”ഹോമിയോപ്പതി ഔഷധ നയം”

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ഇന്റർനാഷണൽ ആയുഷ് കോൺക്ളേവ് നടത്തപ്പെടുകയാണല്ലോ. ആയുഷ് സിസ്റ്റങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരിക്കും ഫെബ്രുവരി രണ്ടാം വാരം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചു നടത്തപ്പെടുന്ന കോൺക്ളേവ് എന്നത് നിസ്സംശയം ഉറപ്പിക്കാം. ഒരു കോൺക്ളേവിലൂടെ പൊതുജനങ്ങള്‍ക്കു ആയുഷ് സിസ്റ്റങ്ങളെ അടുത്തറിയുവാന്‍ സാധിക്കും എന്നതിലുപരിയായി കേന്ദ്ര സംസ്ഥാന ഗവര്‍മെന്‍റുകളെക്കൊണ്ടു നയപരമായ തീരുമാനങ്ങള്‍ എടുപ്പിക്കുവാന്‍ ഉള്ള വേദി കൂടിയാകണം ഈ കോൺക്ളേവ്.

കേരളത്തിലാണ് ഹോമിയോപ്പതിമരുന്നുകളുടെ അഞ്ചിലൊന്ന് വില്‍ക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോഴും മരുന്ന് വിതരണ ശൃംഖല മോഡേണ്‍ മെഡിസിന്റെ കീഴില്‍ ഉള്ള ഡ്രഗ് കണ്‍ട്രോള്‍ വിങ്ങിന്‍റെ കീഴില്‍ ആണ്. ഹോമിയോപ്പതി മരുന്നുകളുടെ നിര്‍മ്മാണ രീതികളോ പ്രത്യേകതകളോ ഒന്നും അറിയാത്ത ഉദ്യോഗസ്ഥര്‍ ആണ് ഹോമിയോപ്പതി മരുന്ന് വിതരണ രംഗം നിയന്ത്രിക്കുന്നത് എന്നത് ഏറെ വിചിത്രമായ ഒരു സ്ഥിതിവിശേഷമാണ്.
മരുന്നുകളുടെ എക്സ്പയറി ഡേറ്റ് തീരുമാനിക്കുന്നതില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല, അതല്ലെങ്കില്‍ പാലിക്കപ്പെടാന്‍ പ്രത്യേകിച്ചു മാനദണ്ഡങ്ങള്‍ ഒന്നും ഇല്ല. ഹോമിയോപ്പതി രംഗത്തെ വിദഗ്ദ്ധരായവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ഹോമിയോപ്പതി ഡ്രഗ് കണ്‍ട്രോള്‍ വിംഗ് ആരംഭിക്കുവാനും, ഹോമിയോപ്പതി മരുന്നുകളിലെ കണികകള്‍ കണ്ടെത്തുവാന്‍ വേണ്ടിയുള്ള റിസര്‍ച്ച് വിംഗ് ഉടന്‍ പ്രവര്‍ത്തനമാരഭിക്കുവാനും ഉള്ള തീരുമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കൊണ്ട് എടുപ്പിക്കുവാന്‍ കൂടിയുള്ള വേദിയായി ഈ ആയുഷ് കോൺക്ളേവ് മാറണം. ഹോമിയോപ്പതി രംഗത്ത് കേന്ദ്ര ഗവര്‍മെന്‍റ് ഇസ്രയേലുമായി ഒപ്പുവെച്ച ഉടമ്പടി ഹോമിയോപ്പതി മരുന്നുകളുടെ ശാസ്ത്രീയത തെളിയിക്കുവാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതിനായി ഉപയോഗപ്പെടുത്തണം. വരും കാലങ്ങളില്‍ ഹോമിയോപ്പതിയുടെ നല്ല ഭാവിക്ക് ഉതകുന്ന അത്തരം പദ്ധതികളുടെ ഈറ്റില്ലമായി മാറട്ടെ ഈ കോൺക്ളേവ്.

രണ്ടായിരത്തിപതിനൊന്നില്‍ കേരളത്തില്‍ മാത്രം മുപ്പതു കോടി രൂപയുടെ ഹോമിയോപ്പതി മരുന്ന് വില്‍പ്പന നടന്നതായി വിവരാവകാശ നിയമം വഴി അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളം ചെറിയ മാര്‍ക്കറ്റ് ആണ്, യു.പി. ഒക്കെ വലിയ മാര്‍ക്കറ്റ് ആണ് എന്നാണ് കമ്പനികള്‍ പറഞ്ഞുള്ള അറിവ്. 29 സംസ്ഥാനങ്ങളിലും 7 യൂണിയന്‍ ടെറിറ്ററികളിലും ആയി ഏറ്റവും ചുരുങ്ങിയത് ഒരു മുന്നൂറു കോടി രൂപയുടെ ബിസ്സിനസ് എങ്കിലും ഈ “നേര്‍പ്പിച്ച” മരുന്നിനു നടക്കുന്നുണ്ട്. അതില്‍ എന്താണ് ഉള്ളത് എന്ന് പറയേണ്ട ബാദ്ധ്യത ഈ ബിസിനസ് നടത്ത്തുന്നവര്‍ക്കല്ലേ ഉള്ളത്? അതോ അതിന്റെ ഉപഭോക്താക്കള്‍ ആയ ഡോക്ടർമാർക്കാണോ ഉള്ളത്? മാഗി നൂഡില്‍സ് ലെഡ് കലർന്നതാണ് എന്ന് പറഞ്ഞപ്പോള്‍ പ്രതിരോധിച്ചത് നൂഡില്‍സ് വാങ്ങി കുട്ടികള്‍ക്ക് നല്‍കിയ മാതാപിതാക്കള്‍ ആണോ അതോ നെസ്ലെ കമ്പനി ആണോ? അങ്ങിനെ എങ്കില്‍ ഇവിടെ അന്നന്നത്തെ അന്നത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഹോമിയോ ഡോക്ടര്‍മാര്‍ വേണോ നെഞ്ചു പറിച്ചു കാട്ടികൊണ്ട് പ്രതിരോധിക്കാന്‍? അതോ മുന്നൂറു കോടി വിറ്റു വരവ് ഉള്ള കമ്പനികളുടെ കണ്‍സോര്‍ഷ്യമോ?

വളരെക്കാലം ആയി ഹോമിയോപ്പതി ഡോക്ടര്‍മാര്‍ അനുഭവിച്ചു വന്ന ഒരു നീറുന്ന പ്രശ്നത്തിനു പരിഹാരം കാണുവാന്‍ ഉള്ള ബൃഹത്തായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാന്‍ ഹോമിയോപ്പതി ഔഷധ നയത്തിലൂടെ കഴിയണം. ഏറ്റവും അടുത്ത് തന്നെ ഡല്‍ഹിയിലോ, മുംബൈയിലോ, കൊൽക്കൊത്തയിലോ, ചെന്നൈയിലോ ഹോമിയോപ്പതി മരുന്നുകളുടെ 12 x പൊട്ടൻസിക്ക് മുകളില്‍ ഉള്ളവയില്‍ മരുന്നിന്റെ അംശം കണ്ടെത്തുവാന്‍ ഉള്ള പരീക്ഷണങ്ങള്‍ ആരംഭിക്കുവാന്‍ സര്ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ പി. പി. പി. പദ്ധതികള്‍ വഴി ഗവേഷണങ്ങള്‍ നടക്കണം. അതിനു സര്‍ക്കാരും മരുന്ന് കമ്പനികളും മാത്രം മതി. അത് നാനോ പറ്റില്ലെങ്കില്‍ വേറെ എന്ത് ശാസ്ത്രം ആണ് എന്ന് തീരുമാനിക്കേണ്ടത് ഹോമിയോപ്പതി ഡോക്ടര്‍മാര്‍ അല്ല, ശാസ്ത്രജ്ഞര്‍ ആണ്. ഉയര്‍ന്ന ശമ്പളം കൊടുത്തു അവരെ നിയമിക്കണം. ഈ മുന്നൂറു കോടിയില്‍ ഒരു രണ്ടു ശതമാനം ടാക്സ് സര്‍ക്കാര്‍ സെസ് ആയി ഈ ആവശ്യത്തിനു പിടിക്കട്ടെ. അപ്പോള്‍ ആറു കോടി രൂപ ലഭിക്കും. ആ ആറു കോടി രൂപ മതിയാകും ഒരു വര്‍ഷത്തേയ്ക്ക് റിസേര്‍ച്ച് നടത്താന്‍. പോരെങ്കില്‍ മൂന്നോ അഞ്ചോ ശതമാനം സെസ് ഏര്‍പ്പെടുത്തട്ടെ. പതിനഞ്ചോ ഇരുപതോ കോടി ലഭിക്കും. പത്ത് മുതല്‍ നാല്‍പ്പതു ശതമാനം വരെ വിലക്കുറവു മരുന്നിനു കമ്പനികള്‍ നല്‍കുന്നുണ്ടല്ലോ? ആ നക്കാപിച്ച വേണ്ടെന്ന് വെക്കുവാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണം. അത്ര വിട്ടു വീഴ്ച ചെയ്യുന്നത് നമ്മുടെ വിശാല മനസ്കത കൊണ്ടാണ്. ഏറ്റവും ചുരുങ്ങിയത് മുപ്പതു കോടി ആ ഇനത്തില്‍ വരും. സര്‍ക്കാര്‍ ഒരു നഷ്ടവും സഹിക്കേണ്ടതില്ല. റിസേര്‍ച്ച് നടന്നു കഴിഞ്ഞാല്‍ ഗുണനിലവാരം ഉറപ്പാക്കുന്ന റീജിയണല്‍ ലാബുകള്‍ സ്ഥാപിക്കണം. അതിലൂടെ പച്ചവെള്ളവും ചാരായവും അല്ല മരുന്നെന്ന രീതിയില്‍ രോഗികള്‍ക്ക് കൊടുക്കുന്നത് എന്ന് ഉറപ്പാക്കിയാല്‍ മാത്രമേ പൊതുജനങ്ങള്‍ നമ്മുടെ വാദഗതികള്‍ അംഗീകരിക്കൂ.

ഇനിയും റിസേര്‍ച്ച് നടത്തി ഇതില്‍ ഒന്നും ഇല്ല എന്ന് കണ്ടെത്തുന്നു എങ്കില്‍ കണ്ടെത്തട്ടെ. അതും സ്വീകരിക്കുവാന്‍ ഉള്ള ചങ്കൂറ്റം നമ്മള്‍ കാണിക്കണം. അങ്ങിനെ എങ്കില്‍ 12 X നു താഴെ ഉള്ള 32000 മരുന്നുകള്‍ കൊണ്ട് ശിഷ്ട്ട കാലം പ്രാക്ടീസ് ചെയ്യാന്‍ നമുക്കും തയ്യറാകാം. ഈ വിഷയത്തിനു ഒരു പരിസമാപ്തി ഉണ്ടാകുമല്ലോ? ഹോമിയോപ്പതി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയും, മരുന്നുകളെ സംബന്ധിച്ച തുടര്‍ഗവേഷണങ്ങള്‍ നടത്തുവാന്‍ വഴിതുറക്കുന്നതുമായ ഒരു ഹോമിയോപ്പതി ഔഷധ നയം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനായി ഈ ഇന്റർനാഷണൽ ആയുഷ് കോൺക്ളേവ് ഒരു വേദിയാവട്ടെ.

—–


ഡോ.ബിജു എസ്‌.ജി MD(Hom),
ഹോമിയോപ്പതിക്‌ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി,
ചങ്ങനാശേരി – 1.
E-Mail: drbijugnair@gmail.com
PH: 9447128799 / 8547138793

1,268 Comments

  1. Hiya, I am really glad I’ve found this information. Nowadays bloggers publish only about gossips and internet and this is actually irritating. A good web site with interesting content, that’s what I need. Thanks for keeping this web-site, I will be visiting it. Do you do newsletters? Can’t find it.