ്ട്.

നീ ഓർക്കുന്നില്ലേ…?

കരിങ്കല്ലുകുത്തി കാൽമുറിയുമ്പോൾ
പച്ചിലകൊണ്ട് മുറിവുണക്കിയ
എൻ്റെ പൂർവികരെകുറിച്ച്…

കരൾ പൊരിച്ചും മുലപറിച്ചും പിരിഞ്ഞുപോയ
എൻ്റെ മുത്തശ്ശിമാരെകുറിച്ച്…

ഹൃദയം പകുത്ത് നിനക്ക് കാണിക്കവച്ച
എൻ്റെ പിതൃക്കളെക്കുറിച്ച്…

നിൻ്റെ കരളുനനച്ച്
ഉടലിലൂടൊഴുകുന്ന ഓരോ അഭിഷേകചാർത്തിലും
എൻ്റെ കണ്ണുനീരുണ്ട്.

ഒരിക്കൽ കാടിൻ്റെ കണ്ണുപൊട്ടിച്ച്
തിരുത്തിയെഴുതിയ
നിൻ്റെ കഷ്ടജാതകം.

നിനക്ക് വ്രതം നോറ്റു സൂക്ഷിച്ച
ഉടൽദാഹമാണെൻ്റെ ചോര

പൊള്ളുന്ന ഗംഗയിൽ
ഞങ്ങൾ കാത്തുസൂക്ഷിച്ച നീരരുവികൾ
ഹൃദയത്തിൽ നിന്നടർത്തിമാറ്റി പടിയിറക്കുമ്പോൾ
നീ ഓർക്കണം,
നിൻ്റെ ഉടൽ ദാനങ്ങൾ എനിക്ക് വേണ്ടെന്ന്…

നിൻ്റെ കാവലാളുകൾ
വലം കാലുകൊണ്ടെന്നെ ചവിട്ടിയരക്കുമ്പോൾ
നീ ഓർക്കണം,
നിനക്ക് വ്രതം നോക്കിയിരുന്ന
എൻ്റെ നിരാലംബ രാത്രികളെക്കുറിച്ച്…

നിനക്ക് നെയ്‌ത്തേങ്ങ നിറച്ച
എൻ്റെ ഭാരിച്ച ഇരുമുടിക്കെട്ടിനെക്കുറിച്ച്…

നിൻ്റെ നിഴലിൻ്റെ ബ്രഹ്മചര്യം കാത്ത വാതിലുകളടച്ച്,
ഉള്ളിലെ രക്തച്ചരടുകൾ മുറിച്ച്,
വേദന കരഞ്ഞു തോർത്തിയ എൻ്റെ ഏഴ് ദിനരാത്രങ്ങളെക്കുറിച്ച്…

നീയറിഞ്ഞോ…?

ഉൾമുറിവുകളുടെ രക്തപ്പാടുകളിൽ
ചതവുപറ്റിയ എൻ്റെ സ്വപ്നങ്ങളുണ്ട്.

ഇതളരച്ചു പോയ എൻ്റെ നൂറ്റൊന്നു കുഞ്ഞുങ്ങളുടെ
വിരൽപാടുകളുണ്ട്.

ആസക്തിയുടെ സ്‌ഖലനബോധങ്ങളിൽ
നിനക്ക് ഞാനൊരു തിരുമുറിവെങ്കിൽ
യാത്രപറയാതെ പടിയിറങ്ങുന്നു ഞാൻ…

ഇപ്പോൾ നമുക്കിടയിലൊരു യുദ്ധമുണ്ട്,
സ്നേഹങ്ങളുടെയും വിലക്കുകളുടെയും
ദ്വന്ദയുദ്ധം.

കലാപത്തിൻ്റെ തോന്ന്യാസ്ത്രങ്ങൾ
ഈ ക്ഷേത്ര സ്ഥലിയിൽ
നിനക്കൊരു ശരശയ്യതീർക്കുമ്പോൾ
വെന്തുരുകുന്നു നിൻ്റെ ഭീഷ്മജാതകം.

പിൻവിളി വിളിക്കരുത്…

കരുണയുടെ ഭിക്ഷാപാത്രങ്ങളുമായി
നിൻ്റെ നടവഴികളിൽ തലകുനിക്കില്ല ഞങ്ങൾ.

ഇനി യാത്രയാണ്…

സ്നേഹങ്ങളുടെ,
സ്വപ്നങ്ങളുടെ,
സാക്ഷാൽക്കാരങ്ങളുടെ,
നടപ്പാതയിലൂടെ
ഒരു തീർത്ഥയാത്ര.

—–

ഡോ. രഞ്ജി പി. ആനന്ദ് BHMS,
മെഡിക്കൽ ഓഫീസർ,
പാലക്കാട്.
E mail – drrenjikumar@gmail.com

3 Comments

Leave a Reply

Your email address will not be published.


*