സ്ത്രീ ഒരു ഉടലാണ്…

സമർപ്പണം:
ഇന്നലെ കണ്ട ഒരു മഴത്തുള്ളിക്ക്…

സ്ത്രീ ഒരു ഉടലാണ്…

ഉടലു കക്കുന്നവനും
ഉടലു കാക്കുന്നവനും
മറന്നുപോകുന്ന രക്തസാക്ഷി.

അടിച്ചമർത്തപ്പെട്ടവരുടെ
കണ്ണീർ തിളക്കുന്നത്
അടുക്കളയിലെരിയുന്ന
അടുപ്പുകളിലാണ്.

വെന്തുവാർക്കുന്ന
കണ്ണീരിൽ കുതിരുന്നത്
കിടപ്പറകളിലെ
പരുക്കൻ തലയിണകളാണ്.

എരിഞ്ഞ മോഹങ്ങൾക്കും
മൗനത്തിൻ്റെ കരിങ്കൽ ഭിത്തികൾക്കും
ഇടക്ക്,
നീ എൻ്റെ മനഃസാക്ഷിയാണ്.

ഞാൻ നടന്നു തീർത്ത ദൂരങ്ങളത്രയും
നീയും നടന്നുതീർക്കണം.

എനിക്കും നിനക്കുമിടയിൽ
സമവാക്യങ്ങളുണ്ട്.

നമുക്ക് പൂരിപ്പിക്കുവാൻ
സമസ്യകളുണ്ട്.

കഷ്ടജാതകത്തിൻ്റെ ശേഷപത്രങ്ങൾ.

സ്ത്രീ ഒരു ഉടലാണ്…

—–

ഡോ. രഞ്ജി പി. ആനന്ദ് BHMS,
മെഡിക്കൽ ഓഫീസർ,
പാലക്കാട്.
E mail – drrenjikumar@gmail.com

Be the first to comment

Leave a Reply

Your email address will not be published.


*