ഹോമിയോപ്പതി ചോദ്യം ചെയ്യപ്പെടുമ്പോൾ

കേരളത്തില്‍ ഹോമിയോപ്പതി നിരോധിക്കണം എന്നു പ്രധാനമന്ത്രിക്ക് കത്തെഴുതിയതാണല്ലോ 2018ലെ ഏറ്റവും വലിയ തമാശ. ലോകത്ത് ഒരു രാജ്യത്തും നിരോധിച്ചിട്ടില്ലെങ്കിലും കത്തയച്ച ഐ.എം.എ സെക്രട്ടറി എണ്ണി എണ്ണി കള്ളം പറഞ്ഞു പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഒടുവില്‍ കള്ളി വെളിച്ചത്തായപ്പോള്‍ മൗനവ്രതത്തിലും ആയി. ഐ.എം.എ സെക്രട്ടറിക്ക് ആശങ്ക ഉണ്ടാകുന്നതു സ്വാഭാവികമാണ്. 57% രോഗികള്‍ ആണ് കഴിഞ്ഞ ഏതാനും വർഷം കൊണ്ട് ആയുഷ് സിസ്റ്റങ്ങളിലേക്ക് ചികിത്സ മാറ്റിയത്‌ എന്നാണു കേന്ദ്ര ഗവർമെൻറിൻ്റെ ഏറ്റവും ഒടുവില്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലാണെങ്കില്‍ വന്ധ്യത പോലുള്ള കറവപ്പശുക്കളെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായതും ചികിത്‌സ ഒരു കച്ചവടമായി കാണുന്നവർക്ക് ആശങ്ക ഉളവാക്കും. കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിനു കീഴിലെ “ജനനി” എന്ന വന്ധ്യത നിവാരണ ക്ലിനിക് വഴി തികച്ചും സൗജന്യമായി ചികിത്‌സ നല്കി, കഴിഞ്ഞ വർഷം മാത്രം ഇരുനൂറിലധികം പേർക്കാണ് അനപത്യതയില്‍ നിന്നും മോചനം നല്കിയത്‌. കോടിക്കണക്കിനു രൂപയാണു വന്ധ്യത ചികിത്സാ കച്ചവട സ്ഥാപനങ്ങൾക്ക് അതിലൂടെ നഷ്ട്ടമായത്. ഇപ്പോഴും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ, കച്ചവടവത്കരണം ഇല്ലാത്ത ചികിത്‌സയെന്ന നിലയില്‍ സംസ്ഥാന സർക്കാർ ഹോമിയോപ്പതി ചികിത്‌സയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇതൊരു ഉദാഹരണം മാത്രം. അനാവശ്യ സർജറികള്‍ ഒഴിവാക്കുന്നത്‌ മുതല്‍ പ്രമേഹം പോലെ ജീവിതാന്ത്യം വരെ മരുന്നുകള്‍ കഴിക്കേണ്ട നിരവധി രോഗങ്ങൾക്ക് ഫലപ്രദമായ പ്രതിവിധിയുമായി കഴിഞ്ഞ പത്തു വർഷത്തിനുള്ളില്‍ ഹോമിയോപ്പതി നടത്തിയത് വന്‍ കുതിച്ചുചാട്ടം ആണ്. അതിനാലാകണം പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ആയുഷ് വകുപ്പ് തന്നെ ഉണ്ട് കേന്ദ്ര ഗവർമെൻറിൻ്റെ കീഴില്‍ എന്നത് കത്തെഴുതിയവര്ക്ക് അറിയില്ല എന്നു വേണം കരുതാന്‍.

ഹോമിയോപ്പതി നിരോധിക്കണം എന്നു പറഞ്ഞെഴുതിയ കത്തില്‍ അബദ്ധങ്ങളും പച്ചക്കള്ളങ്ങളും ആണ്. അതൊന്നും മറുപടി അർഹിക്കുന്നില്ല. എന്നാല്‍ ഹോമിയോപ്പതിക്കെതിരെ ഉയരുന്ന സംശയങ്ങളില്‍ ചിലത് കാമ്പുള്ളവ തന്നെ ആണ്. ഹോമിയോപ്പതി രംഗത്ത് പ്രവർത്തിക്കുന്നവരും ഇക്കാര്യത്തില്‍ നിരന്തരമായ പഠനം നടത്തുന്നുമുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഹോമിയോപ്പതിയെ പുച്ഛിച്ച്‌ ഒരു പോസ്റ്റ് ഇട്ടാല്‍ മതി എന്ന നില വരെ ആയിട്ടുണ്ട്. കപട ശാസ്ത്രീയ വാദികള്‍ ആരും തന്നെ ഹോമിയോപ്പതിയെ സംബന്ധിച്ചു ഗൂഗിള്‍ സ്കൂളിന് അപ്പുറം പഠനം നടത്തിയിട്ടും ഇല്ല. വാദിച്ചു ജയിക്കാന്‍ എളുപ്പമുള്ള ഒരു സംഗതി എന്ന നിലയില്‍ “വാദ” രോഗം ഉള്ളവരും എളുപ്പത്തില്‍ ആക്രമിക്കുക ഹോമിയോപ്പതിയെ തന്നെ ആണ്. യഥാർത്ഥത്തില്‍ ഉള്ള പ്രശ്നങ്ങള്‍ ഒന്നു പരിശോധിക്കുന്നതായിരിക്കും ഇത്തരുണത്തില്‍ അഭികാമ്യമായുള്ളത്.

ലോകമെമ്പാടും മോഡേണ്‍ മെഡിസിന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ചികിത്സാ രീതി ആണ് ഹോമിയോപ്പതി. നൂറ്റിമുപ്പതിലധികം രാജ്യങ്ങളില്‍ ഈ ചികിത്സാ രീതി നിലനിൽക്കുന്നു. ലോകമെമ്പാടുമായി അറുനൂറു മില്ല്യന്‍ രോഗികള്‍ ചികിത്സ തേടുന്ന ഒരു വൈദ്യശാസ്ത്ര ശാഖയാണ്‌ ഹോമിയോപ്പതി. ഭാരതത്തിലും ഇരുനൂറ്റി ഇരുപതു വർഷം മാത്രം പഴക്കമുള്ള ഹോമിയോപ്പതി രണ്ടാം സ്ഥാനത്ത് ഉണ്ട്. ലോകത്താകമാനം അറുനൂറു മില്ല്യന്‍ ആൾക്കാർ ചികിത്സ തേടുമ്പോള്‍ അതില്‍ നൂറു മില്ല്യന്‍ രോഗികളും ഇന്ത്യയില്‍ തന്നെ ആയിരുന്നു 2016 വരെ. സമീപകാലത്തായി, മറ്റു വൈദ്യ ശാസ്ത്ര ശാഖകള്‍ ചികിത്സയില്ല എന്ന് വിധിയെഴുതിയ രോഗങ്ങൾക്കും, മറ്റു ചികിത്സാ രീതികളില്‍ ചിലവേറുന്ന വന്ധ്യത പോലുള്ള ചികിത്സാരംഗത്തും ഹോമിയോപ്പതി ശക്തമായ സാന്നിദ്ധ്യമായി മാറി. അതോടൊപ്പം തന്നെ ഹോമിയോപ്പതിക്ക്‌ എതിരെ ഉള്ള പ്രചാരണവും ഉയര്ന്നു വന്നു. പത്ത് വർഷം മുൻപ് യു.കെ.യില്‍ മുന്നൂറു ദശലക്ഷം ഡോളറിൻ്റെ (ഇന്നത്തെ യൂറോ) വിപണനം നടന്നത് മുതല്‍ ഇത്തരം പ്രചാരണങ്ങള്‍ നടന്നു വരുന്നു. അതിൻ്റെ ബിസിനസ് രാഷ്ട്രീയ വശങ്ങള്‍ ഇവിടെ പരാമർശനീയമാകേണ്ട കാര്യം ഇല്ല. ഇവിടെ ഹോമിയോപ്പതി ചികിത്സ യുക്തിസഹമാണോ എന്ന പരിശോധനയാണ് നടത്തേണ്ടത്.

ഹോമിയോപ്പതിയുടെ അടിസ്ഥാന നിയമങ്ങള്‍ എന്നത് മൂന്നെണ്ണം മാത്രമാണ്.
1. ലോ ഓഫ് സിമ്പ്ലെക്സ് (ലളിതമായ മരുന്നുകള്‍ മാത്രം നല്കു്ക, കഴിയുമെങ്കില്‍ ഒരു മരുന്ന് മാത്രം നൽകുക)
2. ലോ ഓഫ് സിമിലിമം (സമാന രോഗ ലക്ഷണങ്ങള്‍ ഉളവാക്കുന്ന മരുന്നുകള്‍ നൽകുക)
3. ലോ ഓഫ് മിനിമം (ഏറ്റവും ചുരുങ്ങിയ അളവില്‍ മരുന്ന് നൽകുക)
ഈ മൂന്നു നിയമങ്ങളില്‍ ലളിതമായ മരുന്നുകള്‍ എന്നതും ഏറ്റവും ചുരുങ്ങിയ അളവില്‍ നൽകണം എന്നതും ഏവരും അംഗീകരിക്കുന്ന കാര്യമാണ്. സമാന ലക്ഷണങ്ങള്‍ ഉളവാക്കുന്ന മരുന്നുകൾ നൽകണം എന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ട്. ഹാനിമാന്‍ നടത്തിയ സിങ്കോണ പരീക്ഷണം പോലും അദ്ദേഹത്തിനു അലർജി ആയതുകൊണ്ടാണ്‌ എന്ന മറുവാദം പോലും ഉണ്ട്. മൈക്രോസ്കോപ്പ് പോലും ഇല്ലാതിരുന്ന കാലത്താണ് സിങ്കോണ പരീക്ഷണം ഒക്കെ നടന്നത്. ഒരു മരുന്ന് ഒരു രോഗിയില്‍ കുറഞ്ഞ അളവില്‍ നല്കുലമ്പോള്‍ ഒരു രോഗത്തിൻ്റെ സമാന ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ സമാനമായ പാത്തോളജി കൂടി ചെറിയ തോതില്‍ ഉണ്ടാകുന്നു എന്ന് തന്നെ വേണം കരുതുവാന്‍. പിൽക്കാലത്ത് നടക്കുന്ന പ്രൂവിങ്ങുകളില്‍ അങ്ങിനെ കൂടി തെളിയിക്കപ്പെടുന്നു. അതിനാല്‍ ആ വാദഗതി നിലനിൽക്കുന്നതല്ല. Live attenuated വാക്സിനുകളിലും മറ്റും പരീക്ഷണ ശാലകളില്‍ ശക്തി ക്ഷയിപ്പിച്ച വൈറസുകളെയും ബാക്റ്റീരിയകളെയും ഉപയോഗിച്ച് നിർമിക്കപ്പെടുന്ന വാക്സിന്‍ ഒക്കെ ഹോമിയോപ്പതിയുടെ ഒരു പ്രാകൃത രൂപമായി വേണമെങ്കില്‍ കണക്കാക്കാം. ഡെഡ് വാക്സിനുകളുടെ കാര്യവും വിഭിന്നമല്ല. എന്തൊക്കെയായാലും ഈ സിമിലിമം എന്ന അടിസ്ഥാന തത്വത്തില്‍ അല്ല പ്രധാന വാദഗതികള്‍ എന്നത് സത്യമാണ്. പിന്നെ എന്താണ് ഹോമിയോപ്പതിക്കെതിരെ വിശ്വാസ ചികിത്സ എന്ന പ്രചരണം വരുവാന്‍ കാരണം?
നാല് സിദ്ധാന്തങ്ങള്‍ ഇതേ തുടര്ന്ന് ഹാനിമാന്‍ തന്നെ പറയുന്നുണ്ട്

1. Doctrine of drug proving
2. Theory of Chronic Diseases
3. Theory of Vital force
4. The doctrine of Drug dynamization (Aphorisms 264-271).

ഇതില്‍ ആദ്യത്തെ മൂന്നു സിദ്ധാന്തങ്ങളിലും തർക്കങ്ങൾ നടക്കുന്നതായി തോന്നുന്നില്ല. അവസാനത്തെ ഒരു സിദ്ധാന്തത്തില്‍ ആണ് ചർച്ചകൾ ഏറെയും. മരുന്നുകള്‍ നിർമ്മിക്കുന്ന രീതി സംബന്ധിച്ച “നേർപ്പിക്കൽ” എന്ന, ഡ്രഗ് ഡൈനമൈസേഷൻ്റെ ഒരു ഭാഗം മാത്രം അടർത്തിമാറ്റി ഉയർത്തിക്കാട്ടി, ഹോമിയോപ്പതി എന്ന ചികിത്സാ രീതിയെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന ഒരു രീതി ആണ് കഴിഞ്ഞ പത്തുപന്ത്രണ്ടു വർഷമായി കണ്ടുവരുന്നത്. എത്രത്തോളം ഹോമിയോപ്പതി ചർച്ച ചെയ്യപ്പെടുന്നുവോ അത്രത്തോളം സിസ്റ്റം വളരുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഹോമിയോപ്പതി രംഗത്തുള്ളവരും ഈ ചർച്ചകളുടെ എരിതീയില്‍ മത്സരിച്ചു എണ്ണ പകരുന്നും ഉണ്ട്. 2016ല്‍ നൂറു മില്ല്യന്‍ രോഗികള്‍ ഇന്ത്യയില്‍ ഹോമിയോപ്പതി ചികിത്സ സ്വീകരിച്ചു എങ്കില്‍ 2017 ല്‍ അത് നൂറ്റി അറുപതു മില്യന്‍ ആയി ഉയർന്നു എന്ന് കേന്ദ്ര ഗവർമെൻറിൻ്റെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. 10% ആളുകള്‍ ഹോമിയോപ്പതി ചികിത്സയെ മാത്രം ആശ്രയിക്കുന്നു എന്നും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചികിത്സാ രീതിയായി ഹോമിയോപ്പതി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നും ആയുഷ് മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതെന്തായാലും സംവാദത്തിലേക്ക് തിരികെ വരാം.

ഒന്നാമത്തെ ചോദ്യം ഇതാണ്:
ഹോമിയോ മരുന്നിൽ മരുന്നിൻ്റെ ഒരു തന്മാത്രയെങ്കിലും ഉണ്ടോ?
ഉണ്ട് എന്ന് തന്നെയാണ് ഉത്തരം.
പ്രധാനമായും ഹോമിയോപ്പതിയില്‍ മരുന്നുകള്‍ ഡെസിമല്‍, സെൻറിസിമൽ എന്നീ സ്കെയിലുകളില്‍ ആണ് നിർമ്മിക്കുന്നത്. ഖര പദാർത്ഥങ്ങൾ ഒരു ഭാഗം മരുന്നും പത്തുഭാഗം വെഹിക്കിളും ചേർത്താണ് നിർമ്മിക്കുന്നത്. ദ്രവരൂപത്തില്‍ ഉള്ളവ ഒരു ഭാഗം മരുന്നും നൂറു ഭാഗം വെഹിക്കിളും ചേർക്കുന്നു. ഇതിനെ ആണ് നേർപ്പിക്കൽ എന്ന് പറയുന്നത്. ഈ നേർപ്പിക്കൽ മരുന്ന് നിർമ്മാണത്തിൻ്റെ ആദ്യഘട്ടം മാത്രമേ ആകുന്നുള്ളൂ. അത് കേൾക്കുന്നതോടെ വിമർശനങ്ങൾ ആരംഭിക്കുകയായി. അതിനു ശേഷം നടക്കുന്ന ട്രൈച്ചുറേഷൻ എന്ന മരുന്നുകളുടെ മേല്‍ ക്ലോക്ക് വൈസ് ആയി ചെയ്യുന്ന പ്രോസ്സസ് വിമർശകർ കാണാറില്ല. ദ്രവരൂപത്തില്‍ ഉള്ള മരുന്നുകളില്‍ ആണെങ്കില്‍ സക്കഷന്‍ എന്ന പ്രോസസ് അതിനുശേഷം നടക്കുന്നു. മുൻപൊക്കെ മാനുവല്‍ ആയി ചെയ്തിരുന്ന ഈ പ്രക്രിയ ഇന്ന് കോടിക്കണക്കിനു രൂപ വില വരുന്ന വലിയ മെഷീനുകളിൽ ആണ് ചെയ്യുന്നത്. അങ്ങിനെ ഒന്നില്‍ നിന്നും വീണ്ടും 1:10 അനുപാതത്തില്‍ നിർമ്മിക്കുന്ന മരുന്നുകളില്‍ 12 ആവർത്തിപ്പുകളിൽ വരെ മരുന്നിൻ്റെ കണികകള്‍ ഉണ്ടെന്നത് നിലവില്‍ ഉള്ള സംവിധാനങ്ങള്‍ വഴി കണ്ടെത്തിയിട്ടുണ്ടെന്നു വിമർശകരും സമ്മതിക്കുന്നു. അപ്പോള്‍ പന്ത്രണ്ട് ആവർത്തിപ്പുകള്‍ ആയി. ഈ പന്ത്രണ്ടു കഴിഞ്ഞാല്‍ മുകളിലേക്ക് ആറു ആവർത്തിപ്പുകള്‍ മാത്രമേ ഹാനിമാനും ഉപയോഗിക്കുവാന്‍ പറഞ്ഞിട്ടുള്ളൂ എന്നത് ആരും കണക്കിലെടുക്കുന്നില്ല. 30, 200 ഇവയാണ് പിന്നീട് ഉപയോഗിക്കുന്ന പ്രധാന ആവർത്തിപ്പുകൾ. അവയ്ക്ക് മുകളിലേക്ക് ആയിരം, പതിനായിരം, അൻപതിനായിരം, ഒരു ലക്ഷം ഇവ ഒക്കെ വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. അപ്പോള്‍ വിമർശിക്കുന്നവര്‍ അംഗീകരിക്കുന്നതിലെ പന്ത്രണ്ടു എണ്ണവും അവർക്ക് അംഗീകരിക്കുവാനാകാത്ത ആവർത്തിപ്പുകളിലെ രണ്ടെണ്ണവും മാത്രമേ ഹോമിയോപ്പതി ഡോക്ടർമാരും ഉപയോഗിക്കുന്നുള്ളൂ എന്ന് വരുമ്പോള്‍ ഇത്രയധികം വിമർശനങ്ങളുടെ പ്രസക്തി എന്ത് എന്ന് പുനരാലോചിക്കേണ്ടിയിരിക്കുന്നു.

ഇനി മുകളിലേക്കുള്ള ആവർത്തിപ്പുകളിലെ കണികകള്‍ കണ്ടെത്തുവാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന് യുക്തിയുള്ളവര്‍ എങ്കിലും ചിന്തിക്കണം. അമ്പതു വർഷം പഴക്കമുള്ള മെറ്റാഫിസിക്സ് ഒക്കെപ്പോലുള്ള ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ലോകത്തെ രണ്ടാമത്തെ വലിയ ചികിത്സാ രീതിയെ അളക്കുന്നത്. കാലോചിതമായ മാറ്റം ശാസ്ത്ര രംഗത്ത് ഉണ്ടാകേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നിലവില്‍ ലഭ്യമായ സങ്കേതങ്ങള്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളെക്കുറിച്ച് വിശദമാക്കാം. നിരവധി നാനോ പരീക്ഷണങ്ങളിലൂടെ തെളിയുന്നത് ഹോമിയോ മരുന്നിൽ മരുന്നിൻ്റെ കണികകള്‍ ഉണ്ട് എന്ന് തന്നെയാണ്. Original drug substances are present in Homoeopathic potencies in the form of nanoparticles as quantum dots. വർഷങ്ങളായി ലോകത്തിൻ്റെ പല ഭാഗത്തും നടന്ന പഠനങ്ങളിൽ original drugs-ൻ്റെ nanoparticles കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി രണ്ടു മലയാളി ഡോക്ടർമാരും ഇതു തെളിയിച്ചിട്ടുണ്ട്.

ഡോ.രാജേന്ദ്രൻ MD, PhD ബാംഗ്ലൂർ Indian institute of science-ലും, National institute of technology കോഴിക്കോടും, institute of Nano science, MG university-യിലും നടത്തിയ പഠനങ്ങൾ ഇതു തെളിയിക്കുന്നു. ഏറ്റവും നൂതനമായ electron microscope ഉപയോഗിച്ചാണ് അദ്ദേഹം പഠനം നടത്തിയത്. അദ്ദേഹത്തിൻ്റെ ഈ പഠനം അവിടുത്തെ scientists സാക്ഷ്യപ്പെടുത്തുകയും ലോകത്തിലെ പ്രശസ്‌തമായ പല peer review journals-ലും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പിന്നീട് കോഴിക്കോട് ഹോമിയോപതിക് മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ആയ ഡോ: അബ്ദുറഹ്മാന്‍ MD, PhD ഈ പഠനങ്ങൾ അതേ സ്ഥാപനങ്ങളിൽ നടത്തി തെളിയിച്ചിട്ടുമുണ്ട്.
ഡോ.രാജേന്ദ്രൻ ഈ പഠനങ്ങൾ അദ്ദേഹത്തിൻ്റെ “Nano dynamics” എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്:
Presence of nano particles in Homoeopathic potencies were proved by different experimental studies conducted by many other scientist also like Vikraman PS, Suresh AK, Bellari JR, Kane SG, Iris R.Bell, Mary kotham, and scientists from IIT Mumbai…….. and so on….”
And each one confirmed the presence of original drug substances in nanoparticle form in homeopathic potencies.

‘നിലവിലുള്ള Avogadro law അനുസരിച്ചു അതെങ്ങിനെ ശരിയാകും? മുകളില്‍ പറഞ്ഞതൊന്നും ശരിയാകില്ല എന്നിടത്താണ്’ തർക്കം ആരംഭിക്കുന്നത്. വർഷങ്ങളായി ഫലപ്രദമായി ഉപയോഗിച്ചു വരുന്ന പൊട്ടൻസി മരുന്നുകള്‍ നല്ല ഫലം നൽകുന്നു എന്നറിയാവുന്ന ഹോമിയോപ്പതി ഡോക്ടർമാർ, അവ ഉപയോഗിച്ചുകൊണ്ടേ ഇരിക്കും. ആ മരുന്നുകളില്‍ യാതൊന്നും ഇല്ല എന്ന് കണ്ടുപിടിക്കുവാന്‍ ഉള്ള പരീക്ഷണങ്ങള്‍ നടത്തുവാന്‍ എളുപ്പമാണ്. അത് നിസ്സാരമായി ആര്‍ക്കും ചെയ്യാം. എന്നാല്‍ രോഗികകൾക്ക് ഗുണം ചെയ്യുന്ന അത്തരം പൊട്ടൻസികളില്‍ എന്താണ് ഉള്ളത് എന്ന ഒരു അന്വേഷണം അല്ലെ യഥാർത്ഥ യുക്ത്യന്വേഷികള്‍ ചെയ്യേണ്ടത്?

വിശദമാക്കാം…
Physics ൽ നമുക്ക് രണ്ടു തരം നിയമങ്ങൾ കാണാൻ കഴിയും.
1) Macro world നു (സ്ഥൂല ലോകം) അനുയോജ്യമായ Newton’s law.
2) Micro world നു (സൂക്ഷ്‌മ ലോകം) അനുയോജ്യമായ Einstien’s law.

വിശദമായി പറഞ്ഞാല്‍,
നമ്മൾ പഠിച്ച equations ആയ
S= VT (S is distance, V is velocity, T is time)
V2 = V1 + at (V2 is second velocity, V1 is first velocity, a is acceleration, t is time.)
ഈ Newtons law പക്ഷെ subatomic particles ആയ electron, proton തുടങ്ങിയവക്ക് ബാധകം അല്ല. അവിടെ Einstein’s law ആണ് ബാധകം ആവുക.

എന്നു വെച്ചാൽ Newton’s law തെറ്റാണ് എന്നല്ല, മറിച്ച്‌ അതു universally applicable അല്ല എന്നാണ് അർത്ഥം.
ഇനി subatomic particle ആയ proton തന്നെ നിരവധി quarks കൊണ്ട് നിർമിതമാണ്. ഈ quarks ആകട്ടെ നിരവധി hadron കൊണ്ടും നിർമിതമാണ്. ഈ ഒരു തലത്തിലേക്ക് പോകുമ്പോൾ Einstein law ക്ക്‌ പകരം വേറെ ഒരു law വേണ്ടിവരും. പറഞ്ഞു വരുന്നത് എല്ലാ law-വിനും modification അല്ലെങ്കിൽ correction ഉണ്ട് എന്നാണ്.
ഹോമിയോപ്പതി മരുന്നുകൾ 12C potency-യുടെ മുകളിലേക്ക് പോകുമ്പോൾ അതു macro level-ൽ നിന്നും micro level-ലേക്ക് എത്തുന്നു. ഒരു പക്ഷെ നമുക്ക് ഇവിടെ ഒരു modified Avogadro law ആവശ്യമായി വന്നേക്കാം. ഹോമിയോപ്പതിയുടെ disease concept തന്നെ macro level-ൽ അല്ല, മറിച്ചു micro level-ൽ ആണ്. അതുകൊണ്ട് തന്നെ ഹോമിയോപ്പതി മരുന്നുകളും micro level ആണെന്ന് കാണാൻ കഴിയും. ഹോമിയോപ്പതി മരുന്നുകളുടെ ഫലപ്രാപ്തി കോടിക്കണക്കിനു ആൾക്കാർക്ക്‌ സ്ഥിരമായും സ്ഥായിയായും അനുഭവപ്പെടുന്ന സത്യം ആയത് കൊണ്ട് തന്നെ ആ സത്യത്തെ explain ചെയ്യാൻ ഒരു post Einsteinian law തന്നെ വേണ്ടി വരും.

ഇത് മരുന്ന് നിർമ്മാണത്തെ സംബന്ധിച്ച വിവാദം മാത്രം. അതിനു മറുപടി അല്ല ആവശ്യം, അന്വേഷണം ആണ്. ഇന്നലെവരെ സൗരയൂഥം മാത്രമേ ഉള്ളൂ എന്ന് കരുതിയിരുന്ന നമ്മുടെ മുന്നിലേക്ക്‌ അത്തരം വേറെ സംവിധാനങ്ങളും ഉണ്ട് എന്ന് ശാസ്ത്രലോകം ഇന്ന് പറയുമ്പോള്‍ അതിനർത്ഥം അവ ഒന്നും ഇല്ലായിരുന്നു എന്നല്ല, നമുക്ക് അറിയില്ലായിരുന്നു എന്നു മാത്രമാണ്‌. ദൃഷ്ടിഗോചരമല്ലാത്ത ഏതൊന്നിനെയും ഇല്ല എന്ന് സ്ഥാപിക്കുവാന്‍ എളുപ്പമാണ്. വാദിച്ചു ജയിക്കുവാനും എളുപ്പമാണ്. യഥാർത്ഥ ശാസ്ത്രാന്വേഷി അത് കണ്ടെത്തുവാനും അവ ലോകത്തിനു വെളിപ്പെടുത്തുവാനും ആണ് ശ്രമിക്കേണ്ടത്. നാളെ ഉയര്ന്ന ആവർത്തിപ്പുകളില്‍ ശാസ്ത്രലോകം അംഗീകരിക്കുന്ന കണികകള്‍ കണ്ടെത്തിയാല്‍ ഇന്ന് പറഞ്ഞത് മുഴുവന്‍ വിഴുങ്ങാനാവാത്ത അവസ്ഥയും വരും.

ഇനി ഒന്ന് ഫലപ്രാപ്തിയെ സംബന്ധിച്ചാണ്. 283840 ക്വാളിഫൈഡ് ഹോമിയോ ഡോക്ടർമാർ ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. കേരളത്തില്‍ സർക്കാർ – സ്വകാര്യ മേഖലയില്‍ ആയി പ്രതിദിനം എട്ടു ലക്ഷത്തോളം രോഗികള്‍ ചികിത്സ തേടി എത്തുന്നു. വെറും വിശ്വാസ ചികിത്സ ആണെങ്കില്‍, സർക്കാർ മേഖലയിൽ തന്നെ വന്ധ്യത പോലുള്ള രോഗങ്ങൾക്ക് ചികിത്സക്കായി ബുക്ക് ചെയ്തു രോഗികള്‍ വർഷങ്ങള്‍ കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാകുമോ? വണ്ടൂരില്‍ സർക്കാർ ഒരു കാൻസർ ആശുപത്രി സ്ഥാപിക്കുമോ? കുറിച്ചിയിൽ പ്രവർത്തിക്കുന്ന മെന്റല്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ വിമർശകര്‍ രാവിലെ ഒരു ആറു മണിക്ക് ചെന്ന് നോക്കണം, ടോക്കൺ തീർന്നിട്ടുണ്ടാകും എല്ലാ ദിവസവും. അവിടെ ക്രോസ്സ് കമ്പാരിറ്റീവ്‌ സ്റ്റഡി വരെ നടക്കുന്നുണ്ട്. നിരവധിയായ സ്വകാര്യ സ്ഥാപനങ്ങളില്‍ മറ്റു വൈദ്യശാസ്ത്രങ്ങള്‍ കയ്യൊഴിഞ്ഞ രോഗികൾക്ക് പൂർണ സൗഖ്യം നൽകിയതിൻ്റെ രേഖകള്‍ ഉണ്ട്. ആവശ്യപ്പെടുന്ന മുറയ്ക്ക് അവ കാണേണ്ടവർക്ക് കാണിച്ചു നൽകുകയും ആകാം.

കുട്ടികൾക്കാണ് ഹോമിയോപ്പതി ഏറേ ഫലപ്രദം എന്നത് ഏവരും അംഗീകരിക്കും. ഒരു വയസ്സില്‍ താഴെ ഉള്ള കുട്ടികൾക്ക് എന്ത് വിശ്വാസം വരാന്‍ ആണ്? അബോര്ട്ട് ചെയ്യണം എന്ന് വിധിയെഴുതിയ കേസുകള്‍ മരുന്ന് കൊടുത്തു ഗർഭസ്ഥശിശുവിൻ്റെ ഹൃദ്രോഗവും സൈറ്റോ മെഗാലോ വൈറസ് ഇൻഫെക്ഷനും ഒക്കെ മാറ്റിയ രേഖകള്‍ ഉണ്ട്. ഗർഭസ്ഥശിശുവിന് എന്ത് വിശ്വാസം വരാന്‍? അതിനെക്കാള്‍ ഒക്കെ ഉപരിയായി കേരളത്തിലെ വെറ്റിനറി യൂണിവേഴ്സിറ്റി പോസ്റ്റ്‌ ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ഹോമിയോപ്പതിയില്‍ ആരംഭിച്ചത് മൃഗങ്ങൾക്ക് ഡോക്ടറിൽ വിശ്വാസം ഉണ്ടെന്നു കരുതിയാണ് എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ അല്ലെ യഥാർത്ഥ അന്ധവിശ്വാസികള്‍?

അപ്പോള്‍ ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെ സംബന്ധിച്ചു സംശയം ഉള്ളവര്‍ ഗൂഗിള്‍ സ്കൂളിലോ വിക്കിപ്പീഡിയയിലോ അല്ല പോകേണ്ടത്, കേരളത്തില്‍ അഞ്ചു ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകള്‍ ഉണ്ട്, ഹോമിയോപ്പതി വകുപ്പിനു കീഴില്‍ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികള്‍ ഉണ്ട്, താലൂക്ക് ആശുപത്രികള്‍ ഉണ്ട്, എല്ലാ പഞ്ചായത്തിലും ഗവർമെൻറ് ഹോമിയോ ഡിസ്പെൻസറികളോ, എന്‍.എച്ച്.എം ഡിസ്പെൻസറികളോ ഉണ്ട്. അവിടേയ്ക്ക് പോകണം. എന്നിട്ട് വിർച്വൽ അല്ലാതെ ഭൗതികമായി സംഭവിക്കുന്ന ചികിത്സയുടെ ഫലപ്രാപ്തി തൊട്ടറിഞ്ഞു മനസ്സിലാക്കണം. ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ എൻട്രൻസ്‌ പരീക്ഷ എഴുതി അഡ്മിഷന്‍ എടുക്കുന്ന കുട്ടികള്‍ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, പതോളജി, ഗൈനക്കോളജി, സർജറി, പ്രാക്റ്റീസ് ഓഫ് മെഡിസിന്‍, ഫോറൻസിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ – എന്നിങ്ങനെ ഒരു എം.ബി.ബി.എസ് സ്റ്റുഡൻറ് പഠിക്കുന്ന എല്ലാ മെഡിക്കല്‍ വിഷയങ്ങളും പഠിച്ചാണ്‌ ഡോക്ടർ ആയി പുറത്തിറങ്ങുന്നത്. രോഗികളെ കണ്ടും ചികിത്‌സിച്ചും മനസ്സിലാക്കിയും തന്നെ ആണ് അവര്‍ ചികിത്‌സകർ ആകുന്നത്. അതിനാല്‍ തന്നെ ഹോമിയോപ്പതി, ലോകം ഉള്ളിടത്തോളം കാലം ഇവിടെ നിലനില്ക്കും. നിരോധനം എന്ന മലർപ്പൊടിക്കാരൻ്റെ സ്വപനങ്ങൾക്ക് നീർക്കുമിളയുടെ ആയുസ്സുപോലും ഇല്ലാതെ പോയതും അതിനാല്‍ തന്നെ. ഇനിയും മരുന്നുകളിലെ കണികകളെ സംബന്ധിച്ചുള്ള പഠനമാണെങ്കില്‍ അതിനു വേണ്ടിയുള്ള മുറവിളി ഉയർത്തേണ്ടതും ഉയർത്തുന്നതും ഹോമിയോപ്പതി ചികിത്സകർ തന്നെ ആണ്. സർക്കാരിനോടും മരുന്നു നിർമാണ കമ്പനികളോടും ഹോമിയോപ്പതി ചികിത്സകർ തന്നെ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിട്ടുമുണ്ട്.


 

ഡോ.ബിജു എസ്‌.ജി MD(Hom),
ഹോമിയോപ്പതിക്‌ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി,
ചങ്ങനാശേരി – 1.
drbijugnair@gmail.com
9447128799 / 8547138793

7 Comments

  1. നന്നായി എഴുതിയിട്ടുണ്ട് 👍
    ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ വിവരിച്ചത് നന്നായി😊

Leave a Reply

Your email address will not be published.


*