ഹോമിയോപ്പതി ചികിത്സാശാസ്ത്രത്തിനെതിരെ ഐ.എം.എ.യുടെ ഗൂഢ നീക്കം – ഡോ.ഇസ്മയിൽ സേട്ട്‌

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരള ഘടകം സെക്രട്ടറി മോഡേൺ മെഡിസിൻ ഒഴികെയുള്ള ചികിത്സാ സംവിധാനങ്ങൾ അനാവശ്യമാണെന്നും വിശിഷ്യാ ഹോമിയോപ്പതി ചികിത്സ നിരോധിക്കണമെന്നും അഭിപ്രായപ്പെട്ടുകൊണ്ട്‌ പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ചതായി വാർത്താ മാദ്ധ്യമങ്ങളിലൂടെ മനസിലാക്കാൻ സാധിച്ചു.

ഇന്ത്യ പോലൊരു രാജ്യത്തിൽ പാരമ്പര്യ ചികിത്സാരീതികളായ ആയുർ വേദവും യോഗയും യുനാനിയും സിദ്ധയും ഹോമിയോപ്പതിയും ഉൾപ്പെടെയുള്ള ചികിത്സാ ശാസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ ഫലമായിട്ടാണ്‌ കേന്ദ്രസർക്കാരും തുടർന്ന് കേരള സർക്കാരും ആയുഷ്‌ എന്നൊരു വകുപ്പ്‌ രൂപീകരിക്കുകയും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുന്നത്‌. ഇത്തരം ചികിത്സാരീതികളാൽ ഒരുപാടു രോഗികൾക്ക്‌ ആശ്വാസം നൽകാൻ സാധിച്ചിട്ടുണ്ട്‌. ഗവണ്മെന്റിന്റെ ഈ ജനോപകാരപ്രദമായ തീരുമാനത്തിനു വിരുദ്ധമായൊരു നിലപാട്‌ ഏതു സംഘടനയുടെ ഭാഗത്തു നിന്നുണ്ടായാലും അത്‌ മുളയിലേ നുള്ളിക്കളയേണ്ടതാണ്‌.

ലോകത്താകമാനമുള്ള സകല രോഗങ്ങൾക്കും അലോപ്പതി മാത്രം മതി എന്ന ചിന്താഗതി ബോധമുള്ളവർക്ക്‌ ഒട്ടും ചേരുന്നതല്ല. ചിന്താഗതി എന്തുമായിക്കൊള്ളട്ടെ, മറ്റു വൈദ്യശാസ്ത്രങ്ങളെല്ലാം തെറ്റാണെന്ന് ചിന്തിക്കുന്നത്‌ മൂഢത്തമാണ്‌. ഈ പറയുന്ന സകലസംഹാരിയായ മേൽതരം വൈദ്യശാസ്ത്രത്തിനും ഫിസിക്സിന്റെ നേട്ടങ്ങൾ ഇല്ലായിരുന്നെങ്കിൽ തന്റേതായ നേട്ടങ്ങൾ വിരലിലെണ്ണാവുന്നതേയുള്ളൂ.

ഇങ്ങനെ പറയുന്നവർ സ്വസ്ഥമായി ഒന്നിരുന്ന് ചിന്തിച്ചാൽ ബോദ്ധ്യമാകുന്നതാണ്‌ യഥാർത്ഥ വൈദ്യ ശാസ്ത്രം എന്തെന്നത്‌ – മനുഷ്യനു ബോദ്ധ്യമാകുന്നതും പ്രകൃതിനിയമത്തിനു ഉതകുന്നതും പാർശ്ശ്വഫലങ്ങൾ ഇല്ലാത്തതും തന്നെ. രോഗം ഇല്ലാത്തപ്പോൾ ഒരു വ്യക്തി ആസ്വദിച്ചിരുന്ന ആരോഗ്യം വീണ്ടെടുത്ത്‌ സുഖം പ്രാപിക്കലാണ്‌ യഥാർത്ഥ രോഗശാന്തി.

വൈദ്യശാസ്ത്രങ്ങളുടെ പിതാവായ ഹിപ്പോക്രാറ്റിസ്‌ അവസാന നാളുകളിൽ ചിന്തിച്ചത്‌ “സമം സമേന ശാന്തി” എന്നായിരുന്നു, അതായത്‌ “സിമിലിയ സിമിലിബസ്‌ കുറാന്റർ”. അന്നത്തെ പരിമിതികൾ കാരണം അദ്ദേഹത്തിനു ആ തത്വം പ്രചാരത്തിൽ കൊണ്ടു വരാൻ കഴിഞ്ഞില്ല. പിൽക്കാലത്ത്‌ ഈ തത്വം പ്രാവർത്തികമാക്കുന്നതിൽ വിജയം വരിച്ചത്‌ ഡോ.സാമുവൽ ഹനിമാൻ എന്ന അലോപ്പതി ബിരുദധാരിയായിരുന്നു. അന്നത്തെ ചികിത്സാരീതികൾ രോഗിക്ക്‌ ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് മനസിലാക്കിയ അദ്ദേഹം നിരന്തരപഠനങ്ങളിലൂടെ ഹോമിയോപ്പതി ചികിത്സാസമ്പ്രദായത്തിനു രൂപം നൽകിയത്‌ ഇന്ന് ലോകമെങ്ങും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

എല്ലാം തികഞ്ഞു, ഇനിയൊന്നും നേടാനില്ല, ചിന്തിക്കാനില്ല എന്ന തോന്നൽ ഒരു വൈദ്യശാസ്ത്രത്തിനും ഭൂഷണമല്ല. എല്ലാറ്റിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്‌. പ്രകൃതി നിയമത്തിൽ അധിഷ്ഠിതമായ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിനു ദോഷങ്ങൾ താരതമ്യേന കുറവാണ്‌ എന്നതാണ്‌ ഗുണമേന്മ. അതിനുള്ള ഉദാഹരണമാണ്‌ ഇതുവരെ ഒരു ഹോമിയോപ്പതി മരുന്നു പോലും നിരോധിച്ചിട്ടില്ല എന്നത്‌. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ഇടക്കിടെ നിരോധിക്കപ്പെടുന്ന ചികിത്സാരീതിയിലുള്ളവർ ഹോമിയോപ്പതി നിരോധിക്കണം എന്ന് പറയുന്നതിൽ എന്ത്‌ ഔചിത്യമാണുള്ളത്‌?

തങ്ങളുടേതായ ഗുണദോഷങ്ങൾ മനസിലാക്കാതെ മറ്റു ചികിത്സാരീതികളെ നിരോധിക്കണമെന്ന് പറയുന്നത്‌ വിഡ്ഢിത്തമാണ്‌. ഹോമിയോപ്പതി ഒരു കാരണവുമില്ലാതെ പൊട്ടിമുളച്ചതല്ല, അലോപ്പതി എന്ന ആധുനിക ചികിത്സാ സമ്പ്രദായം ഉൾക്കൊള്ളുന്ന പ്രത്യേകശാസ്ത്രത്തിൽ നിന്ന് അടർന്നു വീണതാണ്‌. സത്യത്തിൽ ഐ.എം.എ. ഭാരവാഹികൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ അലോപ്പതിയുടെ വളർച്ചക്ക്‌ കാരണക്കാർ ആരാണെന്ന്? ഹോമിയോപ്പതി വളർന്നപ്പോൾ നിങ്ങൾ നിങ്ങളുടെ പോരായ്മകളെ പറ്റി ചിന്തിച്ച്‌ ഫിസിക്സിന്റെ നേട്ടങ്ങളെല്ലാം കയ്യടക്കി വളർന്നു. ഇതെന്റെ അഭിപ്രായമല്ല. നിങ്ങളുടെ ശ്രേഷ്ഠന്മാർ തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്‌. ആരെന്നും എന്തൊക്കെയെന്നും ഐ.എം.എ. സെക്രട്ടറി അന്വേഷിക്കുക.

ഐ.എം.എ. കേരളാ ഘടകത്തിന്റെ ഈ തെറ്റായ നിലപാടുകൾക്കെതിരെ ആയുഷ്‌ സിസ്റ്റങ്ങളിലെ എല്ലാ വിഭാഗം ഡോക്ടർ മാരും ബോധവാന്മാരായി ചെറുത്തുതോൽപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ വകുപ്പുമേധാവികളും മെഡിക്കൽ കോളേജുകളും കൂടുതൽ മികച്ച പ്രവർത്തനങ്ങൾ നടത്തുകയും ഗവേഷണങ്ങളും പഠനങ്ങളും വഴി പുതിയ പാതകൾ വെട്ടിത്തുറന്ന് സിസ്റ്റങ്ങളുടെ പുരോഗതിക്കായി ശ്രമിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
—-


 

ഡോ.ഇസ്മയിൽ സേട്ട്‌,റിട്ടയേഡ്‌ പ്രിൻസിപ്പാൾ,
ഗവ. ഹോമിയോപ്പതിക്‌ മെഡിക്കൽ കോളേജ്‌,
കോഴിക്കോട്‌.

757 Comments

  1. This is the right blog for anyone who wants to find out about this topic. You realize so much its almost hard to argue with you (not that I actually would want…HaHa). You definitely put a new spin on a topic thats been written about for years. Great stuff, just great!