സിദ്ധവൈദ്യമെന്ന കാലാന്തര വൈദ്യശാസ്ത്രം

ഭാരതീയ ചികിത്സാ ശാസ്ത്രങ്ങളിൽ രോഗനിർണയ രീതികളിലും, ഔഷധ പ്രയോഗങ്ങളിലും തനത് ശൈലി പുലർത്തിവരുന്ന വൈദ്യശാസ്ത്രമാണ് സിദ്ധവൈദ്യം. ലോകത്തിലെ ഏറ്റവും പ്രാചീനവും, ദക്ഷിണ ഭാരതത്തിൽ നിന്നും ഉത്ഭവിച്ച ഏക വൈദ്യശാസ്ത്രവുമായ സിദ്ധവൈദ്യം മറ്റു വൈദ്യശാസ്ത്രങ്ങളിൽ നിന്നും വത്യസ്തമാകുന്നത് മാരകരോഗങ്ങൾക്കുള്ള ഏറ്റവും ചിലവുകുറഞ്ഞ ഫലപ്രദമായ ചികിത്സയിലൂടെയാണ്.

ക്യാൻസർ, കടുത്ത വാതരോഗങ്ങൾ, സോറിയാസിസ്, കരപ്പൻ അടക്കമുള്ള വിവിധ ശ്രേണിയിൽ പെടുന്ന ചർമരോഗങ്ങൾ, PCOS, ഗർഭാശയ മുഴകൾ, അസ്ഥി മജ്ജ സംബന്ധിച്ച വിവിധ രോഗങ്ങൾ, കടുത്തതും കാലപ്പഴക്കം ചെന്നതുമായ ആർത്രൈറ്റിസ്, സ്പോണ്ടിലോസിസ്, പക്ഷാഘാതം , ആസ്ത്മ തുടങ്ങിയവയെല്ലാം ഫലപ്രദമായി നേരിടുന്നതിന് സിദ്ധമരുന്നുകൾ മികച്ച ഔഷധങ്ങളാണ്.

സിദ്ധവൈദ്യത്തിൽ രോഗനിർണയത്തിലും ചികിത്സയിലും തനത് രീതികളുണ്ട്, ഈ വ്യത്യസ്തതകളാണ് സിദ്ധവൈദ്യത്തെ മറ്റു വൈദ്യശാസ്ത്രങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നത്. രോഗനിർണയ രീതികളായ നാഡീപരീക്ഷ, മൂത്ര പരിശോധന രീതികളായ നീർകുറി നെയ്‌കുറി, കൈകളിലെ മണിബന്ധനത്തിൻറെ അളവുപയോഗിച്ച് രോഗത്തിന്റെ കാഠിന്യവും മരണകുറിയും അളക്കുന്ന മണികടൈനൂൽ, കഠിനമായ രോഗങ്ങൾക്കുളള അറ്റകൈപ്രയോഗങ്ങളായ വർമ്മ ഇളക്കുമുറൈ അടങ്കലുകൾ (മർമ്മ പ്രയോഗം), കഠിന സന്ധിരോഗങ്ങൾക്കായുള്ള വിശേഷ തൊക്കണ തടവ് മുറകൾ, നാഡീ രോഗങ്ങൾക്കായുള്ള ഇടകല പിൻകല തടവ് രീതികൾ, സിദ്ധവൈദ്യത്തിലെ വിശേഷ രീതികളായ അഷ്ടാംഗയോഗ, കുണ്ഡലീനി യോഗ, പതഞ്‌ജലി യോഗ എന്നിവയെല്ലാം രോഗിയുടെ രോഗനില അനുസരിച് ചികിത്സക്കായി ഉപയോഗപ്പെടുത്തുന്നു.

ഔഷധപ്രയോഗങ്ങളിൽ സിദ്ധവൈദ്യത്തിലെ അകമരുന്നുകൾ ലോകശ്രദ്ധ ആകർഷിച്ചവയാണ്. ലഘുമരുന്നുകളായ കുടിനീർ, ചൂർണം, തീനീർ, മാതിരൈ എന്നിവയിൽ തുടങ്ങി കഠിന രോഗാവസ്ഥയ്ക്കുള്ള നീറ്റു മരുന്നുകളായ പർപ്പങ്ങൾ, ചെന്ദൂരങ്ങൾ, കറുപ്പ് മുതലായവയും ശക്തിയേറിയ മരുന്നുകളായ കട്ട്, കളങ്, മേഴുക്, ഗുരുഗുളിഗ തുടങ്ങിയവയും ശാസ്ത്രീയമായി തയ്യാറാക്കുന്ന വിധം ആറു ലക്ഷത്തിൽ പരം വരുന്ന തമിഴ് ലിഖിതമായ സിദ്ധവൈദ്യ മൂലഗ്രന്ഥങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്, ഇവയെല്ലാം ഇന്നും അതിന്റെ തനിമചോരാതെ പാരമ്പര്യ വിധിപ്രകാരം തികച്ചും ശാസ്ത്രീയവും പാർശ്വ ഫലങ്ങളില്ലാതെയും നിർമിച്ചുപോരുന്നുണ്ട്.

32 തരം അകമരുന്നുകളും പുറമരുന്നുകളും ചേർന്ന് 64 തരത്തിലുള്ള ഔഷധപ്രയോഗ രീതികളാണ് സിദ്ധവൈദ്യത്തിൽ വിവരിച്ചിരിക്കുന്നത്. മനുഷ്യരാശിക്ക് വരുന്നതും വന്നതും വരാനിരിക്കുന്നതുമായ രോഗങ്ങളെ ക്രോഡീകരിച് അവ 4448 എണ്ണമായി സിദ്ധവൈദ്യ ആചാര്യന്മാരായ 18 സിദ്ധന്മാർ ക്രമപ്പെടുത്തിയിരിക്കുന്നു. ഇവക്കെല്ലാം മേല്പറഞ്ഞ 64 തരം പ്രയോഗങ്ങളിൽ പ്രതിവിധിയും കൽപ്പിച്ചിരിക്കുന്നു എന്നതാണ് ദീർഘദർശിതത്വത്തിൽ അധിഷ്ഠിതമായ സിദ്ധവൈദ്യമെന്ന കാലാന്തര വൈദ്യശാസ്ത്രത്തിന്റെയും പതിനെട്ട് സിദ്ധന്മാർ എന്ന ജ്ഞാനികളായ ഋഷിവര്യന്മാരുടെ മഹത്വവും പ്രസക്തിയും.

…..

ഡോ. ഷാബേൽ പി.വി. BSMS
അഡീഷണൽ മെഡിക്കൽ ഓഫീസർ,
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
PH – 7012386141
Email – drshabel@gmail.com

22 Comments

Leave a Reply

Your email address will not be published.


*