ഹിമവാൻ്റെ മടിത്തട്ടിലേക്കൊരു യാത്ര

ദൈവസാന്ദ്രമായ മലനിരകളിൽ എന്നോട് ഞാൻ തന്നെ പറഞ്ഞുതുടങ്ങുന്നു…

ഈ യാത്ര നേരത്തെ ആഗ്രഹിച്ച്‌ തീരുമാനിച്ചു വച്ചിരുന്നതായിരുന്നെങ്കിലും
വീടും നാടും പ്രളയത്തിൽ നിൽമ്പോൾ യാത്ര എങ്ങനെ എന്ന ആശങ്ക.!!!
ഡിസ്പെൻസറി, സദ്ഗമയ, മഴ, പ്രളയം, റിലീഫ്‌ ക്യാമ്പ്‌…
അതിലേറെ, യാത്ര പോകാനുദ്ദേശിക്കുന്ന ഉത്തരാഖണ്ഡിലും മഴയും പ്രളയവും മണ്ണൊലിപ്പുമാണെന്ന വാർത്തകൾ…
സംഘർഷങ്ങളുടെ തിരമാലകൾ തിങ്ങി നിറഞ്ഞ മനസ്സ്‌…

എന്നാൽ യാത്രയ്ക്ക്‌ വേണ്ടി ഒരുങ്ങിയ അമ്മുവിൻ്റെ ആഹ്‌ളാദത്തിമിർപ്പും അതിലേറെ, യാത്ര 4300 മീറ്റർ ഉയരെ തുംഗനാഥും, 4600 മീറ്റർ ഉയരെ വാലി ഓഫ്‌ ഫ്ളവേഴ്‌സുമൊക്കെ ആണെന്ന ഹരവും കൊണ്ട്‌ ‌ സമയത്ത്‌ ഫ്ളൈറ്റ്‌ ഉണ്ടെങ്കിൽ പോവുക എന്നൊരു തീരുമാനത്തിലേക്കെത്തി. ശാരീരിക പ്രതിസന്ധികൾക്കിടയിലും ആശുപത്രിയിലെ ഡ്യൂട്ടി തിരക്കിനിടയിലും ആയിരുന്നിട്ടുകൂടി എന്റെയൊപ്പം ഒരു യാത്ര ആഗ്രഹിച്ച രത്നചേച്ചിയെയും (ഡോ.രത്നകുമാരി) കൂടെക്കൂട്ടി.

ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിൽ നിന്നും കഴിഞ്ഞ തവണ പോയപ്പോൾ കിട്ടിയ സുഹൃത്തായ ഡ്രൈവർ ആസാദിൻ്റെ തന്നെ വണ്ടിയിൽ ഞങ്ങൾ അമ്മു അടക്കം 7 പേർ…
ആദ്യതാവളം ഹരിദ്വാറിൽ നിന്നും ഋഷികേശ്, ദേവപ്രയാഗ് വഴി 260 km അകലെ ഗുപ്തകാശി. അവിടെക്കും കേദാറിലേക്കും ഉള്ള വഴി മുഴുവനായും തകർന്നിരിക്കുന്നു.
റോഡിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ….!!!!
എന്നുമെപ്പോഴും ഉരുൾപൊട്ടലുകളുള്ള  ഹിമാലയ വഴികളെങ്കിലും ധൃതി കൂട്ടാതെ വിട്ട് വിട്ട് അകലം പാലിച്ചു നിർത്തിയും കല്ലുകൾ വീഴുന്നതു ശ്രദ്ധിച്ചും പരസ്പരം സഹായിച്ച് വണ്ടിക്കാർ!.!

ആസാദ്‌ സമാധാനിപ്പിച്ചു.

“ബാസ്‌വാഡയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് മയാലി മലയിടുക്കുകളിലെ “വാസു കേദാർ” ഗ്രാമങ്ങളിലൂടെ 30 കിലോമീറ്ററിലധികം യാത്ര ചെയ്ത്‌ ഗുപ്തകാശി എത്തിക്കാം. ഗുപതകാശിയിൽ നിന്നും അങ്ങു ദൂരെ കേദാർ മലനിരകൾ. ഓരോരോ കാലാവസ്ഥയിൽ മലനിരകൾക്ക്‌ ഓരോരോ നിറങ്ങളാണ്. കഴിഞ്ഞ നവംബറിൽ മഞ്ഞു മൂടിയ മലനിരകളായിരുന്നെങ്കിൽ, മഴയിൽ പച്ചപ്പ്‌ നിറഞ്ഞു ‌ കോട പുതച്ച്‌ നിൽക്കുന്ന ‌ സുന്ദരി!!! മണ്ണിടിച്ചിൽ കാരണം കേദാർനാഥ് വഴി അടഞ്ഞു കിടക്കുന്നു. അവിടെ നിന്നും രാവിലേ ഇൻഡ്യയിലെ സ്വിറ്റ്സർലാൻഡ്‌ എന്നറിയപ്പെടുന്ന ചമൊലി ജില്ലയിലെ ചൊപ്ത ഗ്രാമത്തിൽ നിന്നും 9 കിലോമീറ്റർ മുകളിലേക്ക്‌ ട്രക്കിംഗ്‌ ചെയ്ത്‌ തുംഗനാഥ്‌…”

പഞ്ചകേദാരങ്ങളിൽ മുഖ്യമായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രം..! 4300 മീറ്റർ ഉയരത്തിൽ..! അവിടുന്നും 2 കിലോമീറ്റർ മുകളിൽ ചന്ദ്രശില. ഹിമാലയ ശിവാലിക്‌ മലനിരകളുടെ ഏറ്റവും ഉയരത്തിലുള്ള ഒരു മുനമ്പ്. പ്രകൃതിയുടെ അത്ഭുതമാം അനന്തവിഹായസ്സിന്റെ മുന്നിൽ ആശ്ചര്യപ്പെട്ട്‌ വാക്കുകളില്ലാതായ ഞാൻ…!!!
പിറ്റേന്ന് പുലർച്ചെ ചന്ദ്രശിലയുടെ നിർവൃതിയിൽ നിന്നും മനസ്സ്‌ അടർത്താതെ തന്നെ മൻഡൽ വഴി ഗോപേശ്വറിലേക്ക്‌…

പഞ്ചകേദാറായ രുദ്രനാഥിൻ്റെ വിഗ്രഹം 6 മാസത്തേക്ക്‌ കൊണ്ടുവെയ്ക്കുന്നത്‌ ഗോപേശ്വറിലാണ്. അവിടുന്ന് ഹലൻ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ കൽപേശ്വറിലേക്ക്‌..! പക്ഷെ ഒന്നു രണ്ടു കിലോമിറ്റർ കഴിഞ്ഞതോടെ വഴി വലിയ വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞതായി. ആകെ ഒന്നര മീറ്റർ വീതിയുള്ള വഴിയിലൂടെ ഞങ്ങളുടെ xyloയിലുള്ള യാത്ര സുരക്ഷയല്ല എന്നു ഡ്രൈവർ..! 4 വീൽ വാഹനം വേണം. ആ ഉദ്യമം അവിടെ ഉപേക്ഷിച്ചു നേരെ ജോഷിമട്ട്‌.

അവിടുന്ന് 16 കിലോമീറ്റർ മുകളിലേക്ക്‌ ഔലി – അവിടെയാണ് Indian institute of mountaineering and skewing. റോപ്പ് വേയിലൂടെ മുകളിൽ എത്തിയാൽ ഒരു തടാകം, ചുറ്റും തട്ടു തട്ടായി മലനിരകൾ. മഞ്ഞുകാലമാണു ഇവിടുത്തെ സീസൺ. നിറയെ കായ്ച്ചുനിൽക്കുന്ന ആപ്പിൾത്തോട്ടങ്ങൾ കൊണ്ട് സമൃദ്ധമാണവിടം.

3 മണിയോടെ ഔലിയിൽ നിന്നും മടങ്ങി ഗോവിന്ദ്‌ഘട്ടിൽ എത്തി. ഗോവിന്ദ്‌ഘട്ടിൽ നിന്നുമാണു വാലി ഓഫ് ഫ്ളവേഴ്സിലേക്ക് പോകുന്നത്‌.

ഗോവിന്ദ്‌ഘട്ട്‌ – ആർത്തലച്ചു വരുന്ന അളകനന്ദയുടെ തീരത്ത്‌ ഒരു കൊച്ചു ടൗൺ. സിഖ് മതക്കാരുടെ ഒരു ഗുരുദ്വാര. രാത്രിയിൽ ആ മെഹ്ഫിൽ നിന്നും ഉയരുന്ന മനോഹരമായ ഗസൽ…

ഗുരുദ്വാരയിൽ നിന്നും 4 കിലോമീറ്റർ ജീപ്പിൽ പുൽന ഗ്രാമത്തിലെത്താം. അവിടെ നിന്നും നേരത്തെ കരാർ ഉറപ്പിച്ച കുതിരകളിൽ കയറി 12 കിലോമിറ്റർ മുകളിലുള്ള ഗഗറിയ ഗ്രാമത്തിലെക്ക്‌..! 12 കിലോമീറ്റർ ചെങ്കുത്തായ കയറ്റങ്ങൾ, ഒരു വശത്ത്‌ കുത്തിയൊലിച്ച്‌ ഒഴുകുന്ന വരുന്ന പുഷ്പവതി നദി, ആ കുതിരപ്പുറത്തുള്ള യാത്ര. ജീവനിൽ കൊതിയുള്ള ഏതൊരാൾക്കും ഒരു നിമിഷമെങ്കിലും പ്രകൃതി എന്നൊരു പരമശക്തിയെ വിളിക്കാതിരിക്കാൻ പറ്റില്ല.

ഗഗറിയയിൽ നിന്നും ഒരു കിലോമീറ്റർ കൂടി കുതിര കൊണ്ടുവിട്ടു …! വാലി ഓഫ്‌ ഫ്ലവേഴ്‌സിന്റെ ഗേറ്റിൽ ID കാണിച്ച്‌ മുകളിലേക്ക്‌… നടന്ന് കയറണം, 5 കിലോമീറ്റർ വാലിയിലെത്താൻ..! 10 .30നു നടന്നുതുടങ്ങി… പൂക്കൾ നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ… ആകാശത്ത്‌ നിന്നും കോട താഴെയിറങ്ങുന്നു..! മുകളിൽ മഴ തുടങ്ങിയ ലക്ഷണം. പുഷ്പവതി നദി രൗദ്രതാളത്തിൽ ഉറഞ്ഞുതുള്ളി ഒഴുകുന്നു, മുകളിലേക്ക്‌ പോകുന്തോറും വാലിയിൽ എത്താൻ പുഷ്പവതി നദി അഞ്ചു തവണ മുറിച്ചു കടക്കണം!!! 4 കിലോമീറ്റർ കയറ്റം കഴിഞ്ഞതും അമ്മു തളർന്നുതുടങ്ങി. ഒരു ബോട്ടിൽ വെള്ളവും കുറച്ച്‌ ചോക്ലേറ്റും മാത്രമാണു കയ്യിൽ. അവളെ എടുത്ത്‌ നടക്കൽ സാധ്യമല്ലന്ന് ഉറപ്പ്‌.. തിരിച്ച്‌ പോവാൻ മനസൊട്ട് സമ്മതിക്കുന്നുമില്ല.

ശങ്കിച്ച്‌ നിൽക്കുമ്പോൾ മുകളിൽ നിന്നും കാലിക്കൊട്ടയുമായി ‘പിട്ടുവാല’ (കൊട്ടയിൽ ആളുകളെ ചുമലിൽ മലമുകളിലേക്ക്‌ എടുക്കുന്നവരെ വിളിക്കുന്ന പേര്). അമ്മുവിനെ അവരെ എൽപ്പിച്ചു ഒരു സൈഡ് 1500/ – രൂപ. അത്തരം ദുർഘടം പിടിച്ച കയറ്റത്തിൽ, വെറും കാട്ടിൽ, കോരിച്ചൊരിയുന്ന മഴയിൽ അതൊന്നും അധികമേ അല്ല. അന്തരീക്ഷത്തിലെ ഓക്സിജൻ വളരെ കുറവാണ്. ഓരോ  10 മീറ്ററിലും Sharp & Steep ഹെയർപിൻ വളവുകൾ. പിടിച്ച് കയറണം. ശ്വാസം കിട്ടാതെ പോവുന്നു. ഒരു കിലോമിറ്റർ കൂടി.

വാലിയിലേക്ക്‌ അധികമൊന്നും സന്ദർശകരില്ല. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ, ഗവേഷകർ, ട്രക്കേഴ്സ് ഒക്കെയാണു കൂടുതലും. അങ്ങനെ മടങ്ങുന്നവർ പ്രചോദനമായി.

ഇനി 500 മീറ്റർ നേരെ നടന്നാൽ മതി വാലിയിലേക്ക്‌. അപ്പോഴേക്കും മഴ കനത്തിരുന്നു. കൊടുംതണുപ്പും കാറ്റും. മുകളിലെ നദിയിലെ ഒഴുക്ക്‌ കൂടിയാൽ തിരിച്ച്‌ 5 കിലോമിറ്റർ കുന്നിറങ്ങണം. ഓർക്കുമ്പോൾ ഉൾക്കിടിലം. എന്നാലും വാലിയിലേക്ക്‌…

1.5 മീറ്റർ നീളത്തിൽ ഒരു വലിയപാറ മാത്രമാണു ആകെ ഒരു ഷെൽട്ടർ. ഒരു പക്ഷെ സോഷ്യലിസവും സമത്വവും സ്നേഹവും നേരിട്ടനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ! കോടയിലും കോരിച്ചൊരിയുന്ന മഴയിലും കേറിനിൽക്കാൻ ആകെ ഒരു പാറയുടെ അടിഭാഗം! ആകെ 10 -15 സന്ദർശകർ, 7-8 പിട്ടുവാലകൾ. എല്ലാവരും തണുത്ത്‌ മരവിച്ച്‌, വിശന്ന് തളർന്നിരിക്കുന്നു. എന്റെ കയ്യിൽ അമ്മുവിനു കരുതിയ ഇത്തിരി ഇഞ്ചിമുട്ടായിയും അണ്ടിപ്പരിപ്പും എല്ലാവരും ആവേശത്തോടെ ഒരുപോലെ കഴിച്ചു. ആരോ പുഴയിൽ നിന്നും കരുതിയ ഇത്തിരി വെള്ളം കുടിച്ചു. തണുത്ത്‌ വിറച്ചവർ, പിട്ടുവാലയുടെ മുഷിഞ്ഞ കമ്പിളിപ്പുതപ്പിൽ ചുരുണ്ടും തുടച്ചും… ദേശഭേദമില്ല, നിറവ്യത്യാസങ്ങളില്ല, ജാതിയില്ല, മതമില്ല. ജീവൻ്റെ കരുതലും സ്നേഹവും മാത്രം. കയ്യിൽ ബാക്കി വന്ന ഒരു നുള്ള്‌ ഇഞ്ചിമുട്ടായി പിന്നീട് കഴിക്കാൻ പിട്ടുവിന്റെ ഉള്ളിലേക്ക്‌ തിരുകി സൂക്ഷിച്ച അയാളുടെ കണ്ണിലെ വിശപ്പിൻ്റെ ദൈന്യത!

ഇനി പാറയ്ക്കപ്പുറത്തെ കാഴ്ച്ച അക്ഷരങ്ങളിലേക്ക്‌ പകർത്താൻ ഞാൻ അശക്തയാണ്. കോടയും മഴയും കാരണം അമ്മു തണുത്ത്‌ മരവിച്ചിരുന്നു. ആ ടെൻഷനിൽ ഫോട്ടോ എടുക്കൽ അധികം സാധ്യമായില്ല. ആ പാറയിൽ നിന്നും 3 km വീണ്ടും നടന്നാൽ 4600 മീറ്റർ മുകളിൽ മാത്രം കാണുന്ന അതിവിരളവും വൈവിധ്യങ്ങൾ നിറഞ്ഞതുമായ പൂക്കൾ. ഒരായിരം കോടി പൂക്കളുടെ താഴ്‌വര.

തിരിച്ച്‌ ഗഗാരിയയിലേക്ക്‌ തിരിച്ചിറക്കം – ശക്തമായ മഴ, നിറഞ്ഞ പുഴ കടക്കൽ ബുദ്ധിമുട്ടും എന്നു പറഞ്ഞു അമ്മുവിനെ പിട്ടുവേറ്റി അയാൾ സ്പീഡിൽ താഴേക്ക്. പിന്നാലെ ഞാനും. സമയം 2 കഴിഞ്ഞിരുന്നു. ഭക്ഷണം ഒന്നും ഇല്ലാതിരുന്നതിനാൽ അവൾ ഉറങ്ങിത്തുടങ്ങിയിരുന്നു . ശക്തമായ മഴ, പുഴയിലെ വെള്ളൊഴുക്കിൽ എവിടെ കാലു വയ്ക്കും എന്നാലോചിച്ചു ഒന്നു രണ്ടു നിമിഷങ്ങൾ …..അപ്പൊഴെക്കും പിട്ടുവാല അമ്മുവിനെയും കൊണ്ട്‌ പെട്ടന്ന് അപ്രത്യക്ഷനായി . നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. കൂർത്ത കരിങ്കല്ലു നിറഞ്ഞ ഒറ്റയടി പാതയിൽ നിന്നോ മറ്റോ അയാളുടെ കാലിടറിയാൽ… പിന്നെ 4-5 കിലോമീറ്റർ താഴേക്ക്‌ സർവ്വശക്തിയുമെടുത്ത്‌ ഒരോട്ടമായിരുന്നു; ചെങ്കുത്തായ കരിങ്കൽ നിറഞ്ഞ വഴിയിലൂടെ. ചില അനുഭവങ്ങൾ ഹൃദയത്തിൽ നിറക്കുന്ന വിഹ്വലതകൾ പറഞ്ഞറിയിക്കാൻ വയ്യ. താഴെ ഗേറ്റിൽ അമ്മുവിനെയും കൊണ്ട്‌ പിട്ടുവാല ശാന്തനായി നിൽക്കുന്നത്‌ കണ്ടപ്പോൾ കണ്ണു നിറഞ്ഞു.

ഞാൻ മുഴുവനും മഴയിൽ നനഞ്ഞു കുതിർന്നിരുന്നു. റൂമിൽ എത്തിയപ്പോഴേക്കും
ശർമ്മിക്കു വീണ്ടും ശക്തമായ വിറയൽ, പനി, ചർദ്ദി – ബി പി വല്ലാതെ കുറഞ്ഞിരിക്കുന്നു. കയ്യിൽ കരുതിയ മരുന്നുകൾ കൊടുത്ത്‌ കിടത്തി. ഹേംകുണ്ഡ് സാഹിബിലേക്കും ഇതുപോലെ 6-7 കിലോമീറ്റർ കുതിരപ്പുറത്തു പോകണം. പനിയും ചുമയും ശക്തമാവുമോയെന്ന് പേടിച്ചും അമ്മുവിനു ക്ഷീണമാവുമോയെന്നു ശങ്കിച്ചും പിറ്റേന്ന് രാവിലെ ഹേംകുണ്ഡ് ഉപേക്ഷിച്ച്‌ ഹെലികോപ്റ്ററിൽ ഗൊവിന്ദഘട്ടിലേക്ക്‌ മടങ്ങി. അതുകൊണ്ട്‌ അന്നുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽനിന്നും രക്ഷപെട്ടു. റോഡിൽ തുടർച്ചയായ മണ്ണിടിച്ചിലിൽ ദുഷ്കരമായിരുന്നെങ്കിലും ഡ്രൈവർ ആസാദിൻ്റെ മിടുക്കിൽ ഒരുപാട്‌ അധികം കിലോമീറ്റർ ഉൾഗ്രാമങ്ങളിലൂടെ ഓടി ഭദ്രമായി ഋഷികേശിൽ എത്തിച്ചു . ഋഷികേശിലെ കൊവിലൂർമട്ടിൽ താമസിക്കാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്‌. എന്നാൽ ബദരി / ചമൊലി ജില്ലയുടെ മുകളിൽ ഉണ്ടായ മഴയിൽ ഗംഗ പിന്നിലൂടെ കവിഞ്ഞൊഴുകുന്നു. കൂടെ ചാനൽ ന്യൂസ്‌, വീട്ടുകാരുടെ ഫോൺ വിളികൾ… അവിടെ പെട്ട്‌ പോവുമോയെന്നു ഭയന്നും, ആശങ്കകളിൽ നിറഞ്ഞും പിന്നെ നേരെ ഹരിദ്വാറിലേക്ക്‌ വിട്ടു.

ഗഗാറിയ ഗ്രാമം -ഹിമപർവതങ്ങളാൽ ചുറ്റപ്പെട്ട്‌ പൈൻ മരങ്ങൾ നിറഞ്ഞ പ്രകൃതി മനോഹരമായ ഒരു കൊച്ച് ടൗൺ . ഒരു ഹെലിപ്പാഡ്, ഒരു ഗുരുദ്വാര, താമസിക്കാൻ ഒന്നു രണ്ടു ഹോട്ടൽ, കഞ്ചാവും ഹുക്കയും വലിച്ചിരിക്കുന്ന കുതിരക്കാരും പിട്ടുവാലകളും. എങ്കിലും യാത്രാക്കാരുടെ ജീവൻ ഇവരുടെ കൈകളിലും, കാലടികളിലും ഭദ്രം.

മഞ്ഞിനോടും മലകളോടും ഭ്രമം ഉണ്ടായിരുന്നെങ്കിലും ഹിമാലയം സ്വപ്നം മാത്രമായിരുന്നു. ധൈര്യം പകർന്ന ഗുരുക്കൻമാർ – പത്മനാഭൻ സാർ, ഗുരുത്വം നിറഞ്ഞ ചില സൗഹൃദങ്ങൾ, അവർ പറഞ്ഞു കേട്ടറിഞ്ഞ വായനകൾ, RMO പോസ്റ്റിനൊക്കെ അലഞ്ഞ കാലത്ത്‌ ആലപ്പുഴയിലെ ഡോക്ടർ ശ്രീരാജ്‌ പ്രഭുവിൻ്റെ ഗോമുഖ് യാത്രാനുഭവങ്ങൾ കേട്ടറിഞ്ഞത്, റിസർച്ച്‌ വർക്കിൻ്റെ  ഇടവേളകളിൽ ഹരിദ്വാർ, ഹിമാലയം, മെഡിറ്റെഷൻ, മൗനം ഒക്കെയും പറഞ്ഞ ഹരിലാൽ ഡോക്ടർ,‌ ഷൗക്കത്തിൻ്റെയും ശ്രീ ഏം-ൻ്റെയും പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ ഹിമാലയം, മ്യൂസിക്‌ ക്ലാസ്സ്‌  – ശ്രീജയൻ മാഷുടെ കീർത്തനങ്ങളിലൂടെ ആദിശങ്കരനും ദീക്ഷിതരും നടന്ന ഹിമാലയ വഴികളോട് തോന്നിയ ആരാധന, തുംഗനാഥ് യാത്രാനുഭവം പറഞ്ഞ PHF ലെ ഡോ.രാഹുൽ, ആദ്യമായി ഇതെല്ലാം നേരിട്ട്‌ കാണാൻ വഴിയൊരുക്കിയ കഴിഞ്ഞ വർഷത്തെ ഹിമാലയ-ചാർദ്ധാം യാത്രാചേച്ചിമാർ, പ്രിയപ്പെട്ട ഷർമി, അതുപോലെ എൻ്റെ ആഗ്രഹങ്ങൾക്ക്‌ എതിരില്ലാത്ത കുടുംബാംഗങ്ങൾ…

നിമിഷംപ്രതി രൂപവും ഭാവവും മാറുന്ന ഹിമാലയത്തിലെ കാലാവസ്ഥ പോലെയാണ് എൻ്റെ മനസ്സ് (changability). എന്നാൽ ഒരിക്കലും മടുക്കാതെ ചേർത്ത്‌ പിടിച്ച്‌ കൂടെ കൂട്ടി വഴി തെളിക്കുന്ന “ജി”യും അമ്മുവും… ജീവിതം ധന്യം!!!
ഹിമവാൻ്റെ മടിത്തട്ട് അനുഭവിക്കാൻ അനുഗ്രഹമുണ്ടായതിനു ഈശ്വരനു ഒരു കോടി പ്രണാമം.

 

—–

 

ഡോ. അനീന പി. ത്യാഗരാജ്

(കേരള സംസ്ഥാന ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസറാണ് കണ്ണൂർ സ്വദേശിനിയായ ലേഖിക. കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പഠനകാലത്ത് കാലിക്കറ്റ് സർവകലാശാല നാഷണൽ സർവീസ് സ്‌കീമിന്റെ പഠനയാത്രയുടെ ഭാഗമായി 10 വിദ്യാർത്ഥിനികളെ നയിച്ച് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചതോടെ യാത്രകളെ സ്നേഹിച്ചുതുടങ്ങി. ആതുര സേവനത്തോടൊപ്പം സംഗീതം, നൃത്തം, അഭിനയം തുടങ്ങി പല മേഖലകളിൽ കൈവെച്ചെങ്കിലും യാത്രകളോടും – പ്രത്യേകിച്ചും ഉത്തരേന്ത്യൻ യാത്രകൾ – അവയെക്കുറിച്ച് എഴുതുന്നതിനോടും ഉള്ള അഭിനിവേശം ഒരിക്കലും മാറ്റിവെക്കാറില്ല. റിസർച്ച് ഇൻ ഹോമിയോപ്പതിയിലൂടെ അക്കാദമിക് രംഗത്തും പ്രോഗ്രസീവ് ഹോമിയോപ്പത്സ് ഫോറം ട്രസ്റ്റിലൂടെ സേവനരംഗത്തും സജീവമാണ്.)

Be the first to comment

Leave a Reply

Your email address will not be published.


*